നടന്നു വന്ന വഴികള്‍, പാര്‍ത്ത വീടുകള്‍, പ്രകൃതിയുടെ വിസ്മയം തേടി നടന്ന തൊടികള്‍, കിളികള്‍, പൂവുകള്‍, മരങ്ങള്‍, ഹൃദയത്തെ സ്പര്‍ശിച്ച മനുഷ്യര്‍ ഇതെല്ലാം നമ്മള്‍ ഓര്‍ത്തിരിക്കാറുണ്ടോ?
എത്രയെത്ര മണവും ശബ്ദവും രുചിയും കാഴ്ചയുമാണ് നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നത്. അവയൊന്നുമില്ലെങ്കില്‍ എത്ര നിശബ്ദവും സുഗന്ധരഹിതവുമാണ് നമ്മുടെ ജീവിതം. ചുറ്റുമൊന്നുമില്ലാത്ത ഹാ വെറും ജീവിതം!
ശ്വസിച്ച കാറ്റിനോടും കുടിച്ച വെള്ളത്തിനോടും സൂര്യനോടും ചന്ദ്രനോടും വിരല്‍കോര്‍ത്ത കൈകളോടും എങ്ങനെ നന്ദി പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും? ഈ കാഴ്ചകളൊക്കെ കണ്ടതിന്റെ അത്ഭുതം എങ്ങനെ വാക്കുകളില്‍ പകര്‍ത്തും? പറയാനുള്ളതിന്റെ മുഴുവന്‍ പ്രതീകമായി ഈ കൂപ്പുകൈ മാത്രം.
നന്ദിപൂര്‍വം എന്ന ഓര്‍മപ്പുസ്തകത്തിന്റെ ആമുഖത്തില്‍ ബി. ഹൃദയകുമാരി കുറിച്ചിരിക്കുന്നത്.
നാം കടന്നുപോകുന്ന ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണെന്ന് ഈ പുസ്തകം ഓര്‍മപ്പെടുത്തുന്നു. ഓരോ നിമഷവും ഓര്‍മയാവുകയാണ്. പിന്നീട് എടുത്തോമനിക്കാനും വാസനിക്കാനുമുള്ള കസവോര്‍മകള്‍.
തന്റെ കലാലയ ജീവിതത്തെ്ക്കുറിച്ചുള്ള ഓര്‍മകളിലെ വസന്തകാലം എന്ന പുസ്തകത്തില്‍ ഓര്‍മകള്‍ എന്തു കൊണ്ടാണ് പ്രിയപ്പെട്ടവയാകുന്നതെന്ന് ഹൃദയകുമാരി പറയുന്നുണ്ട്. അവ ജീവിതം തന്നെയായതുകൊണ്ടും ജീവിതം നശ്വരമാണെന്നുള്ള ബോധ്യം കൊണ്ടുമായിരിക്കണം. അനുഭവങ്ങള്‍ ഓര്‍മകളായി മാറും. ഓര്‍മകള്‍ മറവിയില്‍ ലയിക്കും. മറക്കാത്തതും മരണത്തില്‍ ലയിക്കും. അവയെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത് ജീവിതാസക്തികൊണ്ടു തന്നെയായിരിക്കണം-ജീവിച്ചതില്‍ ഒന്നു കൂടി ജീവിക്കാന്‍, പ്രിയപ്പെട്ടതിനെയൊക്കെ ഒന്നു കൂടി കാണാനും അറിയാനും. ആ അറിവില്‍ കൂടി ഞാന്‍ പുനര്‍ജനിക്കുന്നു. ഞാനെന്ന ബോധത്തിന് ഒരു നവോന്മേഷം. ഞാന്‍ കാണുന്നതിനൊക്കെ ഒരു നവ്യശോഭയും. ആ ഉന്മേഷത്തിലും ശോഭയിലും അഗാധമായ വ്യസനവും കലര്‍ന്നിട്ടുണ്ട്. പാന്ഥര്‍ പെരുവഴിയമ്പലം തന്നിലെ എന്ന എഴുത്തച്ഛന്‍ വരികളിലെ നശ്വരജീവിതത്തെ ഓര്‍മിപ്പിക്കുന്ന അഗാധമായ വ്യസനം.
''നല്ല തണുപ്പുണ്ടായിരുന്നു പഴയ തിരുവനന്തപുരത്തിന്. എപ്പോഴും കടല്‍ക്കാറ്റ് വീശിക്കൊണ്ടിരിക്കും. ശംഖുമുഖം കാറ്റെന്നായിരുന്നു ഞങ്ങളതിന് പേരിട്ടിരുന്നത്. പടിഞ്ഞാറുനിന്ന് ചിലപ്പോള്‍ ചെറുതിരകളായും പലപ്പോഴും വന്‍തിരകളായും പൊങ്ങിത്താണ് വീശിയടിച്ച് അത് പറന്നുവന്നുകൊണ്ടിരിക്കും. ധാരാളം മരങ്ങളുണ്ടായിരുന്നതുകൊണ്ട് നഗരത്തിന്റെ പല ഭാഗങ്ങളും കാറ്റത്തിളകുന്ന ഒരു പച്ചക്കടല്‍ പോലെ തോന്നിച്ചിരുന്നു. ചൂട് ചൂട് എന്ന് ആരും പരാതിപ്പെടുന്നത് ഓര്‍മയില്ല. ധനു, മകര മാസങ്ങളില്‍ തണുപ്പ് കൂടുതലാണ്. ഉച്ചയ്ക്കുപോലും നേരിയ കുളിര് അനുഭവപ്പെടും. കാലത്തെ അടുക്കളയില്‍ എണ്ണയും തലയില്‍ തേയ്ക്കാനുള്ള എണ്ണയും കുപ്പിയില്‍ കട്ടപിടിച്ചിരിക്കുന്നതോര്‍മയുണ്ട്. അടുപ്പിനടുത്തുവച്ച് ഉരുക്കിയാണ് ഉപയോഗിക്കുന്നത്. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും നേരിയ മൂടല്‍ അപൂര്‍വമായിരുന്നില്ല. പുതച്ചുമൂടിയായിരുന്നു ഉറക്കം. കന്നി, കുംഭം, മീന മാസങ്ങളില്‍ ചൂടുണ്ടായിരുന്നിരിക്കണം. എങ്കിലും കടല്‍ക്കാറ്റിന്റെ സ്‌നേഹാശ്ലേഷത്തില്‍ അതിനെ അത്ര ഗൗനിച്ചിരുന്നില്ല.''
ടീച്ചറുടെ ജീവിതം തിരുവനന്തപുരം നഗരവുമായി വളരെയധികം ഇഴുകിച്ചേര്‍ന്നിരുന്നു. നഗരത്തെ്ക്കുറിച്ചുള്ള ഹൃദ്യമായ ഓര്‍മകളാണ് ഈ പുസ്തകത്തില്‍ ടീച്ചര്‍ പങ്കുവയ്ക്കുന്നത്. ടീച്ചറുടെ പ്രായം വച്ചു കണക്കാക്കുകയാണെങ്കില്‍ 1940കള്‍ ആയിരിക്കണം ആ കാലം.
കാലാവസ്ഥയെക്കുറിച്ച് മാത്രമല്ല തിരുവനന്തപുരത്തിന്റേതായ സവിശേഷമായ രുചിയും മണവും ശബ്ദവും എല്ലാം വാക്കുകളിലൂടെ ഈ പുസ്തക്തത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു ചാരുതയോടെ ഇതള്‍ വിരിയുന്നുണ്ട്. സന്ധ്യകളില്‍ മൃഗശാലയില്‍നിന്ന് കേള്‍ക്കുന്ന സിംഹത്തിന്റെ അലര്‍ച്ച, എവിടെയും കേള്‍ക്കുന്ന അണ്ണാന്റെ ചിലപ്പ്, ഗുണ്ടുകാടില്‍നിന്ന് സമയം അറിയിച്ച് മുഴങ്ങുന്ന ഗുണ്ടിന്റെ നാദം ഇവയാണ് ടീച്ചറുടെ ഓര്‍മയില്‍ എന്നും മുഴങ്ങിയിരുന്ന പഴയ തിരുവനന്തപുരത്തിന്റെ ശബ്ദങ്ങള്‍.
വൃക്ഷ നിബിഡമായിരുന്ന തിരുവനന്തപുരത്തിന് ഓരോ മാസത്തിലും ഓരോ പൂവിന്റെ ഗന്ധമായിരുന്നത്രെ. വേനല്‍ക്കാലത്ത് മാമ്പൂവിന്റെയും പച്ചമാങ്ങയുടെയും ഗന്ധം, വൃശ്ചികമായാല്‍ സന്ധ്യ മുതല്‍ നേരം വെളുക്കും വരെ പാലപ്പൂവിന്റെ ഗന്ധം. ചിലപ്പോള്‍ ചെമ്പകത്തിന്റെയും ചിലപ്പോള്‍ അശോകത്തിന്റെയും ഭ്രമിപ്പിക്കുന്ന സുഗന്ധം. ബാല്യകാലത്ത് വഴുതക്കാടും പാളയത്തും പഴവങ്ങാടിയിലും എഴുത്തുകാരിക്ക് ലഭിച്ച ഒരു പ്രത്യേക മണത്തെ്ക്കുറിച്ചും ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അത് നമ്മള്‍ മുറുക്കാന്‍ കടകളെന്ന് വിളിച്ചിരുന്ന ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കടകളില്‍നിന്നുള്ള ഗന്ധമാണ്. നാരങ്ങാത്തോടിന്റെയും പഴക്കുലയുടെയും വെറ്റയുടെയും പാക്കിന്റെയും എല്ലാം ചേര്‍ന്ന ഒരു സമ്മിശ്രഗന്ധം.
ഇത്തരം സൂക്ഷ്മമമായ നിരീക്ഷണങ്ങളാണ് പുസ്തകത്തെ വെറുമൊരു ഓര്‍മക്കുറിപ്പെന്ന തലത്തില്‍നിന്ന് ഉയര്‍ത്തുന്നത്.
90കളുടെ ഒടുവിലാണ് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അധ്യാപികയെ കാണുന്നത്. അധ്യാപനവൃത്തിയില്‍നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഞങ്ങള്‍ക്കുവേണ്ടി ക്ലാസെടുക്കാമെന്ന് ടീച്ചര്‍ സമ്മതിച്ചു. ഞങ്ങള്‍ ആറേഴ് പേര്‍ മാത്രമേ വിദ്യാര്‍ത്ഥികളായുള്ളൂ.
കോളേജ് കഴിഞ്ഞ് നിറയെ മരങ്ങളും പൂക്കളുമുള്ള ആ വീട്ടുവളപ്പില്‍ ഞങ്ങളെത്തുമ്പോഴേക്കും ഉമ്മറത്ത് പോക്കുവെയില്‍ വീണുകഴിഞ്ഞിരിക്കും. ഹൃദ്യമായ ചിരിയോടെ അരവാതില്‍ തുറന്ന് ടീച്ചര്‍ ഞങ്ങളെ സ്വാഗതം ചെയ്യും. അത് സാഹിത്യലോകത്തേക്കുള്ള മായാവാതിലാണെന്നും അറിവിന്റെ ഖനിയിലേക്കുള്ള ആഴത്തിലേക്കാണ് ഞാന്‍ ആണ്ടുപോകാന്‍ പോകുന്നതെന്നും പതുക്കെ തിരിച്ചറിയുകയായിരുന്നു.
ലിറ്റററി ക്രിട്ടിസിസം എന്ന വിഷയമാണ് ടീച്ചര്‍ ഞങ്ങളെ പഠിപ്പിക്കുന്നത് എങ്കിലും പലപ്പോഴും അത് ലോകസാഹിത്യത്തിലേക്കും മലയാള സാഹിത്യത്തിലേക്കും ചരിത്രത്തിലേക്കും വഴുതി വീഴും. എനിക്കും അതാണ് വേണ്ടിയിരുന്നത്.
ഇഷ്ടവിഷയമായ ഷേക്‌സ്പിയര്‍ നാടകങ്ങളില്‍ എത്തുമ്പോള്‍ ടീച്ചറുടെ മുഖത്ത് അനിര്‍വ്വചനീയമായ പ്രകാശം പരക്കും. അപ്പോള്‍ അജ്ഞാതമായ ഒരു ഊര്‍ജപ്രവാഹം പ്രൗഢയായ ആ അധ്യാപികയുടെ സിരകളിലേക്ക് ഒഴുകിയെത്തുന്നതായി തോന്നിയിട്ടുണ്ട്. കിങ് ലിയറും ഹാംലെറ്റും ലേഡി മാക്‌മെബത്തും ഒഥല്ലോയും ഞങ്ങളിരിക്കുന്ന വീടിന്റെ ഉള്‍ത്തളത്തിലേക്ക് ഇറങ്ങിവരും. അസാമാന്യമായ ആ ശബ്ദസൗന്ദര്യത്തില്‍ ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കടലിരമ്പും, കൊടുങ്കാറ്റ് വീശുകയും രാത്രിയുടെ സൗന്ദര്യം പ്രണയം പോലെ പൂത്തുലയുകയും ചെയ്യും. വിഹ്വലരായ ആ കഥാപാത്രങ്ങളുടെ നെഞ്ചിടിപ്പ് പോലും ഞങ്ങള്‍ കേള്‍ക്കും. ആ മുഖത്തുനിന്ന് കണ്ണെടുക്കാതെ ഞങ്ങള്‍ നോക്കിയിരിക്കും.
പെട്ടെന്ന് ഞങ്ങളെ ആ മായാലോകത്തുനിന്ന് വീണ്ടും ക്ലാസിലേക്ക് തിരികെ എടുത്തെറിഞ്ഞുകൊണ്ട് ടീച്ചര്‍ ചോദിക്കും 'Frailty Thy name is woman (ചപലതേ നിന്റെ പേരല്ലോ സ്ത്രീ) എന്നത് ആരുടെ വാചകമാണ്?''
സംശയലേശമില്ലാതെ ഞങ്ങള്‍ ഷേക്‌സ്പിയര്‍ എന്ന് മറുപടി പറയും. ''അത് ഷേക്‌സ്പിയര്‍ പറഞ്ഞതല്ല, ഹാംലെറ്റ് രാജകുമാരന്‍ എന്ന കഥാപാത്രം പറഞ്ഞതാണ്,'' വളരെ മൃദുലമായി എന്നാല്‍ ശക്തിയോടെ ടീച്ചര്‍ ആ വാദം പറഞ്ഞ് ഉറപ്പിക്കുമ്പോള്‍ വെറും ബിരുദ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ സ്ത്രീപക്ഷവായനയുടെ ആദ്യ ചുവട് വയ്ക്കുകയായിരുന്നു.
ടീച്ചര്‍ക്കൊപ്പമുള്ള ഓരോ സായാഹ്നങ്ങളിലും ഞങ്ങള്‍ക്ക് മുന്നില്‍ സാഹിത്യലോകത്തെ രാജപാതകള്‍ തുറക്കപ്പെടുകായിരുന്നു. അതിനുമപ്പുറം തിരുവനന്തപുരത്തിന്റെ ചരിത്രം, ബാല്യകാല ഓര്‍മകള്‍, മറക്കാനാവാത്ത സംഭവങ്ങള്‍ ഇതെല്ലാം ഞങ്ങളുടെ മുന്നില്‍ ടീച്ചര്‍ തുറന്നുവച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, ടീച്ചറുടെ അച്ഛന്‍ ബോധേശ്വരന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ തുടങ്ങി കാലം അടയാളപ്പെടുത്തിയ ഓരോ മഹദ് വ്യക്തിത്വങ്ങളെയും ടീച്ചര്‍ ഞങ്ങളുടെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി.
ആയിരം ഇടവപ്പാതികള്‍ മനസിലൊളിപ്പിച്ച ടീച്ചറുടെ ഉള്ളില്‍നിന്നും ഏതാനും തുള്ളികള്‍ നുണയാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അതുപോലെ നിത്യമധുരമായ ജീവിതത്തില്‍നിന്നുമുള്ള ഏതാനും തുള്ളികളാണ് ഈ പുസ്തകത്തില്‍.
നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുവെങ്കില്‍, കിളികളെയും പൂക്കളെയും മരങ്ങളെയും നന്ദിയോടെ ഓര്‍മിക്കുന്നുവെങ്കില്‍ ഒരിക്കലെങ്കിലും കണ്ട മനുഷ്യമുഖങ്ങളെ ഹൃദയത്തിന്റെ ഉള്ളില്‍ സൂക്ഷിക്കുന്നുവെങ്കില്‍ ഈ പുസ്തകം നിര്‍ബന്ധമായും വായിച്ചിരിക്കണം.
2014 നവംബര്‍ എട്ടിന് ടീച്ചര്‍ മരിക്കുന്നത് വരെ ഇടയ്ക്കിടെ കാണാന്‍ പോയിരുന്നു. ക്ലാസ് പോലെയല്ല, ഓര്‍മയില്‍നിന്നും ഓരോന്ന് ടീച്ചര്‍ പറയുന്നത് കേട്ടിരിക്കുമ്പോള്‍ മുന്നില്‍ ഒരു കാലഘട്ടം അനാവൃതമാകും. ചുറ്റുപാടുകളെ സദാ നിശബ്ദമായി നിരീക്ഷിച്ചിരുന്ന ഒരു വ്യക്തിത്വത്തിന്റെ അനിതരസാധാരണമായ കുറിപ്പുകളാണ് ഈ പുസ്തകം.
ടീച്ചര്‍ മരിക്കുമ്പോള്‍ ഞാന്‍ വിദേശത്തായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. അതിനുശേഷം ആ വീട്ടില്‍ പോയപ്പോള്‍ ആ ശൂന്യത എന്നെ വല്ലാതെ പൊതിഞ്ഞു. വീടിനോട് ചേര്‍ന്നുനില്‍ക്കുന്ന വള്ളിപ്പടര്‍പ്പിലൂടെയും മറ്റും നടുമുറ്റത്തേക്ക് വീഴുന്ന പാമ്പുകളെ പോലും അവസാനകാലത്ത് ടീച്ചര്‍ ഉപദ്രവിക്കില്ലായിരുന്നുവെന്ന് അവിടെ സഹായത്തിനുനിന്ന ചേച്ചി പറഞ്ഞു. വഴിതെറ്റി വന്ന പാമ്പുകളെ നനഞ്ഞ ചാക്ക് കൊണ്ട് പൊതിഞ്ഞുപിടിച്ച് പുറത്തേക്ക് കളയും. ഉറുമ്പുകളെ പോലും നോവിക്കാതെ നടക്കും. ഈ ഭൂമി പൂവിനും പുല്ലിനും പുഴുവിനും പൂമ്പാറ്റയ്ക്കും കൂടിയുള്ളതെന്ന് ആ പുണ്യാത്മാവ് വിശ്വസിച്ചു.
ടീച്ചറുടെ മരണത്തിന് ഏതാണ്ട് ആറോ ഏഴോ മാസം മുമ്പ് കാണുമ്പോള്‍ പുനര്‍ജന്മത്തെക്കുറിച്ചും ആത്മീയതെയും കുറിച്ചുമൊക്കെയാണ് എന്നോട് സംസാരിച്ചത്.
ഈ പുസ്തകത്തിന്റെ അവസാന അധ്യായത്തിന്റെ തലക്കെട്ട് ഞാനാര്? എന്നാണ്. ജീവിതത്തിന്റെ പൊരുളും അര്‍ത്ഥവും തേടിക്കൊണ്ടിരുന്ന ഒരു ആത്മാന്വേഷിയുടെ മനസ് ഇവിടെ വായിക്കാം. അജ്ഞാതമായ ലോകത്തുനിന്ന് വരികയും പിന്നീട് അവിടേക്ക് തിരിച്ചുപോവുകയും ചെയ്യുന്ന ആളാണ് താനെന്ന് ടീച്ചര്‍ വിശ്വിസിച്ചു. ഉടുപ്പ് മാറും പോലെ ആത്മാവ് ശരീരം മാറുന്നുവെന്ന ഭാരതീയ സങ്കല്‍പ്പത്തിലും ഒരു ജീവിയെപ്പോലും നോവിക്കരുതെന്ന തത്വത്തിലും ടീച്ചര്‍ അടിയുറച്ച് വിശ്വസിച്ചു.
കുട്ടിക്കാലത്തുണ്ടായ ചില അതിന്ദ്രീയാനുഭവങ്ങളും മരണാനന്തര ജീവിതത്തെക്കുറിച്ച് വായിച്ച ചില പുസ്തകങ്ങളെക്കുറിച്ചും ടീച്ചര്‍ ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. എങ്കിലും ഓരോന്നിലും ഈശ്വരസാന്നിധ്യം കണ്ട വിശാല മനസിനുടമയായിരുന്നു ടീച്ചര്‍.
''എന്റെ മുറിയില്‍ അപൂര്‍വം ചില രാത്രികളില്‍ രണ്ട് മിന്നാമിന്നികള്‍ വരും. ഗൗളി പിടിക്കാതെ അവ പുറത്തുപോകണേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാനുറങ്ങും.''
നിങ്ങള്‍ പ്രകൃതിയെ സ്‌നേഹിക്കുന്നുവെങ്കില്‍ വെറും ശരീരം മാത്രമല്ല മനുഷ്യനെന്ന് വിശ്വസിക്കുന്നുവെങ്കില്‍ ഈ പുസ്തകം തീര്‍ച്ചയായും വായിക്കണം.