പ്രതിപക്ഷത്തിന്റെ നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍, ആര്‍എസ്എസ് ഇപ്പോള്‍ തങ്ങളുടെ പല സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും ദേശിയ പതാകയുടെ ചിത്രം അപ്ലോഡ് ചെയ്തിരിക്കുകയാണ്. കീഴ് ജാതി രാഷ്ട്രീയത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായി സംസാരിക്കുന്ന ദിലീപ് മണ്ഡലിനെ പോലെയുള്ള പത്രപ്രവര്‍ത്തകരും ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. നേരിയ പരിഹാസത്തോടെ, ദിലീപ് മണ്ഡല്‍ ട്വീറ്റ് ചെയ്തതിങ്ങനെയാണ്: 'എന്റെ ക്യാമ്പയിന്‍ വിജയകരമായി! ആദ്യമായി ആര്‍ എസ്എസ് തങ്ങളുടെ ഡിപിയില്‍ ദേശീയ പതാക വെച്ചിരിക്കുന്നു. എല്ലാ സംഘികള്‍ക്കും അഭിനന്ദനങ്ങള്‍. ഇതൊരു സന്തോഷകരമായ അവസരമാണ്. അങ്ങനെ ആര്‍എസ് എസും രാജ്യസ്‌നേഹികളെന്നെന്നു തെളിഞ്ഞിരിക്കുന്നു.'
പ്രധാനമന്ത്രിയുടെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്‍ ഏറ്റെടുത്ത് നിരവധി പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ദേശീയപതാകയുടെ ചിത്രം അപ്ലോഡ് ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്‍ ഏറ്റെടുത്ത് നിരവധി പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ദേശീയപതാകയുടെ ചിത്രം അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ ആര്‍എസ്എസ്സിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഈ മാറ്റം ഉണ്ടായില്ല. ഇതിനെ കുറിച്ച് പലരെയും പോലെ ദിലീപ് മണ്ഡലും ശബ്ദമുയര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ ആര്‍എസ്എസ്സിന്റെ ഈ മാറ്റത്തെ പലരും സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തോടെ ആഘോഷിക്കുന്നത് കാണാം.
വീട് വീടാന്തരം തിരംഗ, തിരംഗയുമൊത്ത് സെല്‍ഫി ബിജെപി സര്‍ക്കാര്‍ സര്‍ക്കുലറുകള്‍ പോലും ഇറക്കുന്ന സമയമാണിത്. എന്നാല്‍ എംഎസ് ഗോള്‍വാക്കറെ പോലെയുള്ളവര്‍ ദേശീയ പതാകയെ നിശിതമായി വിമര്‍ശിച്ചിരുന്നതും, കാലങ്ങളായി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ന്നിരുന്നില്ല എന്നും ചൂണ്ടി കാണിക്കുന്നത് പ്രധാനം തന്നെയാണ്. ഇത് തന്നെയാണ് പ്രതിപക്ഷവും, ദിലീപ് മണ്ഡലിനെ പോലെയുള്ള പത്ര പ്രവര്‍ത്തകരും ചെയുന്നത്.
ഓട്ടോറിക്ഷകളിലും, സ്‌കൂട്ടറുകളിലും, തങ്ങളുടെ ചെറിയ ചെറിയ വീടുകളിലുമെല്ലാം തിരംഗ പാറുമ്പോള്‍, എഴുപത്തഞ്ചാമത്തെ സ്വാതന്ത്ര്യ ദിനം ഒരു ഉത്സവം പോലെ കടന്നു വരുമ്പോള്‍, രാജ്യ സ്‌നേഹത്തിന്റെ ഉണര്‍വില്‍ തങ്ങളുടെ സ്വത്വങ്ങള്‍ക്ക് തന്നെ ഒരു പുതിയ ഉണര്‍വ് നേടിയെടുക്കുന്ന ദളിത്, ആദിവാസി, കീഴ് ജാതി, മുസ്ലിം, മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെട്ട ഒരു ബഹു-ജനതയാണിവിടെ നിര്‍മ്മിച്ചെടുക്കപ്പെടുന്നത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന അവസരത്തില്‍, ഇത്തരം സംവാദങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍, മറ്റു ചില ചോദ്യങ്ങളും, പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു.
രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് വാദിക്കുന്ന ആര്‍എസ്എസ്സിനെ പോലെയുള്ള ഒരു സംഘടന, ആ രാജ്യത്തിന്റെ പതാകയെ മാനിക്കുന്നില്ല എന്ന് എല്ലാവരെയും കൊണ്ട് പറയിപ്പിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന നരേന്ദ്ര മോദിയെ പോലെയുള്ള ഒരാള്‍ രാജ്യം ഭരിക്കുമ്പോള്‍ പോലും?
മത ന്യൂന പക്ഷങ്ങള്‍ക്കു വോട്ടവകാശം നിഷേധിക്കുന്ന ഒരു ഹിന്ദു രാഷ്ട്രത്തിന്റെ 750 പേജുകളുള്ള ഭരണഘടന പ്രസിദ്ധപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
തീര്‍ച്ചയായും, തീര്‍ത്തും വ്യത്യസ്തമായ ഒരു ഹിന്ദു രാഷ്ട്രത്തെ സ്വപ്നം കാണുന്നത് കൊണ്ട് തന്നെയാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത് എന്നത് വ്യക്തമാണ്. ഹിന്ദു രാഷ്ട്രത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കൂടുതല്‍ ശക്തി നേടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ തിരിച്ചറിവ് പ്രധാനമാണ്. ഹരിദ്വാറില്‍, മുപ്പത് സന്യാസികള്‍ ചേര്‍ന്ന്, മത ന്യൂന പക്ഷങ്ങള്‍ക്കു വോട്ടവകാശം നിഷേധിക്കുന്ന ഒരു ഹിന്ദു രാഷ്ട്രത്തിന്റെ 750 പേജുകളുള്ള ഭരണഘടന പ്രസിദ്ധപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
നിലനില്‍ക്കുന്ന ദേശീയപതാകയില്‍ വിശ്വസിക്കാത്ത, ഒരു സംഘടനയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവിന്, ഭരണം മുന്നോട്ടു കൊണ്ട് പോകാന്‍ 'ഹര്‍ ഘര്‍ തിരംഗ' പോലെയൊരു ക്യാമ്പയിന്‍ വേണ്ടി വന്നു
മറ്റൊരു ദേശം സ്വപ്നം കാണുന്ന, അതിനാല്‍ നിലനില്‍ക്കുന്ന ദേശീയപതാകയില്‍ വിശ്വസിക്കാത്ത, ഒരു സംഘടനയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവിന്, ഭരണം മുന്നോട്ടു കൊണ്ട് പോകാന്‍ 'ഹര്‍ ഘര്‍ തിരംഗ' പോലെയൊരു ക്യാമ്പയിന്‍ വേണ്ടി വന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തു. അപ്പോള്‍, ഇങ്ങനെയൊരു ക്യാമ്പയിനിലൂടെ പ്രചരിക്കുന്ന ദേശീയപതാകകള്‍ ഈ ഭരണകൂടത്തിന് നല്‍കുന്നത് എന്താണ്?
സ്വപ്നങ്ങളിലും, സിദ്ധാന്തങ്ങളിലും മാത്രം നില നില്‍ക്കുന്ന, അരികുകള്‍ പോലും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന, സങ്കല്‍പ്പ ങ്ങളിലെ ദേശങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്, അതിനൊരു രൂപമുണ്ടാക്കുന്നത്, പതാകകള്‍ പോലെയുള്ള ചിഹ്നങ്ങളിലൂടെയാണ്. അപ്പോള്‍, അതിന്റെ വന്‍ പ്രചരണം പിടിച്ചു നിര്‍ത്തുന്നത് ദേശം എന്ന സങ്കല്‍പ്പത്തെ തന്നെയാണ്. അതും, നമ്മുടെ രാജ്യം, സാമ്പത്തികമായും, സാംസ്‌കാരികമായും കടുത്ത പ്രതിസന്ധിയിലാഴ്ന്ന ഈ സമയത്ത്.
ജാതി, വര്‍ഗം, പ്രദേശം, എന്നിങ്ങനെയുള്ള ഘടനയ്ക്കുള്ളില്‍ ശ്വാസം മുട്ടി കഴിയുന്നവര്‍ക്ക് ദേശം എന്ന ബൃഹത്തായ നിര്‍മ്മിതി വാഗ്ദാനം ചെയ്യുന്നത് പൗരന്‍ എന്ന ജാതി-മത വ്യത്യാസങ്ങളുടെ ഉച്ച നീചത്വം തീര്‍ത്തുമില്ലാത്ത ആധുനിക സ്വരൂപമാണ്. ഇത് പല രീതിയില്‍ വിമോചനാത്മകം തന്നെയാണ്. മാത്രമല്ല, ഇങ്ങനെ ഒരു സംഗതിക്കു കീഴെ നില്‍ക്കുന്നത് ആധുനികതയുടെ അത്യാവശ്യത്തിനപ്പുറം, ഒരു വന്‍ ശ്രേഷ്ഠതയായി ജനകീയ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുമ്പോള്‍, കീഴാളര്‍ക്കിതിലൂടെ ലഭ്യമാകുന്നതു ഒരു പുതിയ ധാര്‍മ്മിക സ്വത്വം കൂടിയാണ്.
1947 ഓഗസ്റ്റ് 14 ന് ഇന്ത്യയിലെ ഭരണഘടന തയ്യാറാക്കാനായി രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി ഓഫ് ഇന്ത്യയെ അഭിസംബോധന ചെയ്ത സംസാരിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പരാമര്‍ശവും ഏറെ ശ്രദ്ധേയമാണ്. 'നമ്മള്‍ പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ആത്മാവ് സ്വന്തം സ്വരം കണ്ടെത്തുന്നു', ഈ വാക്കുകള്‍ ഇവിടെ ഉള്ള ഓരോ പൗരനും, സ്വന്തം വാക്കുകളായി ഏറ്റെടുക്കുകയായിരുന്നു. കാരണം, ഇതേ പ്രസംഗത്തില്‍ നിറഞ്ഞു നിന്നിരുന്ന വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ സ്വപനങ്ങള്‍, ഈ രാജ്യത്തെ ഓരോ പൗരനും, പ്രത്യേകിച്ച് കീഴാളര്‍ക്ക്, അത്രത്തോളം പ്രധാനമായിരുന്നു.
കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയില്‍ അന്ന് കൂടിയിരുന്നവര്‍ ഇന്ത്യയിലെ കഷ്ടപ്പെടുന്ന ജനകോടികളെ സേവിക്കുമെന്നും, ഈ സേവനം, ഇന്ത്യയില്‍ നില നിന്നിരുന്ന 'ദാരിദ്ര്യവും, അറിവില്ലായ്മയും, രോഗങ്ങളും, അസമത്വവും അവസാനിപ്പിക്കുമെന്നും' വാഗ്ദാനം ചെയ്തത് അന്ന് എല്ലാവരും വിശ്വസിച്ചു. ഈ പ്രതീക്ഷകള്‍ സ്വാതന്ത്ര്യത്തെ കുറിച്ചും, പുതിയ രാജ്യത്തെ കുറിച്ചുള്ള വ്യവഹാരങ്ങള്‍, ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങളെ പോലെയുള്ള പല സുശക്തമായ രാഷ്ട്രീയ ധാരകളെയും, ഒരുപാട് കാലത്തേക്ക് നിശബദ്ധമാക്കി. 1960 കള്‍ക്ക് ശേഷം, നെഹ്‌റൂവിയന്‍ പദ്ധതികള്‍ക്കവസാനം, കോണ്‍ഗ്രസ് ദേശീയതയ്ക്കു ഇവിടെയുള്ള ഉച്ച നീചത്വങ്ങളെ മാറ്റാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങളും, കര്‍ഷക സമരങ്ങളുമെല്ലാം മുന്നോട്ട് വരുന്നത്.
1960 കള്‍ക്ക് ശേഷം, നെഹ്‌റൂവിയന്‍ പദ്ധതികള്‍ക്കവസാനം, കോണ്‍ഗ്രസ് ദേശീയതയ്ക്കു ഇവിടെയുള്ള ഉച്ച നീചത്വങ്ങളെ മാറ്റാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങളും, കര്‍ഷക സമരങ്ങളുമെല്ലാം മുന്നോട്ട് വരുന്നത്.
കോണ്‍ഗ്രസിനും ഗാന്ധിക്കും കീഴില്‍ 1947 ല്‍ നമുക്ക് കിട്ടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും, ഇവിടെ നടന്നത് ബ്രിട്ടീഷുകാരില്‍ നിന്ന് വരേണ്യരായ കോണ്‍ഗ്രസ്സുകാരിലേക്കുള്ള അധികാര കൈമാറ്റം തന്നെയായിരുന്നു എന്ന് ഇന്ന് പരക്കെ തിരിച്ചറിയപ്പെടുന്നുണ്ട്. ജാതി കാരണം, സ്‌കൂളില്‍ എല്ലാ കുട്ടികള്‍ക്കും വേണ്ടി വെച്ചിരുന്ന കുടത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ കഴിയാതെ കഷ്ട്ടപെട്ടതിന്റെ കഥകളാണ് waiting for visa എന്ന തന്റെ ആത്മകഥാ സമാഹാരത്തില്‍ അംബേദ്കര്‍ പറയുന്നത്. ഏകദേശം നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമാണിത്.
എന്നാല്‍, രാജസ്ഥാനില്‍ ഒരു ദലിത് കുട്ടി സ്‌കൂളിലെ കുടത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ അവന്റെ അദ്ധ്യാപകന്‍ അവനെ അടിച്ചടിച്ചു കൊന്നത് കഴിഞ്ഞ ദിവസമാണ്. അടി കൊണ്ട് അസാധാരണമായി വീര്‍ത്ത അവന്റെ കണ്ണും, ഒടിഞ്ഞ കൈയും, തളര്‍ന്നവശമായ ശരീരവുമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ വിഭാഗം ദാരിദ്ര്യ രേഖയ്ക്ക് കീഴെ ജീവിക്കുന്നത്തിന്റെയും, രാജ്യത്ത് നില്‍ക്കുന്ന കടുത്ത ഉച്ച നീചത്വത്തിന്റെയും, വളര്‍ന്നു കൊണ്ടേയിരിക്കുന്ന കീഴ് ജാതി-ന്യൂന പക്ഷ മത വിഭാഗങ്ങള്‍ക്കെതിരെയുള്ള കടുത്ത ഹിംസകള്‍. വര്‍ധിച്ച രാഷ്ട്രീയ തടവുകാരുടെ എണ്ണം എന്നിവയും മുന്നിലുണ്ട്. അതേസമയം, രാജ്യത്തെ ഏകദേശം എല്ലാ മേഖലയിലും സവര്‍ണ വിഭാഗങ്ങള്‍ നേടിയെടുത്ത കുത്തകയുടെ കണക്കുകളും നമുക്കിന്ന് വ്യക്തമാണ്. സ്ഥിതിഗതികള്‍ ഇങ്ങനെയൊരവസ്ഥയില്‍ നില്‍ക്കുമ്പോഴും ഇതിന്റെ ഇടയില്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ക്രൂരമായി നിര്‍ബന്ധിക്കപ്പെടുമ്പോള്‍, തീര്‍ച്ചയായും, ബഹുജനങ്ങളും ദേശീയതയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
വാസ്തവത്തില്‍, കൊളോണിയലിസം ഉണ്ടാക്കിയെടുത്ത പഴുതുകള്‍ ഉപയോഗിച്ചു, ഇവിടെ നിലനിന്നിരുന്ന ജാതിഘടനയുടെ കൊളോണിയല്‍ വ്യവസ്ഥയെ എതിര്‍ക്കുന്ന, ഭൂവുടമകള്‍ക്കും, ജാതിക്കെതിരെയും സംഘടിക്കുന്ന ശക്തമായ ഒരു കീഴാള രാഷ്ട്രീയമാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്തു ഇവിടെ ഉണ്ടായിരുന്നത്.
ജി അലോഷ്യസ് തന്റെ Nationalism without a nation in India എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ, ഈ സമയത്താണ് 'ദ്വിജ/ഏകജാ, ഭദ്രലോക്/ചോട്ടെ ലോക്, ദിക്കു/ആദിവാസി, ബ്രാഹ്‌മണന്‍/ശൂദ്രന്‍, മേല്‍ജാതി/കീഴ്ജാതി'എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ പോലും സാധാരണ ഭാഷയുടെ ഭാഗമായി തീരുന്നത്. ഇത്തരം അധികാര ദ്വന്ദ്വങ്ങള്‍ നിലനില്‍ക്കുന്നതിനെ കുറിച്ചുണ്ടാക്കിയ ഉത്ബോധനത്തിലൂടെയാണ് കീഴ് ജാതികള്‍, ജാതിയുടെ കൊളോണിയല്‍ വ്യവസ്ഥയെ ചോദ്യം ചെയ്തിരുന്നത്.
എന്നാല്‍, നൂറ്റാണ്ടുകളായി തങ്ങള്‍ക്കു ലഭ്യമായിരുന്ന അധികാരമുപയോഗിച്ചു കൊണ്ട്, കൊളോണിയല്‍ ആധുനികത മുന്നോട്ട് വെച്ച എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് കൊണ്ടുള്ള ബ്രാഹ്‌മണിക ഘടനയിലൂന്നിയ ഒരു രാഷ്ട്രീയ വ്യവഹാരമാണ്, ഇവിടുത്തെ വരേണ്യ വിഭാഗം, സ്വാമി ദയാനന്ദ സരസ്വതി, വിവേകാനന്ദന്‍, ഗാന്ധി, നെഹ്രു, ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ എന്നിവരിലൂടെ മുന്നോട്ട് വെച്ചത്. നേരിയ ചില വിത്യാസങ്ങളോടെ. പലപ്പോഴും വ്യത്യാസങ്ങള്‍ പോലുമില്ലാതെ.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കീഴാളര്‍ മുന്നോട്ടു വെച്ച ജാതിയടിസ്ഥാനമായ വിശകലനത്തെ ഇല്ലാതാക്കി കൊണ്ട്, കോണ്‍ഗ്രസിനെ പോലെ, സവര്‍ണര്‍ക്കു പ്രാമുഖ്യമുള്ള ലിബറല്‍ സെക്കുലര്‍ ഘടനയ്ക്കുള്ളിലേക്ക് അവരെ കൊണ്ട് നിര്‍ത്തികൊണ്ട്, അല്ലെങ്കില്‍ ആര്‍എസ്എസ്സിനെ പോലെ, ബ്രാഹ്‌മണാധിഷ്ഠിതമായ ഒരു തീവ്ര-ഹിന്ദു ഘടനയ്ക്കുള്ളില്‍ കീഴാളര്‍ക്കു സ്ഥാനം നല്‍കി കൊണ്ട്, ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്കെതിരെയാണ്, ഇവിടെ സവര്‍ണരുടെ ദേശീയ വ്യവഹാരങ്ങള്‍ ചലനാത്മകമായി തീര്‍ന്നത്.
കീഴ് ജാതി നേതാക്കളില്‍ പലരും, അന്നത്തെ സവര്‍ണ പത്രമാധ്യമങ്ങളുടെയും, ബിസിനസ് താത്പര്യങ്ങളുടെയും സംരക്ഷണയില്‍ ഉയര്‍ന്നു വന്ന കോണ്‍ഗ്രസ് ദേശീയതയെ തികഞ്ഞ സംശയത്തോടെയാണ് കണ്ടിരുന്നത്.
അത്‌കൊണ്ട് തന്നെ കീഴ് ജാതി നേതാക്കളില്‍ പലരും, അന്നത്തെ സവര്‍ണ പത്രമാധ്യമങ്ങളുടെയും, ബിസിനസ് താത്പര്യങ്ങളുടെയും (ഇന്നത്തെ ബിജെപിയെ പോലെ തന്നെ) സംരക്ഷണയില്‍ ഉയര്‍ന്നു വന്ന കോണ്‍ഗ്രസ് ദേശീയതയെ തികഞ്ഞ സംശയത്തോടെയാണ് കണ്ടിരുന്നത്. ഉദാഹരണത്തിന്, ബ്രിട്ടീഷുകാര്‍ ഇവിടെ നിന്ന് പോകണം എന്നും, ഇവിടെ 'ജനങ്ങളുടെയും ജനങ്ങളാലും ജനങ്ങള്‍ക്കുവേണ്ടിയും ഉള്ള ഒരു സര്‍ക്കാര്‍' ഉണ്ടായി വരണം എന്നും അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഇതിലൂടെ, 'രാഷ്ട്രീയ അധികാരം ബ്രിട്ടീഷുകാരില്‍ നിന്ന് നമ്മുടെ നിലനില്‍പ്പിനുമേല്‍ സാമ്പത്തികവും സാമൂഹികവും മതപരവുമായ വലിയ സ്വാധീനം ചെലുത്തുന്നവരുടെ കൈകളിലേക്ക് കടന്നുപോകുന്നുണ്ടെന്ന്' അംബേദ്കര്‍ക്കു വ്യകതമായിരുന്നു.
അത് കൊണ്ട് തന്നെ, ഇതിന്റെ കൂടെ നില്‍ക്കാന്‍ തയാറാവുമ്പോഴും, 'സ്വരാജ് എന്ന ആശയം മുന്‍കാലങ്ങളില്‍ നമ്മുടെ മേല്‍ നടപ്പാക്കിയ സ്വേച്ഛാധിപത്യങ്ങളെയും അടിച്ചമര്‍ത്തലുകളെയും, അനീതികളെയും' കുറിച്ച് ഓര്‍മ്മിക്കുന്നതിനെ കുറിച്ചുമാണ് അംബേദ്കര്‍ സന്ദേഹപ്പെട്ടിരുന്നത്.
ഗോവിന്ദറാവു ഫൂലെ മുതല്‍ പെരിയാര്‍ വരെ ജാതിക്കെതിരെ നില നിന്നിരുന്ന നിരവധി ചിന്തകര്‍, കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ബ്രഹ്‌മണ്യത്തില്‍ പൊതിഞ്ഞ പുതിയ ദേശിയ പ്രത്യയശാസ്ത്രത്തെ നിശിതമായി എതിര്‍ത്തിരുന്നു.
കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയമാനായി തീര്‍ന്നുവെങ്കിലും, കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി തന്നെ ഉണ്ടാകേണ്ട ആവശ്യമില്ലെന്നായിരുന്നു അംബേദ്കറിന്റെ നിലപാട്. കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയിലെ വരേണ്യര്‍, ന്യൂനപക്ഷങ്ങളുടെ സ്വരം കേള്‍ക്കാന്‍ തയാറാവില്ല എന്നും അംബേദ്കര്‍ പറഞ്ഞിരുന്നു. (1945 മെയ് 6 ന് ബോംബെയില്‍ നടന്ന ഓള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം കാണുക).
വാസ്തവത്തില്‍, ഗോവിന്ദറാവു ഫൂലെ മുതല്‍ പെരിയാര്‍ വരെ ജാതിക്കെതിരെ നില നിന്നിരുന്ന നിരവധി ചിന്തകര്‍, കോണ്‍ഗ്രസ് മുന്നോട്ട് വെച്ച ബ്രഹ്‌മണ്യത്തില്‍ പൊതിഞ്ഞ പുതിയ ദേശിയ പ്രത്യയശാസ്ത്രത്തെ നിശിതമായി എതിര്‍ത്തിരുന്നു. പകരം ബഹുജനങ്ങളില്‍ നിന്ന് വന്നു, അവര്‍ക്കു വേണ്ടി നില നില്‍ക്കുന്ന ഒരു രാഷ്ട്രത്തെയാണ് ഇവര്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍, ജാതി, മതം എന്നതിന്റെ പേരില്‍ സംസാരിക്കുന്നതു പോലും ദേശത്തെ വിഭജിക്കുന്ന ഒന്നായി കണ്ട ഒരു സവര്‍ണ ദേശീയ വാദമാണ് പകരം രൂപം കൊണ്ടത്. ദളിതര്‍ക്കു പ്രത്യേത വോട്ടവകാശം ഇല്ലാതാവുകയും, കമ്മ്യൂണല്‍ അവാര്‍ഡിലൂടെ മുസ്ലിം സമുദായത്തിന് കിട്ടിയ അവകാശങ്ങള്‍ പോലും ഇല്ലാതാക്കപ്പെടുകയും ചെയ്തു
ഇതുകൊണ്ട് തന്നെയാണ് ഗാന്ധിയുടെ ശിഷ്യനായ കാക്ക കലേല്‍ക്കരുടെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ആദ്യത്തെ പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അന്നത്തെ ആഭ്യന്തര മന്ത്രിയായ ജിബി പന്ത് തിരസ്‌കരിച്ചത്. പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിലൂടെ നിലവിലുള്ള ജാതി വ്യത്യാസങ്ങള്‍ കൂടുതല്‍ ശക്തപ്പെടുമെന്നാണ് അന്ന് ജി ബി പന്തു പറഞ്ഞത്.
ബ്രഹ്‌മണരുടെ നേതൃത്വത്തില്‍, കീഴാളരുടെ ശബ്ദങ്ങള്‍ ഇല്ലാതാക്കി കൊണ്ട് ഉണ്ടായി വന്ന ഈ രാജ്യം ഇന്ന് ഹിന്ദു രാഷ്ട്രത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. വാസ്തവത്തില്‍ ഹിന്ദു രാഷ്ട്രത്തിന്റെ വക്താക്കള്‍ തന്നെയാണിന്ന് അമൃത് മഹോത്സവം കൊണ്ടാടുന്നത്. ത്രിവര്‍ണ പതാകകളിലൂടെ, ദേശീയത, മാര്‍ക്കറ്റിലെ ഏറ്റവും പുതിയ വിഭവമായി വില്‍ക്കപെടുമ്പോള്‍ ഇങ്ങനെ ഒരു ഹിന്ദു രാഷ്ട്ര പദ്ധതിക്കൊപ്പം നില്‍ക്കുന്ന ആര്‍എസ്എസ്സിന്റെയും, ബിജെപിയുടെയും പ്രത്യശാസ്ത്രങ്ങള്‍ കൂടിയാണ് ഇവിടെ പ്രചരിക്കുന്നത്. പതാകയുടെ നിറമെന്തായാലും.
ഈ അവസരത്തില്‍, വാസ്തവത്തില്‍, ആര്‍എസ്എസ്സിന്റെ വൈകി വന്ന ദേശീയതയുടെ കഥകളേക്കാള്‍ പ്രധാനം, ഇന്ന് നില നില്‍ക്കുന്ന ദേശീയ വ്യവഹാരങ്ങളെ കുറിച്ച്, കീഴ്ജാതി വിഭാഗങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് എന്നതാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് വരേണ്യ വിഭാഗങ്ങള്‍ പിടിച്ചെടുത്ത ഒരു ദേശത്തെ പുനര്‍ നിര്‍മ്മിക്കാന്‍ എങ്ങനെയാണ് നമ്മുക്ക് കഴിയുക? ഇതിനു വേണ്ടി, വരേണ്യരുടെ പദ്ധതികളെ വിമര്‍ശിക്കുന്ന ഒരു ശബ്ദം എന്നതില്‍ നിന്ന് മാറി, സ്വന്തമായ പദ്ധതികളും, പ്രത്യേത വോട്ടവകാശവും മുതല്‍ മുസ്ലിങ്ങള്‍ക് ലഭ്യമായിരുന്ന കമ്മ്യൂണല്‍ പരിഗണനകള്‍ വരെ തിരിച്ചു പിടിക്കുന്ന ഒരു രാഷ്ട്രീയത്തെ കുറിച്ച് നമ്മള്‍ പറയുക പോലും ചെയ്യാത്തത് എന്ത് കൊണ്ടാണ്?.
നമ്മളെ ഇന്നുവരെ പ്രതിനിധീകരിച്ചിരുന്ന മുഖ്യധാരാ കീഴാള രാഷ്ട്രീയ ധാരകളെ കൂടുതല്‍ വിപുലപ്പെടുത്താന്‍ നമ്മുക്ക് എങ്ങനെയാണ് സാധിക്കുക?
നമ്മളെ ഇന്നുവരെ പ്രതിനിധീകരിച്ചിരുന്ന മുഖ്യധാരാ-കീഴാള രാഷ്ട്രീയ ധാരകളെ കൂടുതല്‍ വിപുലപ്പെടുത്താന്‍ നമ്മുക്ക് എങ്ങനെയാണ് സാധിക്കുക?.
അത് പോലെ, ഇന്ന് എല്ലാ രംഗത്തും, പ്രത്യേകിച്ചു ജ്ഞാനോത്പാദന രംഗത്ത് നില നില്‍ക്കുന്ന ജാതി-ഹിന്ദു കുത്തകയെ ഇല്ലാതാക്കാനും, ഇന്നത്തെ സമൂഹത്തിനു അടിസ്ഥാനമായ നിരവധി തരത്തിലുള്ള അനീതകളും പൂര്‍ണമായും ഇല്ലാതാക്കാനും, നില്‍ക്കുന്ന പല കാര്യക്ഷമമല്ലാത്ത നിയമങ്ങള്‍ക്കപ്പുറം, സാംസ്‌കാരികമായ ഒരു മുന്നേറ്റത്തെ എങ്ങനെയാണ് നമ്മുക്ക് വിഭാവനം ചെയ്യാന്‍ കഴിയുക?
ജാതി-ഹിന്ദു ഘടനയ്ക്ക് പുറത്തു നിന്ന് കൊണ്ട്, പല വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നും, ഇതിനെല്ലാം വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകളെ - അവര്‍ തമ്മിലുള്ള വിത്യാസങ്ങള്‍ക്കപ്പുറം - ഉണ്ടാക്കിയെടുക്കാന്‍ എങ്ങനെയാണ് നമുക്ക് കഴിയുക?
ഇത്തരം ചോദ്യങ്ങളും ഇന്നിവിടെ പ്രസക്തമായി തീരുന്നതു. കീഴാളരെ ഇനിയും കൂടുതല്‍ അടിച്ചമര്‍ത്താനും, അവരെ ഹിന്ദുവായി നിലനിര്‍ത്താന്‍ വേണ്ടി, മത ന്യുനപക്ഷങ്ങളെ സാംസ്‌കാരികമായി ഉന്‍മൂലനം ചെയാന്‍ പോലും തയ്യാറാകുന്ന, പുതിയൊരു തീവ്ര-ഹിന്ദു രാജ്യം സ്വപ്നം കാണുന്ന, ആളുകളുടെ ദേശഭക്തിയെ ചോദ്യം ചെയുമ്പോള്‍ തന്നെ, അതിലും കൂടുതല്‍ പ്രധാനപ്പെട്ട ചില ചോദ്യങ്ങളും നമ്മള്‍ ചോദിക്കേണ്ടതില്ലേ?.
തൊണ്ണൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1931 ഓഗസ്റ്റ് 14 ന് മുംബൈയിലെ മലബാര്‍ ഹില്ലില്‍ വച്ച് അംബേദ്കര്‍ ഗാന്ധിയോട് പറഞ്ഞത് ഇന്നത്തെ നേതാക്കളോട് നമ്മള്‍ പറയേണ്ടതില്ലേ?:
'ബ്രിട്ടീഷ് ഗവണ്‍മെന്റ് മനംമാറ്റം കാണിക്കുന്നില്ലെന്ന് നിങ്ങള്‍ പറയുന്നു. ഞങ്ങളുടെ പ്രശ്നത്തില്‍ ഹിന്ദുക്കള്‍ മനംമാറ്റം കാണിച്ചിട്ടില്ലെന്നും അവര്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഞങ്ങള്‍ കോണ്‍ഗ്രസിനെയോ ഹിന്ദുക്കളെയോ വിശ്വസിക്കില്ലെന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ സ്വാശ്രയത്ത്വത്തിലും ആത്മാഭിമാനത്തിലും വിശ്വസിക്കുന്നു. വലിയ നേതാക്കളിലും, മഹാത്മാക്കളിലും വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞാന്‍ അതിനെക്കുറിച്ച് ക്രൂരമായി തുറന്നുപറയട്ടെ. മഹാത്മാക്കള്‍ ക്ഷണികമായ ഭൂതങ്ങളെപ്പോലെ പൊടി ഉയര്‍ത്തുന്നു, പക്ഷേ വേറെയൊന്നും അവര്‍ ഉയര്‍ത്തുന്നില്ല എന്ന് ചരിത്രം പറയുന്നു. എന്തിന് കോണ്‍ഗ്രസുകാര്‍ നമ്മുടെ പ്രസ്ഥാനത്തെ എതിര്‍ക്കുകയും എന്നെ രാജ്യദ്രോഹി എന്ന് വിളിക്കുകയും വേണം? ഗാന്ധിജി, എനിക്ക് ജന്മഭൂമിയില്ല.'
ഇതിനു ഗാന്ധി ഇങ്ങനെയാണ് ഉത്തരം പറയുന്നത്:
'നിങ്ങള്‍ക്ക് ഒരു മാതൃരാജ്യമുണ്ട്, വട്ടമേശ സമ്മേളനത്തില്‍ താങ്കളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന്, നിങ്ങള്‍ ഒരു ഒന്നാന്തരമായ രാജ്യസ്നേഹിയാണെന്ന് മനസിലാക്കിത്തരുന്നു.'
അപ്പോഴും അംബേദ്കര്‍ തുടരുന്നു: 'എനിക്ക് ഒരു മാതൃഭൂമി ലഭിച്ചുവെന്ന് നിങ്ങള്‍ പറയുന്നു, പക്ഷേ ഇപ്പോഴും എനിക്കതില്ലെന്നു ഞാന്‍ ആവര്‍ത്തിക്കുന്നു,'
ഇത് തന്നെയല്ലേ നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ പറയേണ്ടത്?