Art & LITERATURE

കുന്ദലത എന്നൊരു 'പുതുമാതിരി കഥ'; മലയാളത്തിലെ ആദ്യ നോവലിസ്റ്റ് അപ്പു നെടുങ്ങാടിക്ക് ഇന്ന് ജന്മവാർഷികം

മുസാഫിര്‍

മലയാളത്തിലെ ആദ്യനോവലായ കുന്ദലതയുടെ കോപ്പി എവിടെ കിട്ടും? ഈ അന്വേഷണവുമായി കുന്ദലതയുടെ രചയിതാവ് ടി എം അപ്പു നെടുങ്ങാടിയുടെ അനന്തരാവകാശികള്‍ പലയിടങ്ങളിലും അലഞ്ഞു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മലയാളം സര്‍വകലാശാലയിലുള്‍പ്പെടെ ഈ കൃതിക്കായി അവര്‍ തിരച്ചില്‍ നടത്താത്ത പുസ്തകശേഖരമില്ല, സമീപിക്കാത്ത പുസ്തകസ്‌നേഹികളില്ല. പക്ഷേ കുന്ദലത എവിടെയും കിട്ടാനില്ല. അപ്പുനെടുങ്ങാടി ജനിച്ച ഒറ്റപ്പാലം കോതകുര്‍ശ്ശി തലക്കൊടിമഠം തറവാട്ടില്‍ സൂക്ഷിച്ചിരുന്ന കുന്ദലതയുടെ പഴയൊരു കോപ്പി ആരോ കൊണ്ടുപോയി, തിരികെ ലഭിച്ചില്ല.

അപ്പു നെടുങ്ങാടിയുടെ താവഴിയിലെ ഇളമുറക്കാരി ടി എം സുധയുടെ ഭര്‍ത്താവ് മേലാറ്റൂര്‍ നടുവക്കാട്ട് അരീക്കര രാജീവ് നെടുങ്ങാടിയുടെ സഹായിയും സഹൃദയനുമായ ഓട്ടോറിക്ഷക്കാരനാണ് ഒടുവില്‍ മലപ്പുറത്തെ ഒരു പുസ്തകമേളയില്‍നിന്ന് ഈ കൃതിയുടെ ഒരു കോപ്പി കണ്ടെടുത്തത്. ചിന്താ പബ്ലിഷേഴ്‌സ് പുറത്തിറക്കിയ കുന്ദലതയുടെ കോപ്പിയായിരുന്നു അത്. 1887 ല്‍ രചിച്ച കുന്ദലത ഇ വി രാമകൃഷ്ണന്റെ അവതാരികയോടെ ചിന്ത പുനഃപ്രസാധനം ചെയ്ത ഈ പുസ്തകം കൈയില്‍ കിട്ടിയ ഭാഗ്യനിമിഷത്തെക്കുറിച്ച് അപ്പുനെടുങ്ങാടിയുടെ പിന്‍മുറക്കാര്‍ അഭിമാനത്തോടെയാണ് സംസാരിച്ചത്.

കുറച്ചധികം കോപ്പികള്‍ക്കായി ചിന്തയുടെ ബുക്ക്സ്റ്റാളുകളില്‍ പരതിയെങ്കിലും ഔട്ട് ഓഫ് പ്രിന്റായിരുന്നു. 'അപ്പുനെടുങ്ങാടി അരങ്ങ്' കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുന്ദലതയ്ക്ക് 128 വര്‍ഷം പൂര്‍ത്തിയായ ഒക്‌ടോബര്‍ രണ്ടിന്, കുന്ദലതയുടെ പുനഃപ്രകാശനവും അപ്പുനെടുങ്ങാടി അനുസ്മരണവും വള്ളുവനാടിന്റെ സാംസ്‌കാരിക ചരിത്രത്തിനും മലയാള നോവല്‍ഭൂമികയ്ക്കും പുതിയൊരു നാള്‍വഴിയാണ് രേഖപ്പെടുത്തിക്കൊടുത്തത്.

മദിരാശിയിലിരുന്നാണ് കുന്ദലത എഴുതിയതെന്നതിന് അപ്പു നെടുങ്ങാടി എഴുതിയ ആമുഖത്തിലെ ലിംഗിച്ചെട്ടിത്തെരുവ് എന്ന സ്ഥലനാമം സൂചന നല്‍കുന്നു

റാവു ബഹദൂര്‍ ടി എം അപ്പു നെടുങ്ങാടിയുടെ കുടുംബത്തിലെ (ടി എം എന്ന ഇംഗ്ലീഷ് ഇനീഷ്യലിനു പകരം അദ്ദേഹം ത.മ. അപ്പുനെടുങ്ങാടി എന്നാണ് ഉപയോഗിച്ചിരുന്നത് എന്നത് മാതൃഭാഷാസ്‌നേഹത്തിന്റെ അടയാളം. ഇങ്ങേയറ്റത്തെ കണ്ണിയായ സുധാ നെടുങ്ങാടി മികച്ച സംഗീതജ്ഞ കൂടിയാണ്. മഞ്ചേരി എഫ്ം. റേഡിയോ നിലയത്തില്‍ അനൗണ്‍സറാണ് സുധ. അവരുടെ ഗുരുവും പ്രശസ്ത കര്‍ണാടക സംഗീതവിദുഷിയുമായ സുകുമാരി നരേന്ദ്രമേനോന്റേയും ഭര്‍ത്താവും കവിയുമായ പി ടി നരേന്ദ്രമേനോന്റേയും ഒപ്പം ഡോ.എന്‍പി വിജയകൃഷ്ണന്‍, ജ്യോതിക, മുരളീമേനോന്‍ തുടങ്ങിയവരുടെയുമൊക്കെ ഉല്‍സാഹത്തിലാണ് കുന്ദലതയുടെ പുനഃപ്രകാശനത്തിന് അപ്പുനെടുങ്ങാടിയുടെ ജന്മഗേഹമായ തലക്കൊടിമഠം തറവാടും പരിസരവും അഞ്ച് കൊല്ലം മുമ്പ് സാക്ഷ്യം വഹിച്ചത്. പഴമയുടെ ചൂരുറഞ്ഞുകിടക്കുന്ന, രണ്ടു നൂറ്റാണ്ടിന്റെ പൈതൃകമുള്ള, അപ്പുനെടുങ്ങാടിയുടെ ജന്മഗേഹമായ തലക്കൊടിമഠം തറവാടിന്റെ അങ്കണത്തിലെ ചടങ്ങില്‍ മുഖ്യാതിഥി പ്രശസ്ത കവിയും ഗാനരചയിതാവുമൊക്കെയായ മലയാളം സര്‍വകലാശാല മുൻ വൈസ് ചാന്‍സലര്‍ കെ ജയകുമാറായിരുന്നു.

'അപ്പുനെടുങ്ങാടി അരങ്ങിന്റെ' സെക്രട്ടറി കൂടിയായ സുധ നെടുങ്ങാടി, കുന്ദലതയെക്കുറിച്ചും ആ നോവല്‍ രചിക്കപ്പെട്ട കാലഘട്ടത്തെയും സാമൂഹിക പരിസരത്തെയും ചരിത്ര പശ്ചാത്തലത്തെയും കുറിച്ച് സമഗ്രമായി ഗവേഷണം നടത്തിയിട്ടുമുണ്ട്.

അവര്‍ പറയുന്നു: വള്ളുവനാടന്‍ ഭാഷ വിദഗ്ധമായി സന്നിവേശിക്കപ്പെട്ട ചരിത്ര നോവലാണ് കുന്ദലത. മലയാളത്തിലെ ഈ പ്രഥമ നോവലില്‍ വള്ളുവനാടന്‍ ഇമേജറിയുടെ പ്രാഗ്‌രൂപങ്ങള്‍ തെളിമയോടെ അവതരിപ്പിച്ചിട്ടുണ്ട്. കോതകുര്‍ശ്ശി ഭാഗത്ത് തന്റെ ബാല്യം കൂടുതലൊന്നും ചെലവിടാന്‍ അപ്പുനെടുങ്ങാടിക്ക് സാധിച്ചിട്ടില്ലെങ്കിലും (ചെറുപ്പത്തിലേ അദ്ദേഹം രക്ഷിതാക്കള്‍ക്കൊപ്പം കോഴിക്കോട്ടേക്ക് ജീവിതം പറിച്ചുനട്ടു) വള്ളുവനാടന്‍ ഭാഷാശൈലി അദ്ദേഹത്തെ വിട്ടൊഴിഞ്ഞിരുന്നില്ലെന്ന് ഗൃഹാതുരസ്മൃതിയോടെ വരച്ചുകാട്ടിയ ചില രൂപകങ്ങള്‍ വ്യക്തമാക്കപ്പെടുന്നുണ്ട്.

റാവു ബഹദൂർ അപ്പു നെടുങ്ങാടി

കുന്ദലതയിലെ നായകന്‍ യോഗീശ്വരനില്‍നിന്നാണ് നോവലിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത്. വില്വാദ്രിയുടെ ഇങ്ങേയറ്റത്തെ മുനമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അനങ്ങന്‍ മലയെക്കുറിച്ച് സൂചനകള്‍ കുന്ദലതയിലുണ്ട്. അനങ്ങന്‍ മലയുടെ താഴ്‌വരയിലാണ് തലക്കൊടിമഠം തറവാട് സ്ഥിതി ചെയ്യുന്നത്. അപ്പുനെടുങ്ങാടി ജനിച്ച കോതകുര്‍ശ്ശിക്കടുത്ത ചേറമ്പറ്റക്കാവിന്റെയും പില്‍ക്കാലത്ത് പേരെടുത്ത വാണിയംകുളം ചന്തയുടേയും കവളപ്പാറ കൊട്ടാരത്തിന്റേയുമൊക്കെ പരോക്ഷമായ പശ്ചാത്തല ബിംബങ്ങള്‍ കുന്ദലതയ്ക്ക് പരഭാഗശോഭ പകരുന്നു.

ആദ്യനോവലെന്നതുകൊണ്ട് തന്നെ അനുകരണമോ മുന്‍മാതൃകകളോ ഇല്ലാത്ത മൗലിക രചനയാണ് കുന്ദലത. മദിരാശിയിലിരുന്നാണ് കുന്ദലത എഴുതിയതെന്നതിന് അപ്പുനെടുങ്ങാടി എഴുതിയ ആമുഖത്തിലെ ലിംഗിച്ചെട്ടിത്തെരുവ് എന്ന സ്ഥലനാമം സൂചന നല്‍കുന്നു. ക്രാന്തദര്‍ശിയായിരുന്ന അപ്പുനെടുങ്ങാടി മലയാളത്തിലെ ആദ്യനോവല്‍ രചയിതാവ് മാത്രമല്ല, കേരളത്തിലെ ആദ്യത്തെ ബാങ്ക് (നെടുങ്ങാടി ബാങ്ക്) സ്ഥാപിച്ചതും അദ്ദേഹമാണ്. അപ്പുനെടുങ്ങാടി തന്നെയായിരുന്നു 1918 മുതല്‍ മൂന്നു വര്‍ഷം ബാങ്ക് ചെയര്‍മാന്‍ (നെടുങ്ങാടി ബാങ്ക് 2003ൽ പഞ്ചാബ് നാഷനല്‍ ബാങ്ക് - പിഎന്‍ബി -ഏറ്റെടുത്തു. ഇനിയിപ്പോള്‍ 'പുതിയ നെടുങ്ങാടി ബാങ്ക്' എന്നും പിഎന്‍ബിയെ വിളിക്കാമെന്ന് സുധ നെടുങ്ങാടി!).

സാധാരണക്കാരായ കര്‍ഷകരെ രക്ഷപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ആദ്യമായി കോഴിക്കോട് ആസ്ഥാനമായി ക്ഷീരവ്യവസായകമ്പനിക്ക് രൂപം നല്‍കിയതും അപ്പു നെടുങ്ങാടിയാണ്. നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠനസഹായം നല്‍കുന്നത് ഇന്ന് വലിയ സംഭവമായി ബാങ്കുകള്‍ കൊട്ടിഘോഷിക്കുമ്പോള്‍ ഒന്നോര്‍ക്കുക: കുട്ടികള്‍ക്ക് പഠിക്കാന്‍ ബാങ്കില്‍നിന്നുള്ള സഹായപദ്ധതി ആദ്യമായി ഏര്‍പ്പെടുത്തിയത് അപ്പു നെടുങ്ങാടിയായിരുന്നു. നെടുങ്ങാടി ബാങ്കിന്റെ ഈ പദ്ധതിയനുസരിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി പേര്‍ പഴയ തലമുറയിലുണ്ടായിരുന്നു.

കേരള സഞ്ചാരി, കേരള പത്രിക, വിദ്യാവിനോദിനി എന്നീ പ്രസിദ്ധീകരണങ്ങളും അപ്പു നെടുങ്ങാടിയുടേതായുണ്ടായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളായിരുന്നു അവ. അക്കാലത്തെ പ്രസിദ്ധീകരണ - പ്രസാധനമേഖലകളില്‍ തീര്‍ച്ചയായും ഇതൊക്കെ വന്‍ വിപ്ലവം തന്നെയായിരുന്നു. ഇന്നത്തെ തലമുറ മറന്നുപോകുന്ന ഭാഷാവിപ്ലവം. കോഴിക്കോട് നഗരസഭയുടെ ആദ്യത്തെ അധ്യക്ഷനും റാവു ബഹദൂര്‍ അപ്പു നെടുങ്ങാടി തന്നെ.

ഒ ചന്തുമേനോന്‍ ന്യായാധിപനും ടിഎം അപ്പു നെടുങ്ങാടി അഭിഭാഷകനുമായത് കൊണ്ട് ഇന്ദുലേഖയായിരിക്കും ലക്ഷണമൊത്ത നോവലെന്നത് കേവലം വ്യവഹാരനീതി മാത്രമായിരിക്കുമോ എന്ന ബലമായ സംശയവും എനിക്കുണ്ട്
സുധ നെടുങ്ങാടി

കോഴിക്കോട്ടെ ആദ്യത്തെ ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിക്കുക വഴി അദ്ദേഹം ഈ രംഗത്തും വേറിട്ട വ്യക്തമുദ്ര ചാര്‍ത്തി. ഇന്ന് അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നാണ് ഇതറിയപ്പെടുന്നത്.

പതിമൂന്നാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട അപ്പു നെടുങ്ങാടി ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് പഠനം പൂര്‍ത്തിയാക്കിയതും മദിരാശി ലോ കോളേജില്‍നിന്ന് ബിരുദം നേടി അഭിഭാഷകവൃത്തി സ്വീകരിച്ചതും. വ്യത്യസ്തമേഖലകളില്‍ വിജയക്കൊടി നാട്ടിയ ഈ മനുഷ്യസ്‌നേഹിക്ക് എഴുത്ത് പക്ഷേ ഗൗരവമായൊരു കര്‍മമായിരുന്നില്ലെന്ന് സുധ നെടുങ്ങാടി, തന്റെ ഗവേഷണത്തിന്റെ വെളിച്ചത്തില്‍ സമ്മതിക്കുന്നുണ്ട്. ഭാര്യയ്ക്കു നേരംപോക്കിന് വായിക്കാന്‍ വേണ്ടി നോവലെഴുതിത്തുടങ്ങിയതാണെങ്കിലും നമ്മുടെ ഭാഷയിലെ ആദ്യ നോവലെന്ന നിലയില്‍ കുന്ദലതയ്ക്കും അതിന്റെ രചയിതാവിനും അര്‍ഹമായ അംഗീകാരം ഇനിയും കിട്ടിയിട്ടുണ്ടോയെന്ന കാര്യത്തില്‍ തീര്‍ച്ചയായും സന്ദേഹമുണ്ടെന്ന അവരുടെ പരാതിയില്‍ അടിസ്ഥാനമുണ്ട്. സുധ മാത്രമല്ല, ആ മഹാനുഭാവന്റെ പിന്തുടര്‍ച്ചക്കാരായ വല്‍സലക്കോവിലമ്മ, മകന്‍ രാജീവ് നെടുങ്ങാടി, മരുമകന്‍ വിനോദ് നെടുങ്ങാടി, പേരമക്കളായ ജയഗോവിന്ദ്, ഗൗരിനന്ദ എന്നിവരുടെയൊക്കെ സംശയം തന്നെയാണിത്.

ലക്ഷണമൊത്ത ആദ്യനോവലായി ഇന്ദുലേഖ വാഴ്ത്തപ്പെടുമ്പോള്‍, അതിനും മുമ്പേ രചിക്കപ്പെട്ട കുന്ദലതയും അതിന്റെ കര്‍ത്താവ് അപ്പു നെടുങ്ങാടിയും എങ്ങനെ വിസ്മൃതരായിപ്പോകുന്നുവെന്ന ഈ കുടുംബത്തിന്റെ ചോദ്യം മലയാണ്മയുടെ സംവേദനതലങ്ങളെയും അലട്ടാതിരിക്കില്ല.

ഒ ചന്തുമേനോന്‍ ന്യായാധിപനും ടി എം അപ്പു നെടുങ്ങാടി അഭിഭാഷകനുമായതുകൊണ്ട് ഇന്ദുലേഖയായിരിക്കും ലക്ഷണമൊത്ത നോവലെന്നത് കേവലം വ്യവഹാരനീതി മാത്രമായിരിക്കുമോയെന്ന ബലമായ സംശയവും എനിക്കുണ്ട് - സുധാനെടുങ്ങാടി കൂട്ടിച്ചേര്‍ക്കുന്നു.

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

'മോദിയോട് വിയോജിപ്പുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറുന്നു'; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ട്രൂഡോ

ഐപിഎല്‍ താരലേലം: രോഹിതിനെ നിലനിർത്തുമോ വിട്ടുകളയുമോ മുംബൈ? ടീമുകളുടെ തീരുമാനങ്ങള്‍ അറിയാം

പിൻഗാമിയായി ജസ്റ്റിസ് സഞ്ജിവ് ഖന്ന? കേന്ദ്രത്തിന് ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്