Art & LITERATURE

അജ്ഞാത സുഗന്ധമുള്ള അത്ഭുത മഴവില്ല്

ജീവിതത്തിന്റെ സുന്ദരവും സുരഭിലവുമായ വര്‍ഷങ്ങള്‍ സൈന്യത്തില്‍ ചെലവഴിച്ച ഒരു വനിതാ സൈനിക ഡോക്ടറുടെ അനുഭവക്കുറിപ്പുകളാണ് സോണിയ ചെറിയാന്റെ ഇന്ത്യന്‍ റെയിന്‍ബോ

എസ് ബിനുരാജ്

''സാറാമ്മേ, ജീവിതത്തിന്റെ ഏറ്റവും സുന്ദരവും സുരഭിലവുമായ പതിനാല് വര്‍ഷങ്ങള്‍ നീ എങ്ങനെ ചെലവഴിച്ചു?''

''ഞാനോ, ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു.''

ജീവിതത്തിന്റെ സുന്ദരവും സുരഭിലവുമായ വര്‍ഷങ്ങള്‍ ഒരു പെണ്ണ് എങ്ങനെ ചെലവഴിക്കുമെന്നത് അവളുടെ തീരുമാനമാണ്. സുഖ മേഖലയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ഒരു തീരുമാനം, ആ ഒരു നിമിഷം മതി നിങ്ങളുടെ ജീവിതം മാറിമറിയാന്‍. ആര്‍ത്തവ നാളുകളില്‍ അനങ്ങാന്‍ പറ്റില്ലെന്ന ന്യായം, ഞാന്‍ ചൂടുവെള്ളത്തിലേ കുളിക്കൂ എന്ന വാശി, ഞാന്‍ വെയിലത്ത് ഇറങ്ങില്ലെന്ന ശാഠ്യം, എനിക്ക് രാവിലെ ഉണരാന്‍ കഴിയില്ലെന്ന ദുഃശീലം, ഇതൊക്കെ മാറ്റാന്‍ തയ്യാറെങ്കില്‍ ജീവിതത്തിലെ മഴവില്ല് നിങ്ങളെ കാത്തിരിക്കുന്നു. ജീവിതത്തിന്റെ സുന്ദരവും സുരഭിലവുമായ വര്‍ഷങ്ങള്‍ സൈന്യത്തില്‍ ചെലവഴിച്ച ഒരു വനിതാ സൈനിക ഡോക്ടറുടെ അനുഭവക്കുറിപ്പുകളാണ് ഇന്ത്യന്‍ റെയിന്‍ബോ അഥവാ ഒരു പട്ടാളക്കാരിയുടെ ഓര്‍മക്കുറിപ്പുകള്‍.

സോണിയ ചെറിയാൻ

മരുഭൂമിയിലും മഞ്ഞുറഞ്ഞ മലമ്പാതയിലും രക്തം പോലും മരവിച്ച് പോകുന്ന സിയാച്ചിനിലും സേവനമനുഷ്ഠിച്ച ലെഫ്. കേണല്‍ സോണിയാ ചെറിയാന്റെ അനുഭവക്കുറിപ്പുകളില്‍ വിരിയുന്നത് ഇന്ത്യ എന്ന വിസ്മയമാണ്. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ ഇരുന്ന് വീമ്പ് പറയുന്ന പട്ടാളക്കാരന്റെ പഴങ്കഥ നമുക്ക് സുപരിചിതമാണ്. ജനപ്രിയ രചനകളില്‍ നമ്മള്‍ അവരുടെ കഥകള്‍ക്ക് പരിഹാസത്തിന്റ പരിവേഷം നല്‍കി. അവരെ കാണുമ്പോള്‍ ഓടിയൊളിക്കണമെന്ന അനുഭവങ്ങള്‍ നാട്ടിലെങ്ങും ചിരിപടര്‍ത്തി. അതൊന്നുമായിരുന്നില്ല അവരുടെ ശരിക്കുള്ള ജീവിതം. അവരോളം രാജ്യത്തിന്റെ വൈവിധ്യം നേരിട്ട് അനുഭവിച്ചവര്‍ വിരളമായിരിക്കും.

പുസ്തകങ്ങളിലും സിനിമകളിലും വായിച്ചും കണ്ടും മാത്രം നമുക്ക് പരിചയമുള്ള ജീവിത പരിസരങ്ങളില്‍ ജീവിച്ച് തന്നെ എഴുതിയ അനുഭവങ്ങളാണിവ

ബാല്യം വിടുന്നതിന് മുൻപ് വിവാഹവും പിന്നെ അമ്മയുമാകുന്ന പതിനാലുകാരികള്‍, എട്ടാം ക്ലാസ് ആയപ്പോള്‍ തന്നെ വിവാഹിതയായെങ്കിലും അതില്‍ നിന്നും കുതറിയോടി മെഡിസിനും പഠിച്ച് സൈന്യത്തില്‍ തന്നെ ഡോക്ടറായി തീര്‍ന്ന ഭൈരവി, പുരുഷനെ കുത്തിന് പിടിച്ച് നിലയ്ക്ക് നിര്‍ത്തുന്ന നാഗാപ്പെണ്‍ വീര്യം. പുസ്തകങ്ങളിലും സിനിമകളിലും വായിച്ചും കണ്ടും മാത്രം നമുക്ക് പരിചയമുള്ള ജീവിത പരിസരങ്ങളില്‍ ജീവിച്ച് തന്നെ എഴുതിയ അനുഭവങ്ങളാണിവ.

ശീലം കൊണ്ട് അബദ്ധത്തിലെങ്ങാനും കൈയുറയില്ലാതെ തോക്കിന്റെ കാഞ്ചിയില്‍ വിരല്‍ തൊട്ടാല്‍ മഞ്ഞിന്റെ ദംശനമേറ്റ് വിരല്‍ മുറിഞ്ഞ് പോയേക്കാം

വായിക്കുന്നതും കേള്‍ക്കുന്നതുമൊന്നും അനുഭവങ്ങളല്ല, അവ അനുഭവിച്ച് തന്നെ അറിയണമെന്ന് സിയാച്ചിനിലെ സൈനികര്‍ പറയും. ശീലം കൊണ്ട് അബദ്ധത്തിലെങ്ങാനും കൈയുറയില്ലാതെ തോക്കിന്റെ കാഞ്ചിയില്‍ വിരല്‍ തൊട്ടാല്‍ മഞ്ഞിന്റെ ദംശനമേറ്റ് വിരല്‍ മുറിഞ്ഞ് പോയേക്കാം. വിരല്‍ത്തുമ്പുകള്‍ മാത്രമല്ല മഞ്ഞ് കടിച്ചെടുക്കുക. മൂക്കിന്റെ തുമ്പും ചെവിയുടെ അറ്റവും ഒക്കെ നഷ്ടപ്പെട്ടവരുണ്ട്. ആദ്യം വിളര്‍ത്ത്, ചുവന്ന് നീലിച്ച് പിന്നെ കോശങ്ങള്‍ മരിക്കാന്‍ തുടങ്ങും. സമയത്തിന് മുറിച്ച് മാറ്റിയില്ലെങ്കില്‍ മഞ്ഞിന്റെ കൊല്ലുന്ന കോപം ശരീരത്തിലേക്ക് പടര്‍ന്നുകയറും. 1984ല്‍ ഓപ്പറേഷന്‍ മേഘദൂതിന് ഇടയില്‍ മരണമടഞ്ഞ ചന്ദ്രശേഖര്‍ എന്ന 28 കാരന്‍ സൈനികന്റെ മൃതദേഹം 2022 നാണ് കണ്ടുകിട്ടിയത്. പ്രകൃതിയുടെ ശീതികരണിയില്‍ അത് സുരക്ഷിതമായി ഇരുന്നു. അത് സ്വീകരിച്ച് മരണാനന്തര കര്‍മങ്ങള്‍ നടത്തിയ കുടുംബാംഗങ്ങളുടെ അനുഭവം സിയാച്ചിന്‍ ഹിമം പോലെ സിരകളെ പൊള്ളിക്കും.

സോണിയ ചെറിയാൻ

എന്നാല്‍, സൈനിക സേവനത്തിന്റെ കഷ്ടപ്പാടുകളെയും പുതുമയാര്‍ന്ന അനുഭവങ്ങളുടെയും ദിനസരിക്കുറിപ്പുകള്‍ മാത്രം നിറച്ച ഒരു പുസ്തകമല്ല ഇത്. ചരിത്രവും സാഹിത്യവും സംസ്‌കാരവും ഇതില്‍ കടന്നുവരുന്നുണ്ട്. നമുക്ക് അപരിചിതമായ വടക്കുകിഴക്കന്‍ സംസ്‌കൃതിയുടെയും സമൂഹത്തിന്റയും ആരും കാണാത്ത ചിത്രങ്ങള്‍ ഇതില്‍ വരച്ചിട്ടിട്ടുണ്ട്. മറക്കാനാകാത്ത ചില മനുഷ്യരെക്കുറിച്ചും തെളിമയോടെ പറഞ്ഞ് തരുന്നുണ്ട് ഈ പുസ്തകം.

ചുറ്റുമുള്ള ജീവിതങ്ങളോടും കണ്ണും കാതും തുറന്ന് വയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതാനാകൂ

ലേഖികയുടെ അന്വേഷണാത്മക മനസിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുകയാണ് ഈ പുസ്തകം. ഉത്തര്‍പ്രദേശിലെ ബറേലി ഗ്രന്ഥശാലയില്‍ നിന്നുമെടുത്ത പഴയ പുസ്തകങ്ങളില്‍ നിന്നും അന്നത്തെ വിദേശ വനിതകളുടെ വസ്ത്രധാരണ രീതി വെളിപ്പെടുന്നു. ചെന്നൈ സെന്റ് ജോര്‍ജ്ജ് കോട്ടയ്ക്കുള്ളിലെ സെന്റ് മേരീസ് പള്ളിയുടെ ചരിത്രവും രസകരമായി തന്നെ വിവരിച്ചിട്ടുണ്ട്. ചുറ്റുമുള്ള ജീവിതങ്ങളോടും കണ്ണും കാതും തുറന്ന് വയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതാനാകൂ. മനുഷ്യര്‍ മാത്രമല്ല മറക്കാനാകാത്ത ചില മൃഗങ്ങളും വായനക്കാരുടെ മനസില്‍ മായാമുദ്ര പതിപ്പിച്ച് കടന്നു പോകുന്നുണ്ട്.

ആരും തിരിഞ്ഞ് പോലും നോക്കാത്ത വിദൂരമായ ചില ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. തിബറ്റന്‍ അതിര്‍ത്തിയിലെ ദാര്‍ചുല പോലെ, സിയാചിന്‍ ബേസ് ക്യാമ്പില്‍ നിന്നും പത്ത് മൈല്‍ താഴെയുള്ള വാര്‍ഷി പോലെ. അവിടെയും മനുഷ്യരുണ്ട്. അവര്‍ക്ക് വൈദ്യസഹായമോ മറ്റ് എന്തെങ്കിലും സഹായമോ വേണ്ടിവന്നാല്‍ ഓടിയെത്തുക നമ്മുടെ സൈന്യമാണ്. യുദ്ധകാലത്ത് മാത്രം വേണ്ടി വരുന്ന ഒന്നല്ല സൈന്യമെന്ന് ചുരുക്കം. സമതലങ്ങളില്‍ സകല വിധ സൗകര്യങ്ങളോടു കൂടി താമസിക്കുന്ന നമുക്ക് പട്ടാളമെന്നാല്‍ ദൂരെയെങ്ങോ തോക്കും പിടിച്ചിരിക്കുന്ന ആരോ ആണ്. ഈ ഗ്രാമവാസികളെ സംബന്ധിച്ച് സൈന്യമാണ് അവരുടെ ആദ്യ ആശ്രയം. വിശേഷിച്ച് സൈന്യത്തിലെ ഡോക്ടര്‍മാര്‍. അവരാണ് ഗ്രാമവാസികളുടെ ജീവിതം നേരിട്ടറിയുന്നവര്‍. അത്തരമൊരു ഡോക്ടറുടെ അനുഭവക്കുറിപ്പ് ഏതൊരു ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ടതുമാണ്.

'അതിരാവിലെ കൊടുമുടികളില്‍ നിന്നും വീശുന്ന നറുംതേന്‍ മണമുള്ള ഒരു കാറ്റുണ്ട്. മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും എല്ലാം മത്തുപിടിപ്പിക്കുന്ന ഒന്ന്. കിളികളും പൂമ്പാറ്റകളും മരങ്ങള്‍ പോലും അതില്‍ കുളിര്‍ന്ന് ഉണര്‍ന്ന് ഇരട്ടിത്തുടിപ്പോടെ ഇളകിയാടും. സുഗന്ധികളായ മരുന്നിലച്ചെടികളുടെയും നനഞ്ഞ മണ്ണിന്റെയും അപ്പോള്‍ വിരിഞ്ഞ പൂക്കളുടെയും വിളഞ്ഞ കാട്ടുപഴങ്ങളുടെയുമെല്ലാം ചേര്‍ന്നൊരു ഗന്ധവുമുണ്ട്. ഹിമാലയത്തിന്റേത് മാത്രമായ ഒരു സുഗന്ധം'- ഇത്തരമൊരു ഹിമാലയന്‍ അനുഭവം ആയിരുന്നു വശ്യമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം എനിക്ക് സമ്മാനിച്ചത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി