2022 ഡിസംബര്‍ ഒന്നിന് പതിവുപോലെ നാഗലാന്‍ഡിലെ കിസാമ പൈതൃകഗ്രാമത്തില്‍ 'വേഴാമ്പലുത്സവം' (Hornbill Festival) തുടങ്ങി. തലസ്ഥാനനഗരം കൊഹിമയില്‍നിന്നു 12 കിലോമീറ്റര്‍ അകലെയാണ് കിസാമ. നാഗാലാന്‍ഡിലെ 14 ഗോത്രവിഭാഗങ്ങളുടെയും നൃത്തവും സംഗീതവുമാണ് ഉത്സവത്തിലെ മുഖ്യ ആകര്‍ഷണം. നാഗഭക്ഷണം, കരകൗശലവസ്തുക്കള്‍ അങ്ങനെയുള്ളവയുമുണ്ടാകും. തീര്‍ച്ചയായും ഇതൊരു ടൂറിസ്റ്റുത്സവംകൂടിയാണ്.
പ്രിയ സുഹൃത്തുക്കളില്‍ പലരും ഈ സമയത്ത് നാഗാലാന്‍ഡിലേക്ക് യാത്ര ചെയ്തിരുന്നു. ഒന്നോ രണ്ടോ ദിവസം കിസാമയില്‍ ചെലവിട്ട് മറ്റു നാഗസ്ഥലങ്ങള്‍ കാണുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. പത്താം തീയതി വരെയായിരുന്നു വേഴാമ്പലുത്സവം. പക്ഷേ, പൊടുന്നനെ കാര്യങ്ങള്‍ മാറി. ഡിസംബര്‍ നാലിനു നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ആസാം റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ 14 നാഗകള്‍ കൊല്ലപ്പെട്ടു. ഖനിത്തൊഴിലാളികളായ ഇവര്‍ ഭീകരപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് സൈന്യം നിറയൊഴിക്കുകയായിരുന്നു.
നാഗാലാന്‍ഡ് പൊടുന്നനെ പ്രക്ഷോഭ ഭൂമിയായി. കൊന്യാക്ക് ഗോത്രത്തിന് ആധിപത്യമുള്ള മോണ്‍ ജില്ലയില്‍ പ്രതിഷേധം കടുത്തു. കൊല നടത്തിയ സൈനികരെ ശിക്ഷിക്കുക, സൈന്യത്തിന്റെ പ്രത്യേകാധികാരമായ അഫ്‌സ്പ എടുത്തുകളയുക, മോണിലെ സൈനികസാന്നിധ്യം നിര്‍വീര്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊന്യാക്ക് യൂണിയന്‍ നടത്തുന്ന പ്രതിഷേധസമരം തുടരുകയാണ്. അവര്‍ക്ക് കൃത്യമായ ഉറപ്പുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
അബദ്ധം പറ്റിയതാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. ഒന്നുകില്‍ അബദ്ധം, അല്ലെങ്കില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന് എപ്പോഴും ഇത്തരത്തിലുള്ള ഉടന്തടി ഉത്തരങ്ങളുണ്ടായിരിക്കും. ഈ സമയത്ത് വേഴാമ്പലുത്സവം നിര്‍ത്തിവെച്ചു. കിസാമ വിജനമായി. അവിടെമാകെ പ്രതിഷേധ ഗ്രാഫിറ്റികളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. കിസാമയിലെ കൊന്യാക്ക് മൊറോങില്‍ മരിച്ചവരുടെ പേരുകള്‍ എഴുതിവെച്ച് ആദരാജ്ഞലി അര്‍പ്പിച്ച് പുഷ്പചക്രങ്ങള്‍ വെച്ചു. ഇതിന്റെ ചിത്രങ്ങള്‍ അവിടെ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കള്‍ പങ്കുവെച്ചു.
അവര്‍ പറഞ്ഞു: 'സൈന്യം തങ്ങളുടെ സാന്നിധ്യം നാഗാലാന്‍ഡില്‍ തീര്‍ത്തും മിനിമലാക്കിയിരിക്കുന്നു. ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന സൈനിക ട്രക്കുകള്‍ കാണാനേയില്ലെന്നു പറയാം. ജനങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.'
2017 ഡിസംബര്‍ ഒന്നിന് 'വേഴാമ്പലുത്സവം' രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ശ്രോതാക്കള്‍ക്കിടയില്‍ ഞാനുമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: 'നാഗ സമാധാനക്കരാര്‍ പ്രാബല്യത്തിലാകാന്‍ ഇനി അധിക സമയമില്ല. ഇവിടെയുള്ള എല്ലാ സംഘടനകളെയും സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നതിന്റെ ഭാഗമായി ഒരു മേശയ്ക്കു ചുറ്റുമിരുത്താനായി. ദുഷ്‌കരമായ ആ പ്രവൃത്തി വിജയിപ്പിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. സമാധാനത്തിനു പിന്നാലെ നാഗലാന്‍ഡിനെ കാത്തിരിക്കുന്നത് വികസനത്തിന്റെയും വളര്‍ച്ചയുടെയും ദിനങ്ങളാണ്.' ഈ വാക്കുകള്‍ കേട്ട് അവിടെ കൂടിയിരുന്നവര്‍ കൈയടിച്ചു.
പക്ഷേ, നാലു വര്‍ഷം കഴിഞ്ഞ് മറ്റൊരു വേഴാമ്പലുത്സവ കാലത്ത് കണ്ടത് സമാധാനമല്ല, 14 ഖനിത്തൊഴിലാളികളെ സൈന്യം വെടിവെച്ചു കൊല്ലുന്നതാണ്. പതിവുപോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നത് നാഗ ഗോത്രങ്ങള്‍ തമ്മിലുള്ള ഭിന്നതകളെ രൂക്ഷമാക്കാമോ എന്നാണ്. അങ്ങനെ ഇപ്പോഴുണ്ടായ മനുഷ്യക്കുരുതി കൊന്യാക്കുകള്‍ക്കിടയിലേക്ക് മാത്രമാക്കി പരിമിതപ്പെടുത്തുക. അത് മോണ്‍ ജില്ലയിലെ ഒരു പ്രശ്‌നമാക്കി മാറ്റുക. അങ്ങനെ അതിനെ ഒറ്റപ്പെട്ട സംഭവമാക്കി മാറ്റിയെടുക്കുക. ഈ തന്ത്രം പയറ്റിത്തുടങ്ങിയതിന്റെ നിരവധി സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഒരു സൈനിക നടപടിയെ കൈയബദ്ധമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍തന്നെ നടക്കുന്നു. അഫ്‌സ്പ എടുത്തുകളയണമെന്നാവശ്യപ്പെട്ട് മനുഷ്യ ചരിത്രത്തിലെതന്നെ അവിസ്മരണീയ സമരങ്ങളിലൊന്ന് നയിച്ച മണിപ്പൂരിലെ ഇറോം ശര്‍മിളയെ എത്രയോ എളുപ്പം മറന്നു കളയാന്‍ കഴിയുമെങ്കില്‍ മോണിലെ സൈനിക നടപടിയും എളുപ്പം വിസ്മൃതിയിലേക്കു തള്ളപ്പെടുമെന്ന് സൈന്യത്തിനും സര്‍ക്കാരുകള്‍ക്കുമറിയാം.
നാഗ പ്രശ്‌നത്തെ വിശകലനം ചെയ്തുകൊണ്ട് ഷില്ലോങ് ടൈംസ് എഡിറ്റര്‍ പട്രീഷ്യ മുഖിം എഴുതി: 'സ്വന്തം ജനതയ്ക്കുനേരേ സൈന്യത്തെ ഉപയോഗിക്കുക എന്നാല്‍ ജനതയെ ശത്രുവാക്കി അവതരിപ്പിക്കലാണ്. സൈന്യത്തിന് നല്‍കിയിട്ടുള്ള പരിശീലനം ശത്രുവിനെ നേരിടലാണ്. ഏക ടാര്‍ജറ്റ് ശത്രു മാത്രമാണെന്നര്‍ഥം. അവരുടെ മാനസികബോധം മുന്നില്‍ വരുന്നവരെല്ലാം ശത്രുക്കളാണ് എന്നതാണ്. അഫ്‌സ്പയുടെ കാര്യം എടുക്കുക. ഈ നിയമം നിലവിലുള്ള ഇന്ത്യയിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ? മണിപ്പൂരിന്റെ കാര്യമെടുക്കൂ. 32 സായുധസംഘങ്ങളാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.
നാഗാലാന്‍ഡില്‍ ഏറക്കുറെ എല്ലാ സായുധ സംഘങ്ങളും NSCN (I-M)ന്റെ (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്-ഇസാക്-മുഅ) കുടക്കീഴിലാണ്. പക്ഷേ, ഇവിടെയൊന്നും സമാധാനമുണ്ടായില്ല. ജനങ്ങള്‍ സൈന്യത്തിനും സായുധസംഘങ്ങള്‍ക്കുമിടയില്‍ കിടന്ന് നരകിക്കുന്നു.'
ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടന്‍ മൂവായിരത്തോളം നാഗകളെ ട്രഞ്ച് (ബങ്കര്‍) യുദ്ധത്തിനായി കൊണ്ടുപോയി. പക്ഷേ, ബ്രിട്ടന് പൂര്‍ണ്ണമായി കീഴടക്കാന്‍ കഴിയാത്ത പ്രദേശമായി നാഗാലാന്‍ഡ് നിലകൊണ്ടു. നാഗ ഒളിപ്പോരാളികള്‍ ബ്രിട്ടീഷ് സൈന്യത്തെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കി. 1953-ല്‍ പ്രധാനമന്ത്രി നെഹ്‌റു നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നു. കൂടെ ബര്‍മീസ് പ്രധാനമന്ത്രി യു-നുവും ഉണ്ടായിരുന്നു. നാഗാലാന്‍ഡ് (നാഗക്കുന്നുകള്‍) ഇന്ത്യയിലും ബര്‍മയിലുമായി (ഇപ്പോഴത്തെ മ്യാന്‍മര്‍) കിടക്കുന്ന പ്രദേശമാണെന്നും അതങ്ങനെ നിലനിര്‍ത്തണമെന്നതുമായിരുന്നു നാഗകളുടെ നിലപാട്.
ഇന്ത്യ-ബര്‍മ അതിര്‍ത്തി വിഭജനത്തില്‍ നാഗക്കുന്നുകള്‍ രണ്ടു രാജ്യങ്ങളിലുമായി ചിതറി. ഇക്കാര്യം ഇരു നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ നാഗ നേതാക്കള്‍ ആഗ്രഹിച്ചു. നെഹ്‌റു ഇതില്‍ വിമുഖത കാണിച്ചു. നെഹ്‌റു പങ്കെടുക്കുന്ന പൊതുയോഗം ബഹിഷ്‌കരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ആളൊഴിഞ്ഞ മൈതാനം കണ്ട് പ്രധാനമന്ത്രി അരിശത്തോടെ മടങ്ങിപ്പോയി. തൊട്ടുപിന്നാലെ സൈന്യത്തെ നാഗാലാന്‍ഡിലേക്ക് അയച്ച് പ്രഥമ പ്രധാനമന്ത്രി രാഷ്ട്രനിലപാട് വ്യക്തമാക്കി. പിന്നീടൊരിക്കലും സൈനിക മുക്തി ഈ പ്രദേശത്തിനുണ്ടായിട്ടില്ല. എത്രയോ തവണ, പല തരത്തിലുള്ള സൈനിക നടപടികള്‍ക്ക് ഈ മേഖല ഇരയാക്കപ്പെട്ടു. ചര്‍ച്ചകളും സംവാദങ്ങളും അതുവഴി സമാധാനവും എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള കാര്യമായ ശ്രമങ്ങള്‍ ഒരിക്കലുമുണ്ടായിട്ടില്ല എന്ന് നാഗലന്‍ഡിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാക്കാം.
ഇന്ത്യ-ബര്‍മ അതിര്‍ത്തിയും നാഗകളും എന്ന പ്രശ്‌നം മനസ്സിലാക്കാന്‍ മോണ്‍ ജില്ലയിലെ ലോങ്വാ ഗ്രാമത്തില്‍ ചെന്നാല്‍ മതി. അവിടെ ഗോത്രത്തലവന്‍ ആങിന്റെ (രാജാവ് എന്നും ഈ പദത്തിന് അര്‍ഥമുണ്ട്) വസതിയുടെ കിടപ്പുമുറി ഇന്ത്യയിലും അടുക്കള ബര്‍മയിലുമാണ്! ഇത്രയും നേര്‍ത്ത അതിര്‍ത്തിക്കിടയിലാണ് നാഗകള്‍ രണ്ടു രാജ്യങ്ങളിലായി ചിതറിയത്.
നാഗാലാന്‍ഡിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ഉയരുന്ന ചോദ്യം, നിങ്ങള്‍ ഇന്ത്യയില്‍നിന്നാണല്ലേ വരുന്നത്, ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. ഇന്ത്യ സ്വന്തം ഭാഗമായി കരുതാന്‍ പറ്റുന്ന ഒന്നും ഈ ദേശരാഷ്ട്രം അവര്‍ക്ക് നല്‍കിയിട്ടില്ല എന്നാണ് പലയിടത്തുനിന്നായി കേട്ട ആ ചോദ്യത്തിന്റെ അന്തസ്സത്ത. മലയാളികളെ നാഗകള്‍ ഇഷ്ടപ്പെടുന്നു. അവരുടെ പല അധ്യാപകരും (പ്രത്യേകിച്ചും കണക്ക് അധ്യാപകര്‍) മലയാളികളായിരുന്നു.
നാഗാലാന്‍ഡ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന മലയാളികളുടെ സംഘടന ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ അംഗങ്ങള്‍ സംസാരിക്കുന്നത് നാഗ ഗോത്ര പൊതുഭാഷയായ നഗാമീസിലാണ്. എന്നാല്‍ 60-കളില്‍ നടന്ന സൈനിക നടപടിയില്‍ സഹകാരികളായിരുന്ന എം.എസ്.പിയുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാഗകള്‍ക്ക് കേരളത്തോട് കടുത്ത പ്രതിഷേധവുമുണ്ട്. ബ്രിട്ടീഷ് കാലത്ത് 1921-ലെ മാപ്പിള കലാപകാരികളെ അടിച്ചമര്‍ത്തിയ അതേ രീതിയില്‍ സ്വാതന്ത്ര്യത്തിനു ശേഷം എം.എസ്.പി പ്രവര്‍ത്തിച്ച ഒരിടം നാഗാലാന്‍ഡാണ്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ രേഖകള്‍ ഇന്നു ലഭ്യമാണ്.
കൊന്യാക്ക് യൂണിയന്‍ അവരുടെ പുതിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: 'മോണ്‍ കൂട്ടക്കൊലയ്ക്കു കാരണക്കാരായ സൈനികര്‍ ശിക്ഷിക്കപ്പെടും വരെ സൈന്യം പ്രദേശം വിട്ടു പോകണം. ശിക്ഷാനടപടി എന്തെന്ന് പൊതു സമൂഹത്തെ അറിയിക്കണം. മേഖലയില്‍ നടത്തുന്ന എല്ലാവിധ സൈനിക പട്രോളിങ്ങുകളും പൂര്‍ണ്ണമായും നിര്‍ത്തിവെക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ സൈന്യത്തിന് കൊന്യാക്കുകളുടെ ഒരു സഹകരണവുമുണ്ടാകില്ല. സൈന്യത്തിലേക്കുള്ള ഒരു റിക്രൂട്ട്‌മെന്റ് റാലിയും മോണില്‍ നടത്താന്‍ പാടില്ല. അത്തരം റിക്രൂട്ട്‌മെന്റ് റാലികളിലൊന്നിലും കൊന്യാക്കുകള്‍ പങ്കെടുക്കുകയുമില്ല. തങ്ങളുടെ മേഖലകളില്‍ സൈനിക ക്യാമ്പുകളുടെ നിര്‍മാണത്തിനായി സൈന്യത്തിന് നല്‍കിയ ഭൂമി കൊന്യാക്കുകള്‍ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെടും. സൈന്യത്തിന്റെ ഒരു വിധത്തിലുമുള്ള പൊതു ജനസമ്പര്‍ക്ക പരിപാടികളിലും കൊന്യാക്കുകള്‍ സഹകരിക്കില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒട്ടിങ് ഗ്രാമത്തിലുള്ളവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക 18.3 ലക്ഷം രൂപ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ നഷ്ടപരിഹാരത്തുക സ്വീകരിക്കില്ല എന്നതാണ് നിലപാട്.'
ഈ പ്രസ്താവന എല്ലാം വ്യക്തമാക്കുന്നു. നാഗാലാന്‍ഡില്‍ യുവാക്കളും യുവതികളുമാണ്, വിദ്യാര്‍ഥി യൂണിയനുകളാണ്, പ്രധാനമായും സമരമുഖത്തുള്ളത്. ഒരുപക്ഷേ, പുറംലോകത്തിന് നാഗജനതയുടെ സവിശേഷമായ പ്രത്യേകതകള്‍ മനസ്സിലാകണമെന്നില്ല. ഭൂമി ഓരോ വ്യക്തിയുടെയും പേരിലാണെങ്കിലും അതിന്റെ ഉപയോഗം പൊതുവായതാണ്. ഒരു ഗ്രാമം കൃഷി ഇറക്കുന്നത് ഒന്നിച്ചാണ്. ആരുടെ ഭൂമിയിലും വിളയിറക്കാം. അതു തീരുമാനിക്കുന്നത് വില്ലേജ് കൗണ്‍സിലാണ്. വിളവ് കൊയ്‌തെടുത്ത് എല്ലാവര്‍ക്കുമായി (കൃഷിയില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും) വീതിക്കും. ഇന്നും ജൈവകൃഷി മാത്രമാണ് ഇവിടെയുള്ളത്. (80-കളില്‍ രവീന്ദ്രന്‍ 'അകലങ്ങളിലെ മനുഷ്യരില്‍ 'കൊന്യാക്കുകളെക്കുറിച്ച് എഴുതിയിട്ടുണ്ട്, 'തലവേട്ടക്കാരുമായി ഒരു സംവാദം' എന്ന അധ്യായത്തില്‍. അതില്‍ ഭൂമി പൊതുവായി ഉപയോഗിക്കുന്നതുപോലുള്ള സവിശേഷതകള്‍ അദ്ദേഹം എടുത്തു കാണിക്കുന്നില്ല. കൊന്യാക്കുകളുടെ പഴയ രീതി ശത്രുവിന്റെ തല കൊയ്യുക എന്നതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്).
കുട്ടികള്‍ വളരുന്നതും സമൂഹ ഇടത്തിലാണ്. നാലോ അഞ്ചോ വയസ്സായാല്‍ കുട്ടികള്‍ രാത്രി ഉറങ്ങുന്നത് സ്വന്തം വീടുകളിലല്ല. ഗ്രാമത്തിന് പൊതുവായുള്ള മൊറോങ്ങുകളിലാണ്. ഒരു ഗ്രാമത്തിലെ കുട്ടികള്‍ രാത്രി ഒന്നിച്ചു കഴിയുന്നു. അവരെ നോക്കാനും അവര്‍ക്ക് കഥ പറഞ്ഞു കൊടുക്കാനും സ്‌കൂള്‍ പാഠങ്ങള്‍ പഠിപ്പിക്കാനും അവിടെയാളുകളുണ്ടാകും. കഥ പറയാന്‍ മുത്തച്ഛന്‍മാരും മുത്തശ്ശിമാരുമാണുണ്ടാവുക.അവരുടെ സമൂഹനിര്‍മിതിയുടെ സങ്കല്പം ഇങ്ങനെയാണ്. കുടുംബത്തിലെ ഏട്ടന്‍മാരും ചേച്ചിമാരുമാണ് താഴെയുള്ള കുട്ടികളുടെ കാര്യങ്ങള്‍ നോക്കുക. കുട്ടികള്‍ക്ക് കുടുംബത്തിന്റെ അധ്വാന വിഭജനത്തില്‍ കൃത്യമായ പങ്കുണ്ട്. അങ്ങനെയാണ് നാഗ കുടുംബഘടന പ്രവര്‍ത്തിക്കുന്നത്. കാലം വരുത്തിയ ചില്ലറ മാറ്റങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ, ഈ പാരമ്പര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്.
ഒരാള്‍ ജീവിതത്തില്‍ ചെയ്ത നന്മതിന്മകളാണ് ഈ പച്ചകുത്തലിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. അത് കൊന്യാക്കുകള്‍ക്ക് മാത്രം മനസ്സിലാകുന്ന ചിഹ്നരൂപ ഭാഷയാണ്. മരിച്ചുകഴിയുമ്പോള്‍ ദൈവവിചാരണയ്ക്കായി ഒരാളുടെ ഉടലെഴുത്ത് രേഖാപുസ്തകമായി പരിഗണിക്കുമെന്നാണ് കൊന്യാക്കുകളുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ വെളിച്ചം തേടുകയാണ് പെജിന്റെ പുസ്തകം. ദൈവത്തിനോടും സമൂഹത്തിനോടും ഒന്നും ഒളിച്ചുവെച്ചിട്ടില്ല എന്ന സമാധാനത്തോടെ ശരീരത്തിലെ ഈ പച്ചകുത്തലിലൂടെ ഒരാള്‍ ജീവിതം അവസാനിപ്പിച്ച് മരണത്തിലേക്ക് പ്രവേശിക്കുന്നു.
2017-ലെ നാഗാലാന്‍ഡ് യാത്രയില്‍ കൊന്യാക്ക് ഗോത്രാംഗമായ പെജിന്‍ കൊന്യാക്കിനെ പരിചയപ്പെട്ടിരുന്നു. അവര്‍ 'The konyasks: Last of the Tattoed Head Hunters' എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ്. കൊന്യാക്കുകള്‍ക്കിടയിലെ ശരീരത്തിലെ പച്ചകുത്തല്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ഈ പുസ്തകം നാഗ സംസ്‌കാരത്തെക്കുറിച്ചുള്ള അപൂര്‍വ്വമായ നിരവധി കാര്യങ്ങളാല്‍ സമ്പന്നമാണ്. നെതര്‍ലന്‍ഡ്‌സിലെ ഐന്‍ഡ്‌ഹോവന്‍കാരനായ പീറ്റര്‍ ബോസിന്റെ അസാധാരണമായ ചിത്രങ്ങള്‍കൂടിയുള്ള ഈ പുസ്തകം ഒരുപക്ഷേ, പുറംലോകത്തുള്ളവര്‍ക്ക് കൊന്യാക്കുകളുടെ മനസ്സിലാക്കാന്‍ ഉപകരിക്കും.
ഒരാള്‍ ജീവിതത്തില്‍ ചെയ്ത നന്മതിന്മകളാണ് ഈ പച്ചകുത്തലിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. അത് കൊന്യാക്കുകള്‍ക്ക് മാത്രം മനസ്സിലാകുന്ന ചിഹ്നരൂപ ഭാഷയാണ്. മരിച്ചുകഴിയുമ്പോള്‍ ദൈവവിചാരണയ്ക്കായി ഒരാളുടെ ഉടലെഴുത്ത് രേഖാപുസ്തകമായി പരിഗണിക്കുമെന്നാണ് കൊന്യാക്കുകളുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ വെളിച്ചം തേടുകയാണ് പെജിന്റെ പുസ്തകം. ദൈവത്തിനോടും സമൂഹത്തിനോടും ഒന്നും ഒളിച്ചുവെച്ചിട്ടില്ല എന്ന സമാധാനത്തോടെ ശരീരത്തിലെ ഈ പച്ചകുത്തലിലൂടെ ഒരാള്‍ ജീവിതം അവസാനിപ്പിച്ച് മരണത്തിലേക്ക് പ്രവേശിക്കുന്നു. പീറ്റര്‍ ബോസിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും പുസ്തകത്തിന്റെ വില്പനയും അന്ന് കിസാമയിലുണ്ടായിരുന്നു. പിരിയുമ്പോള്‍ പെജിന്‍ പറഞ്ഞു: സമാധാനം, ശാന്തി. ഇതാഗ്രഹിക്കാത്ത ആരുമിന്ന് ലോകത്ത് ഒരിടത്തും ജീവിക്കുന്നില്ല. ഞങ്ങളും അങ്ങനെതന്നെ. നമ്മുടെ സംസാരം ഞങ്ങളുടെ ഈ അഭിലാഷത്തെ പ്രതിഫലിപ്പിച്ചു എന്നു ഞാന്‍ കരുതുന്നു.'ഈ വാക്കുകള്‍ നാഗകളുടെ പൊതുവികാരം പ്രകടിപ്പിക്കുന്നതാണ്. ഞങ്ങളുടെ തലകളുടെ ഉടമസ്ഥര്‍ ഞങ്ങള്‍തന്നെ എന്ന വിശ്വാസമുള്ള, അത്രയധികം സ്വയംഭരണത്തില്‍ വിശ്വസിക്കുന്ന ഒരു ജനതയോട് എങ്ങനെ സംസാരിക്കണമെന്നറിയാത്ത ഒരു രാഷ്ട്രം ഇപ്പോഴും അവരുടെ നെഞ്ചിനു നേരേ 'അബദ്ധത്തില്‍' വെടിയുണ്ടകള്‍ പായിച്ചുകൊണ്ടിരിക്കുന്നു.
ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനിറ്റിക്ക് വലിയ സ്വാധീനമുള്ള ഇവിടെ 90 ശതമാനത്തിലധികം പേര്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. മാതൃഭാഷ ഇംഗ്ലിഷുമാണ്. കൊന്യാക്കുകള്‍ പറയുക ഞങ്ങള്‍ ക്രിസ്ത്യന്‍ കൊന്യാക്കുകളാണ് എന്നാണ്. പാഗനിനസത്തിനെതിരെയാണ് പ്രധാനമായും ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ കൊന്യാക്കുകളില്‍ പലരും മരണാനന്തരച്ചടങ്ങുകളില്‍ ഗോത്ര ആചാരങ്ങള്‍ പാലിക്കാറുമുണ്ട്.
ജീവിതത്തില്‍ ആദ്യമായി കാണുകയും 32 ദിവസം ഒന്നിച്ചുണ്ടാവുകയും ചെയ്ത നാഗാ സുഹൃത്തിനെക്കുറിച്ച് അയാള്‍ പങ്കുവെച്ച ജീവിതദര്‍ശനത്തെക്കുറിച്ചുകൂടി ഈ കുറിപ്പില്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
'അയ്യോ, എന്തൊരു ചൂട്, നരകംതന്നെ.' ഗ്ലാസില്‍ വെള്ളമെടുത്ത് തലവഴി ഒഴിച്ച് കുറച്ചു നേരം കെട്യെയോവില്ലെ അങ്കാമി ഫാന്‍ റെഗുലേറ്റര്‍ അഞ്ചിലേക്കിട്ട് അതിന് കീഴെ ഇരിക്കും. കുറച്ചു സമയംകൊണ്ട് വീണ്ടും ചൂടുകൊണ്ട് പുകഞ്ഞു തുടങ്ങും. ഉടനെ പൊതു കുളിമുറിയില്‍ കയറി തലവഴി വെള്ളമൊഴിച്ച് തുവര്‍ത്താതെ മുറിയിലേക്കു വരും. അയാള്‍ നടന്നു വരുന്നയിടം വെള്ളത്തുള്ളികള്‍ വീണ് ജല/തണുപ്പ് ഭൂപടമായി മാറും. സഹിക്കാന്‍ വയ്യ. വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ ഒട്ടിപ്പിടിക്കുന്നു. അയാള്‍ കരയുന്നതുപോലെ പരാതിപ്പെട്ടുകൊണ്ടിരിക്കും.
ഈ കാഴ്ച കണ്ടിട്ട് 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 1991 മെയ് 27 മുതല്‍ ജൂണ്‍ 29 വരെ. ഞങ്ങളന്ന് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സും നടത്തുന്ന ചലച്ചിത്ര ആസ്വാദന കോഴ്‌സിലെ വിദ്യാര്‍ഥികള്‍. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെന്‍സ് ഹോസ്റ്റലില്‍ അടുത്തടുത്ത മുറികളിലായിരുന്നു ഞാനും കെട്യെയോവില്ലെ അങ്കാമിയും. നല്ല അടുപ്പമായിരുന്നു.
ഞങ്ങള്‍ ക്ലാസിനു പോകാന്‍ തുടങ്ങുമ്പോഴേക്കും ഈ നശിച്ച കോഴ്‌സ് എന്നെ രോഗിയാക്കുമെന്ന് പറഞ്ഞ് അയാള്‍ വീണ്ടും കുളിമുറിയിലേക്കോടും. ഇക്കാരണത്താല്‍ പലപ്പോഴും അയാള്‍ ക്ലാസില്‍ വരാതെയുമായി. രാത്രി അല്‍പ്പം തണുത്ത കാറ്റടിക്കുമ്പോള്‍ മാത്രം പുറത്തു വരും. നിര്‍ത്താതെ പുക വലിച്ചുകൊണ്ടിരിക്കും. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനു മുമ്പ് ഈ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നത് പ്രഭാത് സ്റ്റുഡിയോസ് ആയിരുന്നു. അക്കാലം വിവിധ സിനിമാ സെറ്റുകളും ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുമുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കണം കാമ്പസില്‍ ഉള്‍ക്കാടെന്ന തോന്നിച്ച ഒരിടത്ത് ഒരു നീന്തല്‍ക്കുളമുണ്ടായിരുന്നു. പക്ഷേ, അത് വറ്റിക്കിടക്കുകയായിരുന്നു. വെള്ളമുണ്ടായിരുന്നെങ്കില്‍ നിങ്ങളെല്ലാം ക്ലാസിലിരിക്കുന്ന സമയത്ത് ഞാന്‍ കുളത്തില്‍ മുങ്ങിക്കിടക്കുമായിരുന്നുവെന്ന് കെട്യെയോവില്ലെ പറയും. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസ്സിലാകില്ല. ഈ നശിച്ച ചൂട്.... അങ്ങനെ സംഭാഷണങ്ങള്‍ മിക്കപ്പോഴും അര്‍ധോക്തിയില്‍ അവസാനിപ്പിക്കും.
വൈകുന്നേരങ്ങളില്‍ എന്നെയും കൂട്ടി അയാള്‍ നീന്തല്‍ക്കുളക്കെട്ടില്‍ പോയിരിക്കും. വെള്ളമുണ്ടായിരുന്ന സ്ഥലമല്ലേ, കുറച്ചു തണുപ്പെങ്കിലും കിട്ടുമെന്ന് പറയും. ഞാന്‍ കെട്ടിലിരിക്കുമ്പോള്‍ അയാള്‍ കുളത്തിലേക്കിറങ്ങി പിറുപിറുക്കാന്‍ തുടങ്ങും. എന്താണിത്? ഞാന്‍ ചോദിക്കും. നിശ്ശബ്ദനായിരിക്കാന്‍ അയാള്‍ ആംഗ്യം കാണിക്കും. കുറച്ചു കഴിഞ്ഞ് എന്റെയടുത്തു വന്ന് പറയും 'ഞാന്‍ വെള്ളത്തോടും തണുപ്പിനോടും സംസാരിക്കുകയായിരുന്നു, അവരോട് ഇവിടെ എന്നെ അനുഗ്രഹിക്കാനായി പ്രാര്‍ഥിക്കുകയായിരുന്നു.'
അയാള്‍ അടിവസ്ത്രമല്ലാത്തതെല്ലാം അഴിച്ച് മഴയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. വീട്ടിലെത്തിയതുപോലെ എന്ന് ഇടക്കിടെ വിളിച്ചു പറഞ്ഞു മഴയില്‍ നനഞ്ഞ് കുളിച്ചു. രണ്ടു മണിക്കൂര്‍ പെയ്ത മഴ മുഴുവനും അയാളും ഞാനും കൊണ്ടു. ഇന്നോര്‍ക്കുമ്പോള്‍ ഒരു ക്ലൈമാറ്റിക്ക് സോണ്‍ നടത്തിയ മഴനൃത്തമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. സ്വന്തം സ്വയംഭരണത്തിലേക്ക് ഒരാള്‍ ശാരീരികവും മാനസികവുമായി നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യമായിരുന്നു അതെന്ന് ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു
ആ ഹ്രസ്വ കോഴ്‌സിന്റെ അവസാന ഘട്ടത്തില്‍, കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 21ന് അര്‍ധരാത്രിയോടെ സുഖമായി ഉറങ്ങുകയായിരുന്ന എന്നെ അയാള്‍ വിളിച്ചുണര്‍ത്തി. മഴ വരുന്നതിന്റെ ശബ്ദം നീ കേള്‍ക്കുന്നില്ലേ എന്നു ചോദിച്ചു? ഞാന്‍ ഒന്നും മനസ്സിലാകാതെ ഒരു നിമിഷം നിന്നു. വൈകില്ല ഉടനെ പെയ്യും, എനിക്കതിന്റെ ശബ്ദം കേള്‍ക്കാം. മഴമേഘങ്ങള്‍ക്ക് എന്റെ നാടിന്റെ ഭാഷയാണ്, നിന്നെപ്പോലെയല്ല, എനിക്കത് മനസ്സിലാകും. അയാള്‍ ഉറപ്പിച്ചു പറഞ്ഞു. ഒന്നു പോ ചെങ്ങാതി, ഒന്നുറങ്ങട്ടെ എന്നു പറഞ്ഞ് ഞാന്‍ മുറിയുടെ വാതിലടച്ച് കട്ടിലില്‍ കിടന്നു.
എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ മഴത്തുള്ളികള്‍ വീഴുന്നതിന്റെ ശബ്ദം ഞാനും കേട്ടു. എഴുന്നേറ്റ് പുറത്തിറങ്ങി നോക്കുമ്പോള്‍ അയാള്‍ കോണിപ്പടി ഇറങ്ങിപ്പോവുന്നു. ഞാനും പിന്തുടര്‍ന്നു. അല്പ ദൂരം നടന്നാലെത്തുന്ന വിസ്ഡ്രം ട്രീയുടെ (അതൊരു മാവാണ്) തടത്തില്‍ അയാള്‍ ചമ്രം പടിഞ്ഞിരുന്നു. മഴ പതുക്കെ പതുക്കെ ശക്തിപ്പെട്ടു. കാറ്റില്‍ കാമ്പസിലെ മരച്ചില്ലകള്‍ ഒടിഞ്ഞു വീണു. മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങി. നനഞ്ഞു കുളിച്ച് ഞാന്‍ കെട്യെയോവില്ലെയെ നോക്കിനിന്നു. അയാള്‍ അടിവസ്ത്രമല്ലാത്തതെല്ലാം അഴിച്ച് മഴയില്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. വീട്ടിലെത്തിയതു പോലെ എന്ന് ഇടക്കിടെ വിളിച്ചു പറഞ്ഞു മഴയില്‍ നനഞ്ഞ് കുളിച്ചു. രണ്ടു മണിക്കൂര്‍ പെയ്ത മഴ മുഴുവനും അയാളും ഞാനും കൊണ്ടു. ഇന്നോര്‍ക്കുമ്പോള്‍ ഒരു ക്ലൈമാറ്റിക്ക് സോണ്‍ നടത്തിയ മഴനൃത്തമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. സ്വന്തം സ്വയംഭരണത്തിലേക്ക് ഒരാള്‍ ശാരീരികവും മാനസികവുമായി നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യമായിരുന്നു അതെന്ന് ഇന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. കോഴ്‌സ് കഴിഞ്ഞ് വീട്ടിലെത്തി കുറച്ചുനാള്‍ കഴിഞ്ഞ് കെട്യെയോവില്ലെയുടെ ഒരു കത്ത് വന്നു. ഞാന്‍ തണുപ്പുള്ള എന്റെ വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു, എല്ലാറ്റിനും നന്ദി എന്നു പറഞ്ഞുകൊണ്ട്.
നാഗാലാന്‍ഡില്‍നിന്നും വാര്‍ത്തകള്‍ വരുമ്പോഴെല്ലാം ആദ്യം ഓര്‍ക്കുന്നത് ജീവിതത്തില്‍ ആദ്യമായി നേരില്‍ കണ്ട നാഗയായ ഈ സഹപാഠിയെയാണ്. അയാള്‍ നേരിട്ട് ഒന്നും പറഞ്ഞില്ല. എന്നാല്‍, ആ നാളുകളില്‍ അയാള്‍ പറഞ്ഞുകൊണ്ടിരുന്നത് ഒരു നാഗ എങ്ങനെ തന്റെ നാടിനെ സ്‌നേഹിക്കുന്നുവെന്നാണ്. ദേശത്തിനും നാടിനും പുറത്ത് പൈതൃകസമൂഹമായ നാഗകള്‍ക്ക് നിലനില്‍ക്കാനും അതിജീവിക്കാനും കഴിയില്ല എന്നാണ്. എത്രയോ കാലങ്ങളായി നാഗകള്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. നാഗാലാന്‍ഡ് ഒരു ക്ലൈമറ്റിക്ക് സോണായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ഭൂപ്രദേശമാണ്. ആ കാലാവസ്ഥയില്‍ എല്ലാം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വയംഭരണം എന്ന ആശയത്തില്‍നിന്നും അവരെ മാറ്റിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഇക്കാലമത്രയായിട്ടും വിജയിക്കാത്തതിന്റെ പ്രധാന കാരണം നാഗകളുമായി സംസാരിക്കാനുള്ള ഭാഷപോലും ഈ ദേശരാഷ്ട്രത്തിന് അറിയില്ല എന്നതുകൊണ്ടാണ്. ദിമാപ്പൂരിനപ്പുറമുള്ള നാഗാലാന്‍ഡ് പ്രദേശങ്ങളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി.) എന്ന 'വിസ' ആവശ്യമാണ്. അവരുടെ വ്യതിരക്തത പുറംലോകം അംഗീകരിക്കുന്നതിന്റെ ഏക രേഖ ഐ.എല്‍.പി. മാത്രമാണ്. അതിനപ്പുറത്തേക്ക് നാഗകളുമായി എങ്ങനെ ബുള്ളറ്റ് രഹിത സംഭാഷണത്തിലേര്‍പ്പെടാനാകും എന്നതിനെക്കുറിച്ച് ദേശീയതാ ഇന്ത്യയ്ക്ക് ഇനിയുമറിഞ്ഞുകൂടാ.
അവരുടെ ഒരു നാടോടിക്കവിത ഇങ്ങനെയാണ്:
കല്ലുകള്‍ മരിക്കുന്നില്ല
ഹൃദയം ശ്വസിക്കുന്നത് നിര്‍ത്തുന്നില്ല.
പുഴുക്കള്‍ക്ക് സൂര്യനെ തിന്നുതീര്‍ക്കാനാവില്ല.
ചന്ദ്രന്‍ ഇടവേളകളില്‍ മുഴുച്ചന്ദ്രനായി ആവര്‍ത്തിക്കും.
പക്ഷേ, മനുഷ്യന്‍ മാഞ്ഞുപോകും.
മാഞ്ഞുപോകുമെന്നുറപ്പുള്ള മനുഷ്യന്‍ ജീവിതത്തിലും മരണത്തിലും ആവശ്യപ്പെടുന്ന മാന്യത-ഈ ആറു വരികളിലൂടെ ഓരോ നാഗയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കുറിപ്പ്: 2022 മാര്‍ച്ച് 31-ന് നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സായുധസേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പല പ്രദേശങ്ങളിലും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.
വി. മുസഫർ അഹമ്മദിന്‍റെ 'കർമാട് റെയില്‍പ്പാളം ഓർക്കാത്തവരേ...' എന്ന പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യാം
https://dcbookstore.com/products/searchall?search=KARMADU+RAILPPALAM+ORKKATHAVARE