പ്രപഞ്ചത്തിന്റെ വ്യാപ്തിയും പ്രപഞ്ചോത്പത്തി മുതലുള്ള കാലവുമായി താരതമ്യപ്പെടുത്തിയാൽ ഒരു നിമിഷത്തിന്റെ ദൈർഘ്യം പോലുമില്ല മനുഷ്യായുസ്സിന്. ഒരു തുമ്പിയുടെ ചിറകടിയോളം നീളുന്ന ജീവിതത്തിൽ എത്രപേർ കാലത്തിന്റെ ഗതി മനസ്സിലാക്കുന്നു? നിമിഷങ്ങളുടെയും ചിന്തകളുടെയും ഇടയ്ക്കുള്ള ആലോചനകളിലേക്ക്, ജീവന്റെ സത്തയിരിക്കുന്ന ആ ഇടനേരങ്ങളിലെ ചെറിയ നിമിഷങ്ങളിലേക്കുള്ള യാത്രയാണ് വിനിറ്റ മാത്യുവിന്റെ ഇൻബിറ്റ്വീനിങ് (Inbetweening) എന്ന കവിതാസമാഹാരം. വാക്കുകളുടെയും അപ്പുറത്തേക്കുമുള്ള ഒരു യാത്ര.
ബാഹ്യമായ അന്വേഷണങ്ങളിൽനിന്നും ഉള്ളിലേക്കുള്ള കാഴ്ചയാണ് ഇൻബിറ്റ്വീനിങ്. തന്നിൽനിന്നു തന്നിലേക്കുള്ള യാത്രയാണ് ഓരോ വാക്കും
വാക്കാണ് നിലനില്പിന്റെ ആധാരം. വികാരവിചാരങ്ങളെ മനസിലാക്കാനും പ്രകടിപ്പിക്കാനും വാക്കിനാലും ഭാഷയാലുമേ കഴിയൂ. എന്നാൽ അതിനുമപ്പുറത്തുള്ള, വാക്കിനും അതീതമായ അനുഭവങ്ങളെ പകർന്നുനൽകുന്ന വിസ്മയമാണ് കവിത. വരികൾക്കിടയിൽ, വാക്കുകൾക്കിടയിൽ, നിമിഷങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന അനേകായിരം കുഞ്ഞു-വല്യ സത്യങ്ങളെ, നാം പലപ്പോഴും നേരിടാനോ അംഗീകരിക്കാനോ തയ്യാറാവാത്ത യാതാർഥ്യങ്ങളെ- അവിടെ മൂടിവെക്കപ്പെട്ട മുറിവുകളുണ്ട്, ആരാരെയും കാണിക്കാതെ ഹൃദയത്തിന്റെ ഉള്ളിൽ സൂക്ഷിച്ചുവെച്ച രഹസ്യ സന്തോഷങ്ങളും നിമിഷങ്ങളുമുണ്ട്, ഇനിയും പൊരുത്തപ്പെടാത്ത നഷ്ടങ്ങളുണ്ട്, തീരാവിലാപങ്ങളുമുണ്ട്. അങ്ങനെ ഒരാളിൽ ചലനങ്ങളുണ്ടാക്കുന്ന, ഉണ്ടാക്കിയ ഓരോ നിമിഷത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഇൻബിറ്റ്വീനിങ് എന്ന സമാഹാരത്തിലെ ഓരോ കവിതയും.
മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കവിതാസമാഹാരം, പ്രണയത്തിൻെറയും വിരഹത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും അകമെയും പുറമെയും സദാനിലകൊള്ളുന്ന കലാപങ്ങളുടെയും ശാന്തിക്കും സമാധാനത്തിനും ഉത്തരങ്ങൾക്കും പര്യവസാനകൾക്കുമായുള്ള മനുഷ്യസഹജമായ തിരച്ചിലിന്റെയും വരികൾ കുറിച്ചിടുന്നു. ഒരു വിഷയം നൂറുവാക്കിൽ പരത്തിപ്പറയുന്നതിലും ഭംഗി നൂറു ആശയങ്ങളും വായനകളും സാധ്യമാക്കുന്ന ഏതാനും വാക്കുകൾക്കാണ്. അതേ ഭംഗിയാണ് വിനിറ്റയുടെ വരികൾക്ക്. ഓരോ വാക്കിലും ഒളിപ്പിച്ചുവെച്ചിരിക്കുന്ന പ്രണയവും വിരഹവും അവയിൽനിന്ന് പതുക്കെ വിരമിച്ച് ബാക്കിയാവുന്ന പ്രക്ഷുബ്ധമായ നിമിഷങ്ങളിൽനിന്നുള്ള വിടുതലിനേക്കായുള്ള തേടലും മനസ്സിൽ തൊടുന്ന വിധത്തിൽ വരച്ചിട്ടിരിക്കുകയാണ് ഈ കവിതകളിൽ. ഇളകിമറിഞ്ഞ കടലിൽ നാം ഒറ്റയ്ക്കല്ലെന്നുള്ള ആ വിശ്വാസമാണ് തന്റെ വരികളിലൂടെ കവി ഇവിടെ വായനക്കാരിലേക്കിടുന്ന പാലം.
ഒരാളിൽ ചലനങ്ങളുണ്ടാക്കുന്ന, ഉണ്ടാക്കിയ ഓരോ നിമിഷത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഇൻബിറ്റ്വീനിങ് എന്ന സമാഹാരത്തിലെ ഓരോ കവിതയും
ബാഹ്യമായ അന്വേഷണങ്ങളിൽനിന്നും ഉള്ളിലേക്കുള്ള കാഴ്ചയാണ് ഇൻബിറ്റ്വീനിങ്. തന്നിൽനിന്നു തന്നിലേക്കുള്ള യാത്രയാണ് ഓരോ വാക്കും. എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഉള്ളിൽ തന്നെയുണ്ട്; ഒന്നും പുറത്ത് തിരയേണ്ടതില്ല. അത്തരം ആന്തരിക ആത്മഭാഷണങ്ങളാണ് സമാഹാരത്തിലെ ഓരോ കവിതയും. എങ്ങനെ ഓരോ ചിന്തയും ഓരോ അനുഭവങ്ങളാകുന്നു, ആ അനുഭവങ്ങൾ എങ്ങനെ ഓരോ കാഴ്ചയെയും ഓർമയെയും വ്യത്യസ്തമാക്കുന്നു എന്നതിലാണ് വിനിറ്റ ഓരോ വായനകാരന്റെയും ശ്രദ്ധ എത്തിക്കുന്നത്. തികച്ചും സാധാരണമായ, എങ്കിൽ ഏറ്റവും പ്രാധാന്യവും ജീവന്റെ ഗതിയെ തന്നെ പലപ്പോഴും നിർണയിക്കുന്ന വികാരവിചാരങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് കവിത എന്ന വേർഡ്‌സ്‌വേർത്തിന്റെ വാകുക്കളെ ഓർമിപ്പിക്കുന്ന ഓരോ വരിയും നെഞ്ചിലേറ്റുന്നതും അതാണ്- ഈ സംസാരത്തിൽ ഒന്നും ആരും തനിച്ചല്ല, എല്ലാം അവിരമ്യമായ ഒരു തുടർച്ചയാണ്, അതിലെ ഒരു കണം നീയും, മറ്റൊരു കണം ഞാനും.
ഈ പുസ്തകത്തിലെ എന്നെ ഏറ്റവും സ്പർശിച്ച കാര്യം subjective confessional poetry (ആത്മനിഷ്ഠ കവിത) എന്ന വളരെ സങ്കീർണമായ ശൈലിയെ എത്ര മനോഹരമായാണ് കവി വായനക്കാരുടെയും അനുഭവങ്ങളുമായി തട്ടിച്ചുനിരത്തുന്നുവെന്നത്. തന്റെ വ്യക്തിത്വത്തിന്റെ ശീലുകൾ വരച്ചുകാട്ടുമ്പോഴും അതേസമയം ഓരോ വരിയും വായനക്കാരുടെ ഉളിലേവിടെയോ അറിഞ്ഞോ അറിയാതെയോ മറന്നുകിടന്നിരുന്ന അനേകം ഓർമകളുടെയും കൂടെ എടുത്തു പറയലാണ്. കവിതയാൽ മാത്രം കഴിയുന്ന വിവിധമെങ്കിലും നാമെല്ലാം ഒരേ ജീവിതവഴികളിലൂടെ ഒരേ സംഘർശങ്ങളിലൂടെ പോകുന്നവരാണെന്ന ഏകത്വത്തിന്റെ ആഹ്വാനം കൂടിയാണ്. അകമെയും പുറമെയുമുള്ള അന്വേഷങ്ങളുടെയും നിരന്തര പോരാട്ടങ്ങളുടെയും ഈ നിരൂപണങ്ങൾ അവ വായിക്കുന്ന ഓരോ ആളിലേക്കും അത്രമേൽ ചേർന്നുനിൽക്കുന്നത് അതിന്റെ കാവ്യഭംഗിയിലേറെ ചിതറിക്കിടക്കുന്നവരെങ്കിലും അനുഭവങ്ങളാൽ നാം ഒന്നിച്ചാണ് എന്നുള്ള ആവർത്തിക്കുന്ന ഓർമിപ്പിക്കലിലാണ്; ഒറ്റയല്ല എന്നുള്ള തിരിച്ചറിവിലാണ്.