രാജ്യം സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. എഴുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് ഭാരതം സ്വതന്ത്രമാകുമ്പോൾ നാം തിരഞ്ഞെടുത്ത ഭരണരീതി സമ്പൂർണ പാർലമെന്ററി ജനാധിപത്യമായിരുന്നു എന്നത് ഈ സമൂഹത്തിന്റെ ഉയർന്ന ധാർമികബോധത്തെയും മാനവരാശിയോടുള്ള ഉത്തരവാദിത്വത്തെയുമാണ് കാണിക്കുന്നത്. എല്ലാ അർത്ഥത്തിലും പൂർണമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങൾ കുറവാണ് , പക്ഷെ ആ രാജ്യങ്ങളാണ് ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അതിൽ തന്നെ ഏറ്റവും വിപുലവും ജനപങ്കാളിത്തവമുള്ള ജനാധിപത്യം ഭാരതത്തിൽ ആണെന്നത് ഓരോ ഭാരതീയനെ സംബന്ധിച്ചിടത്തോളവും ഏറ്റവും അഭിമാനകരമാണ്.
എന്നാൽ, കടന്നുവന്ന ഏഴര പതിറ്റാണ്ടിൽ ഈ ധാർമിക ഉത്തരവാദിത്വത്തിനു കളങ്കമാകുന്ന കാര്യങ്ങളും ഉണ്ടായി. നമ്മുടെ ജനാധിപത്യത്തെ ഒരു കുടുംബം കൈയ്യടക്കി, ജനാധിപത്യമെന്ന വാക്കിനെ തന്നെ അപമാനിക്കുന്ന ദൃശ്യം പതിറ്റാണ്ടുകളോളം ഇവിടെ തുടർന്നു. ഭരണഘടനയെയും പൗരാവകാശങ്ങളെയും മുഴുവൻ മരവിപ്പിച്ച് , രാജ്യം പൂർണമായി ഏകാധിപത്യത്തിലമർന്ന അടിയന്തരാവസ്ഥയുടെ പത്തൊമ്പത്ത് മാസങ്ങൾ ഭാരതത്തിന്റെ ജനാധിപത്യചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമാണ്. ഇന്ത്യയിൽ ജനാധിപത്യം അവസാനിച്ചു എന്ന് വരെയാണ് അക്കാലത്ത് പാശ്ചാത്യമാധ്യമങ്ങൾ എഴുതിയത്.
എന്നാൽ ലോകത്തിനു വെളിച്ചമാകുക എന്ന യുഗധർമത്തിൽ നിന്ന് ഈ മഹാരാജ്യത്തിനു ഒഴിഞ്ഞുനിൽകാനാവില്ലല്ലോ...
ദേശീയപ്രസ്ഥാനങ്ങൾ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ചെറുത്തുനിൽപ്പിലൂടെ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതും സാക്ഷാൽ ഇന്ദിരാ ഗാന്ധി തോറ്റു തുന്നം പാടിയതും ജനാധിപത്യത്തിന്റെ വഴികളിലെ സുവർണ നാഴികക്കല്ലുകൾ ആണ്. ആ ദേശീയ ശക്തികൾ ആണ് സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത് . ലോകം ഭാരതത്തെ പ്രതീക്ഷയോടെ നോക്കുന്നതും അതേ കാരണം കൊണ്ടാണ്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമ്പേ തകർന്നുപോയ അവസ്ഥയിൽ നിന്നും വൻ വ്യാവസായിക രാഷ്ട്രങ്ങളായി പുരോഗമിച്ച ജപ്പാന്റെയും യൂറോപ്യൻ രാജ്യങ്ങളുടേയുമൊക്കെ വളർച്ച കാണുമ്പോഴാണ് നമ്മുടെ ഭരണകൂടങ്ങൾ നഷ്ടപ്പെടുത്തിയ അവസരങ്ങളെക്കുറിച്ച് ചിന്തിച്ചു പോകുന്നത്. ഭാരതത്തിന്റെ അനന്തമായ വിഭവശേഷിയും മനുഷ്യശേഷിയും വേണ്ടപോലെ പ്രയോജനപ്പെടുത്തിയിരുന്നു എങ്കിൽ നാമിപ്പോൾ എവിടെ നിൽക്കുമായിരുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞ എട്ടു വർഷങ്ങളിൽ രാജ്യം നടത്തിയ കുതിപ്പിനെ ഒന്ന് വിലയിരുത്തിയാൽ മാത്രം മതിയാകും.
മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്ന രണ്ടു പദ്ധതികളിലൂടെ രാജ്യത്തിന്റെ പ്രതിഭാസമ്പത്ത് വൻ വിപ്ലവങ്ങൾ തീർക്കുകയാണ്. ഇത്രയും നാൾ പൂർണമായും ഇറക്കുമതി ചെയ്തിരുന്ന മെഡിക്കൽ ഉപകരണങ്ങൾ, പിപിഇ കിറ്റ് എന്നിവയിലൊക്കെ ഇപ്പോൾ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഭാരതം മാറി.ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമാണ യൂണിറ്റ് ഇപ്പോൾ ഭാരതത്തിലാണ്. അടുത്ത കാലം വരെ തായ്‌വാനിൽ നിന്നും ചൈനയിൻ നിന്നുമൊക്കെ ഇറക്കുമതി ചെയ്തിരുന്ന മൊബൈൽ ഫോൺ മേഖല ഇപ്പോൾ ഏതാണ്ട് പൂർണമായും മെയ്‌ഡ് ഇൻ ഇന്ത്യ ആണ്. മെഴ്‌സിഡസ്, ലോക് ഹീദ് മാർട്ടിൻ, ആപ്പിൾ തുടങ്ങിയ വമ്പൻ ലോക ബ്രാൻഡുകൾ ഭാരതത്തിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യാൻ പോകുന്നു .ലോക ബ്രാൻഡുകൾ ചൈനയിൽ നിന്നും അവരുടെ നിർമാണ യൂണിറ്റുകൾ ഭാരത്തിലേക്ക് പറിച്ചു നടാൻ തുടങ്ങിക്കഴിഞ്ഞു.
രാജ്യത്തെ ജനകോടികളെ ബാങ്കിങ് സംവിധാനത്തിലേക്കും ഡിജിറ്റൽ ടെക്നോളജിയിലേക്കും കൊണ്ടുവന്ന മായാജാലം സംഭവിച്ചത് മൂന്നോ നാലോ കൊല്ലങ്ങൾ കൊണ്ടാണ്
2014ൽ വെറും ആറു ശതമാനം ട്രെയിനുകളിൽ മാത്രമുണ്ടായിരുന്ന ബയോ ടോയ്‌ലറ്റ് സംവിധാനം ഇന്ന് പാസഞ്ചർ ട്രെയിനുകളിൽ പോലും ഉണ്ട്. യുപിഐ സംവിധാനത്തിലൂടെ ഓരോ മാസവും ലക്ഷക്കണക്കിന് കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വമ്പൻ വ്യാപാരശാലകൾ മുതൽ വഴിവക്കിലെ പച്ചക്കറിക്കടകളിൽ വരെ നമുക്ക് ഇന്നൊരു ചതുരം കാണാൻ കഴിയും. രാജ്യത്തെ ജനകോടികളെ ബാങ്കിങ് സംവിധാനത്തിലേക്കും ഡിജിറ്റൽ ടെക്നോളജിയിലേക്കും കൊണ്ടുവന്ന മായാജാലം സംഭവിച്ചത് മൂന്നോ നാലോ കൊല്ലങ്ങൾ കൊണ്ടാണ്. വലിയ എക്സ്പ്രസ്സ് ഹൈവേകൾ, ദുർഗമമായ ഹിമാലയൻ സംസ്ഥാനങ്ങളിലേക്ക് വരെ റെയിൽവേ ലൈനുകൾ തുടങ്ങി അവിശ്വസനീയമായ വികസനക്കുതിപ്പിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഇനിയുള്ള നാളുകൾ ഭാരതത്തിന്റേതാണ് എന്ന് വിളിച്ചോതുന്ന വിപ്ലവങ്ങളാണ് സമസ്തമേഖലയിലും നടന്നുകൊണ്ടിരിക്കുന്നത്. നഷ്ടപ്പെട്ടു പോയ പതിറ്റാണ്ടുകൾ ഒരു ദുഃസ്വപ്നം പോലെ പോയ് മറഞ്ഞപ്പോൾ നീണ്ട രാത്രിക്ക് ശേഷം ഉദിച്ചുയർന്ന സൂര്യന്റെ പ്രഭയിൽ ഇരുട്ടിന്റെ ശക്തികൾ പരക്കം പാഞ്ഞുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പരക്കെ കാണുന്നത്.
(സംഘ്പരിവാർ സഹയാത്രികനും, പുസ്തക പ്രസാധകനും ആണ് ലേഖകൻ)