INDEPENDENCE DAY

ദേശീയപതാകയോടുള്ള മാറിയ ഇടത് -വലത് സമീപനങ്ങൾ

ദേശീയ പതാകയോട് ഇന്ത്യയിലെ പ്രമുഖ ഇടത് വലത് പാർട്ടികളുടെ സമീപനത്തിൽ വന്ന മാറ്റം പ്രകടമായത് ഈയടുത്താണ്

വെബ് ഡെസ്ക്


എല്ലാ വീടുകളിലും പതാക ഉയര്‍ത്തി 'ഹര്‍ ഘര്‍ തിരംഗ' മുദ്രാവാക്യവുമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്. ദേശീയതയും ദേശീയഗാനവും പതാകയുമടക്കമുള്ള ചിഹ്നങ്ങളും മുന്‍പില്ലാത്തവിധം പ്രകടനപരത ആവശ്യപ്പെടുന്നുണ്ട് ഇപ്പോള്‍. ദേശീയ പതാക ദേശസ്‌നേഹത്തിന്‌റെ അടയാളമായി ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസ് 52 വര്‍ഷം സ്വന്തം ആസ്ഥാനത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താതിരുന്നത് എന്തുകൊണ്ട് ? സിപിഐഎം ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താന്‍ 2021 വരെ കാത്തിരിക്കേണ്ടി വന്നതിന് കാരണം എന്താകും? ദേശീയ പതാകയുമായി ബന്ധപ്പെട്ട ഈ വസ്തുതകള്‍ പരിശോധിക്കാം.

1931-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചത് മുതല്‍ അതിനെതിരെ നിലപാടെടുത്തവരാണ് ആര്‍എസ്എസ്. സംഘശാഖകളില്‍ ദേശീയ പതാകയായി കാവിപതാക ഉയര്‍ത്താന്‍ സമാന്തരമായി ഹെഗ്‌ഡേവാര്‍ ആഹ്വാനം ചെയ്തു. ഭാരതീയ സംസ്‌കാരത്തിന്റെ പൂര്‍ണത കാവി പതാകയിലാണെന്നും ഒരുനാള്‍ രാജ്യം മുഴുവന്‍ അത് വണങ്ങുമെന്നും വിചാരധാരയില്‍ ഗോള്‍വാക്കര്‍ എഴുതി. ത്രിവര്‍ണ പതാകയിലെ പച്ച നിറം മുസ്ലീം ജനതയെ പ്രതിനിധീകരിക്കുന്നു എന്നും അത് പതാകയില്‍ ചേര്‍ത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമെന്നുമാണ് ഗോള്‍വാക്കറുടെ കണ്ടെത്തല്‍. അധികാരത്തിലെത്തിയവര്‍ കയ്യില്‍ തരുന്ന ത്രിവര്‍ണപതാക ഹിന്ദുക്കള്‍ ഒരിക്കലും ബഹുമാനിക്കുകയോ സ്വന്തം എന്ന് കരുതുകയോ ചെയ്യില്ലെന്ന്-ആര്‍എസ്എസ് മുഖമാസിക ഓര്‍ഗനൈസര്‍ 1947 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ പതിപ്പില്‍ എഴുതി.

ആര്‍എസ്എസിന്റെ നിരോധനം നീക്കാന്‍ ദേശീയ പതാകയെ അവര്‍ വ്യക്തമായി സ്വീകരിക്കണമെന്ന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നിര്‍ബന്ധം പിടിച്ചത് ത്രിവര്‍ണ പതാകയോളുള്ള ഈ എതിര്‍പ്പ് അറിഞ്ഞുകൊണ്ടാണ്. ത്രിവര്‍ണ പതാകയോടുള്ള വികര്‍ഷണം പ്രകടമായിരുന്നെങ്കിലും 1947 ഓഗസ്റ്റ് 15നും 1950 ജനുവരി 26 നും ആര്‍എസ്എസ് ആസ്ഥാനത്ത് പതാക ഉയര്‍ന്നു. പിന്നീട് എല്ലാ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആര്‍എസ്എസ് ഉയര്‍ത്തിയത് കാവിപ്പതാകയാണ്. 52 വര്‍ഷത്തിനുശേഷം 2002 അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ആര്‍എസ്എസ് വീണ്ടും ത്രിവര്‍ണ പതാകയെ കയ്യിലെടുത്തത്.

52 വര്‍ഷത്തിനുശേഷം 2002 അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ആര്‍എസ്എസ് വീണ്ടും ത്രിവര്‍ണ പതാകയെ കയ്യിലെടുത്തത്

എന്നാൽ 20 വര്‍ഷത്തിനിപ്പുറം ആർ എസ് എസ് നിലപാട് മാറ്റി. 2021 ഓഗസ്റ്റ് 15 നാണ് സിപിഐഎം ആസ്ഥാനത്ത് ആദ്യമായി പതാക ഉയരുന്നത്. അതിന് മുന്‍പും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നെങ്കിലും പതാക ഉയര്‍ത്തുന്ന രീതി സിപിഐഎമ്മിന് ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും കാലം ഇന്ത്യന്‍ പതാക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഒരു പടി ദൂരത്തേക്ക് മാറ്റി വെച്ചത്? ആര്‍എസ്എസിനെ പോലെ ദേശീയവാദമോ ഹിന്ദുത്വയില്‍ അധിഷ്ഠിതമായ വിശകലനങ്ങളോ അല്ല അതിന് കാരണം.

1948 ല്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് സ്വതന്ത്ര ഇന്ത്യ ബ്രിട്ടന്റെ അര്‍ധ കോളനിയെന്നാണ് വിലയിരുത്തിയത്. സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കണമെന്ന് ആഹ്വാനം ചെയ്ത കല്‍ക്കട്ടാ തീസീസിന് ശേഷം പലയിടങ്ങളിലും അക്രമാസക്തമായ സമരങ്ങളുണ്ടായി. പാര്‍ട്ടിയുടെ ബഹുജനാടിത്തറയ്ക്ക് തന്നെ ഇളക്കം തട്ടി. ഇതോടെ കല്‍ക്കട്ടാ തീസിസില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്‍മാറി. ബി ടി രണദിവെയെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറ്റി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും പാര്‍ലമെന്ററി, പാര്‍ലമെന്റേറി ഇതര പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം നേടിയെടുക്കുക എന്ന നയത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി. അങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പങ്കാളിയായി തുടങ്ങുന്നത്.

ദേശീയ പതാക ഉയര്‍ത്തുന്ന രീതി സിപിഐ നേരത്തെ തുടങ്ങിയെങ്കിലും സിപിഐഎം ആ നിലപാടിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷമാണ്. സിപിഐ നേരത്തെ പതാക ഉയർത്താറുണ്ടായിരുന്നു. ഇത്തവണ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതടക്കം കൂടുതല്‍ വിപുലമായ ആഘോഷമാണ് അവര്‍ നടത്തുന്നത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തുകയും ഭരണത്തുടര്‍ച്ചയുണ്ടാക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ദേശീയതയ്ക്കും രാഷ്ട്ര സങ്കല്‍പ്പത്തിനും വന്ന മാറ്റമാണ് സിപിഐഎമ്മിന്റെ മനംമാറ്റത്തിന് പിന്നില്‍. രാജ്യത്തെ നിലവിലെ ഭരണ സംവിധാനം സ്വേച്ഛാധിപത്യ പ്രവണതകളുള്ളതെന്നാണ്, സിപിഐഎമ്മിന്റെ പക്ഷം. ഈ പുതിയ സാഹചര്യത്തില്‍ ഭരണഘടനയും ഇന്ത്യന്‍ പതാകയുമെല്ലാം മുന്‍പത്തേക്കാള്‍ പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ പാര്‍ട്ടി തയ്യാറാവുകയാണ്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം