INDEPENDENCE DAY

കനോലിയെ വധിച്ച കേസിലെ പ്രതി മമ്പറത്ത് ബീവി, വാരിയംകുന്നൻ്റെ ഭാര്യ ഫാത്തിമ: മലബാർ പോരാട്ടത്തിലെ സ്ത്രീകൾ

മലബാർ ചെറുത്തുനിൽപ്പിൽ നിർണായക പങ്ക് വഹിച്ച സ്ത്രീകളിൽ പലരെയും ചരിത്രത്തിൽ വേണ്ട വിധം രേഖപ്പെടുത്തിയിട്ടില്ല

സനു ഹദീബ

മലബാര്‍ കലാപത്തിന്റെ നീണ്ട ചരിത്രം മലബാറിലെ മുസ്ലിം സ്ത്രീകളുടേത് കൂടിയാണ്. മാപ്പിളകലാപത്തില്‍ വീറ് കാണിച്ച പുരുഷന്‍മാര്‍ക്കൊപ്പം അനവധി വനിതകളുമുണ്ട്. ബ്രിട്ടീഷ് അതിക്രമത്തെ ചെറുത്തുനിന്നുകൊണ്ട് രക്തസാക്ഷിത്വം വരിച്ച പതിനൊന്നു വയസ്സുകാരി ഫാത്തിമയും ബ്രിട്ടീഷ് രേഖകളില്‍ പറയുന്ന പേരറിയാത്ത മാപ്പിള സ്ത്രീകളും ഇതില്‍പ്പെടുന്നു.

പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ആണ്‍വേഷം ധരിച്ചുവന്ന് പോരാടി രക്തസാക്ഷിയായ ഒരു മാപ്പിള സ്ത്രീയെക്കുറിച്ച് ടോട്ടോന്‍ഹാമിന്റെ ദി മാപ്പിള റിബല്യണ്‍ 1921-1922 എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. 1921 ഓഗസ്റ്റ് 26 നാണ് ഈ സംഭവം നടക്കുന്നത്. കേരളത്തിലെ അധിനിവേശ പോരാട്ടങ്ങളിൽ എപ്പോഴും എടുത്തുപറയേണ്ട ഒരു അധ്യായമായിരുന്നിട്ടു കൂടി ആ വനിതയുടെ പേരോ മറ്റു വിവരങ്ങളോ എവിടെയും കാണാനില്ല. 1800 കളിൽ തുടങ്ങി 1921 വരെ നീണ്ടുനിന്ന മലബാർ കലാപത്തിലെ പേരും മുഖവുമില്ലാത്ത ആദ്യത്തെ പെൺസാന്നിധ്യം ആവില്ല ഇവർ എന്നത് വ്യക്തമാണ്.

മമ്പുറത്ത് ബീവി എന്ന പേര് മലബാർ ചെറുത്തുനിൽപ്പിൻ്റെ ചരിത്രത്തിൽ മറക്കാൻ പാടില്ലാത്തതാണ്. കലാപത്തിന്റെ ആദ്യനാളുകളിൽ മുൻനിരയിൽ മുഴങ്ങിയിരുന്ന പ്രധാന സ്ത്രീ നാമങ്ങളിൽ ഒന്നായിരുന്നു അവരുടേത്. ബ്രിട്ടീഷ്-ജന്മിത്വ അതിക്രമങ്ങൾക്കെതിരെ കേരളത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഷേധങ്ങൾ അലയടിച്ചു കൊണ്ടിരുന്ന സമയം

കലാപങ്ങൾക്ക് പ്രചോദനം നൽകുന്നു എന്നാരോപിച്ച് മമ്പുറം സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങളെയും കുടുംബത്തെയും മക്കയിലേക്ക് നാടുകടത്തി.1852 മാർച്ച് 19 ന് തങ്ങളും കുടുംബവും മക്കയിലേക്ക് പലായനം ചെയ്തു. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്ന ഫദ്ൽ പൂക്കോയ തങ്ങളെ നാടുകടത്തിയത് പ്രദേശത്തു വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചു. നാടുകടത്തലിന് കാരണക്കാരനായ മലബാർ കളക്ടർ കനോലിയെ കൊലപ്പെടുത്തിക്കൊണ്ടാണ് ജനക്കൂട്ടം അവരുടെ പ്രതികാരം തീർത്തത്. കനോലിയെ വധിച്ചതുമായി ബന്ധപ്പെട്ട് 24 കേസുകളിലായി 164 പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 14 പേർ വനിതകളായിരുന്നു. അതിൽ രണ്ട് സ്ത്രീകൾ ഗർഭിണികളുമായിരുന്നു. കേസിന്റെ വിചാരണഘട്ടത്തിൽ ആണ് ഈ രണ്ടു സ്ത്രീകളും പ്രസവിക്കുന്നത്. കൊലപാതകത്തിൽ സ്ത്രീകൾ വഹിച്ച പങ്കിനെക്കുറിച്ച് അന്നത്തെ ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകളുടെ സമാഹാരമായ 'കറസ്പോണ്ടന്റ്സ് ഓഫ് മാപ്പിള ഔട്ട്രേജസ് ഇൻ മലബാർ 1853 - 1859 ' എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി മമ്പുറം മഖാമിന്റെ ചുമതലക്കാരിയായിരുന്ന മമ്പുറത്തു ബീവി ആയിരുന്നു. കൊലപാതകം നടത്തിയതിലെ മുഖ്യ ആസൂത്രകയായിരുന്നു മമ്പുറത്ത് ബീവി. ആസൂത്രണത്തിനായി അവർ പലപ്പോഴായി യാത്രകൾ നടത്തി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പൂർണ ഗർഭിണിയായിരുന്നു അവർ. നെല്ലൂർ ജയിലിലേക്ക് നാട് കടത്തപ്പെടുമ്പോൾ മമ്പുറത്ത് ബീവിയുടെ കയ്യിൽ ഒരു കൈക്കുഞ്ഞ് കൂടി ഉണ്ടായിരുന്നു. 1800 കളിലെ ഒരു മാപ്പിള കുടുംബത്തിലെ സ്ത്രീയുടെ ധീരത പുതിയ തലമുറ കാണാതെപോയ ചിത്രമാണിത്. മമ്പുറത്തു ബീവിയോടൊപ്പം അറസ്റ്റിലായ മറ്റു 13 സ്ത്രീകളും അക്കാലത്തെ മാപ്പിള സ്ത്രീകൾ കാണിച്ച ധീരതയുടെ പല ഏടുകളാണ്. 1921 ലെ പോരാട്ടങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം വ്യക്തമാണ്.

1921 ആയപ്പോഴേക്കും സമൂഹത്തിന്റെ എല്ലാ തുറയിലുള്ള ആളുകളും മലബാർ സമരത്തിൽ പങ്കുകൊണ്ട് കഴിഞ്ഞിരുന്നു. സമരങ്ങളുടെ എല്ലാ മേഖലകളിലും തന്നെ അന്ന് സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു.പരോക്ഷ സഹായങ്ങൾക്കപ്പുറം യുദ്ധമുഖത്തുണ്ടായിരുന്ന സ്ത്രീകളെക്കുറിച്ചും ബ്രിട്ടീഷ് രേഖകളിൽ കാണാവുന്നതാണ്.

വാരിയംകുന്നന്റെ ഭാര്യ ഫാത്തിമ എന്ന മാളുമ്മ ഹജ്ജുമ്മയാണ് ഇക്കൂട്ടത്തിൽ പരാമർശിക്കേണ്ട മറ്റൊരു പേര്. കുഞ്ഞഹമ്മദ് ഹാജിക്കൊപ്പം അനവധി സൈനിക മുന്നേറ്റങ്ങളിൽ അവർ പങ്കെടുത്തു. ആയുധ അഭ്യാസമുറകളും പരീശിലിച്ചിരുന്നു ഇവർ. വാരിയംകുന്നനും സംഘവും അവസാനം തമ്പടിച്ചിരുന്ന ചെക്കോട് കല്ലാമൂലയിലും ക്യാമ്പിലും മാളുമ്മ ഹജ്ജുമ്മയും ഉണ്ടായിരുന്നു. വാരിയംകുന്നനെ പോലീസ് പിടിച്ചതോടെ ഒളിവിൽ പോയ ഇവർ പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് പൊതു സമൂഹത്തിലേക്ക് വരുന്നത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം അക്കാലത്തുണ്ടായിരുന്ന മാളുമ്മ ഏതാനും വർഷം മഞ്ചേരി തഹസിൽദാർ ഓഫീസിൽ ക്ലാർക്ക് ആയും ജോലി ചെയ്തു. അവസാന കാലങ്ങളിൽ അടുത്ത തലമുറയ്ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിലേ അർത്ഥമുള്ളൂ എന്ന മനസിലാക്കിയ മാളുമ്മ കരുവാരകുണ്ടിലെ കണ്ണത് സ്കൂൾ ചില സ്നേഹിതരോടൊപ്പം പുനഃസ്ഥാപിച്ചു. എന്നാൽ സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല എന്ന് മനസ്സിലാക്കിയ മാളുമ്മ പിന്നീട് തന്റെ പറമ്പിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും സ്കൂളിലേക്കെടുത്ത് കുട്ടികൾക്ക് നല്ല ഭക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടു. പട്ടിണി മാറ്റാനെങ്കിലും കുട്ടികൾ സ്കൂളിലെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു അത്. ഓർക്കപ്പെടാതെ പോയ പല സ്ത്രീകളുടെ കൂട്ടത്തിൽ രണ്ടുപേർ മാത്രമാണ് ഇവർ. പേരും മുഖവുമില്ലാത്ത അനവധി വനിതകൾ ചരിത്രപുസ്തകങ്ങളിൽ നിന്നകലെയായി മാറി നിൽക്കുന്നുണ്ട്.

അവലംബം : മലബാർ സമരം ,പോരാട്ട വഴിയിലെ പെൺവീറ്‌ (ഷെബിൻ മെഹബൂബ് )

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം