മനുഷ്യാരംഭം മുതൽക്ക് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കുടിയേറ്റങ്ങൾ. ആദിമ മനുഷ്യൻ തൊട്ട് ഇന്നുള്ളവർ വരേയും കുടിയേറ്റത്തെ ഒരു ആശ്രയമായി കണക്കാക്കുന്നു എന്നു കാണാം. യുദ്ധവും പട്ടിണിയും കൂടാതെ തന്നെ അധിവസിക്കുന്ന ദേശത്തിന്റെ കാലാവസ്ഥാ വ്യതിയാനമോ നിലനിൽപ്പിന് ഹാനികരമാവുന്ന വിധത്തിലുള്ള അക്രമണങ്ങളോ നേരിടുമ്പോൾ ഒരു ജനത മറ്റൊരു ദേശത്തേക്കോ, രാജ്യത്തേക്കോ കുടിയേറ്റം നടത്താൻ നിർബന്ധിതരാകുന്നു.
കേരളത്തിന്റെ ചരിത്രമെടുത്താൽ പല രാജ്യങ്ങളിൽ നിന്നും, ദേശങ്ങളിൽ നിന്നും കുടിയേറി പാർത്തവരുടെ നിരവധി കണക്കുകൾ കാണാം പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും ഉൾപ്പെടെയുള്ളവർ കച്ചവടത്തിന്റെ ഭാഗമായാണ് കേരളത്തിൽ കുടിയേറി പാർത്ത് അധികാരം കയ്യടക്കിയെതെങ്കിലും യുദ്ധക്കെടുതിയുടെയും ദാരിദ്ര്യത്തിന്റെയും ഇടയിൽപ്പെട്ട് അതിജീവനത്തിനായി കേരളക്കരയിലേക്കും പ്രത്യേകിച്ച് മലയോര മേഖലയിലേക്കും കുടിയേറിപ്പാർത്ത ജനങ്ങൾ അനവധിയുണ്ട്.
പല കാലങ്ങളിലായി കേരളത്തിന്റെ ഭൂപ്രദേശത്തേക്ക് കുടിയേറിപ്പാർത്ത മനുഷ്യർ ഒരു നോവലിന്റെ ഭാഗമാകുന്നതും അവരുമായി അറിഞ്ഞോ അറിയാതെയോ ബന്ധമുള്ള മറ്റു കഥാപാത്രങ്ങൾ നോവലിന്റെ ദൃഢതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നത് അപ്രതീക്ഷിതമായ അനുഭവമായിരിക്കും.
ഒരു പ്രത്യേക ജനതയുടെ കുടിയേറ്റം മൂലം കേരളത്തിൽ കാർഷിക, വ്യാവസായിക, സാമ്പത്തിക മേഖലയിൽ അഭിവൃദ്ധി ഉണ്ടായി എന്നത് അംഗീകരിക്കേണ്ട വസ്തുതയാണ്. കുടിയേറി പാർത്തവർ കുടുംബങ്ങളായി താമസിക്കുകയും പിന്നീട് കൂട്ടുകുടുംബങ്ങൾ ആകുന്നതുമാണ് ചരിത്രം. എന്നാൽ അത്തരത്തിൽ കുടിയേറി പാർത്ത ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികൾ വീണ്ടും ഭിന്നമായ സംസ്കാരവും പൈതൃകവുമുള്ള മൂന്ന് ദേശങ്ങളിലേക്ക് പറിച്ചു നടപ്പെടുന്നത് പരിചിതമായ സംഗതിയല്ല. സാഹിത്യത്തിലും ഇത്തരം കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പലായനം ചെയ്യപ്പെടുന്ന ജനതയുടെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെ വിലയിരുത്തി ആഖ്യാനം നടത്താനാണ് എഴുത്തുകാർ ശ്രമിക്കാറുള്ളത്. എന്നാൽ പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി വ്യത്യസ്ത ഇടങ്ങളിൽ അകപ്പെട്ട മൂന്നു സഹോദരിമാരെ പല കഥാ തന്തുക്കൾ കൊണ്ട് ജനിച്ച നാട്ടിലേക്ക് തന്നെ കൂട്ടിച്ചേർക്കുന്ന സംഭവ വികാസങ്ങളാണ് മിനി പി സി തന്റെ പുതിയ നോവലായ" വേരി"ൽ വിഷയമാക്കിയത്. പേരിനെ അന്വർത്ഥമാക്കുന്നത് പോലെ ദേശീയത, ജാതീയത, രാഷ്ട്രീയത, ജൈവ വ്യവസ്ഥ, തൊഴിൽ മുന്നേറ്റങ്ങൾ, മാനുഷിക ബന്ധങ്ങൾ എന്നിവയുടെ വേരുകളെ വിശകലനം ചെയ്യുകയാണ് വേര് എന്ന നോവൽ.
പല കാലങ്ങളിലായി കേരളത്തിന്റെ ഭൂപ്രദേശത്തേക്ക് കുടിയേറി പാർത്ത മനുഷ്യർ ഒരു നോവലിന്റെ ഭാഗമാകുന്നതും അവരുമായി അറിഞ്ഞോ അറിയാതെയോ ബന്ധമുള്ള മറ്റു കഥാപാത്രങ്ങൾ നോവലിന്റെ ദൃഢതയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നത് അപ്രതീക്ഷിതമായ അനുഭവമായിരിക്കും. വിഭജനവും, കുടിയേറ്റവും, പലായനവും, പ്രണയവുമെല്ലാം പറഞ്ഞു പഴകിയ പ്രമേയമാണെങ്കിൽ കൂടിയും അത് അവതരിപ്പിക്കുന്ന രീതിയിൽ വ്യത്യാസം കൈവരുത്താൻ ശ്രമിക്കുമ്പോഴാണ് എഴുത്തുകാരൻ / എഴുത്തുകാരി വിജയിക്കുന്നത്. ആയിരത്തൊന്ന് രാവുകൾക്ക് സമാനമായെന്നോണം കഥകളും ഉപകഥകളും നിറച്ചുകൊണ്ട് ബൃഹത്തായ ഒരു നോവൽ പൂർത്തിയാക്കുക എന്നത് ശ്രമകരമാണ്. കഥകളുടേയും ചരിത്രത്തിന്റേയും ഇഴയടുപ്പം കൊണ്ടും കഥാപാത്രങ്ങളുടെ ആന്തരിക മാനസിക ശക്തി കൊണ്ടും" വേര്" വ്യത്യസ്തമാകുന്നു.
ഹൈറേഞ്ചിലുള്ള ഏലമലയിൽ നിന്നാണ് വേരിന്റെ ഉത്ഭവം. സഹോദരിമാരായ റോസ,ലില്ലി ജാസ്മിൻ എന്നിവരും അവരുമായി ബന്ധപ്പെട്ട അനേകം നിഷ്കളങ്കരായ മനുഷ്യരും നോവലിനെ സമ്പന്നമാക്കുന്നു. കേരളം,ഗോവ, നേപ്പാൾ എന്നീ മൂന്ന് ദേശങ്ങളിലേക്കും നോവൽ വ്യാപിക്കുന്നത് ആഖ്യാനത്തിലെ വേറിട്ട രീതിയായി കണക്കാക്കാം. ഇടുക്കി ഡാം പണിയുന്നതിന് മുമ്പ് കുറവൻ മലയുടെ താഴെ താമസിച്ചിരുന്ന കുടുമി, കറുമ്പൻ, മാതാ എന്നീ ആദിവാസികളുടെ പരമ്പരയിലെ കണ്ണികളാണ് ഈ സഹോദരിമാർ. ഇടുക്കി ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സായിപ്പന്മാരുടേയും മറ്റു തൊഴിലാളികളുടേയും കടന്നുകയറ്റം കറുമ്പന്റെ വിഭാഗങ്ങൾക്ക് ശാപമാവുകയും അവർ ദേശം വിട്ടു പോകാൻ നിർബന്ധിതരാവുകയും ചെയ്തു. കുറവൻ മലയെ വിട്ട് മറ്റൊരിടത്ത് പുതിയൊരു ജീവിതം ഉറപ്പിക്കാൻ കറുമ്പനും കൂട്ടരും തയ്യാറായി. കറുമ്പന്റെ മകനായിട്ടാണ് റോസയുടെ പിതാവായ ദാനിയൽ നോവലിൽ അവതരിക്കുന്നത്. അടൂരിൽ നിന്ന് ഇടുക്കിയിലേക്ക് കുടിയേറി വന്നതാണ് റോസയുടെ അമ്മ മാർത്തയുടെ കുടുംബാംഗങ്ങൾ. പ്രണയവും വിവാഹവും റോസ, ലില്ലി, ജാസ്മിൻ സഹോദരിമാരെ പല നാടുകളിലേക്കായി പറിച്ചു നട്ടു.
ചണ വ്യവസായവുമായി ബന്ധപ്പെട്ട് ബംഗാളിൽ എത്തുകയും അവിടെ വേരുറപ്പിക്കുകയും ചെയ്ത കുടുംബത്തിലെ കണ്ണിയാണ് നോവലിലെ ദേശീയൻ ചേട്ടൻ എന്ന കഥാപാത്രം. 1943 ലെ ക്ഷാമം പൊട്ടിപ്പുറപ്പെട്ടതും അതിനുശേഷമുള്ള നരകിച്ച ജീവിതവും ദേശീയൻ ചേട്ടൻ നോവലിൽ ഓർത്തെടുക്കുന്നുണ്ട്. ബംഗാൾ വിഭജനകാലത്ത് മതത്തിനും സമ്പത്തിനും അധികാരത്തിനും വേണ്ടി പോരടിച്ച് ചാവുന്ന മനുഷ്യനെ കണ്ടു മടുത്താണ് 'ദേശീയൻ' എന്ന പേര് അദ്ദേഹത്തിന്റെ മാതാപിതാക്കൾ മകനിട്ടത്. ഏത് പരിതസ്ഥിതിയിലായാലും മറ്റുള്ളവരെ സഹായിക്കാനും പണം കൊണ്ടും, പെരുമാറ്റം കൊണ്ടും, പഠിപ്പ് കൊണ്ടും കിട്ടാത്തത് സ്നേഹം കൊണ്ട് നേടിയെടുക്കാൻ കഴിയുമെന്നും പഠിപ്പിക്കാൻ ദേശീയ ചേട്ടന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് കൊച്ചിയിൽ ഹോട്ടൽ നടത്തുന്ന ദേശീയൻ ചേട്ടൻ ലില്ലിയെ സഹായിക്കുന്നതും മറ്റ് അനേകം മനുഷ്യരെ ചേർത്ത് പിടിക്കുന്നതും. ദേശീയൻ ചേട്ടനെപ്പോലെ നോവലിൽ കുടിയേറ്റത്തിന്റെ കണ്ണിയാണ് ലില്ലിയുടെ ഭർത്താവ് സൂരജിന്റെ മുത്തശ്ശി ഭാനുമതിയമ്മ. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ഉപദ്രവത്തെ തുടർന്ന് കൊച്ചി രാജാവിനെ അഭയം പ്രാപിച്ചവരാണ് ഭാനുമതിയമ്മയുടെ പൂർവികർ. കൊങ്കിണി സമുദായക്കാരിയായ ഭാനുമതിയമ്മ തൊണ്ണൂറാം വയസ്സിലും പല രാജ്യത്തേയും ദേശത്തേയും ആളുകൾക്കായി ആഭരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധയായിരുന്നു. ഗോവയിൽ സ്ഥിരതാമസമാക്കിയിരുന്ന ഭാനുമതിയമ്മയും കുടുംബവും പോർച്ചുഗീസുകാർ ഗോവ ആക്രമിക്കുകയും നിർബന്ധിച്ച് മതം മാറ്റിക്കുകയും ഭാഷ നിരോധിക്കുകയും ചെയ്യാൻ തുടങ്ങിയ സമയത്താണ് കൊച്ചിയിലേക്ക് കുടിയേറ്റം നടത്തി സ്ഥിരതാമസമാക്കിയത്. നിരവധി നാടുകളിലൂടെ കുടിയേറി പാർത്ത് ഇടുക്കിയിൽ സ്ഥിരതാമസമാക്കിയ ഗോവിന്ദൻ റോസയുടെ സുഹൃത്ത് വിഷ്ണുവിന്റെ പൂർവികനാണ്. അങ്ങനെ നിരവധി കഥാപാത്രങ്ങൾ കുടിയേറ്റത്തിന്റെ ഓർമ്മകളുമായി വേര് എന്ന നോവലിൽ നിറഞ്ഞുനിൽക്കുന്നു.
നോവലിന്റെ കഥാപാത്ര ഘടന എടുത്തു നോക്കിയാൽ റോസ ലില്ലി എന്നിവരിലൂടെ കഥ വികസിക്കുമ്പോൾ അനേകം കഥാപാത്രങ്ങൾ അവർക്ക് ചുറ്റിലും അണിനിരക്കുന്നുണ്ട് ഓരോ മനുഷ്യനും ഓരോ കഥയുണ്ടെന്ന് പറയുന്നതുപോലെ ചരിത്രവും പൈതൃകവും ഐതിഹ്യവും ചേർന്ന് ബന്ധങ്ങളുടെ വേരിന് ശക്തി കൂട്ടുന്നു. മിനി പി സിയുടെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം ശക്തിയേറിയ കഥാപാത്രങ്ങളാണന്ന് മറ്റു കഥാസമാഹാരങ്ങളും, നോവലുകളും തെളിയിക്കുന്നതാണ്. വേരിലെ സ്ത്രീകളും അത്തരത്തിൽ സ്വതന്ത്ര ചിന്താഗതി ഉള്ളവരും നിസ്സഹായതയിൽ നിന്നുപോലും ശക്തി പ്രാപിക്കുന്നവരുമാണ്. താമസിക്കുന്ന ഇടമല്ലാതെ മറ്റു ലോകം കാണാത്ത, അധിക വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവളുമായ റോസ എന്ന സ്ത്രീ അവളുടെ ആന്തരിക ലോകവും മനോ വ്യാപാരങ്ങളും കൊണ്ട് ശക്തയാകുന്നു. മറ്റു മനുഷ്യരെ സ്നേഹംകൊണ്ട് പരിഗണിക്കാനും ദുരിതങ്ങളിൽ നിലനിൽക്കാനും അവൾക്ക് കഴിയുന്നുണ്ട്.എന്നാൽ സഹോദരി ലില്ലി ലോകം കണ്ടവളും വിദ്യാസമ്പന്നയും ടാക്സി ഡ്രൈവറുമാണ്. ഗിഗ് ഇക്കണോമിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലില്ലി പുതിയ ലോകത്തിന്റെ കൂടി പ്രതിനിധിയാകുന്നു. ജോലി ചെയ്തു കുടുംബം നോക്കാനും അശരണരെ സഹായിക്കാനും സത്യം മുറുകെപ്പിടിച്ച് ജീവിക്കാനും കഴിയുന്നത് അത്യന്തികമായ സ്നേഹം ഉള്ളിലുള്ളത് കൊണ്ട് തന്നെയാണ്. ഇവരിൽ നിന്നും ഏറ്റവും ദൂരെ എത്തിപ്പെട്ട (നേപ്പാൾ) മൂത്ത സഹോദരി ജാസ്മിൻ ഒന്നിനെക്കുറിച്ചും കൂടുതൽ ചിന്തിക്കാതെ സാഹചര്യങ്ങളുമായി സന്ധി ചെയ്യുകയും കീഴടങ്ങുകയും, ഇണങ്ങുകയും ചെയ്യുന്നത് സ്നേഹമെന്ന വികാരത്തിന്റെ എല്ലാ തീവ്രതയേയും ഉൾകൊള്ളാൻ കഴിയുന്നത് കൊണ്ടാണ്. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്ന് അകന്നു മാറിയവരാണെങ്കിലും കാലം അവരെ അച്ഛനമ്മമാരുമായി കൂട്ടിച്ചേർക്കുകയും കുടുംബം എന്ന മഹാവൃക്ഷത്തിന്റെ തണലിൽ ഒന്നിച്ച് കഴിയാൻ സാഹചര്യമൊരുക്കുകയും ചെയ്യുന്നു.
ഒരു ജൈവവ്യവസ്ഥയുടെ മുഴുവൻ രാഷ്ട്രീയവും മിനി പി സി നോവലിൽ ചിത്രീകരിക്കുന്നുണ്ട്. വിജനമായ ഇടത്തിലേക്ക് കുടിയേറി പാർത്ത് അവിടെ ആധിപത്യം സ്ഥാപിക്കുന്ന ഒച്ചുകളും രാജവെമ്പാലകളും തലയിലെ പേനിനേയും മിനി പി സി തന്റെ രാഷ്ട്രീയ നിഗമനങ്ങൾക്കായി ഉദാഹരണമാക്കുന്നു.
നോവലിലെ തികച്ചും ഭ്രഹ്മാത്മക കഥാപാത്രമാണ് കുഞ്ഞിത്തേയി. എങ്കിലും നോവലിലുട നീളം അവരുടെ സാന്നിധ്യമുണ്ട്. പാരമ്പര്യമായി കുടുംബത്തിന്റെ രക്ഷയാകുന്ന കുഞ്ഞിത്തേയി എല്ലാതരത്തിലുള്ള അതിക്രമങ്ങളും തടയിട്ട് തന്നെ ആശ്രയിക്കുന്നവരെ ചേർത്തുപിടിക്കുന്നു. മറ്റൊരു കഥാപാത്രമായ കുഞ്ഞുറുമ്പ എന്ന സ്ത്രീ റോസയുടെ അമ്മായിയമ്മ സ്ഥാനത്ത് നിന്നുകൊണ്ട് സമകാല നാട്ടിൻപുറങ്ങളിലെ സ്ത്രീകളെ ഓർമിപ്പിക്കുന്നു. സ്ത്രീകൾക്ക് കാര്യം നേടണമെങ്കിൽ അധികാരികളുടെയോ ജന്മികളുടെയോ സഹകരണം ആവശ്യമാണെന്നും അതിനായി ചില 'വിട്ടുവീഴ്ചകൾ' നടത്തണമെന്നും അവർ മരുമകളെ ഉപദേശിക്കുന്നുണ്ട്. മറ്റൊരു ദേശത്ത് ജാസ്മിന്റെ ഭർത്താവിന്റെ മുത്തശ്ശി ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് റാണിമാരെ പോലെ കഴിയാം എന്നൊരു സൂചനയും നൽകുന്നുണ്ട്. ഏതു ദേശത്തായാലും ചില സ്ത്രീകൾ സ്വന്തം ശരീരത്തെ കാര്യങ്ങൾ നേടിയെടുക്കാനുള്ള ഉപാധിയായി കണ്ടിരുന്നു എന്ന ചരിത്രം സൂചിപ്പിക്കുന്ന വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്ന സന്ദർഭമായി ഇവയെല്ലാം ചേർത്തു വായിക്കാം.
ഒരു ജൈവവ്യവസ്ഥയുടെ മുഴുവൻ രാഷ്ട്രീയവും മിനി പി സി നോവലിൽ ചിത്രീകരിക്കുന്നുണ്ട്. വിജനമായ ഇടത്തിലേക്ക് കുടിയേറി പാർത്ത് അവിടെ ആധിപത്യം സ്ഥാപിക്കുന്ന ഒച്ചുകളും രാജവെമ്പാലകളും തലയിലെ പേനിനേയും മിനി പി സി തന്റെ രാഷ്ട്രീയ നിഗമനങ്ങൾക്കായി ഉദാഹരണമാക്കുന്നു. അക്രമികളോടും ശല്യക്കാരോടും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന റോസയെ പോലുള്ള ഒരു വിഭാഗം നമുക്കിടയിലും സാധാരണമാണ്. കാട്ടുജീവികൾക്കു പ്രസവിക്കാനിടം കൊടുക്കുന്ന, മൃഗങ്ങളോട് സംസാരിക്കുന്ന, പക്ഷികളോട് പരാതി പറയുന്ന, വളർത്തുമൃഗങ്ങളെ ശകാരിക്കുന്ന റോസ നോവലിന് ചലനാത്മക നൽകുന്നതോടൊപ്പം മാനുഷികത എന്ന ഗുണത്തെ കൂടി മുറുകെപ്പിടിച്ച് സഹജീവികളോട് കരുണ കാണിക്കേണ്ടതിന്റെ ആവശ്യകതയെ കൂടി വ്യക്തമാക്കുന്നു.
കുടിയേറ്റത്തിന്റെ വർണ്ണനയിൽ തുടങ്ങി കൊറോണയിൽ അതിജീവിച്ച കേരളാവസ്ഥകളെ കൂടി മിനി പി സി നോവലിന് ഇതിവൃത്തമാക്കുന്നുണ്ട്. കാടും മലയും വെട്ടിതെളിച്ച് ഇഞ്ചിയും ഏലവും തുടങ്ങി റബ്ബറും മറ്റുവിളകളിലേക്കും കൃഷി വ്യാപിപ്പിച്ച് ജീവിതം കെട്ടിപ്പടുത്ത ഒരു സമൂഹം ആൺ പെൺ ഭേദമില്ലാതെ പാടത്തും പറമ്പിലും ജോലി ചെയ്യാനും തുടർന്ന് കാലം മാറുന്നതിനനുസരിച്ച് അനുയോജ്യമായ തൊഴിലവസരങ്ങൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നതായി കാണാം.
കഥയിലെ ലില്ലി ടാക്സി ഡ്രൈവറാണ്. ദേശീയൻ ചേട്ടനെന്ന നന്മ നിറഞ്ഞ കഥാപാത്രം ഹോട്ടൽ നടത്തുന്ന ആളാണ്. സൂരജിന്റെ (ലില്ലിയുടെ ഭർത്താവ്) മുത്തശ്ശി പാരമ്പര്യമായി തുടർന്ന് വരുന്ന ആഭരണ തൊഴിലിൽ സധാ വ്യാപൃതയാണ്. യൂട്യൂബിൽ നിന്നും, സൂപ്പർ മാർകറ്റിൽ ജോലി ചെയ്തും വരുമാനം സ്വരൂപിക്കുന്ന സൂരജിനെയും നോവലിലിടയ്ക്ക് കാണാം. കൊറോണ സമയം പല രീതിയിലും ആളുകൾ വീടുകളിൽ അകപ്പെടുമ്പോൾ സാമൂഹ്യ മാധ്യമങ്ങളെ കൂടി വരുമാനത്തിനുള്ള മാർഗമായി സദ് ഉദ്ദേശ രീതിയിൽ ആളുകൾ ഉപയോഗിക്കുന്നു ( വ്ലോഗ് ) അങ്ങനെ ഒരു കാലഘട്ടത്തിന്റെ തൊഴിൽ അഭിവൃദ്ധി കൂടി നോവലിൽ വിഷയമാകുന്നു.
കേരളത്തിന്റെ ചരിത്രം സൂചിപ്പിക്കുന്ന പല കഥകളിലും ജന്മിമാരുടെ അധികാരങ്ങളും സ്ത്രീകളോടുള്ള വൃത്തികെട്ട മനോഭാവ പ്രകടനങ്ങളും പല സാഹിത്യ, സിനിമ മേഖലകളിൽ കണ്ടിരുന്നതും കാണുന്നതുമായ പ്രമേയമാണ്. വേരും അത്തരമൊരു സന്ദർഭം കൈകാര്യം ചെയ്യുന്നുണ്ട്. കുടിയാത്തി സ്ത്രീകളെ കീഴ്പ്പെടുത്താനും ആസ്വദിക്കാനുമുള്ള നമ്പൂതിരി ജന്മിമാരുടെ ഹുങ്കിനെ ഒരു പരിധി വരെ തടയിടുന്നത് കുഞ്ഞിത്തേയി എന്ന കഥാപാത്രമാണ്. അടിയാത്തി പെൺകുട്ടിയായി ജനിച്ച കുഞ്ഞിത്തേയിക്ക് ഉണ്ടായിരുന്ന അമാനുഷിക ശക്തികൾ വച്ച് അബല വിഭാഗങ്ങളെ സംരക്ഷിക്കുവാനും അവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. കാലം കടന്നുപോയിട്ടും താവഴിയിലേക്കും ആ ശക്തി തുടർന്നു പോന്നു. റോസക്കും പലപ്പോഴും കുഞ്ഞിത്തേയിയുടെ അദൃശ്യ സാന്നിധ്യം അനുഭവപ്പെടുന്നതായി നോവലിൽ കാണാം. സ്ത്രീകളെ ചൂഷണം ചെയ്യുന്ന നമ്പൂതിരിമാരുടെ തുടർച്ചയായെന്നോണം റോസക്ക് ശല്യമാകുന്ന ഇത്താപ്പിരി സാറിന്റെ മൂത്ത മകനും, സൂസി ടീച്ചറിന്റെ മരുമകൻ സണ്ണി കുട്ടിയും, കപട സദാചാരത്തിന്റെ വക്താക്കളാകുന്ന ഒരുകൂട്ടം ചെറുപ്പക്കാരും നോവലിൽ കടന്നു പോകുന്നു.
നോവലിന്റെ ആഖ്യാന ഘടനയിൽ ഭദ്രമായ കയ്യടക്കം എല്ലായിടത്തും നടത്തിയിട്ടുള്ളതായി കാണാം. തുടക്കം മുതൽ ഒടുക്കം വരെ കഥകളുടെ വേരുപടലം തന്നെ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇടുക്കി ഡാമിന്റെ നിർമ്മാണവും, സായിപ്പന്മാരുടെ ആഗമനവും, ഓരോ നാട്ടിലെ കുടിയേറ്റവും നിലനിൽക്കുന്നവരുടേയും മരിക്കുന്നവരുടേയും കഥകളും അവരുമായി ബന്ധപ്പെട്ട പൂർവികരുടേയും അധിവസിക്കുന്ന നാടിന്റെ ചരിത്രവും ഭൂപ്രകൃതിയിലെ മിത്തുകളും ഐതിഹാസിക പരമായ സംഭവവികാസങ്ങളും നോവലിന് ശക്തി കൂട്ടുന്നു. ഒരേസമയം കഥയിൽ നിന്നുകൊണ്ടുതന്നെ വാവ സുരേഷ്, പി ടി ഉഷ, സ്പോർട്സ് സ്കൂള്‍, മ്യൂസിക് ബാൻഡ് ഉടമ മരിയ ചൂച്ചി, സിനിമ മേഖലയിലയിലെ പ്രശസ്ഥൻ ബാലു മഹേന്ദ്ര എന്നിവരുടെ ഇടയിലേക്കും കടക്കുന്ന നോവലിന്റെ ആഖ്യാനം നർമ്മത്തിന്റെയും വൈകാരിക മുഹൂർത്തങ്ങളുടേയും സമ്മിശ്ര ഭാവം കൈ കൊണ്ടാണ് മുന്നേറുന്നത്.
മലയോര മേഖലയിലെ ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ പ്രാദേശിക ഭാഷയോടൊപ്പം ഗോവ, ഭൂട്ടാൻ എന്നീ പ്രദേശങ്ങളിലേക്കുള്ള ചുവടുമാറ്റത്തിൽ ആ പ്രദേശത്തെ വാമൊഴികളുടെ സ്വാധീനവും നോവലിൽ കൈവരുത്താൻ മിനി പി സി ശ്രമിക്കുന്നുണ്ട്. നോവലിലെ ദേശീയൻ ചേട്ടന്റെ ഭാര്യ ബൈശാഖി മൈഥിലി ഭാഷ സംസാരിക്കുന്ന സ്ത്രീയാണ്. ബീഹാർ -നേപ്പാൾ അതിർത്തിയിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറി പാർത്ത അവർക്ക് മറ്റുപല ഭാഷകളും കൂടി ചേർന്ന് (ബീഹാറി, തമിഴ്, ഹിന്ദി, മലയാളം ) സ്വന്തം ഭാഷ പോലും നഷ്ടമായി. ഒരു ഭാഷയുടെ മരണാവസ്ഥ കൂടി മിനി പി സി നോവലിന്റെ ഭാഗമാക്കുന്നു. ഓരോ നാട്ടിലെയും വൈവിധ്യമായ ഭക്ഷണം ആചാര രീതികൾ വേഷവിധാനങ്ങൾ ദൈന്യം ദിന ജീവിതരീതികൾ എന്നിവയും സൂക്ഷ്മമായി അവലോകനം ചെയ്തതിന്റെ അല്ലെങ്കിൽ കൃത്യമായി പഠനം നടത്തിയതിന്റെ തെളിവ് കൂടി 'വേര്' ആസ്വാദകരിൽ എത്തിക്കുന്നു.
അനേകം മനുഷ്യരിലേക്ക്, അവരുമായി ബന്ധപ്പെട്ട കഥകളിലേയ്ക്കും പടർന്നിറങ്ങിയ "വേര്" എന്ന നോവൽ ആസ്വാദകർക്ക് ഹൃദ്യമായ ഒരു വായനാനുഭവം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. ഒരിക്കലും കൈവിട്ടു പോകാത്ത ( വഴിമാറി ഒഴുകാൻ നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും) ദൃഢമായ ഇഴയടുപ്പം കൊണ്ടും ആഖ്യാനത്തിലെ നൈസർഗികമായ ശൈലികൊണ്ടും അവയെയെല്ലാം തരണം ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. രണ്ട് കാലഘട്ടത്തിലെ മനുഷ്യരുടെ അവസ്ഥകൾ വിവരിച്ചുകൊണ്ട് വർത്തമാനകാലത്തിലെ മനുഷ്യൻ ഏതവസ്ഥയിലാണ് നിലനിൽക്കുന്നത് എന്നൊരു ആശങ്ക ജനിപ്പിക്കാനും നോവലിനു കഴിയുന്നുണ്ട്. കാരുണ്യവും മനുഷ്യത്വവും പുലർത്തി മനുഷ്യൻ എന്ന പദം അർത്ഥവത്താക്കേണ്ടതിന്റെയും, പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത പറഞ്ഞുപഴകിയ പ്രമേയമാണെങ്കിലും സഹ്യത്യകാരൻ അല്ലെങ്കിൽ സാഹിത്യകാരി എന്ന നിലയിൽ സഹജീവികളോടുള്ള പരിഗണന പ്രകടിപ്പിക്കാൻ ഓരോ എഴുത്തുകാരും ബാധ്യസ്ഥരാണെന്ന ബോധവും മിനി പി സി നോവലിൽ തിരികൊളുത്തി വിടുന്നു.
മണ്ണും മരങ്ങളും ആകാശവും പക്ഷിമൃഗാദികളും ചേർന്നു കൊണ്ടുള്ള പരസ്പര പൂരണമാണ് എഴുത്തുകാർ എപ്പോഴും ആഗ്രഹിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ 'വേര്' വേരാഴ്ത്തുന്നത് സമൂഹത്തിലെ പല അവസ്ഥകളിലേക്കും വിരൽചൂണ്ടി നന്മ വറ്റിയിട്ടില്ലാത്ത ഒരു സമൂഹത്തേ വെളിപ്പെടുത്താനും സ്വന്തം ജീവിതവും താല്പര്യവും മുറുകെ പിടിച്ചു കൊണ്ട് ദുരിതങ്ങളിൽ കാലിടറാതെ പൊരുതി ജീവിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ഭാഷയ്ക്കും ദേശത്തിനും അതീതമായി മനുഷ്യ സ്നേഹം ഉയർന്നു നിൽക്കേണ്ട സാഹചര്യവും കൂടി പറഞ്ഞുവയ്ക്കുന്നു.