മലബാർ കലാപത്തിലെ സത്യവും മിഥ്യവും അന്വേഷിക്കുന്ന പുതിയ കാലത്തും മലബാറിന്റെ ചരിത്രത്തിലെ രക്തരൂക്ഷിതമായ പല ഏടുകളും ഇപ്പോഴും മുഖ്യധാര ചരിത്രത്തിന് പുറത്താണ്.
ഇങ്ങനെ വിസ്മൃതിയിലേക്ക് മാറ്റി നിർത്തപ്പെട്ട രണ്ട് പ്രധാന സംഭവങ്ങളാണ് പൂക്കോട്ടൂർ യുദ്ധവും മേൽമുറി- അധികാരത്തൊടി കൂട്ടക്കൊലയും.
1921 ൽ ഒക്‌ടോബർ 25 ണ് നടന്ന മേൽമുറി- അധികാരത്തൊടി കൂട്ടക്കൊലയിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം 246 പേരാണ് കൊല്ലപ്പെട്ടത്. 1921 ആഗസ്റ് 26 ന് വെള്ളിയാഴ്ചയാണ് പൂക്കോട്ടൂർ യുദ്ധം നടക്കുന്നത്. മലബാർ സമരത്തെ ആളിക്കത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സമരമായിരുന്നു ഇത് .
ബ്രിട്ടീഷ് സൈന്യവും സ്പെഷ്യൽ പോലീസ് സേനയുമടങ്ങുന്ന സായുധ വിഭാഗത്തോട് മലബാറിലെ മാപ്പിളമാർ നടത്തിയ ഏറ്റുമുട്ടലാണ് പൂക്കോട്ടൂർ യുദ്ധം. യുദ്ധത്തിൽ മാപ്പിളമാർക്ക് വൻ തോതിലുള്ള ആൾനാശം ഉണ്ടായെങ്കിലും അന്ന് ലോകത്തിലെ തന്നെ ഒന്നാമത്തെ ശക്തിയായിരുന്ന ബ്രിട്ടീഷുകാരോട് യാതൊരു സൈനിക സായുധ പിൻബലവുമില്ലാതെ മാപ്പിളമാർ ഏറ്റുമുട്ടി എന്നത് ബ്രിട്ടീഷ് ഭരണകൂടം അതീവ ഗൗരവമായാണ് കണ്ടത്. പോക്കോട്ടുർ യുദ്ധത്തിന്റെ ആസൂത്രകരെയും അതിന് പിന്തുണ നല്കിയവരെയും പിടികൂടാനെന്ന പേരിൽ കൊണ്ടോട്ടി,അരീക്കോട്,മഞ്ചേരി,മലപ്പുറം പ്രദേശങ്ങളിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ സൈനിക നടപടികളുടെ ഭാഗമായിരുന്നു മേൽമുറി- അധികാരത്തൊടി കൂട്ടക്കൊലയും. അതിക്രമത്തിന് പിന്നിലെ യഥാർത്ഥകാരണങ്ങളിൽ സാധാരണക്കാരായ മാപ്പിളമാരെ ഭയപ്പെടുത്തി ബ്രിട്ടീഷുകാരോടൊപ്പം ചേർക്കുക എന്നത് മുതൽ മലബാർ സമരനായകൻ ആലി മുസ്‌ലിയാർ മേൽമുറിയിൽ വളർത്തിയെടുത്ത സൈന്യത്തെ ഇല്ലാതാക്കുക വരെയുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്
മലബാർ സമരത്തിലെ നിർണായക വ്യക്തിത്വം ആയിരുന്ന ആലി മുസ്ല്യാരുടെ ശിഷ്യരായിരുന്നു മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പലരും. മലപ്പുറം പട്ടണത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ കോഴിക്കോട് - പാലക്കാട് ദേശീയപാതയോരത്ത് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള കോണോംപാറ , അധികാരത്തൊടി , മേൽമുറി, മുട്ടിപ്പടി , വലിയാട്ടപ്പടി എന്നിവിടങ്ങളിലെ സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമടക്കം നിരപരാധികളെ വീടുകളിൽ നിന്ന് പുറത്തിറക്കി ബ്രിട്ടീഷ് സൈനിക വിഭാഗമായ ഡോർസെറ്റ് റെജിമെൻറ് വെടിവെച്ച് കൊല്ലുകയും വീട് കൊള്ളയടിച്ച ശേഷം ചുട്ടെരിക്കുകയും ചെയ്ത സംഭവമാണ് മേൽമുറി- അധികാരത്തൊടി കൂട്ടക്കൊല.
1921 ൽ ഒക്‌ടോബർ 25 ചൊവ്വാഴ്ച രാവിലെ മലപ്പുറം കുന്നുമ്മലിൽ നിന്ന് ലഫ്നന്റുമാരായ ഹെവിക് , കോഫി എന്നിവരുടെ നേതൃത്വത്തിൽ പീരങ്കിയുൾപ്പടെ വൻ സന്നഹവുമായി കവചിത വാഹനങ്ങളിൽ കോണോംപാറയിൽ എത്തിയ ഡോർസെറ്റ് റെജിമെൻറ് രണ്ടാം ബറ്റാലിൻറെ എ ,ഡി കമ്പനികളിലെ സൈനികരാണ് കൂട്ടക്കൊല നടത്തിയത്. ആദ്യം വലിയ ശബ്ദത്തോടെ പീരങ്കിയിൽ നിന്ന് വെടിയുതിർക്കുകയും തുടർന്ന് വീട്ടിൽ കയറി ഒളിച്ചിരുന്ന മുഴുവൻ പേരെയും പുറത്തിറക്കുകയും ചെയ്തു. പുറത്തിറങ്ങാൻ വിസമ്മതിച്ചക്കവരെ തോക്കിന്റെ ചട്ടയും ബയണറ്റും കൊണ്ട് കുത്തുകയും മർദ്ദിക്കുകയും ചെയ്തു. വീടുകൾ കൊള്ളയടിക്കുകയും ഓലമേഞ്ഞ വീടുകളും വസ്തുവകകളും കത്തിച്ചു കളയുകയും ചെയ്തു. പിന്നീട് പുരുഷന്മാരെ മുഴുവൻ നിരത്തി നിർത്തി വെടിവെച്ച്കൊന്നു. ചെറുക്കാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും വെടിയേറ്റ് മരിച്ചു. പിതാവിനെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചപ്പോൾ വെടിയേറ്റുമരിച്ച പതിനൊന്നുകാരിയും പിതാവിനൊപ്പം വെടിയേറ്റ് മരിച്ച കദിയാമുവും ഇവരിൽപ്പെടുന്നു. രാവിലെ തുടങ്ങിയ ഓപ്പറേഷൻ ഉച്ചയോടെ നീണ്ട സൈറൺ മുഴക്കി അവസാനിപ്പിച്ച് സൈന്യം മടങ്ങി. ഏതാനും മണിക്കൂറുകൾ കൊണ്ട് നൂറോളം വീടുകൾ ചുട്ടെരിക്കപ്പെടുകയും നൂറുകണക്കിനാളുകൾ വീട്ടുമുറ്റത്തും തൊടിയിലുമായി വെടിയേറ്റ് മരിക്കുകയും ചെയ്തു. അവശേഷിച്ചവരിൽ ചിലർ ചികിൽസിക്കാനോ പരിചരിക്കാനോ ആളില്ലാതെ നാലു ദിവസം വരെ അനാഥരായി കിടന്നു മരണപ്പെട്ടു .ചരിത്രത്തിൽ വേണ്ടത്ര പരാമർശിക്കപ്പെടാതെ പോയ പോയ ഈ കൂട്ടക്കൊലയുടെ ബാക്കിപത്രങ്ങൾ ഇപ്പോഴും അവിടങ്ങളിൽ തന്നെയുണ്ട് എന്നതാണ് ഏറ്റവും പ്രധാനം.മരിച്ചവരുടെ ഖബറുകൾ. വീട്ടുമുറ്റത്തു വെടിയേറ്റ് കിടന്നവരെ അവിടെ തന്നെ മറവ് ചെയ്യുകയായിരുന്നു. ഒരു ഖബറിൽ തന്നെ അനേകം പേരുടെ മൃതുദേഹങ്ങൾ ഉണ്ട്. സൈന്യത്തെ ഭയന്ന് രാത്രി തന്നെ പലരെയും മറവ് ചെയ്തിരുന്നു. സ്ത്രീകൾ തന്നെ പുരുഷന്മാരെ സ്വയം ഖബർ കുഴിച്ച് സംസ്കരിച്ചു പലയിടത്തും. സ്ത്രീകൾ മറവ് ചെയ്ത രണ്ടടി മാത്രം താഴ്ചയുള്ള ഖബറുകളിലൊന്ന് ഇപ്പോഴുമുണ്ട്. ആകെ 246 രക്തസാക്ഷികളിൽ ഒമ്പത് ഖബറുകളിലായി 40 പേരുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.മലബാറിലെ മാപ്പിള ലഹളയിൽ പലയിടത്തും വായിക്കപ്പെടാതെ പോകുന്ന ചിത്രമാണിത്. വാമൊഴിയായി പറഞ്ഞുവന്ന ചരിത്രത്തിൽ നിന്നും മറവിയിലേക്ക് നീങ്ങുകയാണ് അധികാരത്തൊടിയിലെ ഈ ഖബറുകൾ.
അവലംബം : ചരിത്രം കാണാതെ പോയ ഖബറുകൾ ( ഐ സമീൽ )