Art & LITERATURE

ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശിഥിലമാക്കുന്ന വിഭജനത്തിന്റെ മുറിവുകള്‍

ചരിത്രത്തിന്റെ മുറിവുകള്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശിഥിലമാക്കുന്നതിന്റെ ആഖ്യാനമാണ് കിരണ്‍ ദോഷിയുടെ 'Jinnah Often Came To Our House' എന്ന നോവല്‍

രാഹുൽ രാധാകൃഷ്ണൻ

രണ്ടാം ലോകയുദ്ധത്തിന്റെ പരിണതിയായി രൂപപ്പെട്ട അഭയാര്‍ത്ഥി പ്രവാഹത്തിന്റെ അലകള്‍ ഇന്ത്യയിലും എത്തിയിരുന്നു. അന്തഃഛിദ്രങ്ങളും അസ്ഥിരതയും കാരണം യൂറോപ്പിലെ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വന്നവരുടെ കൈവശം ബ്രിട്ടീഷ് രേഖകളുണ്ടായെന്നത് പലപ്പോഴും അധികൃതരെ ചിന്താക്കുഴപ്പത്തിലാക്കി. അകന്ന ബന്ധത്തിലുള്ള ബ്രിട്ടീഷ് ചായ്‍വുകൾ ഉപയോഗിച്ചായിരുന്നു ഇവ സംഘടിപ്പിക്കപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഒത്താശയോടെ രൂപപ്പെട്ട 'സാമ്രാജ്യത്വ പൗരത്വം' കൊണ്ട് അവര്‍ക്ക് ഇന്ത്യയില്‍ പ്രത്യേകാനുകൂല്യം നേടാന്‍ കഴിഞ്ഞു. രാജ്യരഹിതരായ അവര്‍ 'വിശേഷാവകാശ'ങ്ങളുള്ള അഭയാര്‍ത്ഥികളായി. ഇക്കൂട്ടരുടെ അവസ്ഥയും പുനരധിവാസവും നേരിട്ട് കാണാനിടയായ അധികൃതര്‍ക്ക്, സംരക്ഷണത്തിനായി മേല്‍ക്കൂരകള്‍ ഇല്ലാതായി. ഒരു പറ്റം മനുഷ്യര്‍ ഇതിലും എത്രയോ ആഴത്തിലുള്ള ദുരിതക്കയത്തിലേക്ക് ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ വീണുപോകുമെന്നു ഭാവനയില്‍പ്പോലും കാണാന്‍ സാധിച്ചിരുന്നില്ല.

പുതുതായി ജന്മമെടുത്ത രണ്ട് രാജ്യങ്ങളിലെ പൗരവര്‍ഗമായി അവരോധിക്കപ്പെടുന്നുണ്ടെങ്കിലും സാങ്കേതികവും ഭരണപരവുമായ അര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികളായിത്തീര്‍ന്ന പരശ്ശതം മനുഷ്യരുടെ വേവും വ്യഥയുമാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യയെയും പാകിസ്താനെയും സ്വാഗതം ചെയ്തത്

യുദ്ധത്തിന്റെയും വിഭജനത്തിന്റെയും അനന്തരഫലമായി അഭയാര്‍ത്ഥികളായവര്‍ കുടികിടപ്പിനായി പലായനം ചെയ്യുന്ന ദൃശ്യം സാധാരണമായിക്കഴിഞ്ഞു. വ്യക്തിഗതമായ അവകാശവും സമാധാനവും സ്ഥിരതയും ഉറപ്പിക്കാന്‍ സ്വാതന്ത്ര്യത്തിന് കഴിയാതെയാവുന്നുണ്ടോ എന്ന ചിന്ത ഉടലെടുക്കുന്ന കാലം സംജാതമാവുകയാണ്. അതുവഴി പൗരാവകാശധ്വംസനം കൊടിയ അനീതിയാണെന്ന് വസ്തുത ഉറപ്പിക്കപ്പെടുക കൂടിയാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ നേര്‍രേഖയിലായിരുന്നില്ലെന്നും വിട്ടുവീഴ്ചകളാലും സംയമനങ്ങളാലും രക്തച്ചൊരിച്ചിലുകളാലും പിണഞ്ഞ് കിടന്നവയാണവ എന്നുമുള്ള ബോധ്യത്തിന് ചരിത്രം അടിവരയിടുന്നുണ്ട്. രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വ്യക്തികളുടെയും സ്വാതന്ത്ര്യം വ്യത്യസ്തമായ അടരുകളില്‍ വിടരുന്ന സ്വച്ഛമായ വികാരമാണ്. മാത്രമല്ല, ഏകപക്ഷീയവും അധികാരകേന്ദ്രിതവും അധിനിവേശസൂചിതവുമായ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തുകയെന്നത് ലളിത തത്വങ്ങളാല്‍ നിര്‍ധാരണം ചെയ്യാനുമാവില്ല.

നിരവധി കണ്ണികളാല്‍ ബന്ധിതമായ ഇത്തരം കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് ദേശീയബോധം ഉയിര്‍കൊള്ളുന്നത്. ദേശം, ദേശീയത എന്നീ സംവര്‍ഗങ്ങള്‍ ഉദ്ദേശ്യശുദ്ധിയുള്ള വികാരമാകുമ്പോള്‍ സമൂഹവും വിശേഷിച്ച് അനേകം ശാഖകളുള്ള ഒരു കുടുംബവും അവയോട് പ്രതികരിക്കുന്ന വിധത്തിനു സവിശേഷ പ്രാധാന്യമുണ്ട്. സാമ്രാജ്യത്വം, വിഭജനം, പലായനം എന്നിങ്ങനെയുള്ള സങ്കീര്‍ണമായ ഘടകങ്ങള്‍ മനുഷ്യര്‍ക്ക് ഹാനികരമായി ഭവിക്കുന്നതില്‍ അതിശയമില്ല. അതിരുകള്‍ സൃഷ്ടിക്കുകയും അതിര്‍ത്തിരേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നതോടെ 'തന്നിട'മെന്ന വിചാരത്തിനും വിള്ളലുണ്ടാകുന്നു.

രാഷ്ട്രീയ തീരുമാനങ്ങള്‍ക്കനുസൃതമായി സ്വന്തം നാടും വീടും ഉപേക്ഷിച്ചുകൊണ്ട് മറ്റേതോ വാഗ്ദത്തഭൂമിയിലേക്ക് മനുഷ്യര്‍ക്ക് പലായനം ചെയ്യേണ്ടി വരുകയാണ്. പുതുതായി ജന്മമെടുത്ത രണ്ട് രാജ്യങ്ങളിലെ പൗരവര്‍ഗമായി അവരോധിക്കപ്പെടുന്നുണ്ടെങ്കിലും സാങ്കേതികവും ഭരണപരവുമായ അര്‍ത്ഥത്തില്‍ അഭയാര്‍ത്ഥികളായിത്തീര്‍ന്ന പരശ്ശതം മനുഷ്യരുടെ വേവും വ്യഥയുമാണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യയെയും പാകിസ്താനെയും സ്വാഗതം ചെയ്തത്.

ജനാധിപത്യമൂല്യങ്ങള്‍ രൂപപ്പെടുന്നതും സ്വതന്ത്രരാഷ്ട്രം എന്ന നയം ആവിര്‍ഭവിക്കുന്നതും മതാടിസ്ഥാനത്തില്‍ ജനതയെ വിഭജിക്കുന്നതും സാഹിത്യകൃതികളില്‍ പുനരവതരിക്കപ്പെടുകയാണ്. ചരിത്രത്തിന്റെ മുറിവുകള്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശിഥിലമാക്കുന്നതിന്റെ ആഖ്യാനമാണ് 'Jinnah Often Came To Our House'. കിരണ്‍ ദോഷി എഴുതിയ ഈ നോവലില്‍ 1903 മുതല്‍ 1948 വരെയുള്ള ഇന്ത്യയുടെ ചരിത്രത്തെ അനുധാവനം ചെയ്യുകയാണ്. 2016-ലെ 'The Hindu' സാഹിത്യ പുരസ്‌കാരം ലഭിച്ച പ്രസ്തുത കൃതി ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ അനാവരണം ചെയ്യുന്നു. 2023 ഫെബ്രുവരിയില്‍ മരിച്ച കിരണ്‍ ദോഷി നയതന്ത്രജ്ഞനായിട്ടായിരുന്നു ഔദ്യോഗികജോലി നിര്‍വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ അനുഭവപരിജ്ഞാനം നോവലിന്റെ രൂപപ്പെടലിന് സഹായകമായിട്ടുണ്ട്.

രാഷ്ട്രീയമായ തീരുമാനങ്ങളും നിലപാടുകളുടെ നിശ്ചയദാര്‍ഢ്യവും സൗഹൃദങ്ങളെ വിരുദ്ധ ചേരികളിലാക്കാറാണ് പതിവ്. സ്ഥലപരമായ വിഭജനം സൃഷ്ടിക്കുന്ന സംഘര്‍ഷത്തെക്കാള്‍ മനുഷ്യരുടെയിടയിലുള്ള സ്‌നേഹം റദ്ദാവുകയുമാണ്. വ്യത്യസ്തതകള്‍ എമ്പാടും നിറഞ്ഞ ഒരു രാജ്യത്തെ കീറിമുറിക്കുന്നതോടെ, അപ്രത്യക്ഷമാവുന്നത് മാനവികതയുടെ പേശീദാര്‍ഢ്യമാണെന്നത് വിസ്മരിക്കപ്പെട്ടു. ഭൂമിശാസ്ത്രപരമായ സമവാക്യങ്ങള്‍ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍ അപ്രസക്തമാവുകയും സ്ഥാവര-ജംഗമ വസ്തുക്കള്‍ക്ക് മേല്‍ മനുഷ്യര്‍ക്ക് അധികാരമോ ഉടമസ്ഥാവകാശമോ ഇല്ലാതാവുകയും ചെയ്യുന്നതിന്റെ കൂടി കാഴ്ചയാണ് വിഭജനത്തിന്റെ ബാക്കിപത്രം.

ബ്രിട്ടീഷ് രാജിന്റെ പിന്തുടര്‍ച്ചാവകാശം രണ്ടു രാജ്യങ്ങളിലെ സര്‍ക്കാറുകളിലേക്ക് നിക്ഷിപ്തമാവുമ്പോള്‍ പൗരവര്‍ഗത്തിനിടയില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീകരണം നടക്കാനുള്ള സാധ്യതയെ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ലെന്ന് വേണം അനുമാനിക്കേണ്ടത്

സിറില്‍ റാഡ്ക്ലിഫ് വരച്ച രേഖയിലൂടെ മനുഷ്യരെ ഭൗതികമായ തലത്തിലെ വിഭജിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്ന തത്വം 'വേണ്ടപ്പെട്ടവര്‍'ക്ക് ബോധ്യപ്പെടാന്‍ ഒരുപാട് നാളുകള്‍ വേണ്ടിവന്നില്ല. ആ തീരുമാനം ആലോചനാശൂന്യമെന്ന് കരുതുന്നവരും അനിവാര്യമെന്ന് വിധി കല്‍പ്പിക്കുന്നവരുമുണ്ടാവാം; പിഞ്ഞിയ ഇഴകളാല്‍ തുന്നിയെടുത്ത അതിരുകള്‍ക്ക് ഇച്ഛാശക്തിയുടെ ബലമുണ്ടായിരുന്നില്ല. ചുരുക്കത്തില്‍, ബ്രിട്ടീഷ് രാജിന്റെ പിന്തുടര്‍ച്ചാവകാശം രണ്ടു രാജ്യങ്ങളിലെ സര്‍ക്കാറുകളിലേക്ക് നിക്ഷിപ്തമാവുമ്പോള്‍ പൗരവര്‍ഗത്തിനിടയില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീകരണം നടക്കാനുള്ള സാധ്യതയെ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ലെന്ന് വേണം അനുമാനിക്കേണ്ടത്.

വിഭജനത്തെ തുടര്‍ന്ന് ഒന്നരക്കോടിയോളം ജനങ്ങള്‍ പലായനം ചെയ്തുവെന്നാണ് കണക്ക്. ഈ യാത്രയിലൂടെ താണ്ടിയ ദൂരത്തിനും അഭിമുഖീകരിച്ച വൈഷമ്യങ്ങള്‍ക്കും ആനുപാതികമായ ഫലം ഈ മനുഷ്യര്‍ക്ക് ലഭിച്ചില്ല

വീടും ചുറ്റുപാടുകളും നഷ്ടപ്പെടുത്തിക്കൊണ്ട് അപരിചിതമായ ലോകത്ത് എത്തിപ്പെട്ടത് സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നോ എന്ന ചോദ്യം വിഭജനാന്തരം ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങളില്‍ ഉരുവം കൊള്ളുന്നതില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനാവില്ല. സ്വാതന്ത്ര്യം ലഭിക്കുന്നതിനായി അനുഷ്ഠിക്കേണ്ട ത്യാഗമായി ഇതിനെ വായിച്ചെടുക്കാന്‍ പ്രയാസമാണ്. സ്വതന്ത്രരാഷ്ട്രങ്ങളുടെ ഉദയത്തിനായി മതപരിവര്‍ത്തനങ്ങളും വംശഹത്യയും ലോകം മുഴുവനും നടന്നു. കൊളോണിയലിസത്തിനെതിരെയുള്ള വിനിമയങ്ങള്‍ ദേശീയതയ്ക്ക് മുതല്‍ക്കൂട്ടാവുമ്പോള്‍പ്പോലും മതം സമൂഹത്തിനു പ്രതിലോമകരമായി വര്‍ത്തിക്കുന്നത് കാണാതിരിക്കാനാവില്ല. ഇത്തരം സമ്മര്‍ദം മൂലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പലായനം നിര്‍ബന്ധിതമായ പദ്ധതിയായിത്തീര്‍ന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതായിരുന്നില്ല.

സ്വത്വപ്രതിസന്ധിയും പൗരത്വവ്യവഹാരങ്ങളും ഭാഷയും ആചാരങ്ങളും ഒക്കെ (വി)വാദമുഖങ്ങളായി അവശേഷിച്ചു. വിഭജനത്തെ തുടര്‍ന്ന് ഒന്നരക്കോടിയോളം ജനങ്ങള്‍ പലായനം ചെയ്തുവെന്നാണ് കണക്ക്. ഈ യാത്രയിലൂടെ താണ്ടിയ ദൂരത്തിനും അഭിമുഖീകരിച്ച വൈഷമ്യങ്ങള്‍ക്കും ആനുപാതികമായ ഫലം ഈ മനുഷ്യര്‍ക്ക് ലഭിച്ചില്ല. 'അഭയാര്‍ത്ഥി' എന്ന വിഭാഗത്തിലേക്ക് പേര് കൂട്ടിച്ചേര്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. അഭയാര്‍ഥികളുടെ പുനരധിവാസവും അതിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതും മറ്റും ഭാരിച്ച ഉത്തരവാദിത്തവുമായിരുന്നു. കിഴക്കേ പാക്‌സിതാനില്‍ നിന്ന് പുറത്താക്കപ്പെട്ട ഹിന്ദുക്കള്‍ക്ക് വസിക്കാന്‍ വേണ്ടിയുള്ള ഇടം കൂടി പാകിസ്താന്‍ നല്‍കണമെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആവശ്യപ്പെട്ടത് ഇവിടെ ഓര്‍ക്കണം.

കിരൺ ദോഷി

കൃത്യമായ ആസൂത്രണത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന ബ്രിട്ടീഷ് ഭരണത്തിന്റെ ലക്ഷ്യം കാലാകാലങ്ങളിലായി അവര്‍ പ്രയോഗത്തില്‍ വരുത്തിയിരുന്നു. ലോര്‍ഡ് കഴ്‌സന്റെ നേതൃത്വത്തിലുള്ള ഭരണം 1900-ത്തില്‍ വിഭാവനം ചെയ്ത Punjab Land Alienation Act ഇതിന്റെ ദൃഷ്ടാന്തമാണ്. ഈ നിയമത്തിലൂടെ ഭൂമിയിലുള്ള ക്രയവിക്രയം കൃഷി ചെയ്യുന്നവര്‍ക്കായി നിജപ്പെടുത്തി. അങ്ങനെ കൃഷിക്കാരുടേതായ ഒരു വര്‍ഗത്തിനും കൃഷി ചെയ്യാത്തവരുടെ വര്‍ഗത്തിനും ഇടയിലുള്ള ദൂരമേറെ വര്‍ധിപ്പിച്ചു. മുസ്ലിങ്ങളെ സംരക്ഷിക്കാനായി അവതരിപ്പിച്ച ഒരു തന്ത്രമായി ഇതിനെ കാണുന്നവരുണ്ട്. പഞ്ചാബി ഹിന്ദുസഭയുടെ ജനനത്തോടെ ഏകപക്ഷീയമായ ഈ നിയമത്തെ എതിര്‍ക്കാനുള്ള യത്‌നങ്ങള്‍ക്ക് ചൂടുപിടിച്ചു.

വിഭജിച്ച് ഭരിക്കുക എന്ന പുരാതനമായ ഭരണതന്ത്രം അവധാനതാപൂര്‍വം പ്രയോഗിക്കുന്ന ബ്രിട്ടീഷ് അധികാരവര്‍ഗത്തിനെതിരെ പല കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നു. അവയ്ക്ക് ക്രമേണ സുസജ്ജമായ ഒരു ലക്ഷ്യമുണ്ടാവുന്നത് ഇവിടെ പരാമര്‍ശിച്ച നോവലില്‍ വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്താകമാനം അലയടിക്കുന്ന പ്രക്ഷുബ്ധമായ സാഹചര്യം ഒരു കുടുംബത്തിലേക്ക് വീശുന്നതിന്റെ അന്തരീക്ഷമാണ് നോവലിലുള്ളത്. കെട്ടുറപ്പുള്ള കുടുംബബന്ധം ശിഥിലമാവുന്നത് ചിത്രീകരിക്കുന്നതിലൂടെ വിഭജനത്തിന്റെയും നാടുവിട്ടുപോകലിന്റെയും ഭൗതികാവസ്ഥയുടെ മറ്റൊരു വശത്തെ അനാവരണം ചെയ്യാനുള്ള ഉദ്യമമായി ആഖ്യാനത്തെ കാണാം. ഓര്‍മയെ രാഷ്ട്രീയമായ ഉപകരണമാക്കി എഴുതുന്ന ഫിക്ഷന്‍ കാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് മനുഷ്യര്‍ നേരിട്ട ദുരന്തങ്ങളെ നിര്‍വചിക്കുന്നു.

മറക്കാന്‍ സാധ്യതയുള്ള ചരിത്രാധ്യായങ്ങളെ മന:പൂര്‍വം ഓര്‍മയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പറഞ്ഞ ആഖ്യാനങ്ങളെ വേറിട്ടുനിര്‍ത്തുന്നത്. രാജ്യത്തിന്റെ സുതാര്യവും അദൃശ്യവുമായ അടുക്കുകളെ കുടുംബത്തിന്റെ വിവിധ ഓരങ്ങളിലേക്ക് നോവലിസ്റ്റ് ചേര്‍ത്തുവച്ചിരിക്കുകയാണ്. അഭിഭാഷകനായ സുല്‍ത്താന്‍ കൊവൈഷിയും ഭാര്യ രഹനയുമാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. ലണ്ടനില്‍ ബാരിസ്റ്ററായിരുന്ന സുല്‍ത്താന്‍ ഒരു വിദേശവനിതയുമായുള്ള വിവാഹബന്ധം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബോംബയിലെത്തി അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്നു. അവിടെവെച്ചാണ് പ്രഗത്ഭ അഭിഭാഷകനായ മുഹമ്മദലി ജിന്നയെ സുല്‍ത്താന്‍ പരിചയപ്പെടുന്നത്. ഗുജറാത്തിലെ ഭാട്ടിയ കുടുംബത്തിലായിരുന്നു ജിന്നയുടെ വേരുകള്‍. ഇപ്പറഞ്ഞ കുടുംബം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയര്‍ന്ന തട്ടില്‍ നിന്നിരുന്ന സുല്‍ത്താനും ജിന്നയും നല്ല സുഹൃത്തുക്കളായി തീര്‍ന്നു. ആയിടെ വിവാഹിതനായ സുല്‍ത്താന്റെ ഭാര്യയായ രഹന വിദ്യാസമ്പന്നയും പുരോഗമനാശയങ്ങളെ മുറുകെ പിടിച്ചവളുമായിരുന്നു. മധ്യവര്‍ഗ/ഉപരിവര്‍ഗ മുസ്ലിം കുടുംബപശ്ചാത്തലത്തില്‍ ദേശീയതയെയും സ്വാതന്ത്ര്യത്തെയും നോക്കിക്കാണുന്ന രഹന ഏറ്റെടുക്കുന്ന ഉത്തരവാദിത്തവും നേരിടുന്ന സംഘര്‍ഷങ്ങളും എടുത്തുപറയണം.

പെണ്‍കുട്ടികള്‍ക്കായി രഹന മുന്‍കൈയെടുത്തു നടത്തുന്ന സ്‌കൂളില്‍ എല്ലാ മതവിഭാഗക്കാരും തങ്ങളുടെ കുട്ടികളെ അയച്ചു. മതമൈത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു 'ഏകത'യിലെ പെണ്‍കുട്ടികള്‍. എന്നാല്‍ സുല്‍ത്താന്റെ ലോകവീക്ഷണം രഹനയുടേതുമായി ഒത്തുപോകുന്നതായിരുന്നില്ല. രാഷ്ട്രത്തോടും രാഷ്ട്രീയത്തോടും വിശാലമായ കാഴ്ചപ്പാടോ സഹിഷ്ണുതയോ പുലര്‍ത്താതിരുന്ന സുല്‍ത്താന്‍ ജിന്നയുടെ നിര്‍ബന്ധത്തിന് വഴങ്ങി മുസ്ലീം ലീഗുമായി സഹകരിക്കുന്നുണ്ട്. അതുപോലെ പാഴ്‌സിയായ രത്തന്‍ബായിയായുള്ള ജിന്നയുടെ വിവാഹവും സഹോദരിയായ ഫാത്തിമയോടുള്ള അതിരു കവിഞ്ഞ വാത്സല്യവുമൊക്കെ നോവലില്‍ സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്രീയലക്ഷ്യങ്ങള്‍ ബലി കഴിക്കാതിരിക്കാന്‍ രത്തന്‍ ബായിയെ ഇസ്ലാമാക്കി പരിവര്‍ത്തനം ചെയ്തതിനു ശേഷമാണ് ജിന്ന വിവാഹം കഴിച്ചത് എന്നത് കൂടി ഇവിടെ ചേര്‍ത്തുവായിക്കണം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആരംഭകാലം തൊട്ടേ അതിനൊപ്പമായിരുന്ന ജിന്നയുടെ അഭിപ്രായങ്ങള്‍ക്കും നിലപാടുകള്‍ക്കും വ്യതിയാനം സംഭവിക്കുന്നതിന്റെ കാഴ്ച കൂടി നോവലില്‍ കാണാം. മതപരമായ ധ്രുവീകരണത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിന്റെ ഭാഗമായി 1907-ല്‍ മോര്‍ലി-മിന്റോ കരാര്‍ നിലവില്‍ വരുന്നതോടെ മുസ്ലിങ്ങള്‍ക്കായി പ്രത്യേക മണ്ഡലങ്ങള്‍ ഒരുങ്ങി. ഇതുപ്രകാരം മുസ്ലീം സമുദായത്തിലുള്ള വോട്ടര്‍മാര്‍ക്ക് മാത്രമേ മുസ്ലീം അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. ഈ കരാറിനെതിരെ ജിന്ന ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ക്കായി പ്രത്യേകം ആനുകൂല്യങ്ങള്‍ എന്ന സംവിധാനത്തിന് ജിന്ന എതിരായിരുന്നു. അതിനിടെ, ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടന് വേണ്ടി യുദ്ധം ചെയ്ത ഏതാണ്ട് എഴുപത്തയ്യായിരം ഇന്ത്യന്‍ പട്ടാളക്കാര്‍ മരണപ്പെടുകയും പതിമൂവായിരത്തി അഞ്ഞൂറോളം പട്ടാളക്കാരെ കാണാതാവുകയും ചെയ്തു.

തുര്‍ക്കിക്കെതിരെ മുസ്ലീം പട്ടാളക്കാര്‍ യുദ്ധത്തില്‍ പോരാടിയത് മതവിശ്വാസികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കാനും കാരണമായി. എന്നാല്‍ ബ്രിട്ടനുമായുള്ള ഇന്ത്യക്കാരുടെ അവകാശത്തര്‍ക്കങ്ങളില്‍ വ്യക്തത വരുത്താതെ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ പിന്തുണയ്ക്കരുതെന്നായിരുന്നു ജിന്നയുടെ നിലപാട്. ജിന്നയുടെ നിലപാടിനോട് ഗാന്ധിജി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നില്ല. ഗോഖലെ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ഗാന്ധിജിയുടെ നയങ്ങളോട് അടുപ്പം പുലര്‍ത്തുന്നതും ജിന്നയെ അസ്വസ്ഥനാക്കി. ഇങ്ങനെ ജിന്നയുടെ രാഷ്ട്രീയജീവിതവും സുല്‍ത്താന്റെ കുടുംബജീവിതവും വിഭിന്നമായ പാതകളിലൂടെ മുന്നോട്ടുനീങ്ങി. ഇതിനിടയില്‍ സുല്‍ത്താന്റെ സഹോദരിയായ ഹിന ലണ്ടനില്‍നിന്ന് വൈദ്യശാസ്ത്രപഠനം പൂര്‍ത്തിയാക്കിയിരുന്നു. സുല്‍ത്താന്റെ ഇളയ സഹോദരനായ അമീര്‍ ആകട്ടെ വീട്ടില്‍നിന്ന് മാറിക്കൊണ്ട് ജീവിക്കാന്‍ ആരംഭിക്കുകയും മുസ്ലിം-മാനവ് എന്ന പേരില്‍ മതചരിത്രകാരനായിത്തീരുകയും ചെയ്തു. അവരുടെ കുടുംബസുഹൃത്തും സ്വാതന്ത്ര്യത്തിനുവേണ്ടി തീവ്രമായി പ്രയത്‌നിക്കുന്നവനുമായ ദോണ്ഡവ് 'സാഥ് ദിന്‍' എന്ന പേരില്‍ ഒരു വാരിക ആരംഭിച്ചിരുന്നു. ഗാന്ധിജിയുടെ ലേഖനങ്ങളും മറ്റും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ അയാള്‍ ശ്രമിച്ചു. ദോണ്ഡവിനെ 'ദേശദ്രോഹ'ക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണ്. വൈരുധ്യമെന്ന് പറയട്ടെ, അയാളുടെ മകനായ കേശവ് പട്ടാളത്തില്‍ ചേര്‍ന്നുകൊണ്ട് ബ്രിട്ടനുവേണ്ടി പോരാടിയപ്പോള്‍ മറ്റൊരു മകനായ മാധവിന് ജാലിയന്‍ വാല ബാഗിലെ വെടിവയ്പില്‍ ജീവന്‍ നഷ്ടമാവുകയാണ്. ദോണ്ഡവിന്റെ ഭാര്യ ഉത്തമയുടെ മാനസികനില തകരാറിലാവുകയും വൈകാതെ കൊല്ലപ്പെടുകയുമാണ്.

1905-ലെ ഹിന്ദു-മുസ്ലീം വേര്‍തിരിവുള്ള ബംഗാള്‍ വിഭജനത്തെ അങ്ങേയറ്റം എതിര്‍ത്ത ജിന്നയാണ് പിന്നീട് മുസ്ലീങ്ങള്‍ക്കായി സംസാരിക്കാന്‍ മുന്‍കൈയെടുത്ത് തുടങ്ങിയത് എന്നതില്‍ വിരോധാഭാസമുണ്ട്

ഏകത എന്ന രഹനയുടെ സ്‌കൂളില്‍ ഗാന്ധിജി സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. പ്രാദേശികമായ ഭാഷയിലൂടെയാവണം അധ്യയനമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം പക്ഷേ രഹന പ്രാബല്യത്തില്‍ കൊണ്ടുവന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയാദര്‍ശങ്ങളോട് അവര്‍ അങ്ങേയറ്റം സമരസപ്പെട്ടു. എന്നാല്‍ ജിന്നയ്ക്ക് ഗാന്ധിജിയുടെ രീതികളോട് ഒത്തുപോകാനായില്ല. കോണ്‍ഗ്രസില്‍ നിന്ന് ലീഗ് പാളയത്തില്‍ എത്തിച്ചേര്‍ന്ന ജിന്ന ഇരുകൂട്ടരുമായുള്ള സന്ധിസംഭാഷണത്തിന് വഴിമരുന്നിട്ടു. 1905-ലെ ഹിന്ദു-മുസ്ലിം വേര്‍തിരിവുള്ള ബംഗാള്‍ വിഭജനത്തെ അങ്ങേയറ്റം എതിര്‍ത്ത ജിന്നയാണ് പിന്നീട് മുസ്ലീങ്ങള്‍ക്കായി സംസാരിക്കാന്‍ മുന്‍കൈയെടുത്ത് തുടങ്ങിയത് എന്നതില്‍ വിരോധാഭാസമുണ്ട്.

നോവലില്‍ ഒരു ഭാഗത്ത്, ഹിന്ദുക്കളുടെ അധീനതയിലാവുമോ എന്ന് ഭയപ്പെടുന്ന മുസ്ലിങ്ങളോട് ഏഴു കോടി മനുഷ്യര്‍ക്ക് അത്തരത്തിലൊരവസ്ഥ സംജാതമാവുകയില്ല എന്ന ധൈര്യപ്പെടുത്തുന്ന ജിന്നയുണ്ട്. മറ്റൊരു ഘട്ടത്തില്‍ 'ഡല്‍ഹി മുസ്ലിം നിര്‍ദേശം' എന്ന പേരില്‍ മുസ്ലിം സമുദായത്തിന് പ്രത്യേക തെരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പകരം സിന്ധിനെ ബോംബെയില്‍നിന്ന് അടര്‍ത്തി മാറ്റാനായി അദ്ദേഹം വാദിക്കുന്നുണ്ട്. പ്രവിശ്യയുടെ അധികാരപരിധി വര്‍ധിപ്പിക്കാനും കേന്ദ്രത്തില്‍ മുസ്ലിങ്ങളുടെ പ്രാധാന്യം കൂട്ടാനുമായിരുന്നു ഈ ആലോചന.

1916 ഡിസംബറില്‍ ലഖ്നൗവില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും ഉണ്ടാക്കിയ കരാറിലൂടെ പ്രവിശ്യാ നിയമസഭകളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം അനുവദിക്കാനുള്ള വഴിയൊരുങ്ങി. കറകളഞ്ഞ ദേശീയവാദിയായിരുന്ന ജിന്നയ്ക്ക് കോണ്‍ഗ്രസ് ഭരണമുള്ള പ്രവിശ്യകളില്‍ മുസ്ലിങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നത് അഭംഗിയായി തോന്നി

'ഇന്ന് ബംഗാള്‍ ആണെങ്കില്‍ നാളെ ഇന്ത്യയിലാണ് അത് സംഭവിക്കുക' എന്ന മുന്നറിയിപ്പ് വരെ ബംഗാള്‍ വിഭജനവുമായി ബന്ധപ്പെട്ട് അദ്ദേഹം കൊടുത്തിരുന്നു. ജിന്നയും ഗോഖലെയും ദാദാഭായ് നവറോജിയും ഉള്‍പ്പെടെയുള്ള മിതവാദികളും ലാല ലജ്പത് റായ്, ബാലഗംഗാധര തിലകന്‍, ബിപിന്‍ പാല്‍ തുടങ്ങിയ തീവ്ര ചിന്താഗതിക്കാരുമായുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവന്ന ഒരു സന്ദര്‍ഭമായിരുന്നു ഇത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ചുകൊണ്ട് തിലകന് ആറുവര്‍ഷം രാജ്യഭ്രഷ്ട് കല്പിച്ചതും അക്കാലത്തായിരുന്നു. 1906ല്‍ ധാക്കയില്‍, ഷിയാ മുസ്ലിങ്ങളുടെ ഇമാമായിരുന്ന ആഗാ ഖാന്റെ പ്രാമാണ്യത്തില്‍ മുസ്ലീം ലീഗ് സ്ഥാപിക്കപ്പെട്ടു. മതങ്ങളെ കേന്ദ്രീകരിച്ച് രണ്ട് രാഷ്ട്രങ്ങള്‍ എന്ന ആശയത്തിന് ലീഗ് മേല്‍ക്കൈ കൊടുത്തു. എന്നാല്‍ ഏറെ വൈകാതെ മതപരമായ അവകാശങ്ങളില്‍ സ്വാതന്ത്ര്യവും മറ്റും അനുവദിക്കുന്ന വഖ്ഫ് നിയമം നിലവില്‍ കൊണ്ടുവരുന്നതില്‍ ലീഗിനെ ജിന്ന സഹായിച്ചു. കോണ്‍ഗ്രസും ലീഗും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെടുകയായിരുന്നു. ഉറുദുവില്‍ പ്രാവീണ്യമില്ലാത്ത, മതാനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലാത്ത ജിന്ന അങ്ങനെ ലീഗുമായി ഐക്യപ്പെട്ടുതുടങ്ങി.

1916 ഡിസംബറില്‍ ലഖ്നൗവില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും ഉണ്ടാക്കിയ കരാറിലൂടെ പ്രവിശ്യാ നിയമസഭകളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം അനുവദിക്കാനുള്ള വഴിയൊരുങ്ങി. കറകളഞ്ഞ ദേശീയവാദിയായിരുന്ന ജിന്നയ്ക്ക് കോണ്‍ഗ്രസ് ഭരണമുള്ള പ്രവിശ്യകളില്‍ മുസ്ലിങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നത് അഭംഗിയായി തോന്നി. ഉറുദു പിന്തള്ളപ്പെടുന്നുവെന്നും വന്ദേമാതരം ആലപിക്കാന്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികളെ നിര്‍ബന്ധിക്കുന്നുവെന്നും മറ്റും അദ്ദേഹം പ്രസംഗങ്ങളില്‍ സ്ഥിരം പരാമര്‍ശിക്കുകയും ചെയ്തു. ജിന്നയുടെ നിലപാടുകളിലുള്ള നിര്‍ണായകമായ പരസ്പരവിരുദ്ധത ചില സന്ദര്‍ഭങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ട് പ്രധാന പ്രഭാഷണങ്ങള്‍ ഇതിന് തെളിവാണ്. 1940 മാര്‍ച്ച് 22നു ലാഹോറില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കേണ്ടത് അനിവാര്യമാണെന്ന് ജിന്ന ഊന്നിപ്പറഞ്ഞു. എന്നാല്‍ 1947 ആഗസ്റ്റ് 17നു അദ്ദേഹം ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പാകിസ്ഥാനില്‍ തുല്യാവകാശമാണെന്നാണ് പ്രഖ്യാപിച്ചത്.

ഭിന്നതകളും വൈജാത്യവും നിറഞ്ഞ തീരുമാനങ്ങളും നേതൃസ്ഥാനത്തേക്കുള്ള വടംവലികളും അധികാരാര്‍ജ്ജനത്തിനായുള്ള മാര്‍ഗങ്ങളും സ്വാതന്ത്ര്യത്തെ സ്ഥാപിതാര്‍ത്ഥത്തിലുള്ള ഗുണകമാക്കി മാറ്റുന്നു. ബ്രിട്ടീഷ് ഭരണം അവതരിപ്പിച്ച മൊണ്ടാഗു-ചെംസ്ഫോര്‍ഡ് പരിഷ്‌കാരങ്ങള്‍ പ്രവിശ്യകളിലെ തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കുള്ള അധികാരം വര്‍ധിപ്പിക്കുകയും മുസ്ലിങ്ങള്‍ക്കായി മണ്ഡലങ്ങള്‍ വേര്‍തിരിക്കുകയും ചെയ്തു. 1919ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റിന്റെ പ്രാരംഭ നടപടിയായി കാണാവുന്ന നയങ്ങളായിരുന്നു ഇവ.

ആയിടയ്ക്കായിരുന്നു രഹന മകളായ മരിയയെ ഹൃദയസംബന്ധമായ ഒരസുഖം ബാധിച്ചിട്ടുണ്ടെന്നു മനസിലാക്കുന്നത്. മകളുടെ കാര്യത്തിലെ ബദ്ധശ്രദ്ധയായ രഹന ആ തിരക്കിനിടയിലും കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ജിന്ന ഈ തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുണ്ട്. രഹനയുടെ വ്യക്തിത്വത്തോട് ജിന്നയ്ക്ക് സ്‌നേഹാദരങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായി തെരുവിലെ ജാഥകള്‍ക്കൊപ്പമിറങ്ങിയ രഹനയുടെ ചെയ്തികള്‍ സുല്‍ത്താന് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല, സുല്‍ത്താനെ 'സര്‍' സ്ഥാനത്തിലേക്ക് അവരോധിക്കാനുള്ള തീരുമാനവും ഭരണകൂടം എടുത്തിരുന്നു.

1920ല്‍ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. നാഗ്പൂരില്‍ നടന്ന സമ്മേളനത്തില്‍ അനുയായികളോട് അദ്ദേഹം ഇതിനു പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ ഗാന്ധിജിയെ സര്‍വാത്മനാ പിന്താങ്ങി. ജിന്നയുടെ പ്രഭാഷണം സ്വാഭാവികമായും ഗാന്ധിജിയുടെ വാദങ്ങളുടെ എതിര്‍ദിശയിലാണ് സഞ്ചരിച്ചത്. ജിന്ന ഒറ്റപ്പെടുകയും സദസ്സിന്റെ മുന്‍നിരയിലിരുന്ന രഹനയെ ജൂലിയസ് സീസറിന്റെ പതനത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ നോക്കുകയും ചെയ്തു. അന്നുതന്നെ ജിന്ന കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. ഭാര്യയുമായുള്ള സംഘര്‍ഷങ്ങള്‍, രാഷ്ട്രീയമായ പരാജയങ്ങള്‍ ഒക്കെ ജിന്നയെ നിരാശനാക്കി. മിതവാദി എന്ന പേരുപേക്ഷിച്ച് മതം ആവിഷ്‌കരിക്കുന്ന ആശയങ്ങളിലൂടെയായി അദ്ദേഹത്തിന്റെ യാത്ര. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി വാദിച്ച ജിന്ന യുടെ നിലപാടുമാറ്റം അവിചാരിതമായിരുന്നു. അതിനൊപ്പം പ്രാദേശികമായ തലത്തിലേക്ക് മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ മനഃശക്തിയെ തളച്ചിടുന്നതില്‍ ബ്രിട്ടീഷ് നേതൃത്വം ഏറെക്കുറെ വിജയിച്ചു.

ജിന്ന നേതാവല്ലെന്ന് നെഹ്രുവും കോണ്‍ഗ്രസ് ഹിന്ദുക്കളുടെ രാഷ്ട്രീയപ്രസ്ഥാനമാണെന്ന് ജിന്നയും പഴിചാരി. രാജ്യമൊട്ടാകെ യാത്ര ചെയ്തുകൊണ്ട് ജനങ്ങളോട് സംവദിക്കാന്‍ ജിന്ന ഒരുങ്ങുകയും അതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ജിന്നയോട് അനുരഞ്ജനത്തിന് തയ്യാറാവുകയുമാണ്. ഒരുപടി കൂടി മുന്നോട്ടുവച്ചുകൊണ്ട് ഗാന്ധിജി വന്ദേമാതരം ചൊല്ലാന്‍ കുട്ടികളില്‍ ഒരാളെങ്കിലും വിസമ്മതിക്കുന്നുണ്ടെങ്കില്‍ അത് പാടരുതെന്ന അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. മഹാനായ നേതാവ് എന്ന അര്‍ഥം വരുന്ന 'ക്വയ്ദ് ഇ അസം' എന്നു ഗാന്ധിജി ജിന്നയെ അഭിസംബോധന ചെയ്തതും ഇക്കാലത്താണ്.

കോണ്‍ഗ്രസ് വിരുദ്ധ സമീപനം ഉറപ്പിക്കുന്നതായിരുന്നു ജിന്നയുടെ ബ്രിട്ടീഷ് അധികാരികളോടുള്ള അടുപ്പം

ഒരവസരത്തില്‍ ജിന്ന വര്‍ഗീയവാദിയായോ എന്ന് അദ്ദേഹത്തിന്റ പത്‌നി രഹനയോട് ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസ് അങ്ങനെ പറഞ്ഞ് പ്രചരിപ്പിക്കുന്നതായി അവര്‍ പറയുമ്പോള്‍ ഗാന്ധിജിക്ക് ആ അഭിപ്രായമല്ലെന്ന് പറഞ്ഞുകൊണ്ട് രഹന അത് തിരുത്തുന്നു. പൊതുവെ ഖിന്നനായ ജിന്ന രത്തന്‍ബായിയുടെ മരണശേഷം ലണ്ടനിലേക്ക് കര്‍മരംഗം മാറ്റിസ്ഥാപിച്ച് പോകുകയാണ്. ഇതിനിടെ ലീഗിന്റെ ആവശ്യപ്രകരം സുല്‍ത്താന്‍ ലണ്ടനില്‍ പോയി ജിന്നയെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമമാരംഭിച്ചു. 1934-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ജിന്നയെ 1937-ലെ തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ നിരാശനാക്കി. ലീഗിന്റെ നില പരുങ്ങലിലായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആറ് സംസ്ഥാനങ്ങളില്‍ വിജയക്കൊടി പാറിച്ചു. ഇതോടെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസ് വഴിമരുന്നിട്ടു.

എങ്കിലും ജിന്ന തകര്‍ന്നില്ലെന്ന് മാത്രമല്ല കരുത്താര്‍ജിച്ചുകൊണ്ട് പ്രവര്‍ത്തനം തുടരുകതന്നെ ചെയ്തു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടെനിര്‍ത്താനായിരുന്നു ബ്രിട്ടന്റെ ഉദ്യമം. ഹിന്ദു-മുസ്ലിം ജനതയുടെ പ്രതിപുരുഷനായി ജിന്നയെ ബ്രിട്ടന്‍ തന്ത്രപൂര്‍വം രംഗത്ത് കൊണ്ടുവന്നു. എന്നാല്‍ ഈ സ്ഥാനത്തിരുന്നു കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് അനഭിമതമായ ആവശ്യം ഉന്നയിക്കാന്‍ ജിന്നയ്ക്കാകുമായിരുന്നില്ലെന്ന് ജിന്നയെക്കുറിച്ച് 'The Sole Spokesman: Jinnah, The Muslim League And The Demand For Pakistan' എന്ന പുസ്തകത്തില്‍ ചരിത്രകാരിയായ അയേഷ- ജലാല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോണ്‍ഗ്രസ് വിരുദ്ധ സമീപനം ഉറപ്പിക്കുന്നതായിരുന്നു ജിന്നയുടെ ബ്രിട്ടീഷ് അധികാരികളോടുള്ള അടുപ്പം.

ലീഗിനോടുള്ള സഹകരണം അന്നത്തെ വൈസ്രോയിയായിരുന്ന ലിന്‍ലിത്‌ഗോവിന്റെ അടവുനയമായി കണക്കാക്കാറുണ്ട്. അയേഷ ജലാലിന്റെ നിരീക്ഷണത്തില്‍ ലീഗിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജിന്നയ്ക്കും സമയം വേണമായിരുന്നു. ജിന്നയുടെ കാഴ്ചപ്പാടുകളും പ്രവിശ്യകളിലെ മുസ്ലിം നേതൃത്വത്തിന്റെ വീക്ഷണവും ഒത്തുപോകുന്നതായിരുന്നില്ല. സ്വയംഭരണപ്രദേശങ്ങളായി, ബ്രിട്ടീഷ് പിന്തുണയോടെ നിലനില്‍ക്കാനുള്ള മുസ്ലിം സംസ്ഥാനങ്ങളുടെ നയത്തെ അയേഷ ജലാല്‍ തീര്‍ച്ചപ്പെടുത്തി പറയുന്നു. ഇത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് സഹായകമാവുകമെന്ന് ജിന്നയ്ക്ക് അറിയാമായിരുന്നു എന്നും അയേഷ ജലാല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അഭിഭാഷകവൃത്തിയില്‍ സുല്‍ത്താന്റെ അടിക്കടിയുള്ള വിജയം, സ്വസ്ഥമായ ജീവിതം മുതലായ കാര്യങ്ങള്‍ കൊണ്ട് സുല്‍ത്താന്‍ ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചു. അങ്ങനെ അവരുടെ ദാമ്പത്യം തകര്‍ക്കാനുള്ള ഗൂഢനീക്കം ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായി, അധികം നാളുകള്‍ കഴിയുന്നതിന് മുൻപ് തന്നെ. വ്യക്തിപരമായ ചില തെറ്റിദ്ധാരണകളാല്‍ സുല്‍ത്താന്‍ രഹനയെയും മക്കളെയും ഉപേക്ഷിക്കുകയാണ്. സുല്‍ത്താന്റെ ഔദ്യോഗികരംഗത്തുള്ള ശത്രുക്കളുടെ തന്ത്രമായിരുന്നു ആ കുടുംബത്തെ വേര്‍പിരിച്ചത്. രഹന ഈ സന്ദിഗ്ധഘട്ടത്തെ ധീരമായി നേരിടുന്നുണ്ട്. അക്കാലത്ത് അവര്‍ സാമൂഹിക ജീവിതത്തില്‍ പൂര്‍വാധികം സജീവമാവുകയും ചെയ്തു. ഭാര്യയുടെ മരണത്തോടെ ജിന്ന മകള്‍ക്കും സഹോദരിക്കും ഒപ്പമായി. 'സ്വരാജ്' എന്ന സ്വപ്നത്തിലേക്കുള്ള ദൂരം ഇതുവരെ അളന്നുകഴിഞ്ഞതിലും കൂടുതലാണെന്നുള്ള ബോധ്യം പൊതുവെ നാമ്പെടുത്തു.

ജിന്നയുടെ പാത പിന്തുടര്‍ന്നുകൊണ്ട് മോത്തിലാല്‍ നെഹ്റുവും കോണ്‍ഗ്രസില്‍നിന്ന് അകന്നു. സുല്‍ത്താന്റെ സുദൃഢമായ കുടുംബം പൊട്ടിച്ചിതറുകയും കാഴ്ചപ്പാടുകള്‍ വ്യക്തിയധിഷ്ഠിതമായി തീരുകയുമാണ്. സ്വന്തം വേരുകള്‍ ആഴത്തില്‍ പടര്‍ന്നിരിക്കുന്ന വീട്ടില്‍നിന്നും അവ മുറിച്ചുമാറ്റിക്കൊണ്ട് സുല്‍ത്താന്റെ അമ്മയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കും പുറത്തുപോകേണ്ടി വരുമെന്നത് അപ്രതീക്ഷിതമായിരുന്നു. ഇതേ സ്ഥിതിയാണ് രാജ്യത്തെ കീറിമുറിച്ചപ്പോള്‍ മനുഷ്യര്‍ തങ്ങളുടെ അധിവാസയിടത്തുനിന്നു നിര്‍ബന്ധിതമായി പലായനം ചെയ്യുമ്പോള്‍ ഉടലെടുക്കുന്നത്.

സുല്‍ത്താന്‍ -രഹന കുടുംബം ഛിന്നഭിന്നമാവുകയും അവരുടെ മക്കളെ അച്ഛനെ കാണാത്തയിടത്ത് പാര്‍പ്പിക്കേണ്ടി വരുകയും അവരുടെയെല്ലാം വീക്ഷണങ്ങളും ജീവിത സാഹചര്യങ്ങളും മാറിമറിയുകയും ചെയ്യുകയാണ്. മക്കളായ മറിയവും ഫിറോസും വ്യത്യസ്തമായ ചുറ്റുപാടുകളിലേക്ക് നീങ്ങുകയും അവരുടേതായ ലോകത്തിലേക്ക് ചുരുങ്ങുകയുമാണ്. മറിയം മെഡിസിന്‍ പഠനം ഉപേക്ഷിച്ചു കാമുകനെ തേടി സിംഗപ്പൂരിലേക്ക് പോകുകയും ഫിറോസ് പഠനം പൂര്‍ത്തിയാകാതെ റെയില്‍വേയിലെ സ്റ്റേഷന്‍ മാസ്റ്ററുടെ ജോലി സ്വീകരിക്കുകയുമാണ്. ഗ്ലോറിയ എന്ന ആംഗ്ലോ ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്ന ഫിറോസിന്റെ ജീവിതം സന്തോഷപ്രദമായിരുന്നില്ല. ജിന്നയുടെ മകളും ഒരു പാഴ്‌സി യുവാവുമായുള്ള പ്രണയം, അതിന് ജിന്നയ്ക്കുള്ള എതിര്‍പ്പ്, ഫിറോസ് യുദ്ധകാലത്ത് പട്ടാളത്തില്‍ ചേരുന്നത്, അയാള്‍ക്ക് സംഭവിക്കുന്ന വ്യക്തിപരമായ നഷ്ടം, മറിയത്തിനും കാമുകനുമുണ്ടായ ദുര്യോഗം, ഏകതയ്ക്കെതിരെയുള്ള കോടതി വ്യവഹാരങ്ങള്‍ എന്നിങ്ങനെയുള്ള കുഴഞ്ഞുമറിഞ്ഞ രംഗങ്ങളിലൂടെയാണ് നോവല്‍ മുന്നേറുന്നത്.

സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിച്ച ഒരു രാജ്യത്തിന്റെ അതിരുകളിലൂടെ രക്തപ്പുഴയൊഴുകിയതിന്റെ ചുമതല ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ കെട്ടിവെച്ചുകൊണ്ടുള്ള അപഗ്രഥനം പൂര്‍ണമായ തലത്തില്‍ ശരിയല്ല

മരണങ്ങള്‍ക്കും കാണാതാകലുകള്‍ക്കും സ്ഥാനഭ്രംശങ്ങള്‍ക്കും വഴിയൊരുക്കിയ വിഭജനം എന്ന രാഷ്ട്രീയതീരുമാനത്തിലേക്ക് ഒരു ജനതയും നേതൃത്വവും എത്തിച്ചേര്‍ന്ന വിധം ബോധ്യപ്പെടുകയെന്നത് ഒരു രാഷ്ട്രീയചിന്തയാണ്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിച്ച ഒരു രാജ്യത്തിന്റെ അതിരുകളിലൂടെ രക്തപ്പുഴയൊഴുകിയതിന്റെ ചുമതല ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ കെട്ടിവെച്ചുകൊണ്ടുള്ള അപഗ്രഥനം പൂര്‍ണമായ തലത്തില്‍ ശരിയല്ല. ബ്രിട്ടീഷ് അധികൃതരുടെ ശാഠ്യങ്ങളും ദേശീയ നേതാക്കളുടെ പടലപ്പിണക്കവും നിലപാടുകളുടെ വൈരുധ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും എല്ലാം സ്വാതന്ത്ര്യത്തിന്റെ ദിശയെ ബാധിച്ചു. അസാന്നിധ്യം കൊണ്ട് ഓര്‍മകളെ ഉണര്‍ത്താനുള്ള ജീവജാലങ്ങളുടെ കഴിവ് അതുല്യമാണ്.

ഉറ്റവരുടെയും സുഹൃത്തുക്കളുടെയും വീടിന്റെയും വസ്തുക്കളുടെയും അടയാളങ്ങളെ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ബാധ്യത എണ്ണമറ്റ സിദ്ധാന്തങ്ങളും തത്ത്വങ്ങളും ഏറ്റുപിടിക്കില്ല. വിഭജനത്തെക്കുറിച്ച് പഠിച്ച രാധിക മോഹന്റാം, Spectres of Democracy/ The Gender of Spectres: Cultural Memory and the Indian Partition എന്ന ലേഖനത്തില്‍ ദെറിദ ഉന്നയിക്കുന്ന ഒരു ആശയം പരാമര്‍ശിക്കുന്നുണ്ട്. ഓര്‍മയും ദുഃഖാചരണവും തമ്മിലുള്ള നൈരന്തര്യത്തെ പറ്റി ദെറിദ 'Spectres of Marx' എന്ന ഗ്രന്ഥത്തില്‍ വിവക്ഷിക്കുന്നതാണ് ഈ ലേഖനത്തില്‍ പ്രത്യേകമായി വിശകലനം ചെയ്യുന്നത്. വിലാപം ഓര്‍മയുടെ ഫലമാണെന്ന തത്ത്വചിന്ത ദെറിദ ഇതില്‍ ആവിഷ്‌കരിക്കുന്നു. ഒരു വലയത്തിലെന്ന (Loop) പോലെ വിലാപത്തിന്റെ പ്രവര്‍ത്തനവും പ്രക്രിയയും ഓര്‍മ്മയെ ഉണര്‍ത്തുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. കനത്ത ആഘാതങ്ങളുടെ ഫലമായി ഉരുണ്ടുകൂടുന്ന വടുക്കളെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാനാവില്ല.

വിലാപം എപ്പോഴും ഒരു ആഘാതത്തെ പിന്തുടരുന്നുവെന്ന് വ്യക്തമാക്കിയ ദെറിദയുടെ വാദത്തെ വിഭജനവുമായി കൂട്ടിവയ്ക്കുകയാണ് എഴുത്തുകാരി. ദെറിദയെ കൂട്ടുപിടിച്ച് വിഭജനം എന്ന ഭൂതം തുറന്നുവിട്ട ഒഴിയാബാധയായി ജനാധിപത്യത്തിന്റെ സമീപകാല അവസ്ഥകളെ അവര്‍ നോക്കിക്കാണുന്നു. ഭൂതകാലത്തെ തിക്താനുഭവങ്ങളെ ആകസ്മികതകളായി എഴുതിത്തള്ളാതെ അവയുടെ സമകാല പ്രസക്തിയെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് വിഭജനസംബന്ധിയായ എഴുത്തുകള്‍. അവയിലെ ആശയങ്ങളും വീക്ഷണങ്ങളും കൃത്യതയോടെ ബോധ്യപ്പെടാന്‍ നമുക്കാവണം.

സ്വാതന്ത്ര്യവും വിഭജനവും അടിസ്ഥാനമാക്കിയുള്ള രചനകള്‍ 'പോസ്റ്റ് മെമ്മറി' എന്ന അവസ്ഥാവിശേഷത്തെ വ്യംഗിപ്പിക്കുന്നു. മുന്‍ തലമുറയുടെ സാമൂഹികവും സാംസ്‌കാരികവുമായ വിച്ഛേദത്തെ സാഹിത്യത്തിലൂടെ അഭിസംബോധന ചെയ്യുകയാണ് ഇത്തരം കൃതികള്‍. വൈകാരികമായ ആഘാതങ്ങളെ എഴുത്ത് എന്ന ഇന്ദ്രജാലത്തിലൂടെ മറികടക്കാനുള്ള ശ്രമമാണ് ഈ രചയിതാക്കള്‍ നടത്തുന്നത്. ഓര്‍മയെഴുത്ത് മറവിയെക്കുറിച്ച് കൂടിയാവുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അനവധി വ്യക്തികളുടെ ഓര്‍മയിലൂടെ രാഷ്ട്രത്തിന്റെ ദുരിതപൂര്‍ണമായ നാളുകള്‍ വിചിന്തനം ചെയ്യുന്നതിലൂടെ പിന്‍തലമുറ കാണുന്ന രാഷ്ട്രത്തിന്റെ ചിത്രം ലളിതസുന്ദരമല്ലാതാവുന്നു. രാഷ്ട്രം മുറിവുണങ്ങപ്പെടാത്ത ഭൂമിശാസ്ത്രയിടമായി (Geographical Space) പരിവര്‍ത്തനം ചെയ്യുകയാണ്.

ഭൗതികവും അതിഗഹനമായ മാനസിക സംഘര്‍ഷങ്ങളുടെയും ഈറ്റില്ലമായ രാഷ്ട്രം എന്ന ഇടം ചരിത്രത്തിന്റെ സന്ധികളില്‍ എഴുതപ്പെട്ട ദുരന്തപര്‍വമായി തീരുന്നു. ഒരുപറ്റം മനുഷ്യര്‍ക്ക് നീണ്ടുനില്‍കുന്ന വൈകാരികമായ ആഘാതമായി ഭവിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ അധ്യായങ്ങള്‍, എഴുപത്തഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നമ്മെ ബാധിക്കുന്നുവെന്നുള്ളത് നിസ്സാരമായി കാണാനാവില്ല. ഒരു പരിതാപമായി എക്കാലവും ഉള്ളിലുള്ള ചിത്രമാണ് വിഭജനാന്തര പലായനം. കാലങ്ങള്‍ കഴിഞ്ഞിട്ടും പൊടി പറ്റാത്തതും പഴക്കം മൂലം കേടു സംഭവിക്കാത്തതുമായ ഓര്‍മച്ചിത്രമാണത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്