ഒരു വരള്‍ച്ചയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ഞാനൊരാളോടും പറഞ്ഞില്ല, പുഴയോരത്തുനിന്ന് ഒരു പറ്റം കുരുവികള്‍ തിരമാലപോലെ പറന്നുപോയത്, ആ തിരമാല പിന്നെ നുറുങ്ങി നുറുങ്ങി ശകലമായത്'ഒരു വരള്‍ച്ചയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍': വിനോദ്കുമാര്‍ ശുക്ല. വിവര്‍ത്തനം: സച്ചിദാനന്ദന്‍
അഭയാര്‍ഥികളുടെ ജീവിതങ്ങള്‍ക്ക് അങ്ങേയറ്റത്തെ സാമ്യമുണ്ട്. രാഷ്ട്രവും ഭാഷയും സംസ്‌കാരവും വ്യത്യസ്തമായിരിക്കും. എങ്കിലും ആത്യന്തികമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളും ഒരേ തരത്തിലുള്ളതാവും. കുടിയേറ്റങ്ങളും പലായനങ്ങളും സുപരിചിതമായ ഒരു മേഖലയില്‍, രാഷ്ട്രീയവും ഭൂമിശാസ്ത്രവും അവയ്ക്ക് വഴിയൊരുക്കുന്ന രംഗങ്ങള്‍ സാധാരണമാവും. പരമ്പരാഗതമായി കച്ചവടക്കാരെയും ശത്രുരാജ്യങ്ങളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ തന്ത്രപരമായ സ്ഥാനം ശ്രീലങ്ക എന്ന രാജ്യത്തെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകമായി തീരുന്നു. ശ്രീലങ്കയുടെ ചരിത്രത്തെ ബാധിച്ച സംഭവങ്ങളില്‍ ബ്രിട്ടീഷ് അധിനിവേശം മുഖ്യമായ സംഗതിയായി നിലനില്‍ക്കുന്നുണ്ട്. യുദ്ധം, ആഭ്യന്തര ലഹള, വംശഹത്യ, ധനാത്മകമായ മൂലധനം സ്വരൂപിക്കല്‍ എന്നിങ്ങനെയുള്ള വ്യത്യസ്തവും വേറിട്ടതുമായ കാരണങ്ങളോ അഭിലാഷങ്ങളോ മൂലം കുടിയേറ്റത്തിനും പലായനത്തിനും ഒരുങ്ങുന്ന മനുഷ്യരെയാണ് നാം കാണുന്നത്. അധിനിവേശവും അധികാരവും അരാജകത്വവും ഒരു വശത്ത് പിടി മുറുക്കുന്നതോടെ മനുഷ്യര്‍ ജീവിതത്തെ ചേര്‍ത്തുപിടിച്ചുകൊണ്ട് മറുതീരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
1990 കളുടെ തുടക്കത്തില്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് പലായനം ചെയ്യുന്ന ചെറുപ്പക്കാരനായ നിശാന്തിന്റെ അനുഭവങ്ങളാണ് ശ്രീലങ്കയില്‍ നിന്നുള്ള എഴുത്തുകാരനായ അപ്പാദുരൈ മുത്തുലിംഗം തമിഴില്‍ എഴുതി കവിത മുരളീധരന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ 'Where God Began' എന്ന നോവല്‍. ശ്രീലങ്കയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാനും ആഗോളമായ ഒരു തൊഴില്‍ വിപണിയെ ആശ്ലേഷിക്കാനുമായി ഇറങ്ങിപ്പുറപ്പെടുന്ന ചില കഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറഞ്ഞുനില്‍ക്കുന്നു. തമിഴില്‍ കഥകളും നോവലുകളും ലേഖനങ്ങളും എഴുതുന്ന അപ്പാദുരൈ മുത്തുലിംഗം ജാഫ്നയിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. ഇപ്പോള്‍ കാനഡയില്‍ ജീവിക്കുന്ന അദ്ദേഹം ശ്രീലങ്കയില്‍ നിന്നുള്ള ശ്രദ്ധേയനായ എഴുത്തുകാരനാണ്.
വേണ്ടപ്പെട്ടവരെയും സ്വരാജ്യത്തെയും ഉപേക്ഷിച്ചു കൊണ്ടുള്ള യാത്രയുടെ അവസാനം നേടുന്നതെന്താണെന്ന ദാര്‍ശനിക സമസ്യയെയാണ് വിവിധ കഥാപാത്രങ്ങളുടെ വേറിട്ടതായ അനുഭവങ്ങളിലൂടെ ഈ കൃതിയില്‍ വിശകലനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ ജീവിതത്തിന്റെ ദിശ തെറ്റുകയും പുതിയ വഴികള്‍ രൂപപ്പെട്ടു വരുകയും ചെയ്യുന്നതിന്റെയും ആഖ്യാനമാണ് ഈ കൃതി. 1992 മുതല്‍ 2003 വരെയുള്ള കാലത്തെ സംഭവങ്ങളാണ് പ്രധാനമായും നോവലില്‍ പ്രതിപാദിക്കുന്നത്. 1992 ഓഗസ്റ്റ് മൂന്നിന് കൊളംബോയില്‍ നിന്ന് പാകിസ്താന്‍ വഴി മോസ്‌കോയില്‍ എത്തിച്ചേരുന്ന റഷ്യന്‍ വിമാനത്തില്‍ ഒരു ഇടനിലക്കാരന്‍ വഴി നിശാന്ത് യാത്ര ആരംഭിക്കുന്നു. ഈ പലായനത്തിനിടയില്‍ അയാള്‍ക്ക് നഷ്ടമായത് ദിവ്യ എന്ന കാമുകി കൂടിയാണ്. മോസ്‌കോയിലെത്തിയ നിശാന്ത് അടക്കമുള്ള എട്ടംഗ സംഘത്തിലെ നാല് പേരെ മറ്റൊരു ഇടനിലക്കാരന്‍ യുക്രയിനിലെത്തിച്ചു. അപരിചിതരായ മനുഷ്യര്‍ക്കൊപ്പമുള്ള നിശാന്തിന്റെ ജീവിതത്തിലെ ആദ്യത്തെ അധ്യായം അങ്ങനെ ആരംഭിക്കുകയായിരുന്നു. സുരക്ഷിതമായ ഒരു സ്ഥാനം ലഭിക്കുന്നത് വരെ അഭയാര്‍ത്ഥിക്ക് സ്വന്തമായ സമയമോ സ്ഥലമോ ഇല്ലെന്നും ഇടനിലക്കാരുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണമായി ചെവിക്കൊള്ളുക മാത്രമാണ് അവര്‍ ചെയ്യേണ്ടതെന്നും അയാള്‍ പതുക്കെ മനസിലാക്കുന്നു. ഇത്തരം കാത്തിരിപ്പുകള്‍ക്കൊടുവില്‍ സമാധാനത്തോടെയുള്ള ഒരു ജീവിതം തെളിഞ്ഞുവരുമെന്ന പ്രതീക്ഷ വിരസമായ ദിവസങ്ങള്‍ തള്ളിനീക്കുവാന്‍ അഭയാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ്.
അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അല്ലലുകളില്ലാത്ത ജീവിതം സ്വായത്തമാക്കാന്‍ താണ്ടേണ്ട ദൂരം അളക്കാവുന്നതല്ല.വ്യാജരേഖകളും തെറ്റായ വിവരങ്ങളും വെച്ച് അതിര്‍ത്തി കടക്കുക എന്ന ദുഷ്‌കരകര്‍മത്തിന് വിജയസാധ്യത തീര്‍ത്തും കുറവാണ്. ഒരു സംഘമായി കാല്‍നടയായോ വാഹനങ്ങളിലോ സുരക്ഷിത രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെയുള്ളു. യാത്ര തടസ്സപ്പെടുന്നവര്‍ക്ക് എന്ത് വില കൊടുത്തും പഴയ താവളത്തില്‍ എത്തിച്ചേര്‍ന്നേ മതിയാകൂ.
അഭയാര്‍ത്ഥികളെ ആരാണ് സൃഷ്ടിക്കുന്നതെന്ന് ലളിതമായ ചോദ്യത്തിന് ഒറ്റ വരിയില്‍ ഉത്തരം നല്‍കാന്‍ ചരിത്രത്തിനു സാധിച്ചിട്ടില്ല. ഹിംസാത്മകമായ കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും ഒടുവില്‍ അതിരുകള്‍ താണ്ടേണ്ട ജനതയുടെ മുന്നില്‍ ഭൂതകാലം ഓര്‍മകളാലും ഒരു പക്ഷേ വാക്കുകളാലും പ്രതിനിധീകരിക്കുന്ന അനുഭുവക്കുറിപ്പുകളായി അവശേഷിക്കുന്നു. തെരുവുയുദ്ധങ്ങളുടെയും വംശീയലഹളകളുടെയും ജീവിക്കുന്ന രക്തസാക്ഷികളായി നിശാന്തിനെ പോലെയുള്ള അഭയാര്‍ത്ഥികള്‍ മാറുകയാണെന്നു ചുരുക്കം. പല കാരണങ്ങള്‍ കൊണ്ട് ഔദ്യോഗികമായി അഭയാര്‍ഥിത്വം ലഭിക്കാന്‍ നീണ്ടുപോയ അനധികൃത കുടിയേറ്റക്കാരുടെ ജീവിതം ശിഥിലമാണ്. അന്യരാജ്യങ്ങളിലെ ഒളിച്ചുപാര്‍ക്കലില്‍ അവര്‍ കണ്ടുമുട്ടുന്ന വിഭിന്ന സ്വഭാവക്കാരായ മനുഷ്യര്‍ പതിപ്പിക്കുന്ന മുദ്രകള്‍ മറക്കാന്‍ സാധിക്കുന്നതല്ല. ഇത് നിശാന്തിന്റെ ജീവിതത്തിലൂടെ വ്യക്തമാകുന്നുണ്ട്. ശിഷ്ട ജീവിതം ഫ്രാന്‍സിലാക്കണമെന്നു ആഗ്രഹിച്ച എന്നാല്‍ കാനഡയില്‍ എത്തിപ്പെട്ട അംബികാപതി മാസ്റ്റര്‍ ഇത്തരത്തില്‍ പിന്നീട് നിശാന്തിന്റെ ജീവിതത്തില്‍ വെളിച്ചം നല്‍കിയ ഒരാളായി പരിണമിച്ചു. അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അല്ലലുകളില്ലാത്ത ജീവിതം സ്വായത്തമാക്കാന്‍ താണ്ടേണ്ട ദൂരം അളക്കാവുന്നതല്ല.വ്യാജരേഖകളും തെറ്റായ വിവരങ്ങളും വെച്ച് അതിര്‍ത്തി കടക്കുക എന്ന ദുഷ്‌കരകര്‍മത്തിന് വിജയസാധ്യത തീര്‍ത്തും കുറവാണ്. ഒരു സംഘമായി കാല്‍നടയായോ വാഹനങ്ങളിലോ സുരക്ഷിത രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെയുള്ളു. യാത്ര തടസ്സപ്പെടുന്നവര്‍ക്ക് എന്ത് വില കൊടുത്തും പഴയ താവളത്തില്‍ എത്തിച്ചേര്‍ന്നേ മതിയാകൂ. അതിനിടയില്‍ പുതിയ മുഖങ്ങളും പേരുകളും അവിടെ സന്നിഹിതരാവുകയും ചെയ്യും. അടുത്ത തവണത്തെ അതിജീവനശ്രമത്തിനായി കൂടുതല്‍ പണം സ്വരൂപിക്കുകയും വേണം. രക്ഷപ്പെടലിനിടയില്‍ വീണു പോയ ചന്ദ്രമാമി ഒടുവില്‍ മരണത്തിനു കീഴടങ്ങുന്ന രംഗം അഭയാര്‍ഥികളുടെ അസ്ഥിരമായ തലത്തെ സൂചിപ്പിക്കുന്നു. അധികൃതരുടെ ബധിരകര്‍ണങ്ങള്‍ തുറക്കാന്‍ മരണങ്ങള്‍ക്കോ വീഴ്ചകള്‍ക്കോ സാധിക്കില്ലെന്നത് ദൗര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. വേണ്ടപ്പെട്ടവരുടെ ഹൃദയത്തില്‍ തീയല തീര്‍ത്തുകൊണ്ട് കാണായിടങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ വ്യഥ വിവരിക്കുവാന്‍ എളുപ്പമല്ല. നിശാന്തിന് പ്രിയപ്പെട്ട മത്സ്യം പാകം ചെയ്യുമ്പോള്‍ അവനെ ഓര്‍ത്തു നെടുവീര്‍പ്പിടുന്ന നാട്ടിലുള്ള അമ്മ അക്കാര്യം പറഞ്ഞുകൊണ്ട് അവനെഴുതുന്നുണ്ട്. ഒരുപക്ഷേ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഗൃഹാതുരതയാണ് ഇങ്ങനെയുള്ള രംഗങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ ഉറ്റവരുടെയുള്ളില്‍ എല്ലാം വിങ്ങലുണ്ടാക്കുക എന്ന സങ്കടപര്‍വമാണ് ഓരോ അഭയാര്‍ത്ഥിയും ഉറ്റവര്‍ക്ക് കൈമാറുന്നത്. 'ഞാന്‍ അമ്മയുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഒരു മൂലയ്ക്ക്, വെളിച്ചത്തിനു താഴെ ഇരുന്നു പുതപ്പ് നെയ്യുന്ന അമ്മയുടെ ചിത്രം എന്റെ ഓര്‍മ്മയില്‍ തിളങ്ങി. ഒന്ന് ചെറുതായി പിഴച്ചാല്‍ അമ്മ തുന്നലുകള്‍ എണ്ണുകയും എല്ലാം അഴിക്കുകയും ചെയ്യും'. മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ഈ ചിത്രം അയാളെ അസ്വസ്ഥനാക്കി. ആര്‍ക്കു വേണ്ടിയാണ് പലായനം എന്ന ഉത്തരമില്ലാത്ത സമസ്യ ഇവിടെ മുഴങ്ങി കേള്‍ക്കുകയാണ്.
പഠനത്തിനിടയില്‍ ചെക്കോവിന്റെ ഒരു കഥ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നുമുണ്ട്. ഭര്‍ത്താവ് മടങ്ങി വന്നപ്പോള്‍ കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂടെ പോയ അഗഫിയയുടെ കഥയായിരുന്നു അത്. ഈ കഥ കേട്ടതിനു ശേഷം 'അവള്‍ക്ക് നിന്നോടുള്ള സ്‌നേഹം വലുതാണ്, പക്ഷേ അവളുടെ ജീവിതം വളരെ ചെറുതാണ്' എന്നര്‍ത്ഥം വരുന്ന വരികള്‍ അഹല്യ ചൊല്ലുന്നതും ചേര്‍ത്തു വായിക്കണം
1983-ല്‍ ആരംഭിച്ച ഈഴം കലാപങ്ങള്‍ രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവസാനിച്ചിരുന്നില്ല. വംശീയ കലാപത്തെ തുടര്‍ന്ന് അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയവര്‍ക്കൊപ്പം തൊഴില്‍ സാധ്യതകളെ മുന്നില്‍ക്കണ്ടുക്കൊണ്ട് യൂറോപ്പിലേക്ക് നീങ്ങിയവരുമുണ്ട്. ആഗോളീകരണപ്രവണതകള്‍ വ്യാപകമായി ഉയര്‍ന്നുവന്ന തൊണ്ണൂറുകളില്‍ തന്നെയാണ് ലോകത്തിന്റെ ചിലയിടങ്ങളില്‍ വലിയ തോതിലുള്ള അക്രമങ്ങളും നടമാടിയിരുന്നുവെന്നു കാണാതിരുന്നുകൂടാ. ഒരു വശത്ത് അപകടകരമാം വിധത്തില്‍ വംശീയവും ഹിംസാത്മകവുമായ ചിന്തകള്‍ സമൂഹത്തെ കാര്‍ന്നു തിന്നുകയും മറ്റൊരിടത്ത് വേറൊരു ലോകക്രമം ഉയിര്‍കൊള്ളുകയുമാണ്. സുശക്തവും സുതാര്യവുമായ ഭരണത്തിന്റെ അപര്യാപ്തത കാരണം ശിഥിലമായ ഒരു സമൂഹത്തെയാണ് നോവലിസ്റ്റ് വ്യാഖ്യാനിക്കുന്നത്. സ്വന്തം പേര് വരെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരാളുടെ അതിജീവനയത്‌നമാണ് നിശാന്തിലൂടെ ചിത്രീകരിക്കുന്നത്. ഒരേയിടത്ത് തല ചായ്ക്കുന്നവര്‍ പോലും അഭയസ്ഥാനം ഉറപ്പിച്ചെടുക്കാന്‍ കൂടെയുള്ളവരെ ചതിക്കുന്ന കാഴ്ച നോവലില്‍ വിവരിക്കുന്നു. അങ്ങനെ നിശാന്തിന്റെ നിശ്ചയിച്ചിരുന്ന യാത്ര മുടങ്ങിപ്പോക്കുകയും ചെയ്തു. സ്വാര്‍ത്ഥത മനുഷ്യരിലേക്ക് അടിഞ്ഞുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റുകയില്ല എന്ന് തന്നെ കരുതേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ സംജാതമാവുന്നുണ്ട്. ഇതിനിടയില്‍ റഷ്യക്കാരിയായ ലോറ എന്ന യുവതിയുമായി അയാള്‍ അടുപ്പത്തിലാകുന്നു. 'അഭയാര്‍ത്ഥി' എന്ന വാക്കിന്റെ അര്‍ഥം അവള്‍ക്ക് മനസിലാവുന്നില്ല. രാജ്യമില്ലാത്ത മനുഷ്യരാണ് അഭയാര്‍ത്ഥികള്‍ എന്ന് നിശാന്ത് പറഞ്ഞു കൊടുക്കുന്നുണ്ട്. ഭാഷയും സംസ്‌കാരവും തമ്മിലുള്ള അന്തരത്തെ മായ്ചുകളഞ്ഞു കൊണ്ടുള്ള പ്രണയം ശാശ്വതമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല അവരുടെ ബന്ധം അധികകാലം നീണ്ടു നിന്നില്ല. രാജ്യവും പ്രിയപ്പെട്ടവരും ഇല്ലാതെ അയാള്‍ തകര്‍ച്ചയുടെ വക്കിലാവുന്ന രംഗം യഥാതഥമായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആയിടയ്ക്ക് അയാളുടെ സഹോദരി കാനഡയില്‍ എത്തിച്ചേര്‍ന്നത് അയാളെ കൂടുതല്‍ വിഷമത്തിലാക്കി. അഹല്യ എന്ന പതിനെട്ടുകാരി നിശാന്തിനും കൂട്ടര്‍ക്കുമൊപ്പം താമസിക്കാന്‍ വരുന്നതോടെ അയാളില്‍ ജീവിതത്തെ സംബന്ധിച്ച പുതിയ പ്രതീക്ഷകള്‍ പൊട്ടിമുളയ്ക്കുകയായിരുന്നു. റഷ്യന്‍ ഭാഷ പഠിക്കാനും ജീവിതത്തെ ഉല്ലാസപൂര്‍വം നോക്കിക്കാണാനുമൊക്കെ ഈ സഹവാസം സഹായിച്ചു. ഇരുവരിലും താല്പര്യം തോന്നിയ വീട്ടുടമസ്ഥയാണ് റഷ്യന്‍ ഭാഷ അവരെ പഠിപ്പിക്കുന്നത്. പഠനത്തിനിടയില്‍ ചെക്കോവിന്റെ ഒരു കഥ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നുമുണ്ട്. ഭര്‍ത്താവ് മടങ്ങി വന്നപ്പോള്‍ കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂടെ പോയ അഗഫിയയുടെ കഥയായിരുന്നു അത്. ഈ കഥ കേട്ടതിനു ശേഷം 'അവള്‍ക്ക് നിന്നോടുള്ള സ്‌നേഹം വലുതാണ്, പക്ഷേ അവളുടെ ജീവിതം വളരെ ചെറുതാണ്' എന്നര്‍ത്ഥം വരുന്ന വരികള്‍ അഹല്യ ചൊല്ലുന്നതും ചേര്‍ത്തു വായിക്കണം. ഭാവിയില്‍ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടുകൊണ്ട്, താത്കാലികമായി കാനഡയിലും ജര്‍മനിയിലുമായി അഭയം കണ്ടെത്താമെന്നു നിശാന്തും അഹല്യയും തീരുമാനിച്ചു. എന്നാല്‍ കുടിയേറ്റത്തിനായുള്ള യാത്രയ്ക്കിടയില്‍ തീവണ്ടിയില്‍ നിന്ന് നിശാന്തിനെ പോലീസുകാര്‍ നിര്‍ബന്ധപൂര്‍വം പുറത്താക്കുകയും അഹല്യയെ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നതോടെ സ്വപ്നങ്ങള്‍ക്ക് ഭംഗം വരുകയാണ്. ഒരു നിര്‍ണായക ഘട്ടത്തില്‍ പഠിച്ച റഷ്യന്‍ വാക്കുകള്‍ പുറത്തു വരാതെ, സന്ദിഗ്ധ സാഹചര്യത്തില്‍ പരാജയപ്പെടുന്ന നിശാന്തിന് അഹല്യയെയും നഷ്ടമായി.
യാതൊരു ജോലിയും ചെയ്യാനില്ലാതെ തമിഴ് സിനിമകള്‍ ആവര്‍ത്തിച്ച് കാണുകയെന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം മനുഷ്യരെയാണ് നിശാന്തിന്റെ ഒപ്പം കാണുന്നത്. രൂപരേഖ വരച്ചും ആസൂത്രണം ചെയ്തും സന്നിവേശിപ്പിക്കുന്ന ഒന്നല്ല ജീവിതമെന്നു അടിവരയിട്ടു ഉറപ്പിക്കുന്നതാണ് നോവലിലെ പല സന്ദര്‍ഭങ്ങളും. വീരശൈവ വെള്ളാളര്‍ എന്ന ജാതിയില്‍ അഭിമാനം കൊണ്ട്, രാജകീയമായ രീതിയില്‍ ജീവിച്ച, ഭക്ഷണപ്രിയനായ പുഷ്പനാഥന്‍ വൈചിത്ര്യം നിറഞ്ഞ കഥാപാത്രമാണ്. അയാള്‍ ഒരു കൊലപാതകിയാക്കി പരിണമിച്ചത് അവിശ്വസീനയമായി തോന്നാം. ജയിലില്‍ തന്നെ സന്ദര്‍ശിച്ച നിശാന്തിനോട് മകളുടെ ഇരുപതു വര്‍ഷം മുന്‍പുള്ള ചിത്രം കാണിച്ചുകൊണ്ട് അവള്‍ക്ക് ചോക്കലേറ്റ് അയയ്ക്കണം എന്ന് പറയുന്ന സ്‌നേഹമയനായ അച്ഛനായും പുഷ്പനാഥന്‍ പെരുമാറി. അതിജീവനത്തിനായി മാഫിയാസംഘത്തിലും കള്ളക്കടത്തുകേന്ദ്രങ്ങളിലും മറ്റും പ്രവൃത്തിക്കുന്ന അഭയാര്‍ത്ഥികളും ആഖ്യാനത്തില്‍ കടന്നു വരുന്നുണ്ട്. അക്കൂട്ടത്തില്‍ പെട്ട ജയകരണ്‍ തുര്‍ക്കിയിലെ ഒരു മാഫിയക്കൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും കാറുകള്‍ വാങ്ങി അനധികൃതമായി വില്‍ക്കലായിരുന്നു ഇവരുടെ ജോലി. ചില നിയമവിരുദ്ധമായ ജോലി ചെയ്യാനായി നിശാന്തും നിര്‍ബന്ധിതനായി. ഏറെ വൈകാതെ വിദ്യാര്‍ത്ഥികള്‍ക്കായി വിസകള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ നിശാന്ത് 'പ്രാവീണ്യം' നേടി. മാത്രമല്ല, സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള രേഖകള്‍ അയാള്‍ അഞ്ഞൂറ് ഡോളറിനു സ്വന്തമാക്കിയിരുന്നു. പരാമര്‍ശിക്കേണ്ട പേരുകള്‍ ഇനിയുമുണ്ട്. പ്രണയിനികളായ അഭയാര്‍ഥികളുടെ വിവാഹത്തിന് വേദിയും മറ്റും നിര്‍മിച്ചു നല്‍കിയിരുന്ന അറുപതു വയസ്സുകാരനായ മാസ്റ്റര്‍, രണ്ടു രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികള്‍ക്കുള്ള വേതനം പറ്റിയിരുന്ന 'മജിസ്ട്രേറ്റ്' അണ്ണന്‍, ഒരു മത്സ്യത്തിന്റെ പേരില്‍ മരണം വരിച്ച കെയാര്‍, കൂരയില്‍ താമസിക്കുന്ന സഹോദരിക്കായി ഉറപ്പുള്ള ഒരു വീട് നിര്‍മിക്കാന്‍ ആശിക്കുന്ന കനകലിംഗം, കൈമുതലായ ഓര്‍മകളെ സൂക്ഷിക്കാന്‍ ബദ്ധപ്പെടുന്ന, കാനഡയിലെ ഒരു ഹോട്ടലില്‍ പാചകക്കാരിയായി കഴിയുന്ന ആച്ചി എന്ന വൃദ്ധ, ഇതേ ഹോട്ടല്‍ ഉടമസ്ഥനുമായി അടുപ്പത്തിലായിക്കൊണ്ട് അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സുഗുണ അങ്ങനെ ആ പട്ടിക നീളുകയാണ്. സ്ഥാനഭ്രംശം സംഭവിച്ച മനുഷ്യരെ 'അനധികൃത' വര്‍ഗമായി കണ്ട് അയിത്തം അനുശാസിക്കുന്ന പൊതുസമൂഹത്തിന്റെ ഇരകളാണ് ഇവരൊക്കെയും. ഇവരുടെ ചുറ്റുപാടുകളെ അപഗ്രഥിക്കുമ്പോള്‍ വംശം, ദേശീയത, ജാതി, ലിംഗഭേദം എന്നീ ഘടകങ്ങള്‍ സൃഷ്ടിക്കുന്ന പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും രീതികളുടെ സാമാന്യസ്വഭാവം വ്യക്തമാകുന്നുണ്ട്. ചലനസ്വാതന്ത്ര്യത്തെ അധികാരവര്‍ഗം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഔദ്യോഗികമായ നിയമങ്ങളും നിയന്ത്രണങ്ങളും കാരണം കുടിയേറുന്ന ആളുകള്‍ 'നിയമവിരുദ്ധരായി' തീരുകയാണ്. ഉയരത്തില്‍ കെട്ടിയ മതിലുകളും വൈദ്യുത വേലികളും തങ്ങളുടേതായ ഇടമില്ലാത്ത മനുഷ്യരെ ശ്വാസം മുട്ടിക്കുന്ന പ്രതിഭാസമാവുന്നതില്‍ അതിശയമില്ല.
അതിരുകള്‍ താണ്ടുന്നതോടെ ഭാവനയുടെ അപാരതലങ്ങളെയും മനുഷ്യര്‍ക്ക് സ്വായത്തമാക്കാന്‍ സാധിക്കുമോ എന്ന ചോദ്യം ഓരോരുത്തരും ആരായേണ്ടതുണ്ട്. മനുഷ്യരുടെ അതിജീവനത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന അംശമായി 'അതിര്‍ത്തി' മാറുന്നു. രാഷ്ട്രീയമായ കൃത്യതയോ കാഴ്ചപ്പാടോ ഇല്ലാതെ അനധികൃതമായി അതിര്‍ത്തി നുഴഞ്ഞു കടക്കുന്നവരെ കേവലം ഭൗതികശരീരങ്ങളോ വസ്തുക്കളോയായി പരിഗണിക്കുന്ന അധികാരസ്ഥാപനങ്ങളാണ് ഇന്നുള്ളത്. കണിശവും ഔപചാരികവുമായ തലത്തില്‍ രേഖകളാല്‍ സുരക്ഷിതരായ മനുഷ്യരില്‍ നിന്ന് കടലാസുകളില്‍ അവകാശങ്ങളോ ജന്മബന്ധങ്ങളോ ഒപ്പിയെടുക്കാന്‍ കഴിയാത്തവരിലേക്കുള്ള അകലം വളരെയധികമാണെന്ന് ഈ മനുഷ്യര്‍ തെളിയിക്കുന്നു. ഇപ്പറഞ്ഞ ആശയത്തിന്റെ ജീവിക്കുന്ന വക്താക്കളായി കഥാപാത്രങ്ങള്‍ നമ്മുടെ വിളിപ്പുറത്തുണ്ടാവുന്ന അധ്യായങ്ങളിലൂടെയാണ് 'Where God Began'-ജീവസുറ്റതാവുന്നത്. ആഗോളീകരണത്തിന്റെ പശ്ചാത്തലം കൂടി ആലോചിച്ചുകൊണ്ടു വേണം നോവലിലെ സന്ദര്‍ഭങ്ങള്‍ വായിക്കേണ്ടത്. ആഗോളീകരണം ദരിദ്രര്‍, പുറത്താക്കപ്പെട്ടവര്‍, ദുര്‍ബലര്‍, നാമമാത്രമായ ജനവിഭാഗങ്ങള്‍ എന്നീ ജനവിഭാഗങ്ങള്‍ ആഗോളീകരണത്തെ ആശ്രയിക്കുന്നതിനെ കുറിച്ച് ചിന്തകനായ അര്‍ജുന്‍ അപ്പാദുരൈ എഴുതിയത് ഇവിടെ പ്രസക്തമാണ്. ആഗോളീകരണത്തിന് പുതിയ തരത്തില്‍ എങ്ങനെ വിദ്വേഷം, വംശഹത്യ, ആദര്‍ശഹത്യ എന്നിവ ഉണ്ടാക്കാന്‍ കഴിയുമെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് വരെ, അതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് വകയില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്. സാമ്പത്തികവും ദേശീയവുമായ അരക്ഷിതത്വം തൊണ്ണൂറുകളില്‍ ശ്രീലങ്കന്‍ പൗരവര്‍ഗ്ഗത്തെ അലട്ടുന്നതിന്റെ ചിത്രമാണ് ആഖ്യാനം വ്യക്തതയോടെ അവതരിപ്പിക്കുന്നത്.
പല ജീവിതങ്ങള്‍ നയിച്ചു കൊണ്ട് മരണത്തെ വെല്ലുവിളിക്കുന്ന മനുഷ്യരുടെ ഇച്ഛാശക്തിയെയാണ് അഭയാര്‍ത്ഥികള്‍ പ്രതിഫലിപ്പിക്കുന്നത്. ഒരു അഭയകേന്ദ്രത്തില്‍ നിന്ന് സുരക്ഷിതമായ മറ്റൊരു ഇടത്തേക്കുള്ള ദൂരം ഒരു നേര്‍രേഖയാല്‍ ചേര്‍ത്ത് വെക്കാനാവില്ല എന്ന ലളിതതത്വത്തിന് അവര്‍ അടിവരയിടുന്നുണ്ട്. ഭൂമി ആവാസശൂന്യമായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന ചിന്ത അബോധതലത്തിലെങ്കിലും സൂക്ഷിക്കുന്ന അഭയാര്‍ത്ഥികള്‍ എങ്ങനെയാണ് പ്രതീക്ഷയുടെ അദൃശ്യവലയം തീര്‍ക്കുന്നതെന്ന സര്‍ഗാത്മക വിദ്യയാണ് അപ്പാദുരൈ മുത്തുലിംഗത്തിന്റെ കൃതിയുടെ കാതല്‍.
ദുരിതങ്ങളും ദുഃഖങ്ങളും പേറി, യൗവനത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ ബലികൊടുത്ത നിശാന്ത് അവസാനം പ്രത്യാശയുടെ ഒരു തീരത്തേക്കടുക്കുകയാണ്. ഒരുപാട് വട്ടം അതിര്‍ത്തികളില്‍ നിന്ന് തിരിച്ചയയ്ക്കപ്പെട്ടവനായും അധികൃതരാല്‍ പിടിക്കപ്പെട്ടവനായും മാറിക്കൊണ്ട് പച്ചപ്പില്ലാത്ത തുരുത്തുകളിലേക്ക് സ്വയം ഒതുങ്ങിക്കൂടിയ ഒരാളുടെ മടങ്ങിവരവിന്റെ ആഖ്യാനം കൂടിയാണ് ഈ നോവല്‍. വടക്കുകിഴക്കന്‍ യു.എസിലും തെക്കന്‍ കാനഡയിലും ചരിത്രത്തിലെ ഏറ്റവും മോശമായ വൈദ്യുതി സ്തംഭനമുണ്ടായ 2003 ആഗസ്ത് 14നായിരുന്നു പുതിയൊരു ജീവിതത്തിനു നിശാന്ത് തിരി തെളിയിച്ചുവെന്നതില്‍പരമൊരു വിരോധാഭാസം കാണില്ല. മറ്റൊരു രാജ്യത്ത് അനധികൃതമായികഴിയുന്നവരുടെ സംവേദനശീലങ്ങള്‍ ഏകതാനമായി മാറുന്നതിന്റെ ദൃഷ്ടാന്തം നോവലിലെ കഥാപാത്രങ്ങളിലൂടെ പ്രകടമാകുന്നു. പല ജീവിതങ്ങള്‍ നയിച്ചു കൊണ്ട് മരണത്തെ വെല്ലുവിളിക്കുന്ന മനുഷ്യരുടെ ഇച്ഛാശക്തിയെയാണ് അഭയാര്‍ത്ഥികള്‍ പ്രതിഫലിപ്പിക്കുന്നത്. ഒരു അഭയകേന്ദ്രത്തില്‍ നിന്ന് സുരക്ഷിതമായ മറ്റൊരു ഇടത്തേക്കുള്ള ദൂരം ഒരു നേര്‍രേഖയാല്‍ ചേര്‍ത്ത് വെക്കാനാവില്ല എന്ന ലളിതതത്വത്തിന് അവര്‍ അടിവരയിടുന്നുണ്ട്. ഭൂമി ആവാസശൂന്യമായി മാറിക്കൊണ്ടിരിക്കുകയാണോ എന്ന ചിന്ത അബോധതലത്തിലെങ്കിലും സൂക്ഷിക്കുന്ന അഭയാര്‍ത്ഥികള്‍ എങ്ങനെയാണ് പ്രതീക്ഷയുടെ അദൃശ്യവലയം തീര്‍ക്കുന്നതെന്ന സര്‍ഗാത്മക വിദ്യയാണ് അപ്പാദുരൈ മുത്തുലിംഗത്തിന്റെ കൃതിയുടെ കാതല്‍. ഭാവിയെന്തായിത്തീരുമെന്ന് അന്വേഷിക്കാനോ ആലോചിക്കാനോ കഴിയാത്ത തരത്തില്‍ ജീവിക്കുക ഒരര്‍ത്ഥത്തില്‍ ഓരോ നിമിഷവും പ്രത്യാശയെ സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.