Art & LITERATURE

ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന് സാഹിത്യ നൊബേൽ

നൊബേൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ദക്ഷിണ കൊറിയൻ എഴുത്തുകാരിയാണ് ഹാന്‍ കാങ്

വെബ് ഡെസ്ക്

2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യഗദ്യങ്ങളാണ് ഹാന്‍ കാങ്ങിനെ പുരസ്കാരത്തിന് അർഹമാക്കിയത്.

''ചരിത്രപരമായ ആഘാതങ്ങളെയും അദൃശ്യമായ നിയമങ്ങളെയും നേരിടുന്ന ഹാൻ കാങ് ഓരോ കൃതിയിലും മനുഷ്യജീവിതത്തിൻ്റെ ദുർബലത തുറന്നുകാട്ടുന്നു. ശരീരവും ആത്മാവും തമ്മിലും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ചും ഹാൻ കാങ്ങിന് സവിശേഷമായ അവബോധമുണ്ട്. കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി ഹാൻ കാങ്ങിനെ സമകാലിക ഗദ്യത്തിൽ പുതുമയുള്ളതായി മാറി,'' സ്വീഡിഷ് അക്കാദമി വിലയിരുത്തി.

നൊബേൽ പുരസ്കാരം ലഭിക്കുന്ന ആദ്യ ദക്ഷിണ കൊറിയൻ എഴുത്തുകാരിയാണ് അൻപത്തി മൂന്നുകാരിയായ ഹാന്‍ കാങ്. കൊറിയയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ഗ്വാങ്ജു നഗരത്തില്‍ 1970 നവംബർ 27നാണ് ഹാന്‍ കാങ് ജനിച്ചത്. ഒന്‍പതാം വയസില്‍ തലസ്ഥാനമായ സിയോളിലേക്ക് മാറി. യോൻസെ സർവകലാശാലയിൽനിന്ന് കൊറിയൻ സാഹിത്യം പഠിച്ചു. സാഹിത്യ പശ്ചാത്തലുള്ള കുടുംബമാണ് കാങ്ങിന്‌റേത്. അച്ഛന്‍ പ്രശസ്ത നോവലിസ്റ്റായിരുന്നു.

1993-ല്‍ ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി എന്ന മാസികയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഹാന്‍ കാങ് കരിയര്‍ ആരംഭിച്ചത്. 1995-ല്‍ 'ലവ് ഓഫ് യോസു' എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഗദ്യത്തിലേക്കുള്ള അരങ്ങേറ്റം. പിന്നാലെ നോവലുകളും ചെറുകഥകളും മറ്റു നിരവധി ഗദ്യകൃതികളും പുറത്തിറങ്ങി.

'ദ വെജിറ്റേറിയൻ' എന്ന നോവൽ അവരെ അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തയാക്കി. മാംസാഹാരം നിർത്താനുള്ള ഒരു സ്ത്രീയുടെ തീരുമാനം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് 2007ൽ മൂന്നു ഭാഗങ്ങളായി എഴുതിയ നോവലിന്റെ ഇതിവൃത്തം. 2015-ൽ ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നോവൽ 2016-ൽ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് അർഹമായി.

ഹാൻ കാങ്ങിനെ ഏറ്റവും പുതിയ നോവൽ 'വീ ഡു നോട്ട് പാർട്ട്' 2025-ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കും. ഇ യാവോണും പൈഗെ അനിയ മോറിസും കൂടിയാണു പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. 1948-49 ലെ ജെജു പ്രക്ഷോഭം തന്റെ സുഹൃത്തിൻ്റെ കുടുംബത്തിൽ ചെലുത്തിയ സ്വാധീനം ഒരു എഴുത്തുകാരി കണ്ടെത്തുന്നതിനെ തുടർന്നുള്ള കഥ. നോവലിൻ്റെ ഫ്രഞ്ച് വിവർത്തനം 2023-ൽ പ്രീ മെഡിസിസ് എട്രാഞ്ചർ നേടിയിരുന്നു.

ഹാൻ കാങ്

1901 മുതല്‍ ഇതുവരെ 116 സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ഒന്നിലധികം ജേതാക്കള്‍ പങ്കിട്ടു. പുരസ്കാരം നേടുന്ന പതിനെട്ടാമത്തെ മാത്രം സ്ത്രീയാണ് ഹാൻ കാങ്.

നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം. ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞതായി പുരസ്കാരനിർണയ സമിതി വിലയിരുത്തി.

ഈ വർഷത്തെ സമാധാന, സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സമാനധാത്തിനുള്ള നൊബേൽ നാളെ പ്രഖ്യാപിക്കും. വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേലുകൾ കഴിഞ്ഞദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റവ്കുനുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനും ട്രാൻസ്‌ക്രിപ്ഷനുശേഷം ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ അതിന്റ പങ്കും സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്കാരത്തിന് അർഹമായതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അർഹരായത്. നിർമിതബുദ്ധിക്ക് അടിസ്ഥാനമായ മെഷീൻ ലേണിങ് സങ്കേതം വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കൻ ഗവേഷകനായ ഡേവിഡ് ബേക്കർ, യുകെ ഗവേഷകരായ ഡെമിസ് ഹസാബിസ്, ജോൺ എം ജംപർ എന്നിവരാണ് രസതന്ത്ര നൊബേലിന് തിരഞ്ഞെടുക്കപ്പെട്ടത്. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയത്. പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനെയും ജോൺ എം ജംപറിനെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ