നവേത്ഥാന നായകനായ അയ്യങ്കാളിയുടെ പോരാട്ട വീര്യത്തിന്റെ ചരിത്രമുറങ്ങുന്ന ഇടമാണ് തിരുവനന്തപുരം ഊരൂട്ടമ്പലത്ത് സ്ഥിതി ചെയ്യുന്ന ഗവ. യൂ പി സ്‌കൂള്‍. വിദ്യാലയത്തിന്റെ പേരുമാറ്റാനെടുത്ത തീരുമാനമാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നിലവില്‍ ഊരൂട്ടമ്പലം ഗവ. യുപി സ്‌കൂള്‍ എന്നറിയപ്പെടുന്ന വിദ്യാലയം ഇനിമുതല്‍ മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയില്‍ സ്‌കൂള്‍ എന്ന പേരിലാകും അറിയപ്പെടുക. ഔദ്യോഗികമായ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, വിദ്യാലയത്തിന്റെ പേരുമാറ്റാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.
'ഞങ്ങളുടെ മക്കള്‍ക്ക് അക്ഷരം നിഷേധിച്ചാല്‍ നിങ്ങളുടെ വയലിലിറങ്ങാന്‍ ഞങ്ങള്‍ക്ക് മനസില്ല' ഈ മുദ്രാവാക്യം മുഴക്കിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഊരൂട്ടമ്പത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിലേക്കാണ് പുലയപെണ്‍കൂട്ടിയായ പഞ്ചമിയുടെ കൈപിടിച്ച് നവേത്ഥാന നായകനായ അയ്യങ്കാളി എത്തിയത്. കീഴാളര്‍ക്ക് അക്ഷരം പൂര്‍ണ്ണമായും നിഷേധിച്ചിരുന്ന കാലമായിരുന്നു അത്. സ്‌കൂളിലെത്തിയ കുട്ടിയെ മാനേജരും, സ്‌കൂള്‍ അധികൃതരും അവജ്ഞതയോടെയാണ് നോക്കിക്കണ്ടത്. പഞ്ചമിയെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു. എന്നാല്‍, കുട്ടിയെ ക്ലാസില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ അയ്യങ്കാളി ഉറച്ചു നിന്നു.
അയ്യങ്കാളിയുടെ സമ്മര്‍ദത്തിന് ഒടുവില്‍ അധ്യാപകര്‍ക്ക് വഴങ്ങേണ്ടി വന്നു. കുട്ടിയെ ക്ലാസ്മുറിയില്‍ പ്രവേശിപ്പിച്ചു. തന്റെ പ്രയത്നം വിജയം കണ്ട സന്തോഷത്തില്‍ അയ്യങ്കാളി മടങ്ങി. അപ്പോഴേക്കും, തീണ്ടിക്കൂടായ്മയുടെ തീ നാടാകെ പടര്‍ന്നിരുന്നു. കീഴ് ജാതിക്കാരിയായ പഞ്ചമിയെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന ജാതിക്കാര്‍ നാടാകെ അക്രമം അഴിച്ചുവിട്ടു. എന്നിട്ടും അരിശം തീരാതെ ചിലര്‍ പുലയ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച വിദ്യാലയം തീയിട്ട് നശിപ്പിച്ചു. പഞ്ചമി തീണ്ടിയ പള്ളിക്കൂടം നാട്ടില്‍ വേണ്ടെന്നായിരുന്നു അവരുടെ തീരുമാനം.
കേരളത്തിലെ ആദ്യ പണിമുടക്ക് സമരം
എന്നാല്‍, ജന്മിസമ്പ്രദായത്തിന് മുന്‍പില്‍ തലക്കുനിക്കാന്‍ അയ്യങ്കാളി തയ്യാറായില്ല. പഞ്ചമിക്കു വിദ്യാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അയ്യങ്കാളി പരസ്യമായി സമരം പ്രഖ്യാപിച്ചു. അനീതിക്കെതിരെയുള്ള സമരത്തില്‍ അയ്യങ്കാളിയോടൊപ്പം കര്‍ഷകരും അണിനിരന്നു. 'ഞങ്ങളുടെ ചോരയില്‍ പിറന്ന മക്കള്‍ക്ക് നിങ്ങള്‍ അക്ഷരം നിഷേധിച്ചാല്‍ നിങ്ങളുടെ വയലിലിറങ്ങാന്‍ ഞങ്ങള്‍ക്ക് മനസില്ല' ഈ മുദ്രാവാക്യം മുഴക്കിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കേരളത്തിലെ ആദ്യ പണിമുടക്ക് സമരമായിരുന്നു അത്. പോരാട്ട ചരിത്രത്തിന്റൈ പുതിയൊരു അധ്യായം.
അധികം വൈകാതെ പാടങ്ങള്‍ തരിശു ഭൂമിയായി. പതിയെ പതിയെ ജന്മിമാരുടെ മണി മാളികകളും വിശപ്പിന്റെ വിലയറിയാന്‍ തുടങ്ങി. ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ തോല്‍വി സമ്മതിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ജാതി സമ്പ്രദായത്തെ ആകെ ഉടച്ചുവാര്‍ത്ത ആ സമരം ചരിത്രത്തിലെ പുതിയ നാഴികക്കല്ലായിരുന്നു.