INDEPENDENCE DAY

ആഘോഷിക്കാനെന്തുണ്ട്? തടവറയില്‍ വെള്ളം ചോദിച്ചു മരിച്ചുവീണ വൃദ്ധന്റെ ഓർമ്മകളല്ലാതെ...

ഏഴര പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഇന്ത്യ എന്ന ആശയം എന്നത്തേക്കാളും ദുര്‍ബ്ബലമായിരിക്കുന്നു. ഇന്ത്യ എന്ന രാജ്യം അതിന്റെ ബഹുസ്വര രാഷ്ട്രീയധാരയെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു.

പ്രമോദ് പുഴങ്കര

വരിതെറ്റാത്തൊരു ഘോഷയാത്രയുടെ അകത്താണോ പുറത്താണോ സ്വാതന്ത്ര്യം? സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഇന്ത്യ ഏതുതരത്തിലുള്ള രാജ്യമാണ് എന്നതിനുള്ള ഉത്തരങ്ങളെല്ലാം നിങ്ങളീ ഘോഷയാത്രയുടെ അകത്തോ പുറത്തോ എന്നതിനെ ആശ്രയിച്ചിരിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ബഹുശാഖകളില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യ അതിന്റെ സമരജീവിതത്തെ പിടിച്ചെടുക്കുന്നത്. ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം എന്നതിനേക്കാളേറെ, ഇന്ത്യയെ സൃഷ്ടിക്കാനുള്ള സമരം കൂടിയായിരുന്നു നടന്നത്. കൊളോണിയല്‍ വിരുദ്ധ ദേശീയ വിമോചന സമരത്തിന്റെ ബഹുസ്വരത അതിന്റെ പൊതുലക്ഷ്യത്തോടൊപ്പം ഉള്‍ച്ചേര്‍ന്നിരുന്ന വൈരുധ്യങ്ങള്‍ നിറഞ്ഞതും വിട്ടുവീഴ്ചയില്ലാത്തതുമായ നാനാവിധ ആഭ്യന്തര സമരങ്ങള്‍ കൂടിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സമരത്തിനൊപ്പംതന്നെ കര്‍ഷക സംഘടനകളും തൊഴിലാളി മുന്നേറ്റങ്ങളും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുമെല്ലാം സ്വാതന്ത്ര്യ സമരത്തോട് ചേര്‍ന്നും പലപ്പോഴും അതിന്റെ മുഖ്യധാരയോട് കലഹിച്ചും സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയത്തെ അനുദിനം വിപുലമാക്കിക്കൊണ്ടിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവുന്നതോടെ അവസാനിക്കുന്ന സമരമല്ല അതെന്ന് വളരെ വേഗത്തില്‍ അവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി മാത്രമായിരുന്നില്ല ആ പോരാട്ടങ്ങള്‍ തുടര്‍ന്നത്, സ്വതന്ത്ര സമൂഹത്തിനും സ്വതന്ത്രരായ മനുഷ്യര്‍ക്കും വേണ്ടിയായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും പരമാധികാര ഇന്ത്യന്‍ റിപ്പബ്ലിക്കിലേക്ക് എത്തിയതിനുശേഷമുള്ള ഇന്ത്യ എന്ന രാജ്യത്തിന്റെയും ഇന്ത്യ എന്ന ആശയത്തിന്റെയും യാത്ര അതിന്റെ സകലവൈരുധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്.

ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും പരമാധികാര ഇന്ത്യന്‍ റിപ്പബ്ലിക്കിലേക്ക് എത്തിയതിനുശേഷമുള്ള ഇന്ത്യ എന്ന രാജ്യത്തിന്റെയും ഇന്ത്യ എന്ന ആശയത്തിന്റെയും യാത്ര അതിന്റെ സകലവൈരുധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഏഴര പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഇന്ത്യ എന്ന ആശയം എന്നത്തേക്കാളും ദുര്‍ബ്ബലമായിരിക്കുന്നു. ഇന്ത്യ എന്ന രാജ്യം അതിന്റെ ബഹുസ്വര രാഷ്ട്രീയധാരയെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. സാമ്പത്തിക അസന്തുലിതാവസ്ഥ സ്വാഭാവികമായ വ്യവസ്ഥയായിരിക്കുന്നു, ജനാധിപത്യം ഒരു ആശയമെന്ന നിലയില്‍പ്പോലും അവ്യക്തമായി മാറി.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം താരതമ്യേന ശക്തമായ നിലയില്‍ കയ്യടക്കിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രീയചരിത്രം നോക്കിയാല്‍ ഇത്തരത്തിലൊരു അവസ്ഥയിലേക്കുള്ള രാഷ്ട്രീയയാത്രയുടെ ശക്തമായ സൂചകങ്ങള്‍ നിരന്തരമായി അതിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിനു ശേഷം സ്വതന്ത്ര ഇന്ത്യയുടെ അധികാരഘടന രൂപപ്പെട്ടപ്പോള്‍ത്തന്നെ ഭൂവുടമകളുടെയും ധനികരുടെയും താത്പര്യങ്ങള്‍ക്കപ്പുറമുള്ള സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങളെയും അതിനുവേണ്ടിയുള്ള സമരങ്ങളെയും അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുകയായിരുന്നു പുതിയ ഇന്ത്യന്‍ ഭരണകൂടം ചെയ്തത്.

ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വിഭിന്നമായൊരു സമീപനം ഇന്ത്യയിലെ ജനകീയ സമരങ്ങളോടും അത്തരം സമരങ്ങളില്‍ പങ്കെടുത്ത ജനവിഭാഗങ്ങളോടും പുതിയ റിപ്പബ്ലിക്കിലെ സര്‍ക്കാര്‍ സ്വീകരിച്ചില്ല.

സ്വതന്ത്ര ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കൊപ്പം സ്വാതന്ത്ര്യസമരകാലം തൊട്ടുള്ള അനുബന്ധസമരങ്ങളും പുതിയ ഇന്ത്യയിലേക്ക് പ്രവേശിച്ചു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും വിഭിന്നമായൊരു സമീപനം ഇന്ത്യയിലെ ജനകീയ സമരങ്ങളോടും അത്തരം സമരങ്ങളില്‍ പങ്കെടുത്ത ജനവിഭാഗങ്ങളോടും പുതിയ റിപ്പബ്ലിക്കിലെ സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഭൂവുടമസ്ഥതയും ഭൂബന്ധങ്ങളും സംബന്ധിച്ച വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരു നയവും സര്‍ക്കാര്‍ എടുത്തില്ല. ഭൂവുടമാവിഭാഗത്തെ തൊടാതെ മുന്നോട്ടുപോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതാണ് പിന്നീട് ഹരിതവിപ്ലവത്തിന്റെയടക്കമുള്ള ഭൗതിക ഗുണഫലങ്ങള്‍ വന്‍കിട കര്‍ഷകരിലേക്ക് മാത്രമായി ഒതുങ്ങിയത്. സ്വാഭാവികമായും ഈയൊരു വിഭാഗം വന്‍കിട ഭൂവുടമകളും കര്‍ഷകരും ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലേക്ക് തങ്ങളുടെ സ്വാധീനം വളര്‍ത്തുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ മുക്കാല്‍ നൂറ്റാണ്ടുകാലത്ത്, നമ്മുടെ രാഷ്ട്രീയ കക്ഷികളിലും സാമ്പത്തിക വ്യവസ്ഥയിലും നീതിന്യായവ്യവസ്ഥയ്ക്കും ഉണ്ടായ മാറ്റങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്തെ ഏറ്റവും പ്രകടമായ സ്വാധീനം ഉണ്ടാക്കുന്നത്. അവയുടെ ഗതിവിഗതികളാകട്ടെ പരസ്പരബന്ധിതവും എന്നാല്‍ ചിലതരം ആന്തരവൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്നവയുമാണ്. എന്നാല്‍ വളരെ വേഗത്തില്‍ വൈരുധ്യങ്ങളുടെ സംഘാതശബ്ദങ്ങള്‍ പതിഞ്ഞുപോവുകയും സമഗ്രാധിപത്യത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ഏകതാളത്തില്‍ മാത്രം രാജ്യം ചലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

പോറ്റി ശ്രീരാമലു

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപപ്പെട്ടതോടെയാണ് ഇന്ത്യ ആഭ്യന്തരദേശസ്ഥിരത നേടിയത്. കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശത്തിന് പൂര്‍ണ്ണമായും അനുകൂലമായിരുന്നില്ലെങ്കിലും രാജ്യത്ത് പലഭാഗത്തും ഉയര്‍ന്ന ഭാഷാ സംസ്ഥാനങ്ങള്‍ക്കായുള്ള പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തിന്റെ ആവശ്യകത വ്യകതമാക്കി. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇഎംഎസിന്റെ പുസ്തകമടക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ക്കായി നിലകൊണ്ടതിന്റെ ഭാഗമാണ്. വിശാലാന്ധ്രയ്ക്ക് നിരാഹാരം കിടന്ന പോറ്റി ശ്രീരാമലു 56 ദിവസത്തെ സമരത്തിനൊടുവില്‍ മരിച്ചതോടെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്ക്കരണം ചടുലമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അങ്ങനെ സ്വാതന്ത്ര്യത്തിനു ഒരു ദശാബ്ദം പ്രായമായപ്പോള്‍ ഇന്ത്യ അതിന്റെ വൈവിധ്യങ്ങളുടെയും ഉപദേശീയതകളുടെയും അസ്തിത്വത്തെ ഒരു കേന്ദ്രീകൃത ചട്ടക്കൂടിനുള്ളില്‍ അംഗീകരിച്ചു.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനുള്ള പ്രക്രിയ ഇന്ത്യയെന്ന രാഷ്ട്രീയ നിര്‍മ്മിതിക്കുവേണ്ട സമരത്തിന്റെ തുടര്‍ച്ചയായിരുന്നു. ആ അര്‍ത്ഥത്തില്‍ അത് സ്വാതന്ത്ര്യസമരത്തിന്റെ തുടര്‍ച്ചയുമായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അവസാനിച്ചതോടെ ഇന്ത്യ രൂപപ്പെട്ടില്ല. അത് സ്വാതന്ത്ര്യസമരത്തില്‍ മറ്റു സമരധാരകളിലൂടെ മുന്നോട്ടുപോകുന്ന രാഷ്ട്രീയപ്രക്രിയയിലേക്ക് കടന്നു. ഹിന്ദി ഭൂപ്രദേശങ്ങള്‍ക്ക് രാഷ്ട്രീയാധിപത്യം ലഭിക്കുന്ന ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിനെതിരെക്കൂടിയായിരുന്നു ആ സമരം. ഒപ്പം തന്നെ ഇന്ത്യയെ ഒരൊറ്റ ദേശീയതയുടെ നുകത്തിനടിയില്‍ വെച്ചുകെട്ടാനുള്ള ശ്രമത്തിനെയും അത് ചെറുത്തു.

ഇന്ന് നമ്മള്‍ കാണുന്ന തരത്തിലുള്ള ഭാഷാ സംസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എതിരായിരുന്നു. ഹിന്ദുത്വ ദേശീയതയുടെ ഏകദേശ സിദ്ധാന്തക്കാരായ ഹിന്ദുത്വ രാഷ്ട്രീയക്കാരും അതിനെതിരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള മറ്റു രാഷ്ട്രീയ കക്ഷികളും ഭാഷാസംസ്ഥാനത്തിനായി അതത് ഭൂപ്രദേശങ്ങളില്‍ ഉയര്‍ന്നുവന്ന മുന്നേറ്റങ്ങളുമാണ് ഉപദേശീയതകളുടെ പരിമിത സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപവത്ക്കരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ 1948-ല്‍ ജസ്റ്റിസ് എ.കെ.ധര്‍ കമ്മീഷനെ നിയോഗിച്ചു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നും ഭരണപരവും ഭൂമിശാസ്ത്രപരവുമായ മുന്‍ഗണനകളിലാകണം സംസ്ഥാനരൂപവത്ക്കരണം എന്നുമായിരുന്നു കമ്മീഷന്റെ നിര്‍ദേശം. ഈ വിഷയം വീണ്ടും പരിശോധിക്കാന്‍ 194 ഡിസംബറില്‍ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പട്ടാഭി സീതാരാമയ്യ എന്നിവരുള്‍പ്പെടുന്ന ഒരു സമിതിക്ക് രൂപം കൊടുത്തു. ഈ സമിതിയും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്ക്കരണത്തിന് അനുകൂലമായിരുന്നില്ല. എന്നാല്‍ ഇതൊരു തുറന്ന വിഷയമാണെന്ന നിലപാട് സമിതിയെടുത്തു.

എന്നാല്‍ പിന്നീട് ആന്ധ്രപ്രദേശ് രൂപവത്ക്കരണത്തിലേക്കെത്തിയ സമരസംഭവവികാസങ്ങള്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെന്ന ആവശ്യം കണക്കിലെടുക്കാതെ ഇന്ത്യക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സ്ഥിതിയുണ്ടാക്കി. 1953-ഡിസംബര്‍ 22-നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനരൂപവത്ക്കരണത്തിന് ഫസല്‍ അലി സമിതിയെ നിയമിച്ചു. സമിതി 16 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടാക്കാനുള്ള ശുപാര്‍ശ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അതില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ട് 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും 1956 നവംബറില്‍ ഉണ്ടാക്കി. 1960-ല്‍ ബോംബെ പ്രവിശ്യ വിഭജിച്ച് ഗുജറാത്തും മഹാരാഷ്ട്രയും കൂടി സൃഷ്ടിച്ചതോടെയാണ് ഇന്ത്യയുടെ നിര്‍മ്മാണപ്രക്രിയയിലെ ഒരു ഘട്ടം പൂര്‍ത്തിയായത്.

ഫെഡറല്‍ സംവിധാനത്തിന്റെ ശക്തിപ്പെടുത്തലിലേക്ക് അവിടെനിന്നും കൂടുതല്‍ മുന്നോട്ടുപോകുന്നതിനു പകരം എല്ലാ അവസരങ്ങളിലും അതിനെ തകര്‍ക്കാനാണ് പിന്നീട് ഏകകക്ഷി ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴെല്ലാം ശ്രമിച്ചത്. നിലവില്‍ മറ്റൊരുതരത്തില്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ ദേശീയതയുടെ രാഷ്ട്രനിര്‍മാണത്തിലും ഇതുതന്നെയാണ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്ര സര്‍ക്കാരിന്റെ അനിഷ്ടങ്ങളുടെ പേരില്‍ പിരിച്ചുവിടുന്ന ജനാധിപത്യവിരുദ്ധ നടപടി കേരളത്തിലെ ആദ്യത്തെ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു തന്നെ തുടങ്ങി. പിന്നീടങ്ങോട്ട് 125-ലേറെ തവണ ഇത്തരത്തില്‍ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചുള്ള പിരിച്ചുവിടലുകളുണ്ടായി. ഇതില്‍ 63 തവണയും നടന്നത് 1971-നും 1990-നും ഇടയ്ക്കായിരുന്നു. പിന്നീട് 1994-ലെ എസ് ആര്‍ ബൊമ്മെയ് കേസില്‍ ഇത്തരത്തിലുള്ള പിരിച്ചുവിടലിന്റെ ഭരണഘടനാ സാധുതയെ കൂടുതല്‍ കര്‍ക്കശമായി സുപ്രീം കോടതി പരിശോധിക്കുന്ന വിധിയുടെകൂടി പശ്ചാത്തലത്തില്‍, സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നു രീതി കുത്തനെ താഴോട്ടു പോന്നു.

ഇതിനുപക്ഷേ മറ്റൊരു ശക്തമായ രാഷ്ട്രീയ കാരണവുമുണ്ടായിരുന്നു. 1989 മുതല്‍ കോണ്‍ഗ്രസിന്റെ ഏകകക്ഷി വാഴ്ചയ്ക്ക് അറുതിയാവുകയും, സംസ്ഥാന-പ്രാദേശിക കക്ഷികളുടെ ശക്തമായ പങ്കാളിത്തമുള്ള മുന്നണികള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്തു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുംവരെയുള്ള കാല്‍ നൂറ്റാണ്ടുകാലം ഈയൊരു രാഷ്ട്രീയ മുന്നണിബന്ധമായിരുന്നു കേന്ദ്രത്തിലേത്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാരത്തിന്റെ പ്രയോഗം തീര്‍ത്തും ദുര്‍ബലമായി.

ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനില്‍പ്പിന്റെ അരക്ഷിതാവസ്ഥയാണ്

ഇത് കാണിക്കുന്നത്, ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യ രൂപപ്പെട്ടതിനു ശേഷവും കേന്ദ്രീകൃത അധികാരത്തില്‍ നിന്നും അതിനെതിരെ അതിശക്തമായ ആക്രമണങ്ങള്‍ നടന്നു എന്നും, സംസ്ഥാനങ്ങളുടെയും ഉപദേശീയതകളുടെ പല ഭാവങ്ങളിലുള്ള രാഷ്ട്രീയകക്ഷികളുടെയും കേന്ദ്ര ഭരണത്തിലുള്ള സ്വാധീനവും ഏകകക്ഷി ഭരണസാധ്യത അവസാനിപ്പിച്ചതുമാണ് ഈ ആക്രമണത്തെ പിന്നീട് തടഞ്ഞുനിര്‍ത്തിയതെന്നുമാണ്. എന്നാല്‍ ഈയൊരു സന്തുലിതാവസ്ഥ വീണ്ടും അട്ടിമറിക്കപ്പെടുകയാണിപ്പോള്‍. ഹിന്ദുത്വ ദേശീയതയില്‍ അധിഷ്ഠിതമായ സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഏകകക്ഷി ഭരണത്തിന്റെ ബലത്തില്‍ സംസ്ഥാനങ്ങളിലേക്ക് നടത്തുന്ന അധികാരാധിനിവേശവും സംസ്ഥാന കക്ഷികളെ ഇല്ലാതാക്കുകയോ, അവയെ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന തരത്തില്‍ വിലയ്ക്കുവാങ്ങുകയോ ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. ഇത് ഇന്ത്യയുടെ നിര്‍മ്മാണത്തിന്റെ ചരിത്രപ്രക്രിയയിലെ ഒരു ഘട്ടത്തെ ഉള്ളില്‍ നിന്നും തകര്‍ക്കുകയാണ്.

ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനില്‍പ്പിന്റെ അരക്ഷിതാവസ്ഥയാണ്. ഓരോ സംസ്ഥാനത്തും അധികാരം പിടിച്ചെടുക്കുക എന്നതിന് ആ സംസ്ഥാനങ്ങളിലെ എതിര്‍കക്ഷികളുടെ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്കുവാങ്ങുക എന്നതൊരു സ്വാഭാവിക സമ്പ്രദായമായി ബിജെപി മാറ്റിക്കഴിഞ്ഞു. അതൊരു സ്വാഭാവിക രാഷ്ട്രീയതന്ത്രമായി മാറുകയും ചെയ്തു. ഇത് സാധ്യമാക്കുന്നത് ബിജെപിയും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ഏതാണ്ട് ഒന്നായപോലുള്ള ബന്ധമാണ്. ബിജെപിയെ തങ്ങളുടെ ഒരു അനുബന്ധ കമ്പനിയായി കാണാവുന്നിടത്തോളം വിശ്വസിക്കാമെന്ന് കോര്‍പ്പറേറ്റുകള്‍ക്ക് ബോധ്യമായതോടെ, ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസി അവരുടെ പൂര്‍ണ്ണമായ പിന്തുണ ബിജെപി സര്‍ക്കാരിന് നല്‍കിക്കഴിഞ്ഞു. മറ്റു ഭരണവര്‍ഗ കക്ഷികള്‍ ദേശീയതലത്തില്‍ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് ഇതാണ്. അവരെ നിലനിര്‍ത്തിയിരുന്ന ഭൂവുടമ-ബൂര്‍ഷ്വാ വര്‍ഗത്തിന് ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകൂട നടത്തിപ്പുകാരനുണ്ട്.

മറ്റൊരുകാലത്തും കണ്ടിട്ടില്ലാത്തവിധത്തില്‍ ഇന്ത്യയിലെ ഒരു ദേശീയകക്ഷി ഏതാണ്ടൊരു കോര്‍പ്പറേറ്റ് ഭീമന്റെ സാമ്പത്തിക സ്വഭാവത്തിലേക്ക് മാറിയതും ബിജെപിയിലൂടെയാണ്. 2019-20-ലെ സ്വയം പ്രഖ്യാപിത ആസ്തികളുടെ കണക്കില്‍ ബിജെപിക്കുള്ളത് 4847.78 കോടി രൂപയാണ്. മൊത്തം രാഷ്ട്രീയ കക്ഷികളുടെ ആസ്തികളില്‍ 69.37%-വും ബിജെപിയുടെ കയ്യിലാണ്. പിന്നിലുള്ള മുഖ്യ പ്രതിപക്ഷകക്ഷിയായ, ദേശീയകക്ഷിയായ കോണ്‍ഗ്രസിന് കേവലം 588.16 കോടി രൂപയാണുള്ളത്. രാജ്യത്തെ 44 പ്രാദേശിക കക്ഷികള്‍ക്ക് മൊത്തം 2129.38 കോടി രൂപയുടെ ആസ്തികളാണുള്ളത്. എല്ലാ തരത്തിലും തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കുന്ന സാമ്പത്തികവളര്‍ച്ച കൂടി ബിജെപി വളരെ കൃത്യമായി ഉണ്ടാക്കിയെടുത്തു.

അംബാനി, അദാനി

രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും സമാനമായ രീതിയില്‍ സമ്പത്തിന്റെ കേന്ദ്രീകരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ ഈ അസന്തുലിതാവസ്ഥ അതിഭീകരമാണ്. വരുമാന ശ്രേണിയുടെ മുകള്‍ത്തട്ടിലുള്ള 10%-മാണ് രാജ്യത്തെ 57% വരുമാനവും കൈക്കലാക്കുന്നത്. അതില്‍ത്തന്നെ 1% വരുന്ന അതിധനികരാണ് 22% വരുമാനവും നേടുന്നത്. താഴെത്തട്ടിലുള്ള 50% മനുഷ്യര്‍ക്ക് വരുമാനത്തിന്റെ 13% മാത്രമാണ് ലഭിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്താകട്ടെ, ഇന്ത്യയിലെ മഹാഭൂരിഭാഗം മനുഷ്യരുടെയും വരുമാനം ഇടിഞ്ഞപ്പോള്‍ അദാനിയുടെ സമ്പത്ത് 40 ബില്യണ്‍ ഡോളറിലേറെ വര്‍ധിക്കുകയായിരുന്നു. അംബാനിയും അദാനിയും അടങ്ങുന്ന ആഗോള സഹസ്ര കോടീശ്വരന്മാര്‍ എല്ലാ മഹാമാരികള്‍ക്കിടയിലും സമ്പത്ത് വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. ലോകത്താകെയുള്ള കണക്കെടുത്താല്‍ത്തന്നെ ഈ മഹമാരിക്കാലത്ത് ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ ധനികവ്യവസായി അദാനിയാണ്. മൂന്നാം സ്ഥാനത്ത് അംബാനിയാണ്. ലോകത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എസിനും ചൈനയ്ക്കും മാത്രം പിന്നിലാണ് ഇന്ത്യ. പ്രാഥമിക പ്രകൃതിവിഭവങ്ങള്‍ മുതല്‍ സേവനമേഖല വരെയുള്ള എല്ലാ രംഗങ്ങളിലും ഇത്തരം കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമുണ്ടാക്കുന്ന നടത്തിപ്പുകാര്‍ മാത്രമായി ഭരണകൂടം മാറുന്നതോടെ ഈ പ്രക്രിയ സുഗമമാവുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു അതിധനിക വിഭാഗത്തിനും ബിജെപിയെപ്പോലൊരു തീവ്രവലതുപക്ഷ കക്ഷിക്കും സംയുക്തമായി -കോര്‍പ്പറേറ്റ് രാഷ്ട്രീയ- കച്ചവട പദ്ധതിയായി ഇന്ത്യ മാറിയിരിക്കുന്നു. ഏഴര പതിറ്റാണ്ടുകൊണ്ട് ഇന്ത്യ എത്തിച്ചേര്‍ന്ന ഈ പരിണതി അതിന്റെ രാഷ്ട്രീയയാത്ര നിരീക്ഷിക്കുന്ന ആര്‍ക്കും സ്വാഭാവികമായ ദുരന്തമെന്നേ പറയാനാകൂ. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ ഭൂവുടമകളും ദേശീയ ബൂര്‍ഷ്വാസിയിലെ വലിയ വിഭാഗവും മുന്‍ രാജാക്കന്മാരും രാജകുമാരന്മാരുമെല്ലാം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വഴി പുതിയ അധികാരഘടനയില്‍ ഇരിപ്പുറപ്പിച്ചു. സാധാരണക്കാരായ കോടിക്കണക്കിനു മനുഷ്യര്‍ നടന്നും വളഞ്ഞും എത്തി നോക്കുമ്പോഴേക്കും അധികാരത്തിന്റെ കസേരകളിലെല്ലാം പഴയ ഫ്യൂഡല്‍ യജമാനമാരും പുത്തന്‍ ധനികരും കയറിയിരുന്നു. പതിവുപോലെ മുഖമറിയാത്ത നിഴലുകളായി വലിയ ജനസാഗരം, സമ്മേളനങ്ങളിലെ എണ്ണക്കണക്കുകളായി അവരൊതുങ്ങി. കാലാകാലങ്ങളില്‍ പ്രളയത്തില്‍ മുങ്ങാനും വേനല്‍കനക്കുമ്പോള്‍ മരച്ചോട്ടില്‍ കുഴഞ്ഞുവീണു മരിക്കാനും മഹാമാരികളില്‍ ചിത കിട്ടാതെ തെരുവില്‍ വിറങ്ങലിച്ച് കിടക്കാനുമൊക്കെയായി ആ മനുഷ്യര്‍ പെരുകിക്കൊണ്ടിരിക്കുന്നു.

ഇന്ദിരാഗാന്ധി, നെഹ്രു

ആരോഗ്യകരമായൊരു ജനാധിപത്യ രാഷ്ട്രീയത്തിനു പകരം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയധാരയെ അര്‍ദ്ധ-ഫ്യൂഡല്‍ രാഷ്ട്രീയ രീതികള്‍ വിഴുങ്ങുന്ന കാഴ്ചയായിരുന്നു ഇന്ത്യ കണ്ടത്. കോണ്‍ഗ്രസ് അകത്തേക്കും പുറത്തേക്കും ദുഷിച്ചതുതുടങ്ങിയ ഒരു രാഷ്ട്രീയശരീരമായി മാറി. നെഹ്രുവിനു ശേഷം മകള്‍ ഇന്ദിരാഗാന്ധിയെ നേതാവായി അവരോധിക്കുമ്പോള്‍ ഇന്ത്യ റിപ്പബ്ലിക്കായിട്ട് കഷ്ടി രണ്ടു പതിറ്റാണ്ടു തികഞ്ഞിരുന്നില്ല. അത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യ ജനാധിപത്യത്തിന്റെ പുറംചട്ടയില്‍ അര്‍ദ്ധ ഫ്യൂഡല്‍ രീതികള്‍ നിറച്ചുവെച്ചൊരു രാഷ്ട്ര ശരീരമായി മാറി. അടിയന്തരാവസ്ഥയിലേക്കും അതിനു ശേഷവുമൊക്കെ കോണ്‍ഗ്രസ് വിരുദ്ധ പ്രതിപക്ഷം കോണ്‍ഗ്രസിന്റെ കുടുംബവാഴ്ച രീതികള്‍ പകര്‍ത്തിയില്ലെങ്കിലും 1990-കള്‍ക്കുശേഷം, അതിവേഗത്തില്‍ രാജ്യത്തെ പ്രധാന പ്രാദേശിക കക്ഷികളെല്ലാം കുടുംബവാഴ്ചയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടു. ദ്രാവിഡ മുന്നേറ്റ കഴകവും അകാലിദളും പോലുള്ള കക്ഷികളെല്ലാം രൂപം കൊണ്ടത് വലിയ സമരങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ ഈ കക്ഷികളെല്ലാം തികഞ്ഞ കുടുംബവാഴ്ചയിലേക്ക് ചേക്കേറി. ഒരു ആധുനിക ജനാധിപത്യ സമൂഹമാകാന്‍ ഇന്ത്യ ഇനിയും പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്.

ഡിഎംകെയും അകാലിദളും മാത്രമല്ല ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അനേക ശകലങ്ങളില്‍ ചിലതായ ബിഹാറിലെ രാഷ്ട്രീയ ജനതാദളും ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയും അച്ഛനില്‍ നിന്നും മക്കളിലേക്കുള്ള കിരീടകൈമാറ്റം നടത്തിക്കഴിഞ്ഞു. തെലങ്കാന രാഷ്ട്ര സമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജനതാദള്‍ സെക്കുലര്‍, ശിവസേന, ജെഎംഎം ബിജു ജനതാദള്‍ എന്നിങ്ങനെ ശക്തരായ എല്ലാ പ്രാദേശിക കക്ഷികളും കോണ്‍ഗ്രസ് മാതൃകയില്‍ മക്കളിലേക്ക് അധികാരം കൈമാറി. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യക്ക് രാഷ്ട്രീയാധികാര കുടുംബങ്ങളുണ്ടായിരുന്നില്ല.

പ്രാഥമികവിഭവങ്ങളുടെ മുകളിലുള്ള കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ഭരണകൂട സേനയുടെ കാവല്‍കൂടിയായപ്പോള്‍ എല്ലാവിധത്തിലുള്ള പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ട് ആദിവാസികളടക്കമുള്ളവരുടെ പ്രതിഷേധങ്ങളെ യാതൊരു മറയുമില്ലാതെ അടിച്ചമര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണകൂടം.

പൂര്‍ത്തിയാകാത്ത സ്വാതന്ത്ര്യപ്രക്രിയയാണ് ബ്രിട്ടന്‍ വിട്ടുപോകുമ്പോഴും ഇന്ത്യയില്‍ നിലനിന്നിരുന്നതെന്ന രാഷ്ട്രീയബോധം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തമായിരുന്നു. വസ്തുനിഷ്ഠ സാഹചര്യങ്ങളെ തെറ്റായി വിലയിരുത്തിക്കൊണ്ടുള്ള എടുത്തുചാട്ടമായിരുന്നുവെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊല്‍ക്കത്ത തീസിസ് ഈ സ്വാതന്ത്ര്യാനന്തര സമരപ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകാനുള്ള പരാജയപ്പെട്ട ശ്രമമായിരുന്നു. ഈയൊരു തുടര്‍സമരപ്രക്രിയയെ തുടര്‍ന്നങ്ങോട്ട് ഇന്ത്യന്‍ ഭരണകൂടം അതിഭീകരമായി അടിച്ചമര്‍ത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസംഖ്യം ഭിന്നിപ്പുകള്‍ ഈ അടിച്ചമര്‍ത്തലിനെ എങ്ങനെ നേരിടുമെന്നും നാള്‍ക്കുനാള്‍ ദുര്‍ബ്ബലമായ ജനകീയ സമരങ്ങളെ എങ്ങനെ ശക്തമാക്കും എന്നതിലുമുള്ള നിരാശ നിറഞ്ഞ തര്‍ക്കങ്ങളുടെ അനന്തരഫലങ്ങളായിരുന്നു.! പുതിയ നൂറ്റാണ്ടിലേക്കെത്തിയപ്പോള്‍ പ്രാഥമികവിഭവങ്ങളുടെ മുകളിലുള്ള കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ഭരണകൂട സേനയുടെ കാവല്‍കൂടിയായപ്പോള്‍ എല്ലാവിധത്തിലുള്ള പൗരാവകാശങ്ങളെയും അടിച്ചമര്‍ത്തിക്കൊണ്ട് ആദിവാസികളടക്കമുള്ളവരുടെ പ്രതിഷേധങ്ങളെ യാതൊരു മറയുമില്ലാതെ അടിച്ചമര്‍ത്തുകയാണ് ഇന്ത്യന്‍ ഭരണകൂടം. പതിനാറാം നൂറ്റാണ്ടില്‍ ഒരു മുസ്ലിം രാജാവ് തകര്‍ത്തുവെന്ന് പറയുന്നൊരു ക്ഷേത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവിടെയുള്ള മുസ്ലിം പള്ളി തകര്‍ത്ത് നിര്‍മ്മിക്കാന്‍ ഒരു രാജ്യം മുഴുവന്‍ വീര്‍പ്പടക്കി കാത്തിരിക്കുന്നത് ഏഴരപ്പതിറ്റാണ്ടിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ബാക്കിയാണ്.

സുപ്രീം കോടതി

രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെന്ന് സുപ്രീം കോടതി വളരെ മുമ്പേ പറഞ്ഞ മതേതത്വവും പൗരാവകാശങ്ങളും ഭരണകൂടം ഇല്ലാതാക്കുമ്പോള്‍ സുപ്രീം കോടതി അതിന് അകമ്പടി സേവിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ കോടതി അതിന്റെ ഭരണഘടനാ വ്യാഖ്യാന ചുമതലകള്‍ ഒരേ താളത്തിലല്ല നിര്‍വ്വഹിച്ചത്. പല തവണ ഭരണകൂടത്തിന്റെ അത്യാചാരങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അല്ലെങ്കില്‍ അതിനെ ന്യായീകരിക്കാനോ കോടതി കൂട്ടുനിന്നിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ഈ ഭരണകൂടവിധേയത്വം ഭരണഘടനാ കോടതിയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തലങ്ങളിലേക്ക് എടുത്തെറിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പൗരന്റെ മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നു എന്ന കോടതി വിധി സുപ്രീം കോടതിക്ക് എത്തിച്ചേരാവുന്ന പതനത്തിന്റെ ഭാവിസാധ്യതകള്‍ സൂചിപ്പിക്കുന്നതായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്നും പുറത്താവുകയും ശേഷം അവര്‍ തിരിച്ചുവന്നെങ്കിലും പിന്നീടൊരിക്കലും പഴയപോലൊരു സമഗ്രാധികാരം അവര്‍ക്ക് സാധ്യമാകില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടും സുപ്രീം കോടതി ഉദാര ജനാധിപത്യത്തിന്റെ നീതിവ്യാഖ്യാനകാലത്തിലേക്ക് കടന്നു. അതൊട്ടും മോശമായിരുന്നില്ല. പൗരാവകാശങ്ങള്‍, ജീവിക്കാനുള്ള അവകാശം, പരിസ്ഥിതി, നീതിയുടെ വിശാലമായ വ്യാഖ്യാനങ്ങള്‍ എന്നിങ്ങനെയാണ് നിരവധി വിധികള്‍ സുപ്രീം കോടതിയില്‍ നിന്നും പുറത്തുവന്നു. കേന്ദ്ര രാഷ്ട്രീയാധികാരം ദുര്‍ബലമായ കാലമായിരുന്നു അതെന്നുകൂടി ഓര്‍ക്കണം. അതായത് ഇന്ത്യ എന്ന ആശയം കൂടുതല്‍ ജനാധിപത്യപരമായ ഫെഡറല്‍ അധികാരഘടനയിലേക്ക് പോകാനുള്ള രാഷ്ട്രീയപ്രവണതകള്‍ പ്രകടിപ്പിക്കുന്ന സമയം കൂടിയായിരുന്നു അത്.

സംഘ്പരിവാറിന്റെ ഹിന്ദുത്വ സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉറച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും അനുദിനം ശക്തമാകുന്ന സമഗ്രാധിപത്യ ഭരണകൂടമാവുകയും ചെയ്തതോടെ കോടതികള്‍ അതിവേഗത്തില്‍ അടിയന്തരാവസ്ഥയുടെ പ്രേതാവേശം ബാധിച്ചവരായി.

ജനാധിപത്യം കൂടുതല്‍ ചടുലവും സജീവവുമാകുന്നത് കേന്ദ്രാധികാരം അട്ടിമറിക്കപ്പെടുമ്പോഴാണ്. എന്നാല്‍, സംഘ്പരിവാറിന്റെ ഹിന്ദുത്വ സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉറച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും അനുദിനം ശക്തമാകുന്ന സമഗ്രാധിപത്യ ഭരണകൂടമാവുകയും ചെയ്തതോടെ കോടതികള്‍ അതിവേഗത്തില്‍ അടിയന്തരാവസ്ഥയുടെ പ്രേതാവേശം ബാധിച്ചവരായി. അയോദ്ധ്യ, ശബരിമല പുനഃപരിശോധന, ആധാര്‍, ഭീമ കൊറേഗാവ്, റഫേല്‍ അഴിമതി തുടങ്ങി നിരവധി തര്‍ക്കങ്ങളില്‍ നിര്‍ലജ്ജം കേന്ദ്ര സര്‍ക്കാരിനും സംഘ്പരിവാറിനുംവേണ്ടി വിധിയെഴുതി നല്‍കി സുപ്രീം കോടതി. ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സ്വയം കുറ്റവിമുക്തനാക്കുകയും പിന്നീട് സര്‍ക്കാരിനുവേണ്ടി വിധികള്‍ ഏതുപാകത്തിലും എഴുതി നല്‍കുകയും ചെയ്തു. ഇന്ത്യന്‍ സുപ്രീം കോടതി അതിന്റെ ഏറ്റവും ലജ്ജാകരവും അനീതി നിറഞ്ഞതുമായ കാലത്തിലേക്ക് കൂപ്പുകുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ പൗരാവകാശങ്ങള്‍ ഇല്ലാതാകുന്നു എന്ന ഹേബിയസ് കോര്‍പ്പസ് കേസിലെ വിധിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നല്‍കുന്ന മൊഴികള്‍ കോടതികളില്‍ തെളിവായി സ്വീകരിക്കുമെന്ന വിധിയിലേക്കത്തുമ്പോള്‍ അടിയന്താരവസ്ഥ പ്രഖ്യാപിക്കാനുള്ള മഷി ലാഭിച്ചിരിക്കുന്നു ഭരണകൂടം.

ടീസ്റ്റ സെതല്‍വാദ്, സ്റ്റാന്‍ സ്വാമി

സാക്കിയ ജാഫ്രി/ ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ പരാതിക്കാരിയായ ടീസ്റ്റ സെതല്‍വാദിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി അതിന്റെ രൂപമാറ്റത്തിന്റെ ഏറ്റവും ഭീഷണമായ മുഖം വെളിപ്പെടുത്തി. തൊട്ടുപിന്നാലെ ഛത്തീസ്ഗഡില്‍ ആദിവാസികളെ അതിഭീകരമായ പീഡനങ്ങള്‍ക്കിരയാക്കിയ സുരക്ഷാസേനക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന്‍ ഹിമാന്‍ഷു കുമാറിനെതിരെ ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു സുപ്രീം കോടതി. സുപ്രീം കോടതിയില്‍ ഭരണകൂടത്തിനെതിരെയെത്തുന്ന ഹര്‍ജികളില്‍ പരാതിക്കാരെ കോടതി നേരിട്ട് ഭരണകൂടത്തിനേല്‍പ്പിച്ചുകൊടുക്കുന്ന നീതിന്യായനടത്തിപ്പിന്റെ പരിണാമം ഏഴരപ്പതിറ്റാണ്ടിന്റെ കണക്കെടുത്താലും ഇന്ത്യയെന്ന സ്വതന്ത്ര റിപ്പബ്ലിക്കിന് താങ്ങാന്‍ കഴിയാത്തതാണ്.

മഹാഭൂരിപക്ഷം മനുഷ്യരെ അകലങ്ങളില്‍ നിന്നും അകലങ്ങളിലേക്ക് ആട്ടിപ്പായിക്കുന്നൊരു രാജ്യമാണ് നാം ജീവിക്കുന്ന ഇന്ത്യ. വോട്ടുകുത്തി യന്ത്രങ്ങളായി മാറിയ മനുഷ്യരുടെ നിഴലുകളില്‍പ്പോലും പടര്‍ന്നുകിടക്കുന്ന നിരാശയും വ്യര്‍ത്ഥതയുമുണ്ട്. ഉപ്പുകുറുക്കിയ കടല്‍ത്തീരങ്ങളില്‍ ഉപ്പുതൂണായി മാറിയ മനുഷ്യര്‍. സ്വാതന്ത്ര്യത്തിന്റെ നൂല്‍ നൂറ്റ ചര്‍ക്കയില്‍ കുടുങ്ങിപ്പോയവര്‍. ആഘോഷിക്കാനെന്തുണ്ട്, തടവറയില്‍ വെള്ളം ചോദിച്ചു മരിച്ചുവീണൊരു വൃദ്ധന്റെ അസ്ഥികളല്ലാതെ?

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍