Art & LITERATURE

ഒരിക്കൽ ഒരു പ്രണയകാലത്ത്

ആദ്യ പ്രണയത്തിന്റെ ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്നവരിൽ മാത്രമല്ല പ്രണയിക്കുന്നവർക്കും അതിന്റെ ലഹരിയിൽ ജീവിക്കുന്നവർക്കും, പ്രണയം നഷ്ടമായവർക്കും വേണ്ടിയുള്ളതാണ് എൻ മോഹനന്റെ ‘ഒരിക്കൽ’ എന്ന നോവൽ

രശ്മി പി

വേദനിക്കലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ (ഒ എൻ വി )

മനുഷ്യൻ ഏറ്റവും വൈകാരികമായി പെരുമാറുന്നതും ഇടപെടുന്നതും സ്നേഹത്തിനു മുന്നിൽ മാത്രമാണ്. പ്രണയത്തെക്കുറിച്ചും വിരഹത്തെ ക്കുറിച്ചും മലയാള സാഹിത്യത്തിൽ അന്ന് തൊട്ട് ഇന്നോളം എഴുതപ്പെട്ട കഥകളും കവിതകളും നോവലുകളും അനവധിയാണ്. ഏതൊരു സാധാരണ വായനക്കാരിലേക്കും എളുപ്പം പകർന്നു കൊടുക്കാൻ പറ്റിയ വിഷയവും പ്രണയമാണെന്ന് കാണാം.

കാരണം അവനവന്റെ അനുഭവങ്ങളുമായി ചേർത്തുവച്ചുകൊണ്ട് ഓരോ സാഹിത്യസൃഷ്ടിയും ആസ്വദിക്കുമ്പോഴാണ് അവന്റെ ഉള്ളിലും അതേ വികാരങ്ങൾ അലയടിച്ചു വരുന്നത്. ഇടയ്ക്ക് കണ്ണുനീരായും ഉയർന്ന അട്ടഹാസമായും നേർത്ത പുഞ്ചിരിയായും മുഖത്ത് ഭാവങ്ങൾ വിടരുന്നത് കഥയുമായി അത്രയ്ക്ക് താദാത്മ്യം പ്രാപിക്കുമ്പോൾ മാത്രമാണ്.

" നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്" എന്നു പറഞ്ഞത് മലയാളസാഹിത്യത്തിലെ പ്രണയത്തിന്റെ രാജ്ഞിയെന്ന് വിശേഷിപ്പിക്കപെട്ട മാധവിക്കുട്ടിയാണ്. ഓരോ നിമിഷവും പ്രണയിക്കാൻ, പ്രണയിച്ചു കൊണ്ടേയിരിക്കാൻ; പ്രണയം ഒരു മനുഷ്യനെ, അത് സ്ത്രീയോ പുരുഷനോ ആകട്ടെ,എത്രകണ്ട് മാറ്റിയെടുക്കുന്നു എന്നതും മാധവിക്കുട്ടി പറഞ്ഞു വെച്ചു.

പി ഭാസ്കരന്റെ 'ഓർക്കുക വല്ലപ്പോഴും' എന്ന കവിത വിരഹാർദ്രമാണ്. വിവാഹിതയായി ഭർത്താവിനൊപ്പം വണ്ടിയിലിരിക്കുന്ന തന്റെ പ്രിയപ്പെട്ടവളായിരുന്നവൾക്ക് മൗനത്താൽ ഒരു യാത്രാമൊഴി നൽകുന്ന കാഴ്ചയാണ് ആ കവിതയിൽ. വാക്കിന് വിലയേറുന്ന ആ സന്ദർഭത്തിൽ 'ഓർക്കുക വല്ലപ്പോഴും ' എന്നുമാത്രം പറഞ്ഞുവെക്കുകയാണ് കവി.

"പ്രണയം ചിലപ്പോൾ അങ്ങനെയാണ് നമ്മളോട് യാത്ര പോലും പറയാതെ ഒന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും", എന്നെഴുതിയത് പത്മരാജനാണ്. മനോഹരമായ ഒരു പ്രണയകാലത്തിന്റെ ഓർമ്മയിൽ നീറിക്കഴിയേണ്ടി വന്ന ജീവിതങ്ങൾ അനവധിയെത്രെ. ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് കൂട്ടുകാരൻ /കൂട്ടുകാരിയുടെ ചെറിയൊരു അകൽച്ച പോലും താങ്ങാൻ പറ്റിയെന്ന് വരില്ല.

ചിലർ അതിനെ അതിജീവിച്ച് യാഥാർഥ്യങ്ങളുമായ് പൊരുത്തപ്പെടാൻ ശ്രമിക്കും, മറ്റുചിലർ എന്നും ആ വേദനയിൽ (ഓർമ്മയിൽ )നനഞ്ഞൊലിക്കും. “പിടിച്ചു വാങ്ങലല്ല വിട്ടുകൊടുക്കലാണ് യഥാർത്ഥ സ്നേഹം,” എന്ന സെൻ ബുദ്ധിസ്റ്റ് ശൈലിയിലെ വാചകം ശ്രീകുമാരൻ തമ്പിയുടേതാണ്.

സാക്ഷാത്കരിക്കാതെ പോയ പ്രണയത്തിന്റെ തീവ്ര വേദനയിൽ കോറിയിട്ട വാക്കുകളാണവ. നേടിയെടുത്ത പ്രണയങ്ങളെക്കാൾ പരാജയപ്പെട്ട, അല്ലെങ്കിൽ വിരഹത്തിന്റെ നോവറിഞ്ഞ പ്രണയകഥകൾക്കാണ് എപ്പോഴും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കാൻ കഴിയുന്നത്.

അങ്ങനെ നോക്കുമ്പോൾ ഒരു പ്രണയത്തിന്റെ ഓർമ്മകൾ പങ്കു വെയ്ക്കുന്ന ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നോവലാണ് എൻ മോഹനൻ എഴുതിയ 'ഒരിക്കൽ '. 1990-ൽ എഴുതിയതാണെങ്കിലും ഈ 2024ലും ഏറെ വായിക്കപ്പെടുകയും പുതിയ തലമുറയുടെ ആശയവിനിമയ ഉപാധിയായ റീലുകളിലൂടെയും മറ്റും അനേകം ആളുകൾ ഏറ്റെടുക്കുകയും ചെയ്ത പുസ്തകമാണ് ഒരിക്കൽ.

തന്റെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഒരു സ്ത്രീയെക്കുറിച്ച് എഴുതേണ്ട ഒരു സാഹചര്യം വന്നപ്പോൾ സ്വന്തം അമ്മയും ഭാര്യയും അല്ലാതെ തന്നെ സ്വാധീനിച്ച പഴയ പ്രണയിനിയെ ഓർത്തുകൊണ്ടെഴുതിയ ആത്മകഥാംശമുള്ള നോവലാണ് 'ഒരിക്കൽ.' ഒരു പ്രണയ കഥയുടെ എല്ലാ വൈകാരിക തലങ്ങളോടും കൂടിയാണ് നോവലിന്റെ ആഖ്യാനമെങ്കിലും അതിലെ പഴക്കം ചെന്ന പ്രമേയം ഒരിക്കലും നോവലിനെ ബാധിക്കാത്ത വിധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട് എൻ മോഹനൻ. സഹൃദയരെ നോവലിലേക്ക് അടുപ്പിക്കാൻ പാകത്തിലുള്ള ഒരു മാന്ത്രികത 'ഒരിക്കൽ 'എന്ന നോവലിൽ ഉണ്ടെന്നു പറയാം.

വർഷങ്ങൾക്കുശേഷം ഒരു ആശുപത്രിയിൽ വച്ച് രോഗബാധിതയായി കിടക്കുന്ന തന്റെ പ്രിയപ്പെട്ടവൾ ആയിരുന്ന എല്ലാമായിരുന്ന സ്ത്രീയെ കണ്ടതിനുശേഷമുള്ള എഴുത്തുകാരന്റെ ഓർമ്മക്കുറിപ്പാണിത്. ഒ എൻ വി കുറുപ്പിന്റെയും ജി ശങ്കരക്കുറുപ്പിന്റെയും കവിതാശകലങ്ങൾ കോർത്തു വച്ചുകൊണ്ടാണ് ഈ നോവലിന്റെ നിർമിതി. നോവലിന്റെ ഘടനയ്ക്ക് ശക്തികൂട്ടുന്നതും വൈകാരികതയ്ക്ക് തീവ്രത കൂട്ടുന്നതും ജിയുടെ കവിതയിലെ വരികളാണ്. "അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണലത്ഭുതം".

നോവലിന്റെ തുടക്കം മുതൽ ഒടുക്കം വരെ പല സന്ദർഭങ്ങളിലായി ഈ വരികൾ കടന്നുപോകുന്നുണ്ട് എഴുത്തുകാരനും സാഹിത്യപ്രേമിയുമായ എൻ മോഹനനും സാഹിത്യാഭിരുചിയുള്ള നായികയുമാണ് നോവലിലെ കഥാപാത്രങ്ങൾ എന്നിരിക്കെ ഇത്തരം കവിതകളും എഴുത്തുകാരുടെ പേരുകളുമൊക്കെ നോവലിൽ കടന്നുവരുന്നത് സ്വാഭാവികമാണ്. നോവൽ തുടങ്ങുന്നത് ഒ എൻ വിയുടെ കവിതയിലെ വരികളോടെയാണ്

"ഒന്നും പറഞ്ഞതിലൊന്നും! കൈതലം ഒന്ന് പതുക്കെ പിടിച്ചമർത്തി ക്ഷണം നിന്നതല്ലാതെ....

മുഖം തെല്ലുയർത്തിയെൻ കൺകളിലേക്കൊന്നു നോക്കിയതല്ലാതെ.... ............. ........ ഒന്നും പറഞ്ഞില്ല…” (ഒ. എൻ.. വി )

കോളേജ് കാലഘട്ടത്തിൽ പരിചയപ്പെട്ട ഒരു പെൺകുട്ടി, കമ്മ്യൂണിസവും കാൽപ്പനികതയും തലയ്ക്കുപിടിച്ച ആ പ്രായത്തിൽ ജാതിയും മതവും എല്ലാം വ്യത്യസ്തമാണെന്നറിഞ്ഞിട്ടും എൻ മോഹനൻ എന്ന എഴുത്തുകാരൻ അവളെ സ്നേഹിച്ചു.

ഏതൊരു പ്രണയത്തെയും പോലെ കണ്ണുകളിൽ നിന്ന് തുടങ്ങി ഹൃദയത്തിലേക്ക് എത്തി വേർപിരിയാനാവാത്ത വിധത്തിലുള്ള മാനസിക അടുപ്പത്തിലേക്ക് വരെ എത്തിയ ബന്ധം. ആ പെൺകുട്ടിയും അതേ മാനസികാവസ്ഥയിൽ ആയിരുന്നെങ്കിലും ഒരു നിർണായകഘട്ടത്തിൽ അവൾ മറ്റൊരാളിന്റെ ഭാര്യയായി മാറുകയാണ്. പ്രണയം കൊണ്ട് മുറിവേറ്റതും ആ വേദനയിൽ കാലങ്ങളോളം നീറുന്നതും എഴുത്തുകാരനാണെന്ന് നോവൽ വ്യക്തമാക്കുന്നു.

തന്നെ ചതിച്ചവളെ ഒരു വാക്കു കൊണ്ടു പോലും വേദനിപ്പിക്കണമെന്ന് എഴുത്തുകാരൻ ചിന്തിക്കുന്നില്ല. എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയണമെന്നും, എന്നെങ്കിലും തമ്മിൽ കാണുമ്പോൾ സ്നേഹം മാത്രം കണ്ണിൽ നിറച്ച് നോക്കാൻ കഴിയണമെന്നുമാണ് അയാൾ ആഗ്രഹിക്കുന്നത്.

കാരണം ആഴക്കടലിനേക്കാൾ അഗാധമായിരുന്നു അയാളുടെ പ്രണയം, ഏറ്റവും വലിയ മോഹത്തേക്കാൾ വലുതായിരുന്നു അയാളുടെ ഇഷ്ടം. സമകാലിക ലോകത്തിൽ പ്രണയത്തിൽ ചതി സംഭവിക്കുമ്പോൾ അതിൽ അക്രമാസക്തരാകുന്ന ആളുകളിൽ നിന്ന് ഭിന്നമായി ചിന്തിക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചുതരികയാണ് എൻ. മോഹനൻ ഒരിക്കൽ എന്ന പുസ്തകത്തിലൂടെ. നോവലിൽ എഴുത്തുകാരന്റെ ഭാര്യക്കും മക്കൾക്കും അദ്ദേഹത്തിന്റെ പ്രണയ നായികയെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ട്.

കുത്തു വാക്കുകൾ കൊണ്ട് (കളി) കോറിടുമ്പോഴും രണ്ടു മനസ്സുകൾ തമ്മിൽ ഉണ്ടായിരുന്ന അഗാധ സ്നേഹത്തെ ഉൾക്കൊള്ളാൻ കെൽപ്പുള്ളവരായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മക്കളും എന്നുവേണം അനുമാനിക്കാൻ. അസുഖബാധിതയായി കിടക്കുന്ന കൂട്ടുകാരിയെ കാണാൻ നിർദ്ദേശിക്കുന്നത് തന്നെ എഴുത്തുകാരന്റെ ഭാര്യയാണ്.

അതുപോലെതന്നെ കൂട്ടുകാരിയുടെ ഭർത്താവും സമാന ചിന്താഗതിയുള്ളയാളാണ്. വിവാഹത്തിന് മുൻപ് മോഹനനെ കാണാൻ എത്തുകയും വിവാഹം കഴിക്കാൻ ഉദ്ദേശിച്ച പെൺകുട്ടിയുടെ 'പറഞ്ഞു കേട്ട' കഥകളെക്കുറിച്ച് നേരിട്ടന്വേഷിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ 'തമ്മിൽ' എന്നതിൽ തമ്മിൽ എന്ന വാക്കിന് അർത്ഥമില്ലെന്ന് എൻ. മോഹനൻ ആണയിട്ടു പറയുന്നു.

അയാൾക്ക് മാത്രമുണ്ടായ ഒരു ഇഷ്ടമാണെന്നും ആ പെൺകുട്ടി നിരപരാധിയാണെന്നും പറഞ്ഞു അയാളെ യാത്രയാക്കുമ്പോൾ എൻ മോഹനന്റെ കണ്ണ് നിറയുന്നത് കണ്ട് തമ്മിൽ കെട്ടിപ്പിടിക്കാൻ പാകത്തിൽ അവർക്കിടയിൽ ഒരു ബന്ധം ഉടലെടുക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ആശുപത്രി വരാന്തയിൽ വച്ച് ഇരുവരും കാണുമ്പോഴും ആ സ്നേഹ ബന്ധം അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നതും വ്യക്തമാണ്. പ്രണയിച്ച പെൺകുട്ടിയെ അത്രകണ്ട് വിശുദ്ധിയോടെ വിരൽത്തുമ്പ് കൊണ്ടുപോലും ഒന്ന് തൊട്ടു നോവിക്കാതെ ഹൃദയത്തോട് ചേർത്തുവയ്ക്കാനാണ് ഇവിടെ മോഹനൻ ആഗ്രഹിച്ചത്.

മാംസ നിബദ്ധമല്ല രാഗം എന്നതിന്റെ ഉത്തമോദാഹരണമായി വേണമെങ്കിൽ ഇതിനെ സൂചിപ്പിക്കാം. പുതുകാലത്ത് ക്ലീഷേ ചിന്താഗതി എന്ന് പറയാമെങ്കിലും തന്റെ പ്രണയത്തിൽ അദ്ദേഹം അത്രമാത്രം നീതിമാനായിരുന്നു എന്ന് വേണം കരുതാൻ. അവർ രണ്ടുപേരുടെയും സ്വകാര്യ നിമിഷത്തിൽ ശൃംഗാരം നിറഞ്ഞ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടിയും പ്രണയം കാമത്തിലേക്ക് വഴിമാറുന്ന ഒരു സന്ദർഭം പോലും രൂപപ്പെട്ടിരുന്നില്ല. ആ പെൺകുട്ടി തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയവളാണ്, ഒരു എഴുത്തുകാരനാവാൻ സ്വപ്നം കാണാൻ പ്രേരിപ്പിച്ച, സകല ജീവ ജാലങ്ങളേയും സ്നേഹിച്ച് ഒരു നല്ല മനുഷ്യനാകാൻ കാരണമാക്കിയവളാണ് ആ പെൺകുട്ടി എന്നു ഏറെ സ്നേഹത്തോടെ, ബഹുമാനത്തോടെ ഓർക്കുകയാണ് എഴുത്തുകാരൻ.

പ്രണയത്തിൽ അധീരയായതിന്റെ കുറ്റബോധം വാർദ്ധക്യത്തിൽ എത്തിയ പ്രണയിനിയിൽ കാണുന്നുണ്ട്. പരസ്പര സമ്മതത്തോടെ തന്നെ ഹൃദയം കൈമാറിയവരാണെന്നും മനസ്സ് കൊണ്ട് ജീവിതകാലം മുഴുവൻ ബന്ധിക്കപ്പെട്ടവരാണെന്നും അവർ ആശുപത്രിയിൽ വെച്ച് എൻ മോഹനനോട് പറയുന്നുണ്ട്. പുതുതലമുറയിലെ അവരുടെ കുട്ടികൾ പരിചയക്കാരാണ്. അവർ തമ്മിൽ അടുപ്പത്തിലാണെന്ന് പറയുമ്പോഴും എന്റെ മകളെന്നെപ്പോലെ അധീര അല്ലെന്നും ആ സ്ത്രീ വ്യക്തമാക്കുന്നുണ്ട്. തന്റെ മകൻ തന്നെപ്പോലെ അല്ലെന്നും അവനും വിശ്വാസമുള്ളതൊക്കെ നെഞ്ചുറപ്പോടെ ചെയ്യാൻ കഴിയുന്ന ചതിയേയും വഞ്ചനയേയും അതേപോലെ തിരിച്ചടിക്കാൻ കഴിവുള്ള, ചോരയ്ക്ക് പകരം ചോര തന്നെ ആഗ്രഹിക്കുന്ന തലമുറയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.

പ്രണയം നഷ്ടപ്പെട്ടാൽ ആസിഡ് ഒഴിക്കാനും പെട്രോൾ ഒഴിക്കാനും മാത്രമല്ല നഷ്ടമാകുമോ എന്ന് ഭയത്തിൽ വിഷം കൊടുത്ത് നേരത്തെ തന്നെ അവസാനിപ്പിക്കാൻ തയ്യാറാക്കുന്ന സമൂഹമാണിന്ന്. തനിക്ക് ഇല്ലാത്തത് മറ്റാരും അനുഭവിക്കരുതെന്ന വാശിയുടെ പുറത്ത് ജീവിക്കുന്ന കൗമാരക്കാർക്ക് ഒരിക്കൽ എന്ന പുസ്തകത്തിലെ പ്രണയം ഉൾക്കൊള്ളാൻ പറ്റുമെന്ന് തോന്നുന്നില്ല. തനിക്ക് പ്രിയപ്പെട്ടവളുടെ യഥാർത്ഥ പേര് പോലും വെളിപ്പെടുത്താതെ താൻ മാത്രം വിളിക്കുന്ന ചക്കി എന്ന പേരിലാണ് എൻ മോഹനൻ നോവലിൽ തന്റെ പ്രണയിനിയെ പരിചയപ്പെടുത്തുന്നത്. വർഷങ്ങൾക്കുശേഷം അവരെ വീണ്ടും കാണുമ്പോൾ തന്റെ മനസ്സിൽ പ്രേമമോ ആരാധനയോ വിരഹ വേദനയോ ചമത്ക്കാര പൂർണമായ യാതൊരു വികാരാകർഷകങ്ങളോ ഇല്ലെന്നും എന്നാൽ തനിക്ക് വിശദീകരിക്കാൻ ആവാത്ത എന്തോ ഒന്ന് ഉണ്ടെന്ന വസ്തുതയും അദ്ദേഹം അംഗീകരിക്കുന്നുണ്ട്.

മനുഷ്യന് മനുഷ്യനോട് തോന്നുന്ന എന്തോ ഒരു ഭാവം അത് പ്രണയമാണെങ്കിൽ അങ്ങനെ, സ്നേഹമാണെങ്കിൽ അങ്ങനെ. അതാണ് സത്യം. അതാണ് സ്ഥായിഭാവം. ആദ്യ പ്രണയത്തിന്റെ ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്നവരിൽ മാത്രമല്ല പ്രണയിക്കുന്നവർക്കും അതിന്റെ ലഹരിയിൽ ജീവിക്കുന്നവർക്കും, പ്രണയം നഷ്ടമായവർക്കും മനസ്സിലാകുന്ന രസതന്ത്രമാണ് ഒരിക്കൽ എന്ന പുസ്തകത്തിന്റെ വിജയ രഹസ്യം. ഓരോ ദിനവും പ്രണയത്തിൽജീവിക്കുന്നവർക്ക് പ്രണയത്താൽ ജീവിക്കുന്നവർക്ക് ഏറ്റെടുക്കാവുന്ന മനോഹരമായ പുസ്തകമാണ് ഒരിക്കൽ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി