1947 ഓഗസ്റ്റ് 15. ഇന്ത്യ സ്വാതന്ത്ര്യപ്പുലരിയിലേക്ക് ഉറങ്ങി എഴുന്നേറ്റ ദിനം. രാജ്യ തലസ്ഥാനത്തെ അധികാര കൈമാറ്റത്തിന്റെ ആഘോഷങ്ങളില്‍ പ്രമുഖമായ ഒരു മുഖം മാത്രം ഉണ്ടായില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ഇന്ത്യ സ്വതന്ത്രമായ ദിനം ഗാന്ധിജി എവിടെയായിരുന്നു ?
നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ - പാകിസ്താന്‍ വിദ്വേഷത്തിന് വഴിവയ്ക്കുന്ന വിത്തുകള്‍ ഉണ്ട്
സ്വാതന്ത്ര്യലബ്ധിയുടെ സന്തോഷത്തേക്കാള്‍ വിഭജനത്തിന്റെ വേദനയിലായിരുന്നു ഗാന്ധിജി. ''എനിക്ക് സ്വാതന്ത്ര്യ പ്രഖ്യാപനത്തേക്കാള്‍ പ്രധാനം ഹിന്ദു - മുസ്ലിം സമാധാനമാണ് ഓഗസ്റ്റ് 15ന് എനിക്ക് ആഹ്ളാദിക്കാന്‍ ആകുന്നില്ല. നിങ്ങളെ കബളിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കരുത് എന്ന് പറയുന്നുമില്ല. പക്ഷേ നിരാശാജനകമായ കാര്യം ഇതാണ്, നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ - പാകിസ്താന്‍ വിദ്വേഷത്തിന് വഴിവയ്ക്കുന്ന വിത്തുകളുണ്ട്'' - ഗാന്ധിജി പറഞ്ഞു.
അതിര്‍ത്തിയില്‍ വെറുപ്പും വിദ്വേഷവും ജനഹൃദയങ്ങളില്‍ ആളിപ്പടരുന്ന ദിനങ്ങളില്‍ കൽക്കട്ടയ്ക്ക് സമീപം ബെലിഘട്ടയിലായിരുന്നു ഗാന്ധി. ഓഗസ്റ്റ് ആറ് വൈകിട്ട് ലഹോറില്‍ നിന്നാണ് അദ്ദേഹം കല്‍ക്കട്ടയ്ക്ക് പുറപ്പെട്ടത്. അവിടെ നിന്ന് ബംഗ്ലാദേശിന്റെ ഭാഗമായ നൊവഖാലിലെത്തുകയായിരുന്നു ലക്ഷ്യം. വിഭജനം നടക്കുകയാണെങ്കില്‍ നൊവഖാലിയിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി എത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ഈ വാക്ക് പാലിക്കാനായിരുന്നു യാത്ര.
കല്‍ക്കട്ടയിലെത്തിയ ഗാന്ധിജിയെ മുസ്ലീംലീഗ് ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കല്‍ക്കട്ടയില്‍ തുടരണമെന്നും അവിടെയുള്ള മുസ്ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ ഗാന്ധിജിയോട് അഭ്യര്‍ത്ഥിച്ചു. നൊവഖാലിയിലെ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പു നല്‍കുകയാണെങ്കില്‍ കല്‍ക്കട്ടയില്‍ തുടരാമെന്ന് ഗാന്ധിജി സംഘത്തെ അറിയിച്ചു. വാക്ക് പാലിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ നിരാഹാരം ഇരിക്കുമെന്നും ഗാന്ധിജി പറഞ്ഞു.
ഓഗസ്റ്റ് 11ന് ഗാന്ധിജിയെ കാണാന്‍ ബംഗാള്‍ മുന്‍ പ്രധാനമന്ത്രിയായ എച്ച് എസ് സുഹ്രവര്‍ദിയെത്തി. കല്‍ക്കട്ടയിലെ മുസ്ലീങ്ങളുടെ ഭാവിയില്‍ അദ്ദേഹവും ആശങ്ക പ്രകടിപ്പിച്ചു. നൊവഖാലിയിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കിയാല്‍ കല്‍ക്കട്ടയില്‍ തുടരാമെന്ന് ഗാന്ധിജി അദ്ദേഹത്തിനും ഉറപ്പ് നല്‍കി. ഒരുമിച്ച് താമസിക്കാം എന്നും അവസാന ശ്വാസം വരെ ഒരുമിച്ചു പോരാടാം എന്നും ഗാന്ധിജി പറഞ്ഞു. അത് അദ്ദേഹം ചെവിക്കൊണ്ടു.
സ്വാതന്ത്ര്യലബ്ധിയില്‍ നിരവധി അഭിനന്ദന സന്ദേശങ്ങള്‍ ഗാന്ധിജിക്ക് ആ ദിനം ലഭിച്ചു. എന്നാല്‍ ആഘോഷങ്ങളില്‍ പങ്കാളിയാകാന്‍ അദ്ദേഹം തയ്യാറായില്ല
ബെലിഘട്ടയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ ആളൊഴിഞ്ഞ ഒരു പഴയ മുസ്ലീം തറവാട്ടില്‍ ഇരുവരും താമസം ആരംഭിച്ചു. ഇതാണ് പിന്നീട് ഗാന്ധി മന്ദിരമായത്. മുസ്ലീങ്ങളെ മാത്രം രക്ഷിക്കാനാണ് എത്തിയത് എന്ന് ആരോപിച്ച് ഒരു കൂട്ടം ഹിന്ദു യുവാക്കള്‍ ഗാന്ധിജിയെ ആദ്യദിനം തന്നെ തടഞ്ഞു. ഓഗസ്റ്റ് 14 ലെ വൈകുന്നേര പ്രാര്‍ത്ഥനയ്ക്കു ശേഷം 24 മണിക്കൂര്‍ ഉപവാസം ആചരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ അഭിവൃദ്ധിക്കായായിരുന്നു ഉപവാസം . എന്നാല്‍ അന്നും ഗാന്ധിജിയുടെ വാസസ്ഥലം ആക്രമിക്കപ്പെട്ടു. ക്രുദ്ധരായ സംഘത്തെ ശാന്തരാക്കി പറഞ്ഞയയ്ക്കാൻ ഏറെ സമയം എടുത്തു. രാത്രി 11 മണിയോടെയാണ് രംഗം ശാന്തമായത്.
അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അധികാര കൈമാറ്റം നടക്കുമ്പോള്‍, പ്രശ്‌നപരിഹാരത്തിന് ശേഷം ക്ഷീണിതനായി ഉറങ്ങുകയായിരുന്നു ഗാന്ധിജി. ഓഗസ്റ്റ് 15ന് രാവിലെ 3.45 ന് എന്നത്തേയും പോലെ അദ്ദേഹം എഴുന്നേറ്റ് സ്ഥിരം ദിനചര്യകള്‍ പിന്തുടര്‍ന്നു. സ്വാതന്ത്ര്യലബ്ദിയില്‍ നിരവധി അഭിനന്ദന സന്ദേശങ്ങള്‍ അദ്ദേഹത്തിന് ആ ദിനം ലഭിച്ചു. എന്നാല്‍ ആഘോഷങ്ങളില്‍ പങ്കാളിയാകാന്‍ ഗാന്ധിജി തയ്യാറായില്ല. സമാധാനത്തിനായി ശ്രമിക്കണം, അധികാരം അഴിമതിയിലേക്ക് നയിച്ചേക്കാം, പാവങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിക്കണം എന്നായിരുന്നു പുതുതായി ചുമതലയേറ്റ ബംഗാള്‍ മന്ത്രിസഭയോട് ഗാന്ധിജിക്ക് പറയാനുണ്ടായിരുന്നത്.
സ്വതന്ത്ര്യലബ്ദിയുടെ 76 വര്‍ഷം പിന്നിടുമ്പോള്‍ ഗാന്ധിജി ഓര്‍മിക്കപ്പെടുന്നത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നായകനെന്ന നിലയില്‍ മാത്രമല്ല
മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കല്‍ക്കട്ടയില്‍ വിഭജന കാല അക്രമങ്ങള്‍ കുറവായിരുന്നു. ഗാന്ധിജിയുടെ ഇടപെടലുകള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ട്. ഓഗസ്റ്റ് 13 മുതല്‍ സമാധാനത്തിനുള്ള നിതാന്തശ്രമത്തില്‍ ആയിരുന്നു ഗാന്ധിജി. അക്രമാസക്തരായ, പരസ്പരം കൊലവിളി നടത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് ആദ്യമായില്ല. എന്നാല്‍ നിരന്തര ശ്രമം പിന്നീട് ഫലം കണ്ടു. പഞ്ചാബില്‍ 55,000 പട്ടാളങ്ങള്‍ ഉണ്ട് എന്നാല്‍ കലാപം അനിയന്ത്രിതമായിരുന്നു ബംഗാളില്‍ ഒരു മനുഷ്യനെ ഉണ്ടായുള്ളൂ അവിടെ കലാപവും ഇല്ല; വിഭജന കാലത്തെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു മൗണ്ട്ബാറ്റണ്‍ പ്രഭു.
ഓഗസ്റ്റ് 15ന് വൈകുന്നേരത്തെ പ്രാര്‍ത്ഥനാ വേളയില്‍ കല്‍ക്കട്ടയിലെ ഹിന്ദു-മുസ്ലിം ജനങ്ങളെ ഗാന്ധിജി പ്രശംസിച്ചു. പ്രാര്‍ത്ഥനയ്ക്ക് കൂടിയ കല്‍ക്കട്ട നിവാസികള്‍ മതഭേദമ്യേന ഒരേ മുദ്രാവാക്യം വിളിച്ചു. ത്രിവര്‍ണപതാക വീശി. കല്‍ക്കട്ടയില്‍ ഹിന്ദുക്കള്‍ക്ക് മുസ്ലീം പള്ളികളും മുസ്ലീങ്ങള്‍ക്ക് മന്ദിരങ്ങളും സുരക്ഷ നല്‍കിയിരുന്നു. രാജ്യമാകെ ഇതേ ഐക്യം ഉണ്ടാകുമെന്ന് ഗാന്ധിജി പ്രതീക്ഷിച്ചു. ഐക്യസന്ദേശം പങ്കുവച്ചാണ് ഓഗസ്റ്റ് 15 ഗാന്ധിജി അവസാനിപ്പിക്കുന്നത്.
സ്വതന്ത്ര്യലബ്ധിയുടെ 76 വര്‍ഷം പിന്നിടുമ്പോള്‍ ഗാന്ധിജി ഓര്‍മിക്കപ്പെടുന്നത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നായകനെന്ന നിലയില്‍ മാത്രമല്ല. വിഭജനകാലത്തും അതിന് മുന്‍പും സാമുദായിക സംഘര്‍ഷം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്.