Art & LITERATURE

മനുഷ്യന്‍ ഇച്ഛിക്കുന്ന ലോകവും, മനുഷ്യന് അഭിമുഖീകരിക്കേണ്ട ലോകവും തമ്മിലുള്ള സംഘര്‍ഷത്തിൻ്റെ കഥകൾ

ചുറ്റുപാടുകളോട് ശരീരവും, മനസ്സും, വികാരങ്ങളും, ചിന്തയും പുലര്‍ത്തുന്ന സംവേദനം തന്‍റെ രാഷ്ട്രീയ ബോധ്യങ്ങളോടെ പരിവര്‍ത്തിപ്പിച്ചുള്ള മിനിയുടെ കഥകള്‍ സമകാലിക മലയാള കഥകളുടെ മുഖത്തെ വെളിപ്പെടുത്തുന്നു

ഡോ. എ സി സുഹാസിനി

പുതുതലമുറയിലെ എഴുത്തുകാരി മിനി പി.സി എഴുത്തില്‍ സജീവമായിട്ട് രണ്ടു ദശകം തികഞ്ഞിട്ടില്ല.എങ്കിലും ഈ കാലഘട്ടത്തിനിടയ്ക്ക് അവര്‍ നിരന്തരം എഴുതുകയും അവയ്‌ക്കെല്ലാം വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു എന്നത് ചെറിയ കാര്യമല്ല. ചുറ്റുപാടുകളോട് ശരീരവും, മനസ്സും, വികാരങ്ങളും, ചിന്തയും പുലര്‍ത്തുന്ന സംവേദനം തന്റെ രാഷ്ട്രീയ ബോധ്യങ്ങളോടെ പരിവര്‍ത്തിപ്പിച്ചുകൊണ്ട് മിനി എഴുതുന്ന കഥകള്‍ മലയാള കഥയുടെ സമകാലിക മുഖത്തെ വെളിപ്പെടുത്തുന്നു. കഥയെഴുത്ത് എന്നതിലുപരി കഥ പറച്ചിലിന്റെ ലളിതവും ഋജുവുമായ വഴിയിലൂടെ ഒരുകൂട്ടം ഓര്‍മ്മകളും സംഭവങ്ങളും അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന വിശാലമായ പരിപ്രേക്ഷ്യത്തിലേക്കാണ് കഥകള്‍ സഞ്ചരിക്കുന്നത്.

ആറ് കഥകളടങ്ങുന്ന സമാഹാരമാണ് ബുദ്ധമയൂരി. അംഗലാവണ്യത്തോടുകൂടിയ ഒരു പൂമ്പാറ്റയാണ് ബുദ്ധമയൂരി.അത് സമാധാനം കൊണ്ടുവരുമെന്നാണ് വിശ്വാസം. യുദ്ധം സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തില്‍ പറന്നുയരുന്ന ബുദ്ധമയൂരികളില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന സമാധാനത്തെ അട്ടിമറിച്ചുകൊണ്ട്, പട്ടാളക്കാരനായ മേജറിന്റെ കണ്‍മുന്നില്‍ അരങ്ങേറിയ ഒരു കൊലയാണ് ഈ കഥയിലെ വലിയ വേദന. ഒരുപക്ഷേ, ലോക ജനതയാകെ വേദനിച്ച ആ മരണം ഒരു കുട്ടിയുടെതായിരുന്നു. എല്‍.ടി.ടി.ഇ നേതാവായിരുന്ന വേലുപിള്ള പ്രഭാകരന്റെ ബാലു എന്ന മകന്‍.ഉന്മൂലനത്തിന്റെ ക്രൂരമുഖം ഭീകരത പടര്‍ത്തിയ അന്തരീക്ഷമായിരുന്നു അത്. രഹസ്യമുറിയില്‍ അട്ടിയിട്ടിരുന്ന ബങ്കറുകളിലൊന്നിന്റെ മുകളിലിരുന്ന് ബിസ്‌ക്കറ്റ് കഴിച്ചുകൊണ്ടിരുന്ന ബാലുവിനെ, കഴിച്ചു തീരും മുമ്പേ കൈയ്യകലത്തു നിന്നാണ് കമാണ്ടര്‍ വെടിവച്ചിട്ടത്. അവന് കാവല്‍ നിന്നിരുന്ന മേജര്‍ അവനുമായി സ്ഥാപിച്ചെടുത്ത ചെറിയൊരു പരിചയത്തിന്മേല്‍ പറഞ്ഞു. 'പേടിക്കേണ്ട അച്ഛന്‍ വരും'. കുട്ടി പറഞ്ഞു: ''പേടിയില്ല, എന്നെ രക്ഷിക്കാന്‍ അച്ഛന്‍ വരികയുമില്ല. എനിക്കു വേണ്ടിയല്ല, നീതിക്കു വേണ്ടിയാണ് എന്റെ അച്ഛന്റെ യുദ്ധം. നിര്‍ഭയനായി വിടര്‍ന്ന കണ്ണുകളോടെ കൂസലില്ലാതെ ബാലു ഇരുന്നു, ആ മുറുകിയ അന്തരീക്ഷത്തിലേക്ക് പറന്നുവന്ന ബുദ്ധമയൂരികളെ കണ്ട് കുട്ടിയുടെ മുഖത്തെ ഗൗരവം അയഞ്ഞു.ആ പ്രദേശത്തെക്കുറിച്ചും മുള്ളിലവുകളില്‍ താമസിക്കുന്ന ബുദ്ധമയൂരികളെ ക്കുറിച്ചുമെല്ലാം അവന്‍ സംസാരിച്ചു. അതെല്ലാം അതിശയത്തോടെ കേട്ട മേജര്‍,ബുദ്ധമയൂരി കൊണ്ടുവരുന്ന സമാധാനത്തില്‍ ആശ്വസിച്ചു. എന്നാല്‍ ശ്വാസം നിലച്ച് അടയാത്ത കണ്ണുകളുമായി കിടന്ന അവന്റെ കണ്ണുകളിലെ ശാന്തത അയാളെ ഭയപ്പെടുത്തി. ആ കണ്ണുകള്‍ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്. അത് ബാലുവായാലും ഗാസയിലെ കുട്ടികളായാലും പാലസ്തീനിലെ കുട്ടികളായാലുമതെ. യുദ്ധത്തിന്റെ യഥാര്‍ത്ഥ വില കുട്ടികളുടെ ജീവിതം കൊണ്ടോ മരണം കൊണ്ടോ അളന്ന് തിട്ടപ്പെടുത്തുന്ന ലോകക്രമം.ആ ലോകത്തിലേക്ക് തുറക്കുന്ന കണ്ണുകളിലെ പേടിപ്പെടുത്തുന്ന ശാന്തത ചെറുത്തുനില്‍പ്പിന്റേതു കൂടിയാണ്. ആ ഭയവിഹ്വലത കഥാകാരി പകര്‍ന്നു നല്‍കിയത് 'ദാസങ്കിള്‍' എന്ന മേജര്‍ക്കാണ്. സംഘര്‍ഷഭരിതമായ സേവനകാലത്തിനു ശേഷം വീട്ടിലെത്തി ആരോടും പറയാതെ നാടുവിട്ട് വര്‍ഷങ്ങള്‍ക്കുശേഷം അസുഖബാധിതനായി തിരിച്ചെത്തി.ഇന്നയാള്‍ക്ക് ബുദ്ധമയൂരികളെയും പൂന്തോട്ടത്തെയും പേടിയാണ്. തന്റെ ഭാര്യാസഹോദരന്റെ മകനായ ബാലുവിന് 'കുട്ടിയുടേയും പട്ടാളക്കാരന്റെയും' കഥ പറഞ്ഞു കൊടുക്കുന്നതിലൂടെയാണ് യുദ്ധത്തിന്റെ ഭീകരാന്തരീക്ഷം വെളിപ്പെടുന്നത്.മനുഷ്യന്‍ ഇച്ഛിക്കുന്ന ലോകവും മനുഷ്യന് അഭിമുഖീകരിക്കേണ്ട ലോകവും തമ്മിലുള്ള സംഘര്‍ഷം വളരെ വിദഗ്ധമായി കഥാകാരി രേഖപ്പെടുത്തുന്നുണ്ട്. സിംഹള ബുദ്ധിസ്റ്റായിരുന്ന ദാസങ്കിളിന്റെയുള്ളില്‍ കാലങ്ങളായി ബുദ്ധനും, യുദ്ധവും തമ്മില്‍ നടത്തിക്കൊണ്ടിരുന്ന വടംവലിയില്‍ ബുദ്ധന്‍ ജയിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. ബുദ്ധന്റെ സമാധാനവും മയൂരത്തിന്റെ അഴകും ചേരുമ്പോള്‍ ഉണ്ടാകുന്ന സമാധാനത്തിന്റെ മനോഹാരിത വഹിക്കുന്ന ചിത്രശലഭമാണ് ബുദ്ധമയൂരി. ഈ മെറ്റഫര്‍ കൊണ്ടാണ് മിനി കഥയ്ക്ക് ആശാന്തതയുടെ ആഖ്യാനശോഭ നല്‍കുന്നത്.അതൊരു വിപരീതാവസ്ഥയല്ലെയെന്നു തോന്നാം.ബുദ്ധമയൂരി സമാധാനത്തിന്റെ വാഹകയാണെങ്കിലും കഥയ്ക്ക് ആശാന്തിയുടെ ധാരയാണുള്ളത്. അതിനു കാരണം യുദ്ധത്തിന്റെ വിപരീതമല്ല സമാധാനമെന്നതാണ്. ഇവയ്ക്ക് രണ്ടിനും വിപരീതാവസ്ഥകളില്ല. യുദ്ധമില്ലാത്ത അവസ്ഥ സമാധാനത്തികവിന്റേതല്ല. അതുകൊണ്ട് സൂക്ഷ്മഭാവത്തില്‍ എഴുത്ത് യുദ്ധവും, സമാധാനവുമാണ്.

മിനി പിസിയുടെ മറ്റു പുസ്തകങ്ങൾ

നന്മതിന്മകള്‍ എന്ന ദ്വന്ദ്വത്തെ ലോകവ്യവഹാരത്തിനായി നാം ഉപയോഗിക്കുന്ന സാമ്പ്രദായിക മാനദണ്ഡങ്ങളാണെന്നു പറയാം. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയങ്ങളാണ് നമ്മെ സംബന്ധിച്ച് ജീവിതമൂല്യങ്ങള്‍. അവയ്ക്ക് നാം ഉയര്‍ന്ന പദവിയും ആഘോഷപൊലിമയും കല്‍പ്പിച്ചു കൊടുക്കുന്നു. സദാചാരപരവും അന്തസ്സാര്‍ന്നതുമായ ഗുണങ്ങള്‍ നല്‍കുന്നു. തിന്മയെ അകറ്റാന്‍ പലവിധത്തില്‍ ശ്രമിക്കുന്നു. എന്നാല്‍ മനുഷ്യനോടൊപ്പം നടക്കുന്ന തിന്മ ഒഴിയാബാധയായി നമ്മെ പലവിധത്തില്‍ നട്ടം തിരിച്ചുകൊണ്ടേയിരിക്കുന്നു. തിന്മയുടെ പരിവേഷം നല്‍കി നാം ഗണിക്കുന്നത് ചെകുത്താനെയാണ്. മനുഷ്യന്‍ ചെകുത്താന്‍ കയറിയ സ്വഭാവക്കാരനായി മാറിയാല്‍പ്പിന്നെ ചെയ്യുന്നതു മുഴുവന്‍ ദൂരമൂത്തതും അത്യാര്‍ത്തി നിറഞ്ഞതുമായ ചെയ്തികളായിരിക്കും. ഇങ്ങനെ നന്മതിന്മകളുടെ ഗുണദോഷങ്ങള്‍ അവതരിപ്പിക്കുന്ന കഥയാണ് 'തീരെ ചെറിയ കാര്യങ്ങള്‍'. ടോള്‍സ്റ്റോയിയുടെ വിശ്വപ്രസിദ്ധമായ 'ഒരാള്‍ക്ക് എത്ര ഭൂമി വേണം' എന്ന കഥയെ ഉപജീവിച്ചാണ് ഈ കഥ എഴുതിയത്. ആറടി മണ്ണിലൊടുങ്ങിയ പഹോമിന്റെ മരണശേഷമുള്ള അവസ്ഥാന്തരങ്ങളാണ് കഥയുടെ പ്രമേയം. പഹോമിന്റെ ഭൃത്യനായ ദിമിത്രിയെ വശീകരിച്ച് ബക്ഷീറുകള്‍ പഹോമിന്റെ കുടുംബത്തെക്കൂടി പാട്ടിലാക്കാന്‍ ശ്രമിക്കുന്നു. അതിനായി നിയോഗിച്ച ദിമിത്രിയുടെ പ്രലോഭനങ്ങളില്‍ പഹോമിന്റെ ഭാര്യയും മകളും വീണില്ലെന്നു മാത്രമല്ല അയാളേയും കുടുംബത്തെയും നന്മ നിറഞ്ഞ മനസ്സോടെ നല്ല പെരുമാറ്റങ്ങളോടെ തങ്ങളിലേക്കടുപ്പിക്കുന്നു. ഇത് കണ്ട് ചെകുത്താന്‍ തോറ്റു പിന്‍വാങ്ങുന്നു. കഥ പറച്ചിലിന്റെ വഴക്കത്തോടെയുള്ള കൊച്ചു കൊച്ചു വിവരണങ്ങളിലൂടെ സംഭവങ്ങളുടെ ആഖ്യാനമായാണ് കഥ മുന്നേറുന്നത്. പഹോമിന്റെ ചിന്തയും പ്രവര്‍ത്തിയുമെല്ലാം ചെകുത്താന്റെ ചെയ്തികളായിരുന്നു. അതുകൊണ്ടാണ് പന്തയത്തില്‍ പങ്കെടുത്ത പഹോമിന് ഓരോ തവണയും മതി മതി എന്ന് തോന്നിയപ്പോഴും കൂടുതല്‍ കൂടുതല്‍ വളക്കൂറുള്ള മണ്ണ് കണ്ടപ്പോള്‍ പ്രലോഭനമുണ്ടായത്. അവസാനം കിതച്ചും ചോര തുപ്പിയും പഹോം മരിച്ചപ്പോള്‍ ചെകുത്താന്‍ വിജയിച്ചു. കഥയുടെ ഉത്തരഭാഗം നന്മയെ പ്രതിഷ്ഠിക്കുന്നതാണ്.കഥാപ്രമേയത്തിന് പുതുമയില്ലെങ്കിലും മനുഷ്യനുള്ളിടത്തോളം കാലം നന്മതിന്മകള്‍ ഇടംവലം തിരിഞ്ഞ് നമ്മെ നിര്‍ണയിച്ചു കൊണ്ടേയിരിക്കുമെന്ന വസ്തുതയിലാണ് കഥാകാരി കഥ കാണുന്നത്. 'തീരെ ചെറിയ കാര്യങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന കഥ വലിയ തിരിച്ചറിവുകളിലേക്ക് സഞ്ചരിക്കുന്നു. ജീവിതത്തില്‍ നാം പുലര്‍ത്തുന്ന തീര്‍ച്ചക്കുറവുകള്‍ക്ക് തീര്‍ച്ചകള്‍ നല്‍കുന്നു. അങ്ങനെ ജീവിതഗന്ധിയായി ഗുണദോഷ വിചിന്തനം നടത്തുന്നു.

കുടുംബം എന്ന സ്ഥാപനവും അതിനകത്തെ പ്രശ്‌നങ്ങളും എക്കാലത്തും കഥയുടെ പ്രമേയമാണ്. മനുഷ്യജീവിത വ്യവഹാരങ്ങള്‍ കുടുംബവുമായി അഭേദ്യ ബന്ധം പുലര്‍ത്തുന്നതുകൊണ്ട് ഏത് പ്രശ്‌നവും കുടുംബവുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കും. ചിലപ്പോള്‍ ഊരാക്കുടുക്കുകളായി മാറും. പുരുഷ കേന്ദ്രിത സാമൂഹികവ്യവസ്ഥയുടെ മൂല്യബോധമാണ് കുടുംബത്തെയും ഭരിക്കുന്നത് എന്നതുകൊണ്ട് സ്ത്രീയാണ് കുരിക്കിലകപ്പെടുന്നത്.അത്തരത്തില്‍ കുരുക്കില്‍പ്പെട്ട കുഞ്ഞന്നത്തിന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥയാണ് 'ഹിമാലയന്‍ വയാഗ്ര'. ഒപ്പം യാതൊരു പരിഭവമോ പരാതിയോ സംഘര്‍ഷങ്ങളോ ഇല്ലാതെ ജീവിതം കഴിക്കുന്ന സോഫിയുടെ കഥയുമാണ്. യൗവനം നിലനിര്‍ത്താനും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും ഉപകരിക്കുന്നതാണ് ഹിമാലയന്‍ വയാഗ്ര എന്ന അറിവ് പ്രയോജനപ്പെടുത്തി സഹോദര ഭാര്യയെ തൃപ്തിപ്പെടുത്തിയ ബേബിയാണ് കഥയിലെ നായകന്‍. ഈ അവിഹിതബന്ധം ആ കുടുംബത്തില്‍ രണ്ട് ആത്മഹത്യകളുണ്ടാക്കി. രണ്ടു സന്ദര്‍ഭങ്ങളിലായി ബേബിയും ഭാര്യ മറിയവും ജീവനൊടുക്കി.മറിയത്തിന്റെ മരണത്തോടെ കുഞ്ഞന്നം മുന്‍കൈയെടുത്ത് ബേബിയെക്കൊണ്ട് സോഫിയെ വിവാഹം കഴിപ്പിച്ചു. ആനന്ദങ്ങള്‍ വിലക്കപ്പെട്ട ശരീരവും നിസ്സംഗതയാര്‍ന്ന മനസ്സുമായി ദാമ്പത്യമില്ലാതെ സോഫി ജീവിച്ചു പോന്നു. സംഘര്‍ഷഭരിതമായ മനസ്സും ആസക്തിയുടെ നിറവാര്‍ന്ന ഉടലുമായി കുഞ്ഞന്നവും. ആ അവിഹിതബന്ധത്തിന്റെ പുഷ്‌ക്കലതയ്ക്കായിരുന്നു ഹിമാലയന്‍വയാഗ്ര ഉപയോഗപ്പെടുത്തിയത്. ബേബി അനുഭവിച്ചിരുന്ന വല്ലാത്തൊരു മരവിപ്പിലേക്ക് പിടിച്ചു കയറുകയായിരുന്നു കുഞ്ഞന്നം. പെണ്ണിന്റെ പുളപ്പിനെ കഥാകാരി ആവിഷ്‌ക്കരിക്കുന്നത് ഇങ്ങനെയാണ് 'സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും അതിനൊത്ത തണുപ്പും കൊന്നു കൊലവിളിക്കാന്‍ പാകത്തിനു ചിന്നവും വിളിച്ചു നില്‍ക്കുന്ന കുഞ്ഞന്നവും അയാളെ വല്ലാതെ പ്രലാഭിപ്പിച്ചു.'' ഇത്തരത്തില്‍ നില്‍ക്കുന്ന പെണ്ണൂര്‍ജ്ജത്തെ കീഴ്‌പ്പെടുത്താന്‍ ഹിമാലയന്‍ വയാഗ്രയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ആണുലടലിന്റെ അധികാരഗര്‍വ്വ് മുട്ടുമടക്കുകയുമരുതല്ലോ. കുഞ്ഞനം ഗര്‍ഭിണിയായതോടെ കാര്യങ്ങള്‍ കുഴമറിഞ്ഞു. പ്രസവാനന്തരം അവര്‍ ശരീരത്തിന് വേണ്ടാത്തതെന്തോ പുറന്തള്ളിയ ആശ്വാസത്തോടെ കണ്ണുമടച്ചു കിടന്നു. ഏറെ താമസിയാതെ കുഞ്ഞന്നം ഭര്‍ത്താവിനോടൊപ്പം പോയി.കുഞ്ഞനം പെറ്റിട്ട കുട്ടിയെ പോറ്റി വളര്‍ത്തിയത് സോഫിയാണ്. വീട്ടുജോലിയിലും കൃഷിയിലും ശ്രദ്ധ ചെലുത്തിയ അവള്‍ക്ക് മറ്റെല്ലാത്തിനോടും നിര്‍മമതയായിരുന്നു.

വ്യത്യസ്ത മാനസികവ്യാപാരങ്ങളോടെ കഴിയുന്ന രണ്ടു സ്ത്രീ പ്രതിനിധാനങ്ങള്‍ ആണ് കുഞ്ഞന്നവും സോഫിയും.പെറ്റവയറിന്റെ അവകാശം പറയാനാവാതെ മാതൃത്വമെന്ന സാംസ്‌കാരികാനുഭവത്തെ ഘോഷിക്കാനാവാതെ, പ്രസവപ്രക്രിയയോട് കൂടി ലഭിച്ച 'വിടുതലില്‍' ആശ്വാസം പൂണ്ട് കുഞ്ഞന്നവും പരിഹാസങ്ങള്‍ക്കും അവഗണനങ്ങള്‍ക്കും വിധേയമായിട്ടും അതൊന്നും ബാധിക്കാതെ കര്‍മ്മനിരതയായി സോഫിയും കഴിഞ്ഞു. പിതൃമേധാവിത്വം നിര്‍മ്മിച്ച വ്യവസ്ഥാപിത സദാചാരമൂല്യങ്ങള്‍ക്കകത്ത് സ്ത്രീയെന്ന നിലയില്‍ സ്വന്തം ജീവിതത്തെ കാണുകയാണെങ്കില്‍ അത് മറ്റൊരു അറിവും ആലോചനയും നല്‍കും. സോഫിയെപോലെയാകാന്‍ കുഞ്ഞന്നം ആഗ്രഹിച്ചുവെങ്കിലും അതത്ര എളുപ്പമല്ലെന്ന തിരിച്ചറിവും ബോധവും അവള്‍ക്കുണ്ട്.എന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ശാന്തതയോടെ കഴിയുന്ന സോഫിയില്‍ സൃഷ്ട്യുന്‍മുഖതയുടെ പ്രകാശനാളങ്ങളുണ്ട്.അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ടെറസ്സിലെ വിവിധയിനം ചെടികളെ സ്‌നേഹിക്കുന്ന അവള്‍ പല രാത്രികളിലും ഉറങ്ങുന്നതുപോലും അവിടെയാണെന്നു കേട്ടപ്പോള്‍ കുഞ്ഞന്നത്തിന്റെ ഭര്‍ത്താവ് ബെന്നി പരിഹസിച്ചത് 'അത് നിലാവില്‍ നിന്നാണോ നക്ഷത്രങ്ങളില്‍ നിന്നാണോ ചെടികള്‍ ഗര്‍ഭം ധരിക്കുന്നതെന്ന് കണ്ടുപിടിക്കാനായിരിക്കണ'മെന്നാണ്. അതൊരു ക്രൂരഫലിതമായിരുന്നെങ്കിലും ഗര്‍ഭം ധരിക്കാതെ, പ്രസവിക്കാതെ, അമ്മയനുഭവത്തിന്റെ ഉടലാര്‍ന്ന ജൈവികത സ്വാംശീകരിച്ചവളാണവള്‍. ആ ജൈവികത ലഭിക്കുന്നതാവട്ടെ താന്‍ അത്രമേല്‍ സ്‌നേഹിക്കുന്ന കൃഷിയില്‍ നിന്നുമാണ്. മനുഷ്യജീവി എന്ന നിലയിലോ സാമൂഹികജീവി എന്ന നിലയിലോ കര്‍തൃത്വം ഇല്ലാത്തവളാണ് സോഫി. മാതൃത്വം എന്നത് സ്ത്രീയുടെ ധര്‍മമാണെന്ന വിശ്വാസത്തെ കഥ പരിഗണിക്കുന്നില്ല.അതേസമയം പെണ്ണുടലിന്റെ ആസക്തിയും, അനാസക്തിയും കുഞ്ഞന്നം, സോഫി എന്നിവരിലൂടെ സങ്കീര്‍ണ്ണമായ അവസ്ഥയായും ദൈന്യതയില്ലാത്ത ജീവിതപ്പച്ചയായും കഥാകാരി ആവിഷ്‌കരിക്കുന്നുണ്ട്.ശരീരാസക്തിയുടെ അനന്തരഫലം ഒരു സ്ത്രീയെ ഏതെല്ലാം തരത്തില്‍ വേട്ടയാടുന്നുവെന്നും ശാരീരിക നിസ്സംഗത എങ്ങനെയൊക്കെയാണ് ലൗകിക സുഖത്തെ ഉദാസീനമായി സമീപിക്കുന്നതെന്നുമുള്ള വിരുദ്ധാവസ്ഥകളിലൂടെ പെണ്ണുടലിന്റെ പലതരം ആവേഗങ്ങളെ സങ്കല്‍പനം ചെയ്യുന്നുണ്ട് ഹിമാലയന്‍ വയാഗ്ര എന്ന കഥ. ഹിമാലയന്‍ വയാഗ്രയുടെ വീര്യത്തെപോലെ പ്രകൃതിയില്‍നിന്ന് ആവാഹിച്ചെടുക്കുന്ന ഊര്‍ജ്ജത്തെ സ്വാംശീകരിച്ചവളാണ് സോഫി. സോഫിയെപോലെ ആകാന്‍ ആഗ്രഹിക്കുകയെന്നത് പ്രകൃതിയെ കൂടുതലറിയുക എന്നതുകൂടിയാണ്.

ആണത്ത, പെണ്ണത്ത സങ്കല്‍പനങ്ങളിലെ രീതിഭേദങ്ങളെ ഒരു സമൂഹം എങ്ങനെ പരിചരിക്കുന്നുവെന്നും, അടയാളപ്പെടുത്തുന്നുവെന്നും കറുത്തമ്മയിലെ പ്രകാശന്‍, ലീല ദമ്പതിമാരുടെ ജീവിതചിത്രീകരണത്തിലൂടെ മിനി വെളിപ്പെടുത്തുന്നു.കാലില്‍ ചങ്ങലയിട്ട് പൂട്ടിയിരുന്ന ലീലയെ കാല്‍ച്ചങ്ങലയുമായി മുറിയുടെ മൂലയില്‍ ചുരുണ്ടുകൂടിയിരുന്ന വല്യച്ഛന്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് രക്ഷപ്പെടുത്തിയ ഉടനെ അവള്‍ ഹാര്‍ബറിലേക്കോടി. പത്തുവര്‍ഷം മുമ്പ് മറ്റൊരു തുറയില്‍ നിന്ന് ഒളിച്ചോട്ടം നടത്തി ഇങ്ങോട്ടെത്തിയവള്‍, ഉശിരന്മാരായ നാല് ആങ്ങളമാരുടെ ഒരേയൊരു പെങ്ങള്‍. അല്പസ്വല്‍പം എഴുത്തും വായനയുമായി കടലിനെ വായനയിലൂടെ മാത്രം അറിയാന്‍ ശ്രമിച്ച അരയനായിരുന്നു അവളുടെ അച്ഛന്‍.തകഴിയുടെ ആരാധകന്‍.അച്ഛന്‍ വായനയിലൂടെ കടലിനെ അറിഞ്ഞപ്പോള്‍ ലീല ആങ്ങളമാര്‍ക്കൊപ്പം അതിനെ തൊട്ടറിഞ്ഞവളായിരുന്നു. അച്ഛനമ്മമാര്‍ അപകടത്തില്‍ മരിച്ചതില്‍പ്പിന്നെ കടലായിരുന്നു അവള്‍ക്കമ്മ. അതിന്റെ ആഴവും ഭാവവും രൂപവും തന്റേതുകൂടിയാണെന്ന് അവള്‍ വിശ്വസിച്ചു. കടലുപോലെ പരന്ന ആ ആര്‍ദ്രതയിലേക്കാണ് പ്രകാശന്‍ പ്രവേശിച്ചത്. പാട്ടുപാടുന്ന പ്രകാശനെ പാട്ടിലൂടെ പ്രണയിച്ച് അവനോടൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍, പുതിയ സൗഭാഗ്യങ്ങള്‍ വന്നുചേര്‍ന്നപ്പോള്‍ പ്രകാശന്‍ മീന്‍പിടുത്തത്തിനു പോയിരുന്ന ലീലയെ വെറുക്കുകയും അവഗണിക്കുകയും ചെയ്തു. അവളെ പങ്കായംകൊണ്ട് അടിക്കുകയും കാലില്‍ ചങ്ങലയിട്ട് പൂട്ടുകയും ചെയ്തു.ആ പൂട്ട് പൊട്ടിച്ചാണ് അവള്‍ വീണ്ടും ഹാര്‍ബറിലെത്തിയത്.

ഇവിടെ ആധുനിക സമൂഹം ആരുടെ കൂടെയാണ് നിലകൊള്ളുന്നത് എന്ന് ചോദിക്കുകയാണെങ്കില്‍ കിട്ടുന്ന ഉത്തരമാണ് 'കറുത്തമ്മ'ക്കഥയിലെ ജീവിതപാഠം. പ്രകാശനോടൊപ്പം ഇറങ്ങിപ്പോന്ന് അധികകാലം കഴിയുന്നതിനുമുമ്പേ ലീലയ്ക്ക് തന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചകള്‍ ശരിയായിരുന്നില്ലെന്ന് തോന്നിത്തുടങ്ങിയിരുന്നു. മുറുകുംതോറും അഴിയുകയും അഴിക്കുംതോറും മുറുകുകയും ചെയ്തുകൊണ്ട് ആ തോന്നല്‍ അവളെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഇത് സമൂഹത്തിന് മനസ്സിലാവാത്ത അഥവാ സമൂഹം കണ്ടില്ലെന്ന് നടിക്കുന്ന പെണ്ണവസ്ഥയാണ്. പണിക്ക് പോകാതെ മടിപിടിച്ച് പ്രകാശനിരിക്കുമ്പോള്‍ ജീവിതായോധനം നടത്തിയത് ലീലയായിരുന്നു. ബോട്ടില്‍ പോയി സ്രാങ്കിന്റെ പണിചെയ്ത് കുടുംബം നോക്കിയപ്പോള്‍ അത് അപമാനമായി വീട്ടുകാര്‍ക്ക് തോന്നിയില്ല. കടലും ജീവിതവും ഓരോ നിമിഷവും അവളെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു.കടലിന്റെ ആഴവും രൂപവും ഭാവവും തന്റേതുകൂടിയാണെന്നായിരുന്നു അവളുടെ വിശ്വാസം. പെണ്ണവസ്ഥയുടെ ആഴവും മുറുക്കവും ഭാവതീവ്രതയും ഈ ഒന്നായിത്തീരലിലുണ്ട്. അവള്‍ മുന്‍കൈ എടുത്തിട്ടാണ് പ്രകാശന്‍ റിയാലിറ്റി ഷോയില്‍ പാടാന്‍ പോയത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളും, മുന്തിയ വാച്ചും സ്വര്‍ണമാലയും, ഷൂസും ഒക്കെ അണിഞ്ഞെത്തിയ പ്രകാശന്‍ ജീവിതത്തിന്റെ അടുത്ത പടിയിലേക്ക് കയറിയിരുന്നു. ദാമ്പത്യജീവിതാരംഭം തൊട്ട് ലീല പ്രകാശന്‍ ഇങ്ങനെയൊരു പ്രൗഢിയില്‍ എത്തിച്ചേരുമെന്നാണ് ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. എന്നാല്‍ കൂടെ വന്ന പുതുമോടിക്കാരിയെ കൂട്ടി വാതിലടക്കുകയാണ് പ്രകാശന്‍ ചെയ്തത്. അതായത് ലീല ആഗ്രഹിച്ച ജീവിതം പ്രകാശന് ലഭിക്കുകയും, ലീലയ്ക്ക് നഷ്ടപ്പെടുകയും ചെയ്തു. ഒപ്പം അവഹേളനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമാവുകയുമുണ്ടായി. കടപ്പുറത്ത് പണിയെടുത്ത് കൊണ്ടിരുന്ന ലീലയെ പഴിച്ചുകൊണ്ട് പ്രകാശന്റെ അമ്മ പറഞ്ഞത് 'രണ്ട് പെമ്പിള്ളേരാണ് . ഇവള് ചൊവ്വിനും നേരിനും നടന്നില്ലെങ്കി അതുങ്ങക്കാ കേട്.അവന് എങ്ങനെ വേണോ നടക്കാം. ആരും അപ്പന്റെ സുഭാവം തിരക്കുവേല,തള്ള എങ്ങനെയാണെന്നേ തെരക്കൂ.'' കുടുംബത്തിലും സമൂഹത്തിലും രൂഢമൂലമായ പുരുഷകേന്ദ്രീകൃത അധികാര വ്യവസ്ഥയുടെ ഉച്ചത്തിലുള്ള ശബ്ദമാണത്.അത് ഒരു പെണ്ണ് തന്നെ പറയുമ്പോള്‍ ആണധികാരത്തിന്റെ ആധിപത്യം എത്രമേല്‍ വരിഞ്ഞു മുറുകുന്നുണ്ടെന്ന് വ്യക്തമാകുന്നു. പുരുഷന് എങ്ങനെയും പെരുമാറാം എന്ന സമൂഹപൊതുബോധമാണ് ആണത്തനിര്‍മ്മിതിയുടെ ആണിക്കല്ല്.ഇതേ പൊതുബോധം തന്നെയാണ് പെണ്ണിനെ അടിമയാക്കുന്നതും. അതിന്റെ ഇരകളാണ് ലീലയും പ്രകാശന്റെ അമ്മയും. അനുസരണയും വിധേയത്വവുമെല്ലാം പെണ്ണത്തത്തോടു ചേര്‍ത്തു കെട്ടിയ തൊങ്ങലുകളാവുകയും സാമൂഹിക-സാംസ്‌ക്കാരിക- രാഷ്ട്രീയ സ്ഥാപനങ്ങള്‍ അവയുടെ കളരികള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ തോറ്റുപോകുന്നത് പരിഷ്‌കൃതസമൂഹമെന്ന സങ്കല്‍പ്പനമാണ്;ലിംഗനീതിക്കായുള്ള പ്രവര്‍ത്തനങ്ങളാണ്. ''പ്രകാശനെ ജനം തെറ്റു പറയത്തില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആര്‍ക്കടെ കൂടെയും സുന്ദരമായിട്ട് ജീവിക്കാം. അങ്ങോട്ടും ഇങ്ങോട്ടും സമ്മതം വേണമെന്നേയൊള്ള്.'' എന്ന ചന്ദ്രന്റെ പ്രസ്താവനയുടെ ഗുണഫലവും ചേന്നുചേരുന്നത് പുരുഷനിലേക്കാണ്. അതേസമയം കാലിലെ ചങ്ങല പൊട്ടിച്ചെറിഞ്ഞെത്തിയ ലീല ബോട്ടില്‍ തന്റെ കൂടെ പണിയെടുക്കുന്ന തന്റെ സഹപാഠി കൂടിയായിരുന്ന ചന്ദ്രനെ സ്വീകരിച്ചു. ''മെല്ലെ മെല്ലെ ആസക്തികളുടെ കാറ്റും കോളും പെരുകി, അന്തമില്ലാത്ത ആകാശത്തിനു കീഴെ മറ്റൊരാകാശം പോലെ പടര്‍ന്ന കടലിന്റെ അഗാധങ്ങളില്‍ നിന്നും വികാരങ്ങളുടെ കൊമ്പന്‍സ്രാവുകള്‍ ചുഴികള്‍ക്കു മുകളിലേക്കു കുതിച്ചുയര്‍ന്നു.'' എന്ന് കഥാകാരി കഥയവസാനിപ്പിക്കുമ്പോള്‍ രണ്ടുകാര്യങ്ങള്‍ സാധ്യമാകുന്നു. ഒന്ന് പെണ്ണത്തം നല്‍കുന്ന കെട്ടുപാടുകളെ പൊട്ടിച്ചെറിയാനും മറ്റൊന്ന് ആര്‍ക്കും ആരുടെ കൂടെയും ജീവിക്കാമെന്ന ക്രിയാത്മക ചിന്തയുമാണത്. വൈകിയാണെങ്കിലും സ്വയം നിര്‍ണയാവകാശം നേടിയെടുത്ത പുതിയ കറുത്തമ്മയായി ലീല മാറുന്നു. സ്ത്രീസ്വത്വത്തിന്റെ അവകാശപ്രഖ്യാനമായി നിലകൊള്ളുന്നു.

അരക്ഷിതരും നിസ്വരുമായ കേവലമനുഷ്യരുടെ ആധികളെ ഇല്ലായ്മ ചെയ്യുന്ന ദൈവികപരിവേഷമുള്ള പുരാവൃത്ത കഥാപാത്രമാണ് ചങ്കിലിമുത്തന്‍. അടിയാള വിഭാഗത്തിന്റെ അടിസ്ഥാന ജീവിതത്തിലേക്ക് കടന്നുകയറ്റം നടത്തി പുതിയ ജീവിതക്രമങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന പ്രമാണിമാര്‍. ഒരു നാടിന്റെ ജൈവ സംസ്‌കൃതിയെ ഇല്ലാതാക്കാന്‍ വരുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന തദ്ദേശീയര്‍. ജനജീവിതത്തിന്റെ അടിസ്ഥാന തലങ്ങളെ മുഴുവന്‍ അറുത്തുമാറ്റി തത് സ്ഥാനത്ത് മേലാള താല്പര്യങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുന്നവര്‍. അത് ബാധിക്കുന്നത് ഗ്രാമവാസികളെ ഒന്നാകെയാണെങ്കിലും അതിന്റെ ദുരിതഫലം രണ്ടുതരത്തില്‍ അനുഭവിക്കേണ്ടി വരുന്നവളാണ് പ്രസ എന്ന് വിളിപ്പേരുള്ള പ്രസീത. പനകേറി പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചിരുന്ന സുദേവന്റെ മരണത്തോടെ പ്രസയും കുട്ടികളും അനുഭവിക്കേണ്ടിവന്ന സങ്കടപ്പെയ്ത്തുകളാണ് കഥയ്ക്കാധാരം. സ്ഥലത്തെ റൗഡികളുടെ നോട്ടങ്ങള്‍ പ്രസയുടെ വടിവൊത്ത ശരീരത്തില്‍ പതിഞ്ഞതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അവിടെയാണ് ഗ്രാമസംരക്ഷകനായ ചങ്കിലിമുത്തനില്‍ വിശ്വാസമര്‍പ്പിച്ച് പ്രസ ഒരു നട്ടപ്പാതിരയ്ക്ക് അടുക്കളവാതിലിലൂടെ ഓടി സുദേവന്‍ വീണു മരിച്ച പനയുടെ അരികിലെത്തി പനയെ മുറുകെ കെട്ടിപ്പിടിച്ചു നിന്നത്. പിന്നാലെ ഓടിയെത്തിയവര്‍ അവളെ പിടിച്ചു വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കൈയ്യടരാതെ പിടിച്ചുനിന്ന അവളെ രക്ഷിച്ചത് കൊമ്പേരി മൂര്‍ഖന്‍ എന്ന പാമ്പായിരുന്നു. പാമ്പുകടിയേറ്റ് രമേശന്‍ മരിക്കുകയും ഏതോ ആയുധം വന്നു വീണ് കൊച്ചുബാബുവിന്റേയും കണ്ണന്‍കുട്ടിയുടേയും കൈകാലുകള്‍ അടര്‍ന്ന് തെറിക്കുകയും ചെയ്തു..

അതിജീവനത്തിനായി മണ്ണും പെണ്ണും നടത്തുന്ന പ്രതിരോധത്തിന്റെ സഹനമാണ് കഥയുടെ ഉള്‍ക്കരുത്ത്. പനകള്‍ വെട്ടിമാറ്റി നിലം നികത്തി കളറ് വെള്ളക്കമ്പനി സ്ഥാപിക്കാനുള്ള പ്രമാണിമാരുടെ നീക്കത്തെ തടഞ്ഞുകൊണ്ട് പനകളില്‍ ചുറ്റിവളഞ്ഞ് പത്തിവിടര്‍ത്തി നില്‍ക്കുന്ന കൊമ്പേരിമൂര്‍ഖന്‍ പന വെട്ടാനെത്തിയവരെ നിലം തൊടാതെ ഓടിച്ചു. തുടര്‍ന്ന് മലങ്കാറ്റ് വരുമ്പോലെ വന്ന ഒരു ജാതി ഈച്ചകളും നായിപ്പേനും മനുഷ്യപ്പേനും കോഴിപ്പേനും ഗ്രാമവാസികളുടെ ഉറക്കം കെടുത്തി. പ്രകൃതി സ്വയം സ്വീകരിച്ച ഈ പ്രതിരോധത്തെ ഗ്രാമത്തെ പിടികൂടിയ ശാപശകുനങ്ങളായാണ് അവര്‍ കണ്ടത്. അതിനെ പ്രതിരോധിക്കാനായിട്ടാണ് മുതലാളിമാരും മറ്റും വെളിച്ചപ്പാട് തെയ്യപ്പന്റെ അരികില്‍ എത്തിയത്. അങ്ങനെയാണ് ചങ്കിലിമുത്തന്‍ കുടിയിരിക്കുന്ന താന്നി മരച്ചുവട്ടിലെത്തി കരവാളെടുത്ത് തെയ്യപ്പന്‍ തുള്ളിയുറഞ്ഞത്. ''ശാപം തീരണെങ്ങി ചെത്തു തൊടങ്ങണം, രണ്ടുനേരം ഓരോ മുട്ടിപ്പാനി കള്ള് വെച്ച് പൂജ കഴിക്കണം. കഞ്ചാവും കള്ളവാറ്റും നിര്‍ത്തണം.അല്ലെങ്കില്‍ കുലം മുടിക്കും ഞാന്‍.'' ചങ്കിലിമുത്തന്റെ കല്‍പ്പനയായി വന്ന വചനങ്ങള്‍ അവരുടെ വിശ്വാസവുമായി കണ്ണിചേരുന്നതാണ്. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെങ്കിലും അതീതശക്തികളുടെ അരുളപ്പാടെന്നു കരുതുന്ന ഇത്തരം ആചാരങ്ങള്‍ വിശ്വാസങ്ങളുടെ കെട്ടുറപ്പിന് ആക്കം കൂട്ടും. പ്രാക്തന വിശ്വാസപ്രകാരം അതിജീവനത്തിന് സഹായകമാകുന്നതാണ് ഇത്തരം അനുഷ്ഠാനങ്ങള്‍. പ്രകൃതി പ്രതിഭാസങ്ങളെയും അതിന്റെ സ്രഷ്ടാവ് എന്ന ദൈവത്തെയും പ്രീതിപ്പെടുത്തുകയും അനുസരിക്കുകയും ചെയ്യുന്ന വിശ്വാസത്തിനാണ് ഇവിടെ പ്രാമുഖ്യം ലഭിക്കുന്നത്. എന്നാലത് നടപ്പിലായില്ലെന്നു മാത്രമല്ല പനകയറ്റക്കാരെ വശീകരിച്ച് അതിന് പ്രേരിപ്പിക്കേണ്ട ചുമതല പ്രമാണിമാര്‍ പ്രസയ്ക്ക് വിധിച്ചു. ഒന്ന് ചീഞ്ഞാണ് വേറൊന്നിന് വളമാകുന്നത് എന്ന് പതം പറയുകയും ചെയ്തു. പ്രസയുടെ ലൈംഗിക ശരീരത്തെ ലക്ഷ്യം വച്ചുകൊണ്ട് തങ്ങളുടെ ആവശ്യത്തെ സാധുക്കരിക്കാന്‍ അവര്‍ പറഞ്ഞത്, ''മുമ്പത് ചെയ്തത് മന്തി മാതുവായിരുന്നു ഇപ്പോ അവളുടെ ചേലും ചെമ്മാന്ത്രവൊക്കെ കൊറഞ്ഞറക്കണു'' എന്നാണ്. അതായത് കുടിച്ചു കൂത്താടി പാതിരകളില്‍ പുറംവാതിലില്‍ തട്ടി തന്നെ പുലഭ്യം പറയുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ക്ക് താന്‍ വഴങ്ങിക്കൊടുത്താല്‍ മാത്രമേ ഗ്രാമത്തെ രക്ഷിക്കാനാവൂ എന്ന് എന്നവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.പ്രസയ്ക്ക് അവള്‍ ഇല്ലാതാകുന്നതുപോലെ തോന്നി. നട്ടപ്ര വെയിലത്ത് കുറ്റിച്ചുലുംകൊണ്ട് അവള്‍ തളര്‍ന്നിരുന്നു. ഏതൊരു അധികാര വ്യവസ്ഥയുടെയും ഭീഷണി നേരിടുമ്പോള്‍ ഒന്നുകില്‍ അത് തന്റെ വിധിയും നിയോഗവുമായി കണ്ട് ഒടുങ്ങിത്തീരാം. അല്ലെങ്കില്‍ മൂല്യങ്ങളുടെ യുദ്ധഭൂമിയായി മനസ്സിനെയും ശരീരത്തെയും പോരാട്ടത്തിന് ഒരുക്കാം.'ബ്ഭാ ചെറ്റകളേ പോകിനെടാ ഇവിടന്ന്' ഇനിയും നിന്നാ......' എന്ന ആട്ടലിലൂടെ ലൈംഗികശരീരം എന്ന നിലയില്‍ നിന്ന് രാഷ്ട്രീയശരീരമായി തന്നെ മാറ്റിയെടുക്കുകയായിരുന്നു പ്രസ. അത് പെണ്‍ശരീരമെന്നതില്‍ കവിഞ്ഞ് മനുഷ്യശരീരം എന്ന നിലയിലേക്ക് ഉയര്‍ന്നതാണ്. സഹനത്തിന്റെയും പീഡനത്തിന്റെയും നിശബ്ദ പ്രാതിനിധ്യമല്ല പെണ്ണുടലെന്നും അതൊരു സംസ്‌കാര നിര്‍മ്മിതിയാണെന്നും അധികാര വര്‍ഗ്ഗത്തിന്റെ ഏത് ദുഷ്പ്രവണതകളുടേയും സംരക്ഷണം പെണ്ണിന്റെ ബാധ്യതയല്ലെന്നുമുള്ള നിരവധി സാമൂഹിക മാനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് പ്രസയുടെ നിലപാട്.

ആ നിലപാടിന്റെ താങ്ങുമായാണ് പ്രസ സുദേവന്‍ വീണു മരിച്ച പനയെ കെട്ടിപ്പിടിച്ചുകൊണ്ട് ദൃഢഗാത്രിയായി നിന്നത്.മണ്ണിന്റെയും പെണ്ണിന്റെയും അതിജീവനത്തിന് രക്ഷകനായി നിന്നത് കൊമ്പേരി മൂര്‍ഖന്‍ എന്ന പ്രകൃതി ശക്തിയാണ് എന്നത് യാദൃശ്ചികമല്ല. മണ്ണവസ്ഥയുടേയും പെണ്ണവസ്ഥയുടെയും ഉണ്‍മകള്‍ അധികാരഗര്‍വ്വിന്റെ മുന്നില്‍ കീഴ്‌പ്പെട്ടുകൂട എന്ന കലഹമാണ്, മൂര്‍ഖ സ്വഭാവത്തെ നേരിടാന്‍ മൂര്‍ഖന്‍ തന്നെയാണുചിതം എന്ന വിശ്വാസം.ഒപ്പം തന്റെ ഉടലിനും ഉയരിനും അവകാശി താന്‍ മാത്രമാണെന്ന സ്ത്രീ സ്വത്വത്തിന്റെ ഉടലാഖ്യാനവും.ഇങ്ങനെ അസാധാരണമായ സംവേദനമികവോടെ, തെളിഞ്ഞ ദൃശ്യബോധത്തോടെ, നാടോടിമിത്തിന്റെ ആഴങ്ങളില്‍നിന്നും ഉയരങ്ങളില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കഥ പരിലസിക്കുന്നു.

ബഹുവിധ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥയാണ് ദേശീയ മുരള്‍ച്ച. കുര്യാക്കോയും ഗ്രേസിയും സോഫിമോളുമടങ്ങുന്ന കുടുംബം. അടിയും കുത്തും താന്തോന്നിത്തരങ്ങളുമായി നടന്നിരുന്ന കുര്യാക്കോയുടെ 'ഉശിര്'കണ്ടിട്ട് അവനോടൊപ്പം ഇറങ്ങിത്തിരിച്ചവളാണ് ഗ്രേസി. കുര്യാക്കോയെ വെട്ടിക്കൊല്ലാനായി ഒരുത്തന്‍ വീശിയ വടിവാളിന്റെ മൂര്‍ച്ചയേറ്റാണ് അവരുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ പൗലോസൂട്ടി മരിക്കുന്നത്. ആ സംഭവശേഷം വെട്ടും കുത്തുമെല്ലാം ഒഴിവാക്കി കാട്ടിലൊരല്പസ്ഥലത്ത് ഗ്രേസിയുടെ അപ്പന്റേയും ആങ്ങളമാരുടേയും സഹായത്തോടെ കെട്ടിയുണ്ടാക്കിയ പുരയിടത്തിലാണ് അവര്‍ ജീവിച്ചു പോന്നത്.അവിടേക്കാണ് കണ്ണുകീറാത്ത അവശനായ ഒരു കടുവക്കുട്ടിയെ കൊണ്ടുവന്നത് . തന്റെ മരിച്ചുപോയ കൂടപ്പിറപ്പിന്റെ പേരായ പൗലോസൂട്ടി എന്ന് കടുവക്കുട്ടിയെ വിളിച്ചത് സോഫിമോളാണ്.കടുവക്കുട്ടിയിലൂന്നിയുള്ള വ്യവഹാരങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ദേശീയ മുരള്‍ച്ച എന്ന പേര് കഥയുമായി പ്രത്യക്ഷത്തില്‍ ബന്ധം പുലര്‍ത്തുന്നില്ല. അതേസമയം കഥയുടെ അന്തസ്സത്ത ഈ പേരുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. ദേശീയമുരള്‍ച്ച ശക്തമായ ഒരു മെറ്റഫര്‍ ആയി നിന്നുകൊണ്ട് കഥയുടെ രചനാപാടവത്തിന്റെ നാനാര്‍ത്ഥങ്ങളെ സങ്കല്‍പ്പനം ചെയ്യുന്നു. ദേശീയം ദേശത്തെ സംബന്ധിക്കുന്നതും, മുരള്‍ച്ച ഒരു വന്യജീവിയുടെ കരച്ചിലും ആശയവിനിമയോപാധിയും ആണ്. കടുവ എന്ന ദേശീയമൃഗവും കടുവ എന്ന വന്യമൃഗത്തിന്റെ കരച്ചിലും ചേര്‍ന്ന് രൂപംകൊണ്ട ദേശീയ മുരള്‍ച്ച ആവിഷ്‌കരിക്കുന്നത് ജനാധിപത്യ ഇന്ത്യ കടന്നുപോകുന്ന നിര്‍ണായകമായ സാമൂഹിക -സാംസ്‌കാരിക -രാഷ്ട്രീയ അവസ്ഥാന്തരങ്ങളെയാണ്,ദേശീയതയുടെ വിപത്തിനെയാണ്. കാരണം ദേശീയതയ്ക്ക് പലതരം നിര്‍ബന്ധങ്ങളുണ്ട് . അവയൊന്നും ജനക്ഷേമത്തെ അഥവാ ക്ഷേമരാഷ്ട്രത്തെ മുന്‍നിര്‍ത്തി ആവണമെന്നില്ല.മുരള്‍ച്ചയും അങ്ങനെ തന്നെ. മൃഗത്തെ സംബന്ധിച്ച് ജൈവികമായ ഒരു വിനിമയ രീതിയാണെങ്കിലും മനുഷ്യനെ സംബന്ധിച്ച് മുരള്‍ച്ച പൂച്ചയുടെ കരച്ചിലോ നായയുടെ കുരയോ പോലെ അത്ര ലളിതമായ ശബ്ദവിശേഷമല്ല, അര്‍ത്ഥമില്ലാത്ത ശബ്ദവുമല്ല.കടുവ എന്ന വന്യമൃഗത്തില്‍ കെട്ടിയേല്‍പ്പിച്ച പദവിയാണ് ദേശീയ മൃഗം എന്നത്. ആ പദവിയോടുചേര്‍ന്ന് അതിന്റെ ജൈവികചോദനയായ മുരള്‍ച്ച വരുമ്പോള്‍ കൃത്രിമത്വവും സ്വാഭാവികതയും തമ്മിലുള്ള വല്ലാത്തൊരു സംഘര്‍ഷം ഉടലെടുക്കുകയും അത് കേവലം കടുവയുടെ കരച്ചില്‍ എന്ന ലളിതമായ അവസ്ഥയില്‍ നിന്നു മാറി ശക്തമായതും വ്യാപനശേഷിയുള്ളതുമായ മാനത്തിലേക്ക് വളരുന്നു. ദേശീയതയുടെ നാനാവിധ സ്വഭാവങ്ങളെ തെളിച്ചപ്പെടുത്താന്‍ പോന്നതാകുന്നു. മുരള്‍ച്ചക്ക് മുന്നോടിയായി തക്കംപാര്‍ത്തിരിക്കുക എന്ന ജാകരൂകതയും ചിത്തവൃത്തിയായി ഉണ്ടാകുമല്ലോ . സന്ദര്‍ഭം അനുഗുണമാകുമ്പോള്‍ ചാടിവീഴാനുള്ള തയ്യാറെടുക്കലാണത്. ഭരണകൂടം തീരുമാനിക്കുന്ന അതിശക്തമായ ഒരു ദേശീയത സംജാതമാകുന്നതും നോക്കിയിരിക്കുമ്പോള്‍ ചാടി വീഴാനുള്ള തയ്യാറെടുക്കലാണത്. ദേശീയമുരള്‍ച്ചയ്ക്ക് അടിസ്ഥാന ആദര്‍ശങ്ങളോ അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോ മറ്റു സാമൂഹിക പ്രക്രിയകളോ ചരിത്ര യാഥാര്‍ത്ഥ്യങ്ങളോ പ്രശ്‌നമല്ലാതാകുന്നു അഥവാ മുരള്‍ച്ചയുടെ ഭയാനകതയ്ക്കു മുമ്പില്‍ മറ്റെല്ലാം നിശ്ചലമായി പോകുന്നു. അങ്ങനെ ദേശീയ മുരള്‍ച്ച ഇരപിടിയനായ ഹിംസ്രജന്തുവായി അടിയുറച്ചു നില്‍ക്കുന്നു.

മൃഗത്തെ മനുഷ്യപ്രപഞ്ചത്തിലേക്ക് കൊണ്ടുവന്ന് മനുഷ്യാനുകൂലമായ ശീലങ്ങളിലേക്കും കര്‍മ്മങ്ങളിലേക്കും പരവര്‍ത്തിപ്പിക്കാനുള്ള ശ്രമവും കഥ നടത്തുന്നുണ്ട്. കാട്ടിലെ കടുവയെ നാട്ടിലെ വീട്ടുകാര്‍ അവരുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളുമായി ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മെരുക്കിയെടുക്കാനല്ലാതെ ഇണക്കിയെടുക്കാന്‍ കഴിയാത്ത വന്യജീവിയാണ് കടുവ. മെരുക്കത്തിലാകട്ടെ ശിക്ഷാവിധിപോലൊരു പരിശിലനമുണ്ട്. ആയിത്തീരല്‍ എന്ന സ്വാഭാവിക പ്രവണതയല്ലാതെ ആക്കിത്തീര്‍ക്കല്‍ എന്ന ബോധപൂര്‍വ്വമായ പ്രക്രിയയാണത്. അതാണ് ഗ്രേസി നടത്തുന്നത്. ''പൗലോസൂട്ടി കൊളന്തയായിരിക്കുമ്പം തന്നെ അവനെ തനി പച്ചക്കറിക്കുട്ടനായാണ് വളര്‍ത്തിയത്. അവന്റെ വരവിനുശേഷം സസ്യാഹാരികളായിത്തീര്‍ന്ന വീട്ടുകാര്‍ മാംസത്തെപ്പറ്റിയോ ചോരയെപ്പറ്റിയോ യുദ്ധങ്ങളെപ്പറ്റിയോ സംഘര്‍ഷങ്ങളപ്പറ്റിയോ സംസാരിച്ചതേയില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കിടയില്‍പ്പോലും അവന്‍ കാണെ ഒരു കശപിശയുണ്ടാവാന്‍ അനുവദിച്ചില്ല.'' മൃഗവും മനുഷ്യനും ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്ന കല്പിത സാഹചര്യത്തെയാണ് ഇവിടെ സൃഷ്ടിക്കുന്നത്. ആത്മീയമായ കരുത്ത് നേടാനായിരുന്നു ഗ്രേസി അവനെ മടിയിലെടുത്തുവച്ച് സാരോപദേശ കഥകള്‍ പറഞ്ഞുകൊടുത്തതും സന്ധ്യകളില്‍ പ്രാര്‍ത്ഥനപ്പായയിലിരുന്ന് സോഫിമോളവനെ സ്‌നേഹത്തിന്റെ സുവിശേഷം വായിച്ചുകേള്‍പ്പിച്ചതും രാത്രികളില്‍ ഭിത്തിയില്‍ തൂക്കിയിട്ട ഇടയന്റേയും ആടുകളുടേയും ചിത്രമുള്ള വലിയ കലണ്ടറെടുത്ത് ചാണകം മെഴുകിയ തറയില്‍ നിവര്‍ത്തിവെച്ച് വിളക്കുവെട്ടത്തില്‍ ഇടയന്റെ വിടര്‍ന്ന കണ്ണുകളിലേക്ക് നോക്കിയിരിക്കാന്‍ പഠിപ്പിച്ചതും ഉറങ്ങിക്കഴിഞ്ഞാല്‍ അവനെ പരിശുദ്ധ റൂഹായ്ക്ക് സമര്‍പ്പിച്ചതും ഉണരുമ്പോള്‍ പ്രലോഭനങ്ങളിലേക്ക് തള്ളിയിടാതിരിക്കാന്‍ കാവല്‍ മാലാഖമാരോട് പ്രാര്‍ത്ഥിച്ചതുമെല്ലാം. ഇത് കല്‍പിതമായൊരു ലോകനിര്‍മിതിയാണ്. ആ നിര്‍മിതിയ്ക്കകത്ത് മൃഗം വിഹരിക്കുമെന്ന ധാരണയാണ് കഥാകാരി ഉണ്ടാക്കിയെടുക്കുന്നത്. 'കോഴിക്കും കൊളന്തക്കും കൊണ്ടതാ ശീലമെന്ന' പ്രമാണമനുസരിച്ചാണ് കടുവക്കുട്ടിയെ മാനുഷിക ഗുണങ്ങള്‍ പരിശീലിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവയെല്ലാം വൃഥാവിലായെന്ന് മാത്രമല്ല അവനിലെ ജന്മചോദന തിടം വയ്ക്കുകയും മാറ്റങ്ങള്‍ വന്നു തുടങ്ങുകയും ചെയ്തു. 'ഒരു കാറ്റാണ് എല്ലാറ്റിനും തുടക്കം വെക്കുക, അടിമുതല്‍ മുടി വരെയുള്ള എല്ലാ രോമകൂപങ്ങളിലും വേരിറക്കിക്കൊണ്ട് ആ കാറ്റ് ഉടലാകെ കത്തിപ്പടരുമ്പോഴാണ് താന്‍ മറ്റൊരാളാവുക, ആസക്തികളുടെ ചുരമാന്തുന്ന ആ കാറ്റില്‍ ദേഹവും ദേഹിയും ഞെളിപിരികൊള്ളും, രക്തം പഴുക്കും, ബോധം മറയും, പതിയെപ്പതിയെ നഖങ്ങള്‍ ഉണരും, കോമ്പല്ലുകള്‍ തെളിയും, ഇരയുടെ കഴുത്തിലേക്ക് അവ നീളും'. ഈ ജന്മകല്പനകള്‍ കല്‍പിതലോകത്തിന് പുറത്താണ് അഥവാ ജീവിത യാഥാര്‍ത്ഥ്യമാണ്. തക്കം പാര്‍ത്തിരുന്ന് ചെയ്യുന്ന മുരള്‍ച്ചയില്‍ ഇവയെല്ലാം അന്തര്‍ലീനമാണ്. അങ്ങനെയാണ് നന്ദിനിപ്പശുവിനേയും കോഴികളേയും കല്‍ഗങ്ങളേയും ആടിനേയും അവന്‍ കൊന്നുതിന്നത്. ജന്‍മചോദനകളുടെ അടക്കാനാവാത്ത വീര്യം ആളിപ്പടരുമ്പോള്‍ മൃഗം തന്നില്‍ കെട്ടിയേല്‍പ്പിച്ച എല്ലാത്തരം സാംസ്‌കാരിക മൂല്യങ്ങളേയും മറക്കുന്നു. അത് അവന്റെ കുഴപ്പമല്ലെന്നും പരിശുദ്ധ റൂഹായും കാവല്‍മാലാഖമാരും അവനെ കൈവിട്ടതുകൊണ്ടാണെന്നും സമാധാനിക്കുമ്പോഴും ഭീതിയുടെ നിഴല്‍ ഗ്രേസിയെ പിന്‍തുടരുന്നു.സാത്താന്‍ കയറി അവന്‍ അക്രമം കാണിച്ചാലോ എന്നുകരുതി അവരവന്റെ പല്ലും നഖങ്ങളുമെടുത്തു മാറ്റാന്‍ തീരുമാനിച്ച രാത്രിയില്‍ അച്ഛനമ്മമാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ സോഫിമോള്‍ അവനെ കാടിന്റെ സാന്ത്വനത്തിലേക്ക് തിരിച്ചയച്ചു. അവള്‍ക്ക് അതൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മിനി പിസിയുടെ വേര് എന്ന നോവൽ സുനിൽ പി ഇളയിടം പ്രകാശനം ചെയ്യുന്നു

സാമൂഹിക പ്രശ്‌നങ്ങളിലൂന്നിയും അധികാരവ്യവസ്ഥയുമായി ബന്ധപ്പെടുത്തിയും ഇക്കഥ വായിക്കാം. മാനുഷിക ഗുണങ്ങള്‍ മൃഗത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ പരിശ്രമിച്ച് പരാജയപ്പെട്ട കുടുംബം, അതൊരു സാമൂഹിക പ്രശ്‌നമായി മാറിയേക്കാവുന്ന അവസ്ഥയിലേക്ക് വന്നപ്പോഴേക്കും കടുവയെ ഉപേക്ഷിക്കുന്നു. എന്നാല്‍ പ്രമേയത്തിന്റേ ആകെത്തുകയെന്നോണം നില്‍ക്കുന്ന ദേശീയമുരള്‍ച്ച എന്ന പേര് അധികാരവ്യവസ്ഥയുമായാണ് ചേര്‍ന്ന്‌നില്‍ക്കുന്നത്. അതിന്റെ രാഷ്ട്രീയമാനത്തിന് ധൈഷണികതയുമായി ബന്ധപ്പെട്ട ജ്ഞാനപശ്ചാത്തലമുണ്ട്, വിവിധ അറിവുകളുടെ സമഗ്രതയുണ്ട്. മിനി പി.സി എന്ന കഥാകാരിയുടെ ക്രാഫ്റ്റ് ഏറ്റവും സൂക്ഷ്മവും മനോഹരവുമാകുന്ന സന്ദര്‍ഭമാണിത്.

ഏതവസ്ഥയിലുള്ളവരായാലും തികഞ്ഞ ആത്മബോധം പുലര്‍ത്തുന്നവരാണ് മിനിയുടെ നായികമാര്‍. സദാചാരബദ്ധമായ ശരീരത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ ഉടലിന്റെ ഉണ്‍മകള്‍ അന്വേഷിക്കുന്നവരാണവര്‍. അതിനായി ഭൂതകാലജീവിതത്തിന്റെ സാംസ്‌കാരികശേഷിപ്പുകളും വര്‍ത്തമാനകാലജീവിതത്തിന്റെ ഉണര്‍വ്വുകളും കഥാകാരി ഉപയുക്തമാക്കുന്നുണ്ടെന്ന് പറയാം. ലളിതമായ ഭാഷയുപയോഗിച്ച് ആഖ്യാനത്തിലുടനീളം വാക്കിനേക്കാളേറെ ദൃശ്യങ്ങളെ സ്ഥാപിക്കുന്നു. കഥ പറച്ചിലിന്റെ ലളിതസൂത്രവാക്യം മിനിയ്ക്ക് ഹൃദിസ്ഥമാണ്. അതുകൊണ്ടാണ് കഥാസാരത്തിന്റെ അകദൃശ്യങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകാന്‍ അവര്‍ക്കാവുന്നത്. ആഖ്യാനത്തിന്റെ ബഹുസ്വരതകളിലൂടെ ഭാഷയ്ക്ക് പ്രതിരോധ സ്വഭാവം തീര്‍ക്കുന്നു. അപ്പോഴത് കൂസലില്ലാത്ത എഴുത്താകുന്നു. നിരീക്ഷണത്തിലെ വ്യതിരിക്തതയും രചനാ മികവും ചേര്‍ന്ന് ഈ കൂസലില്ലായ്മയ്ക്ക് നല്‍കുന്ന ലാവണ്യതലം മിനിയുടെ കഥകള്‍ക്ക് കരുത്ത് പകരുന്നു. ജൈവ വൈവിധ്യസമ്പന്നമാണ് അവരുടെ കഥാപ്രപഞ്ചമെന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്. ഏത് കഥാസന്ദര്‍ഭത്തേയും പ്രകൃതി പ്രതിഭാസങ്ങളുമായി ചേര്‍ത്തിണക്കി മെനയുന്ന രസതന്ത്രം കഥകള്‍ക്ക് അസാധാരണമായ ചാരുതയും എല്ലുറപ്പും നല്‍കുന്നു. ഒപ്പം മനുഷ്യരെപ്പോലെ മനുഷ്യേതര ജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഭൂമി എന്ന പാരിസ്ഥിതികബോധ്യവും ആ കഥകള്‍ ആവര്‍ത്തിക്കുന്നു. അനന്യമായ സൂക്ഷ്മതയോടെ ലോകത്തെ വീക്ഷിക്കുന്ന മിനിക്ക് കഥയെഴുത്ത് ഒരു നിയോഗമാകുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി