Art & LITERATURE

ആരായിരുന്നു ആ കൊലപാതകി? ഇന്നും പിടിതരാത്ത ക്ലൈമാക്സ്

വായനാ ദിനത്തിൽ ആദ്യ നോവൽ വായന നൽകിയ ആഘാതം

രവി മേനോന്‍

അത്ഭുതം, മഹാത്ഭുതം. പിച്ചക്കാരനല്ല അയാൾ. സി ഐ ഡി ആണ്. കേരള പൊലീസിലെ പ്രശസ്ത കുറ്റാന്വേഷണ വിദഗ്ദൻ കെ ജി കരുണാകരൻ നമ്പ്യാർ ബി എ, ബി എൽ.

ഞെട്ടിപ്പോയി. റൊമ്പ പ്രമാദമാന ട്വിസ്റ്റ്. ഗ്രാമച്ചന്തയിലെ ആൾത്തിരക്കിൽ നിന്നകലെ സ്വന്തം ഭാണ്ഡക്കെട്ടുമായി ഒരു മരച്ചോട്ടിൽ കുന്തിച്ചിരുന്ന് സദാസമയവും പിറുപിറുത്തുകൊണ്ടിരുന്ന ഊശാൻതാടിക്കാരനായ ആ ഭിക്ഷാടകൻ സി ഐ ഡി ആണെന്നോ? അവിശ്വസനീയം.

കൂടിയിരിക്കുന്നവർ ഒരേ സ്വരത്തിൽ ഉറക്കെ ചോദിക്കുന്നു: "നമ്പ്യാർ സാർ, ആരാണയാൾ?'' ഒന്ന് മുരടനക്കിയ ശേഷം നമ്പ്യാർ സാർ പറഞ്ഞു: ``:..........................''.

അന്നത്തെ ആറാം ക്ലാസുകാരനായ വായനക്കാരന്റെ കുഞ്ഞുകുഞ്ഞു ചിന്തകളെ, ഭാവനയെ മത്തു പിടിപ്പിച്ച അറിവ്. ഊശാൻ താടി വെറും വെപ്പുതാടിയും ജടപിടിച്ച മുടി വിഗ്ഗുമാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്നു അവൻ. നോവൽ ക്ളൈമാക്സിലേക്ക് കടക്കുകയാണ്. ഭാണ്ഡക്കെട്ടിൽ നിന്ന് റിവോൾവർ എടുത്ത് മേശപ്പുറത്ത് വെച്ച ശേഷം മീശയൊന്ന് പിരിച്ച് ചെറിയൊരു ചിരിയോടെ നമ്പ്യാർ പറയുന്നു:

"നിങ്ങൾ ആരും ഉദ്ദേശിച്ച ആളല്ല ദിവാകരന്റെ കൊലപാതകി. യഥാർത്ഥ കുറ്റവാളിയുടെ പേര് കേട്ടാൽ നിങ്ങൾ ഞെട്ടും. നിങ്ങൾക്കിടയിൽ തന്നെ സദാസമയവും ഉണ്ടായിരുന്ന ആൾ. ഇപ്പോൾ ഇവിടെ ഇരിക്കുന്നവരിലുമുണ്ട് ആ കൊലയാളി....''

കൂടിയിരിക്കുന്നവർ ഒരേ സ്വരത്തിൽ ഉറക്കെ ചോദിക്കുന്നു: "നമ്പ്യാർ സാർ, ആരാണയാൾ?''

ഒന്ന് മുരടനക്കിയ ശേഷം നമ്പ്യാർ സാർ പറഞ്ഞു: ``:..........................''.

സി ഐ ഡി കരുണാകരൻ നമ്പ്യാർ ഒരു ചുക്കും പറഞ്ഞില്ല എന്നതാണ് സത്യം. വിധി അതിനദ്ദേഹത്തെ അനുവദിച്ചില്ല. കാരണം, നോവലിന്റെ അടുത്ത പേജ് മിസ്സിംഗ്‌. കാലപ്പഴക്കം കൊണ്ട് മുഷിഞ്ഞു തുടങ്ങിയിരുന്ന പുസ്തകത്തിന്റെ കുത്തിക്കെട്ടൽ അവിടെ ആ വാചകത്തിൽ അവസാനിക്കുന്നു. അന്നനുഭവിച്ച നിരാശ, ദുഃഖം, ആത്മരോഷം.... അത് എത്ര വിവരിച്ചാലും മനസ്സിലാവില്ല നിങ്ങൾക്ക്. കാത്തുകാത്തിരുന്ന ക്ലൈമാക്‌സല്ലേ കീറിപ്പോയ പേജിനൊപ്പം ഒലിച്ചുപോയത്.

പതിറ്റാണ്ടുകൾക്കിപ്പുറവും എന്റെ ചിന്തകളെ അലട്ടുന്ന ചോദ്യമാണത്: ആരായിരുന്നു യഥാർത്ഥ കൊലയാളി ? സി ഐ ഡി നമ്പ്യാരുടെ ചുണ്ടുകൾ പറയാൻ വെമ്പിയത് ആരുടെ പേരായിരിക്കും?

അറിയില്ല. ഇനി അറിയാനൊട്ട് വകയുമില്ല. പ്രസ്തുത നോവലിന്റെ മുഴുവൻ പേജുമുള്ള ഒരു പ്രതിയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല എന്നതാണ് കാരണം.

ഇരുപത് തവണയെങ്കിലും പിന്നീട് വായിച്ചിട്ടുണ്ടാകും ആ പുസ്തകം

എന്നാലും മറക്കാൻ പറ്റില്ലല്ലോ ജീവിതത്തിലാദ്യമായി വായിച്ച നോവലിലെ കഥാപാത്രങ്ങളെ. ഏറി വന്നാൽ പതിനൊന്നോ പന്ത്രണ്ടോ വയസ്സേ ഉള്ളൂ അന്ന്. വയനാട്ടിലെ വീടിന്റെ മുകൾനിലയിലെ കറങ്ങുന്ന ബുക്ക് ഷെൽഫിൽ നിന്ന് കയ്യിൽ വന്നുപെട്ടതായിരുന്നു ആ കുറ്റാന്വേഷണ നോവൽ. അതിനു മുൻപ് അവിടെ താമസിച്ചിരുന്ന ആരുടെയോ ശേഖരത്തിൽ പെട്ടതാവണം. പുസ്തകത്തിന്റെ പേരെന്തെന്നോ എഴുതിയത് ആരെന്നോ പിടിയില്ല. മുഖചിത്രവും ആദ്യ രണ്ടു പേജുകളും അപ്പോഴേ നഷ്ടപ്പെട്ടിരുന്നു. കഥയും കഥാപാത്രങ്ങളുമൊക്കെ മങ്ങിയ ഓർമ്മകൾ മാത്രം.

നോവലിന്റെ തുടക്കം ഏതാണ്ടിങ്ങനെ: "കുട്ടനാടിന്റെ ഹൃദയഭാഗത്തുള്ള ആ ഗ്രാമം ശാലീന സുന്ദരിയായിരുന്നു. കളകളാരവം പൊഴിക്കുന്ന അരുവികൾ, ഏതു വേനലിലും ശീതളച്ഛായ പകരുന്ന വൃക്ഷങ്ങൾ, ഓലയും ഓടും മേഞ്ഞ കൊച്ചു കൊച്ചു ഭവനങ്ങൾ, കമനീയമായ പൂന്തോപ്പുകൾ.. അങ്ങനെ ഏത് കഠിന ഹൃദയന്റേയും മുഖത്ത് മന്ദഹാസം വിടർത്താൻ പോന്ന കാഴ്ചകളായിരുന്നു ആ ഗ്രാമം നിറയെ. അവിടേക്കാണ് ബുഷ് ഷർട്ടുമണിഞ്ഞ് ഒരു കയ്യിൽ തുകൽപ്പെട്ടിയും മറുകയ്യിൽ പുകയുന്ന സിഗററ്റുമായി രഘു കടന്നുചെന്നത്....'' പലയാവർത്തി വായിച്ച പുസ്തകമായതു കൊണ്ട് ഇത്തരം ചില കിടിലൻ വാചകങ്ങൾ മാത്രം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. ബാക്കിയെല്ലാം സ്വാഹ.

കഥയുടെ ഏതാണ്ടൊരു ചിത്രമേയുള്ളൂ മനസ്സിൽ. സർക്കാർ ഉദ്യോഗസ്ഥനായി സ്ഥലം മാറിവന്ന രഘു ഗ്രാമത്തിലെ പ്രമുഖ ജന്മിയായ കുഞ്ഞിക്കണ്ണൻ നായരുടെ വീട്ടിൽ അതിഥിയായി താമസിക്കുകയും, നായരുടെ സുന്ദരിയായ മകൾ സീതയുമായി പ്രണയത്തിലാവുകയും ചെയ്തു എന്നാണോർമ്മ. പക്ഷേ തറവാട്ടിലെ കാര്യസ്ഥൻ സുധാകരന്റെ മകൻ ദിവാകരന് സീതയിൽ നോട്ടമുണ്ട്. കുളിക്കാൻ പോകും വഴി കതിരുപോലുള്ള ആ പെൺകുട്ടിയെ പതിയിരുന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നുമുണ്ട് ടിയാൻ. (കയ്യേറ്റം മാത്രം. പീഡനം, മാനഭംഗം, ബലാൽസംഗം, റേപ്പ് തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിൽ വന്നിട്ടില്ല)

കഥയുടെ ഏതോ വഴിത്തിരിവിൽ ദിവാകരന്റെ ജഡം നായരുടെ തെങ്ങിൻ തോപ്പിൽ കണ്ടെത്തുന്നതോടെയാണ് നോവൽ കുറ്റാന്വേഷണം എന്ന അതിന്റെ ജന്മനിയോഗത്തിലേക്ക് കടക്കുന്നത്. സസ്പെൻസാണ് പിന്നെ. ട്വിസ്റ്റോടു ട്വിസ്റ്റ്. ഓരോ അധ്യായവും വായിച്ചു കഴിയുന്നതോടെ ഓരോരുത്തരെയായി സംശയിച്ചു തുടങ്ങും നാം. രഘുവിനെ, സീതയെ, കുഞ്ഞിക്കണ്ണൻ നായരെ, സുധാകരനെ, വീട്ടിലെ അടിച്ചുതളിക്കാരി ഭാർഗ്ഗവിയെ, കറവക്കാരൻ തോമസിനെ, നായരുടെ അളിയനായ സബ് ഇൻസ്പെക്റ്റർ ചന്ദ്രനെ, എന്തിനധികം, ഇടക്ക് തപാലുമായി വരുന്ന പോസ്റ്റുമാൻ കുഞ്ഞുക്കുട്ടനെ വരെ.

അതിനിടയിലേക്കാണ് പിച്ചക്കാരന്റെ വരവ്. ആദ്യമാദ്യം ഒരു കോമഡി കഥാപാത്രം മാത്രമായാണ് നമ്മൾ അയാളെ പരിഗണിക്കുക. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ഭാണ്ഡക്കെട്ടുമായി കൂനിക്കൂടിയിരിക്കുന്ന ഒരു പാവം. ഇടക്ക് മണ്ണ് വാരിത്തിന്നുന്നുമുണ്ട്. പക്ഷേ ആ മണ്ണിൽ പോലും വിലപ്പെട്ട തെളിവുകളാണ് അദ്ദേഹം പരതിക്കൊണ്ടിരുന്നത് എന്ന നഗ്നസത്യം നമ്മൾ വഴിയേ തിരിച്ചറിയുന്നു.

എല്ലാം കൊള്ളാം. പക്ഷേ ഒടുവിൽ കൊലപാതകി ആരെന്ന മില്യൺ ഡോളർ ചോദ്യത്തിനുള്ള ഉത്തരം നൽകാൻ മാത്രം വിധി സി ഐ ഡി നമ്പ്യാരെ അനുവദിക്കുന്നില്ല. ആ മുറിയിലും വീട്ടിലും പറമ്പിലും മുഴുവൻ നോവലിന്റെ അവസാന പേജ് തിരയുകയായിരുന്നു അടുത്ത ദിവസങ്ങളിൽ എന്റെ പ്രധാന ജോലി; കിട്ടാനിടയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

വിശ്വസിക്കുമോ എന്നറിയില്ല. ഇരുപത് തവണയെങ്കിലും പിന്നീട് വായിച്ചിട്ടുണ്ടാകും ആ പുസ്തകം. സി ഐ ഡി നമ്പ്യാരുടെ സഹായമില്ലാതെ തന്നെ കൊലയാളിയെ കുറിച്ച് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നറിയാൻ. എവിടെ കിട്ടാൻ?

പിന്നീടങ്ങോട്ട് വായിച്ച നോവലുകളേറെയും കുറ്റാന്വേഷണ കൃതികൾ തന്നെ. കോട്ടയം പുഷ്പനാഥിന്റെ പാരലൽ റോഡ്, ഹിറ്റ്ലറുടെ തലയോട്, ഡ്രാക്കുളയുടെ അങ്കി, ദുർഗാപ്രസാദ്‌ ഖത്രിയുടെ ചുവന്ന കൈപ്പത്തി എന്നിവയൊക്കെ രസിച്ചു വായിച്ച പുസ്തകങ്ങൾ. നീലകണ്ഠൻ പരമാര, തോമസ് ടി അമ്പാട്ട്, ബാറ്റൺ ബോസ് പ്രഭൃതികൾ പിന്നാലെ വന്നു.

വായന ദിനത്തിൽ അവരെയൊക്കെ വീണ്ടും ഓർക്കുന്നു. അക്ഷരങ്ങളുടെ ലോകത്ത് പിച്ച നടത്തിയ സി ഐ ഡിമാരെ.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ