Art & LITERATURE

മരണക്കൂട്ട്: നോവുന്ന സത്യങ്ങൾ ഉറക്കെപ്പറയുന്ന ഒരു ശവം വാരിയുടെ ആത്മകഥ

പി രാംകുമാർ

അജ്ഞാത ശവങ്ങൾ ഏറ്റെടുത്ത് മറവുചെയ്യുന്ന ആലുവ സ്വദേശി വിനുവിന്റെ ആത്മകഥ ‘മരണക്കൂട്ട്’  ഉയിരു പോയി ജീർണ വസ്ത്രമായി മാറിയ കുറെ ജഡങ്ങളുടെ കഥ പറയുന്ന പുസ്തകമാണ്.

“സ്വന്തമായി ഒരു ശ്മശാനം അതു തന്നെയാണെൻ്റെ സ്വപ്നം. സ്വന്തമെന്ന് പറയുമ്പോഴും, അതെൻ്റേതല്ല. അവിടെ കിടക്കുന്ന ഒരോത്തരുടേയുമാണ്. ആ മണ്ണിൻ്റെ നോട്ടക്കാരൻ മാത്രമാണ് ഞാൻ. മനുഷ്യനോ മൃഗത്തിനോ ആർക്കും മൃതദേഹമായി അവിടേക്ക് വരാം; കാലാകാലം വിശ്രമിക്കാം,” വിനുവെന്ന 38 വയസുള്ള ചെറുപ്പക്കാരൻ്റെ സ്വപ്നമാണത്.

ചുറ്റുമുള്ള മനുഷ്യരൊക്കെ ഒരു നല്ല ഫ്ലാറ്റ്, കാറ്, ലക്ഷങ്ങളുടെ നിക്ഷേപം തുടങ്ങിയ ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ച് അടിപൊളി ജീവിതം സ്വപ്നം കാണേണ്ട പ്രായത്തിൽ ഈ യുവാവ് വേറിട്ട് നിൽക്കുന്നത് വ്യത്യസ്തമായ ഈ ജീവിത സ്വപ്നം കൊണ്ടാണ്. അനാഥശവങ്ങളുടെ നാഥനായ ആലുവാക്കാരൻ വിനുവിന്റെ ആത്മകഥ പുറത്തിറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്.  ‘മരണക്കൂട്ട്’ എന്നു പേരിട്ട ‘ഒരു ശവം വാരിയുടെ ആത്മകഥ’, ഉയിരു പോയി ജീർണ വസ്ത്രമായി മാറിയ കുറെ ജഡങ്ങളുടെ കഥ, തീവ്രമായ വായനാനുഭവം നൽകുന്ന രീതിയിൽ പറയുന്ന പുസ്തകമാണ്.

മരണക്കൂട്ടിൻ്റെ കവർ പേജ്

മരണക്കൂട്ട് അജ്ഞാത ജഡത്തിന്റെ വാര്‍ത്ത വായിച്ച് വിക്ടർ ലീനസിന്റെ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. അവർ വീട്ടില്‍ ചെന്നപ്പോള്‍ ലീനസ് രണ്ട് ദിവസമായി അവിടെ നിന്ന് പോയിട്ട് എന്നറിഞ്ഞു. അജ്ഞാത മൃതശരീരത്തിന്റെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ തപ്പിയെടുത്ത് നെഗറ്റീവില്‍ നിന്ന് പ്രിന്റ് എടുപ്പിച്ചു. അവരുടെ സാന്നിധ്യത്തിൽ പ്രിന്റ് എക്‌പോസ് ചെയ്യുമ്പോള്‍ കട്ടിമീശയുള്ള വിക്ടര്‍ ലീനസിന്റെ മുഖം തെളിഞ്ഞു വന്നു. അപ്പോള്‍ കലൂരിലെ ശ്മശാനത്തില്‍ അജ്ഞാത ജഡമായി കണക്കാക്കി വിക്ടറിനെ അടക്കം ചെയ്യാനായി എടുത്തിരുന്നു. വേണ്ടപ്പെട്ടവർ അവിടെ എത്താൻ അൽപ്പം താമസിച്ചിരുന്നെങ്കിൽ അനേകം അജ്ഞാത ജഡങ്ങളുടെ കൂട്ടത്തിലൊന്നായി വിക്ടർ ലീനസ് മണ്ണോട് ചേർന്നേനെ.

മാധ്യമപ്രവർത്തകനായ നിയാസ് കരീം  എഴുതിയ ​മരണക്കൂട്ട് എന്ന് പേരിട്ട വിനുവിന്റെ ജീവിതകഥ വായിച്ച് തീർന്നപ്പോൾ ത്രസിപ്പിക്കുന്ന തൻ്റെ കഥകളിൽ ഒന്നുപോലെ ജീവിച്ച് മറഞ്ഞ വിക്ടർ ലീനസിൻ്റെ മരണത്തെപ്പറ്റി മൂന്ന് പതിറ്റാണ്ട് മുൻപ് വായിച്ചപ്പോഴുണ്ടായ തീഷ്ണമായ നടുക്കം ഒരിക്കൽ കൂടി മനസിലേക്ക് ഇരമ്പി വന്നു. വായന കഴിഞ്ഞപ്പോൾ ഈ പുസ്തകത്തിലെ ശവംവാരിയുടെ കൂടെ  അനേകം അജ്ഞാത ജഡങ്ങളുടെ ലോകത്ത് കുറച്ച് നേരം സഞ്ചരിച്ച പോലെ ഒരനുഭവം.

എണ്ണമറ്റ അജ്ഞാതജഡങ്ങൾ വാരിയെടുത്ത്, അവയുടെ ഒരേയൊരു നാഥനായി മാറി അവരെ ശാന്തമായി മണ്ണിലേക്ക് ചേർക്കുന്ന വിനുവെന്ന  ചെറുപ്പക്കാരൻ്റെ ജീവിത കഥ നൂറ്റമ്പത് പേജുകളിലായി വായിക്കുമ്പോൾ മുന്നിലെത്തുന്ന അജ്ഞാത ജഡങ്ങളുടെ കഥ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ച്  നമ്മുടെ മനസിനെ വന്നു പൊതിയും. അധമമെന്ന് സമൂഹം വിളിക്കുന്ന ഒരു  പ്രവൃത്തിയാണ് ജീർണിച്ച മൃതശരീരം വാരിയെടുക്കൽ. സാധാരണ ആരും ചെയ്യാൻ തയാറാകാത്ത പ്രവൃത്തി. ശവശരീങ്ങളുമായുള്ള സംസർഗത്തെ കുറിച്ചുള്ള പച്ചയായ അനുഭവങ്ങൾ ആദ്യമായാണ് നമ്മുടെ മുന്നിൽ ഈ പുസ്തകത്തിലൂടെ തുറക്കപ്പെടുന്നത്.

സമൂഹത്തിലെ കാപട്യങ്ങളും അവഗണനകളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങി ഒറ്റപ്പെട്ട്, മൃതശരീരങ്ങൾ മറവു ചെയ്യാൻ മാത്രം ജീവിക്കുന്ന ഒരു യുവാവിൻ്റെ  ലോകമാണ് ഈ പുസ്തകം. ഓരോ ജഡവും മറവു ചെയ്യുമ്പോഴും സമൂഹത്തിലെ പല ചെളിക്കുണ്ടുകളും കാപട്യങ്ങളും വിനുവിന്റെ മുന്നിൽ വെളിപ്പെടുന്നുണ്ട്. ഈ പണി വിനുവിനെ പഠിപ്പിച്ച, സമാനമനസ്കരായ ‘ ഒരു കൂട്ടം ആളുകളേയും വിനു പരിചയപ്പെടുത്തുന്നുണ്ട്. തങ്ങൾ  മറവു ചെയ്ത അനേകം അനാഥശവങ്ങളെപ്പോലെ മറഞ്ഞ ഒരു കൂട്ടം അജ്ഞാത ശവം വാരികൾ.  

വിനു

ആശാന്മാർ എന്ന് വിനു വിളിക്കുന്ന അവർ ജീവിതത്തിൽ അനുഭവിച്ച ഒരേയൊരു വികാരം അവഗണനയാണ്. അവർക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാനാവില്ല. പൊതു സ്ഥലങ്ങളിൽ പ്രതൃക്ഷപ്പെടാനാവില്ല. ലോകത്തിൻ്റെ ഇരുട്ടിലാണ് അവരുടെ ഒറ്റപ്പെട്ട ജീവിതം. ഈ അവഗണനയിൽ അവർക്ക് പരാതിയില്ല. ലോകത്തോട് അവർ  രോഷം പ്രകടിപ്പിക്കുന്നുമില്ല. ഒരുമിച്ച് മദ്യം മോന്തുക, ഭക്ഷണം കഴിക്കുക, ശവം വാരാൻ പോകുക എന്നതാണ് അവരുടെ ആകെയുള്ള ജീവിതചര്യ. ആലുവയിലെ പാലങ്ങളുടെ അടിയിലാണ് അവരുടെ താമസം. “ആശാൻമാർക്ക് ആരോടും മമതയോ അനുകമ്പയോ ഇല്ല. ഒരു മൃതദേഹം വന്നാൽ എങ്ങനെ മരിച്ചുവെന്നൊന്നും അവർക്കറിയണ്ട ആവശ്യമില്ല. അവർ പറയും: ഒരു കുടുബം മുഴുവൻ വിഷം കഴിച്ച് ചത്തു കിടക്കുന്നുണ്ട്. നമുക്ക് ചെന്ന് എടുക്കാം. അത്രയേയുള്ളൂ  അവർക്കത്,” വിനു എഴുതുന്നു. 

ഉറ്റ സുഹൃത്തിൻ്റെ അഴുകിയ ശരീരം പുഴയിൽ നിന്ന് എടുക്കേണ്ടി വന്നതോടെയാണ് പതിനഞ്ച് വയസുകാരൻ വിനു ശവം വാരിയാകുന്നത്. അഴുകിയ ശരീരാവശിഷ്ടങ്ങൾ അന്ന് സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന തൻ്റെ  ശരീരത്തിലൊക്കെ ഒട്ടിപ്പിടിച്ചതൊക്കെ അയാൾ ഓർക്കുന്നു. പിന്നീട് ഈ ശവംവാരി തൊഴിൽ അയാളുടെ ജീവിതത്തിൽ ഒരിക്കലും മാറാത്ത വിധം തന്നെ ഒട്ടിപ്പിടിച്ചു. ആരും അടിച്ചേൽപ്പിക്കാതെ തന്നെ, ആരും അറിഞ്ഞ് ചെയ്യാത്ത ഒരു തൊഴിലാണത്. എങ്കിലും  അയാളതു സ്വീകരിച്ചു.

ശവം വാരിയെന്ന പേര്  പതിഞ്ഞതോടെ വ്യക്തിപരമായ ഒരുപാട് അപമാനങ്ങളും മാറ്റി നിറുത്തലുകളും അയാളനുഭവിച്ചു.  ഹോട്ടലിൽ പ്രവേശനം ഇല്ല. പലചരക്ക് കടയിൽ നിന്ന് സാധനം ചോദിച്ചാൽ നൽകില്ല. ഒരു ഗാനമേള കേൾക്കാൻ പോലും പൊതു സ്ഥലത്ത് നിൽക്കാൻ അനുവാദമില്ല. സ്വന്തക്കാരി ചേച്ചിയുടെ കല്യാണത്തിന് സദ്യയിൽ നിന്ന് ഇറക്കിവിട്ടപ്പെട്ട അവസ്ഥ വരെയുണ്ടായി. ഭാര്യ വരെ ഈ തൊഴിലിൻ്റെ പേരിൽ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചു. എല്ലാ അർത്ഥത്തിലും ഒറ്റപ്പെട്ട ജീവിതം. പ്രബുദ്ധകേരളത്തിൽ, ഈ നൂറ്റാണ്ടിൽ നടക്കുന്നതാണ്  ഈ കാര്യങ്ങളൊക്കെയെന്ന് ഇത് വായിക്കുമ്പോൾ  ആരും ഒന്ന് ഞെട്ടും.

എഴ് പതിറ്റാണ്ട് മുൻപ് വന്ന  ‘തകഴിയുടെ തോട്ടിയുടെ മകൻ ‘ എന്ന നോവലിലെ ഒരു സന്ദർഭത്തിൽ  തോട്ടിയായ ചുടല മുത്തു റോഡിലൂടെ നടക്കുമ്പോൾ എതിരെ വന്നയാൾ രൂക്ഷമായി നോക്കി പറയുന്നുണ്ട്, “നാറുന്നല്ലോടാ, ഒഴിഞ്ഞ് പോകരുതോ…” ആ കാലമെല്ലാം മാറിയെങ്കിലും വിനുവെന്ന ചെറുപ്പക്കാരൻ ഈ ഡയലോഗ് ഇപ്പോഴും കേൾക്കുന്നുവെന്ന് ചുരുക്കം.

വിനു

സമൂഹത്തിന് തൊട്ടു കൂടാനാവാത്തവനായി  അയാൾ അവസാനം എത്തിയത് ശ്മശാനത്തിലാണ്. മരിച്ചല്ല ജീവനോടെയെന്ന് മാത്രം. അവിടെ താമസം. അന്ന് മുതൽ അനാഥ ശവങ്ങളെ യാത്രയാക്കൽ തുടങ്ങി. ഒരു പക്ഷേ, ജീവിച്ചിരുന്നവരേക്കാൾ ഇയാൾ സംസാരിച്ചത് മൃതശരീരങ്ങളോടാണ്. മിക്കവാറും റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിയ കബന്ധങ്ങളോ പുഴയിൽ നിന്ന് വീണ്ടെടുത്ത അഴുകിയ മൃതദേഹങ്ങളോ ആയിരിക്കും അയാളെ തേടിയെത്തുന്നത്. അല്ലെങ്കിൽ അയാൾ തേടി പോകുന്നത്. പോലീസിൻ്റെ സഹായത്തോടെ എറ്റ് വാങ്ങി അയാൾ പൊതുശ്മശാനത്തിൽ യഥാവിധി മറവു ചെയ്യുന്നു.

കാണാതായ പിതാവും പുത്രനും അമ്മയും മകളും ഭർത്താവും ഭാര്യയും മറവു ചെയ്യപ്പെട്ടവരിൽ ഉണ്ടാവാം. അവരെ കാത്തിരുന്ന ഉറ്റവർ പിന്നീട് തേടിവരുമ്പോൾ വിനുവിന്റെ നോട്ട്ബുക്കിൽ പലപ്പോഴും അവരെ തിരിച്ചറിയാനുതകുന്ന വിവരം ഉണ്ടായിരിക്കും.  

നിയാസ് കരീം

കേരളാ പോലീസിൻ്റെ വ്യത്യസ്തമായ ഒരു മുഖവും ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട് വിനു. നമ്മൾ കേൾക്കുന്ന കഥകൾക്ക് അപ്പുറം പോലീസ് ഒരു നന്മമരം കൂടിയാണെന്ന് തൻ്റെ അനുഭവങ്ങളിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനോട് യോജിക്കാം വിയോജിക്കാം, പക്ഷേ, നേരനുഭവങ്ങളുള്ള വിനുവിൻ്റെ നിരീക്ഷണം അവഗണിക്കാനാവില്ല.  

“ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. അവരെ നന്നായി യാത്രയയ്ക്കുക. അതാണെൻ്റെ കർത്തവ്യം. ആരുമില്ലാത്തവരെ ആദരവോടെ ആ യാത്രയ്ക്കൊരുക്കുന്ന കർമ്മം എനിക്ക് ഭംഗിയായി ചെയ്യണം,” വിനു പറയുന്നു.

എല്ലാ വർഷവും കർക്കിടകത്തിലെ കറുത്ത വാവ് ദിനത്തിൽ ആലുവ മണപ്പുറത്ത് പതിനായിരക്കണക്കിനാളുകൾ ബലിതർപ്പണം നടത്താറുണ്ട്. മൺമറഞ്ഞ് പോയ അറിഞ്ഞതും അറിയാത്തതുമായ പിതൃക്കൾക്ക് മോക്ഷം കിട്ടാൻ ഉതകുന്ന ബലികർമ്മം. വിനുവെന്ന ആലുവക്കാരൻ ഇതേ നിയോഗവുമായി, അതേ കർമങ്ങൾ അനുഷ്ഠിക്കുന്നുണ്ട്. സമയ കാലങ്ങൾ പാലിക്കാതെ തന്നെ തേടി വരുന്ന അജ്ഞാത ജഡങ്ങളെ എല്ലാ ആദരവും കൊടുത്ത്, സംസ്കരിച്ച് മോക്ഷ പ്രാപ്തി നൽകുന്നവനായി മണപ്പുറത്തല്ലെങ്കിലും ആലുവയിൽ തന്നെ വിനുവുണ്ട്. മാന്യമായി അടക്കം ചെയ്താലേ അനാഥ ശരീരങ്ങളുടെ ആത്മാക്കൾക്ക് ഗതികിട്ടുള്ളൂ എന്ന സങ്കൽപ്പം ശരിയാണെങ്കിൽ വിനുവിൻ്റെ ഈ പുണ്യകൃത്യം ആ ആത്മാവുകളെ മോക്ഷത്തിലെത്തിച്ചിരിക്കും തീർച്ച.

വിനു

ഇത്തരത്തിലൊരു ഇരുണ്ട ലോകത്തിൻ്റെ കഥ മലയാള ഭാഷയിൽ ആദ്യമായാണ് വരുന്നത്. ഇതിനോട് അടുത്തു നിൽക്കുന്ന ഒരു പുസ്തകം 2008-ൽ പുറത്ത് വന്ന ഡോക്ടർ ഷെർലി വാസുവിൻ്റെ ‘ പോസ്റ്റ് മോർട്ടം ടേബിളാ’ണ്. ആ പുസ്തകം കൈകാര്യം ചെയ്യുന്നത് മരണാന്തര മനുഷ്യശരീര പഠനവും, മരണകാരണങ്ങളുമാണെങ്കിൽ ഇത്  മൃതശരീരത്തിൻ്റെ മാത്രം കഥയാണ്. ആർക്കും വേണ്ടാത്ത,  മിക്കവാറും അജ്ഞാതമായ, ചിതറിയ, രൂപമില്ലാത്ത ജഡങ്ങളെ വീണ്ടെടുത്ത് കുഴിമാടത്തിലെത്തിക്കുന്ന ഒരു ശവം വാരിയുടെ കഥ.  അസാധാരണമായ ഒരു വിഷയം തിരഞ്ഞെടുത്ത്, മനസിൽ ആഴത്തിൽ ചെന്ന് കൊള്ളുന്ന ഭാഷയിൽ വിനുവെന്ന ചെറുപ്പക്കാരൻ്റെ ജീവീതം എഴുതിയ യുവ പത്രപ്രവർത്തകനായ നിയാസ് കരീമിൻ്റെ ശ്രമം ഒരുപാട് അഭിനന്ദനമർഹിക്കുന്നു. ഈ പുസ്തകത്തിലെ  മരണത്തിനും ജീവിതത്തിനുമിടയിലെ എഴുതപ്പെട്ട  ചില നിമിഷങ്ങൾ ഗൗരവമായ വായന അർഹിക്കുന്നു.  

മാതൃഭൂമി ബുക്സ് ആണ് മരണക്കൂട്ട് - ഒരു ശവം വാരി’യുടെ ആത്മകഥയുടെ പ്രസാധകർ. വില : 200 രൂപ.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?