Art & LITERATURE

പരിഭാഷ ഒരു ചെറിയ പണിയല്ല

ഇന്ന് അന്താരാഷ്ട്ര വിവര്‍ത്തനദിനം. വിവര്‍ത്തന സാഹിത്യം ആഴത്തില്‍ വേരോടിയ മണ്ണാണ് മലയാളം. മലയാള വിവര്‍ത്തന സാഹിത്യത്തിന്റെ ചരിത്രം മലയാള സാഹിത്യ ചരിത്രം പോലെ തന്നെ സമ്പന്നമാണ്

പി രാംകുമാർ

''Writers make national literature, while translators make universal literature''- Jose Saramago

തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമിയുടെ ഭരണകാലത്ത് സ്‌കൂള്‍ ഫൈനല്‍ പരീക്ഷകളിലെ ഉത്തരക്കടലാസുകളില്‍ വരുന്ന വന്‍ അബദ്ധങ്ങള്‍ സമാഹരിച്ച് 'Howlers' എന്ന ശീര്‍ഷകത്തില്‍ സര്‍ക്കാര്‍ പ്രസ്സില്‍നിന്ന് ഒരു വിശേഷാല്‍ പ്രസിദ്ധീകരണം പുറത്തിറക്കിയിരുന്നു. തെറ്റുകള്‍ മനസിലാക്കാനും അത് ആവര്‍ത്തിക്കാതിരിക്കാനും ഭാവി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കുന്ന ഒരു കുത്തിവയ്പായിരുന്നു അത്. അതില്‍ വന്ന ഏറ്റവും പ്രശസ്തമായ ഹൗളര്‍ ഒരു തര്‍ജമയുടേതാണ്. ചോദ്യം 'Magnanimity has its limits '. ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി തര്‍ജമ ചെയ്തത് ഇങ്ങനെ, 'പോക്രിത്തരത്തിനും ഒരതിരുണ്ട്!' ഒരു ഭാഷയിലും തര്‍ജമയില്ലാത്ത പോക്രിത്തരമായിപ്പോയിത്!

ഇന്ന് അന്താരാഷ്ട്ര വിവര്‍ത്തനദിനം. 1991 മുതല്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്ലേറ്റേഴ്‌സ് സെപ്റ്റംബര്‍ 30 അന്താരാഷ്ട്ര വിവര്‍ത്തനദിനമായി ആഘോഷിക്കാന്‍ തുടങ്ങി. തിരഞ്ഞെടുത്ത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കായി യുഎന്‍ എല്ലാ വര്‍ഷവും ഈ ദിവസം വിവര്‍ത്തന മത്സരം സംഘടിപ്പിക്കാറുണ്ട്. യുഎന്നിന്റെ ഔദ്യോഗിക ഭാഷകളില്‍ (ഫ്രഞ്ച്, ചൈനീസ്, സ്പാനിഷ്, റഷ്യന്‍, അറബിക്, ഇംഗ്ലീഷ്, ജര്‍മന്‍) മത്സരം നടക്കും. ഓരോ ഭാഷയിലെയും മികച്ച വിവര്‍ത്തകനും സമ്മാനം നല്‍കും.

വിവര്‍ത്തനം അഥവാ പരിഭാഷ അല്ലെങ്കില്‍ മൊഴിമാറ്റം മലയാളഭാഷയെ വളരാനും വികസിക്കാനും ഏറെ സഹായിച്ച ഒരു സാംസ്‌കാരിക പ്രക്രിയയായിരുന്നു. രചയിതാവിനെപ്പോലെ വിവര്‍ത്തകരും ആദരിപ്പെടേണ്ടവര്‍ തന്നെ. സര്‍ഗശേഷിയും ഭാഷാനൈപുണ്യവും കുറഞ്ഞത് രണ്ട് ഭാഷകളിലെങ്കിലും വേണം നല്ലൊരു വിവര്‍ത്തകനാകാന്‍

വ്യാസന്റെ 'മഹാഭാരതം', ചാണക്യന്റെ 'അര്‍ത്ഥശാസ്ത്രം', മാര്‍ക്സിന്റെ 'മൂലധനം', ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും', ഡാന്റെയുടെ 'ഡിവൈന്‍ കോമഡി', വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' തുടങ്ങിയ ക്ലാസിക്കുകള്‍ പൂര്‍ണമായി മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യ ഭാഷയാണ് മലയാളം. വിവര്‍ത്തന സാഹിത്യം ഏറ്റവും അധികം സ്വീകരിക്കപ്പെട്ടതും മലയാള ഭാഷയിലാണ്. 1950 മുതല്‍ 2000 വരെ മലയാളത്തില്‍, പുറത്തുവന്ന പുസ്തകങ്ങളില്‍ 15 ശതമാനം വിവര്‍ത്തനങ്ങളാണ്.

വിവര്‍ത്തനം അഥവാ പരിഭാഷ അല്ലെങ്കില്‍ മൊഴിമാറ്റം മലയാളഭാഷയെ വളരാനും വികസിക്കാനും ഏറെ സഹായിച്ച ഒരു സാംസ്‌കാരിക പ്രക്രിയയായിരുന്നു. രചയിതാവിനെപ്പോലെ വിവര്‍ത്തകരും ആദരിപ്പെടേണ്ടവര്‍ തന്നെ. സര്‍ഗശേഷിയും ഭാഷാനൈപുണ്യവും കുറഞ്ഞത് രണ്ട് ഭാഷകളിലെങ്കിലും വേണം നല്ലൊരു വിവര്‍ത്തകനാകാന്‍. നിര്‍ഭാഗ്യവശാല്‍, മലയാളത്തിലെ ആദ്യ കാലങ്ങളിലെ പരിഭാഷകരെ പ്രസാധകരും പ്രസിദ്ധീകരണങ്ങളും അക്കാദമികളും രണ്ടാം നിരക്കാരായ കൂലിയെഴുത്തുകാരായാണ് പരിഗണിച്ചിരുന്നത്. ഒരംഗീകാരവും അവരെ തേടി വന്നില്ല. പക്ഷേ, വായനക്കാരുടെ മനസിലെന്നും കൃതിയും പരിഭാഷകനും മായാതെ നിന്നു.

ആനി തയ്യില്‍, സി മാധവന്‍ പിള്ള, ഇടപ്പള്ളി കരുണാകര മേനോന്‍, എന്‍കെ ദാമോദരന്‍, എംഎന്‍ സത്യാര്‍ഥി, വിഡി കൃഷ്ണന്‍ നമ്പ്യാര്‍, അഭയദേവ്, സിഎച്ച് കുഞ്ഞപ്പ, പി മാധവന്‍ പിള്ള, കെ രവി വര്‍മ, നിലീന അബ്രഹാം, ജോര്‍ജ് ഇരുമ്പയം തുടങ്ങിയ പ്രഗല്‍ഭരായ വിവര്‍ത്തകര്‍ ലോക സാഹിത്യത്തിലേയും ഇന്ത്യന്‍ ഭാഷകളിലെയും മഹത്തായ കൃതികള്‍ കാലാകാലങ്ങളായി മലയാള ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചവരാണ്.

വിവര്‍ത്തകര്‍ക്ക് ഔദ്യോഗികമായെങ്കിലും അംഗീകാരം ലഭിച്ച് തുടങ്ങിയത് കുറച്ചുകാലം മുമ്പ് മുതലാണ്. 1989 മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമി 24 ഇന്ത്യന്‍ ഭാഷയിലെയും വിവര്‍ത്തകരെ ആദരിക്കാന്‍ തുടങ്ങി. 1992ല്‍ കേരള സാഹിത്യ അക്കാദമി ആദ്യത്തെ മികച്ച വിവര്‍ത്തകനുള്ള പുരസ്‌കാരം നല്‍കി എകെ ദാമോദരനെ ആദരിച്ചു.

മലയാളത്തില്‍ ഏറ്റവുമധികം പരിഭാഷകള്‍ ഇറങ്ങിയ ഗ്രന്ഥങ്ങളിലൊന്ന് ബൈബിള്‍ ആയിരുന്നിരിക്കണം. ബൈബിള്‍ ആദ്യമായി മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് സുറിയാനി ഭാഷയില്‍നിന്ന് നേരിട്ടായിരുന്നു. 1811ല്‍ പ്രസിദ്ധീകരിച്ച ആ വിവര്‍ത്തനം നിര്‍വഹിച്ചത് കായംകുളം ഫിലിപ്പോസ് റമ്പാനായിരുന്നു.

യയാതി

മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന സിഎച്ച് കുഞ്ഞപ്പ പരിഭാഷപ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ മലയാള ഭാഷയിലെ ഒരു ഉത്തമ വിവര്‍ത്തന മാതൃകയായി അംഗീകരിച്ച കൃതിയായിരുന്നു. ഇംഗ്ലീഷിലുള്ള ആത്മകഥ നെഹ്റു സമര്‍പ്പിച്ചിരിക്കുന്നത് അന്തരിച്ച പത്‌നി കമലയ്ക്കാണ്. ജവഹര്‍ ലാല്‍ നെഹ്റു എഴുതി: ''To Kamala , who is no more ''. കുഞ്ഞപ്പ ഇങ്ങനെ പരിഭാഷപ്പെടുത്തി: 'കഥാവശേഷയായ കമലയ്ക്ക്'.

നൂറ്റിപ്പതിനേഴ് കൊല്ലം മുമ്പ്, 1906ല്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള 'മഹാഭാരതം' പരിഭാഷപ്പെടുത്തിയ കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ വെറും 874 ദിവസം കൊണ്ടാണ് സംസ്‌കൃതത്തില്‍നിന്ന് 'ഭാഷാഭാരതം' എന്ന് പേരിട്ട തന്റെ മലയാള തര്‍ജമ പൂര്‍ത്തിയാക്കിയത്.

ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് സാങ്കേതിക പദങ്ങള്‍ മൊഴിമാറ്റിയ ആദ്യത്തെയാള്‍ കേരളവര്‍മ അപ്പന്‍ തമ്പുരാനായിരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത് ചിന്തിക്കുന്നതിന് അരനൂറ്റാണ്ട് മുമ്പ് അദ്ദേഹം അത് ചെയ്തിരുന്നു. തമ്പുരാന്‍ മദിരാശിയിലെ ചില വ്യവ്യസായ സ്ഥാപനങ്ങള്‍ക്കുവേണ്ടി ചില എഴുത്തുജോലികള്‍ ചെയ്തിരുന്നു. ഒരു കമ്പനിക്കുവേണ്ടി അലൂമിനിയം പാത്രങ്ങള്‍ വൃത്തിയാക്കാന്‍ വേണ്ട ഒരു പൊടിയുടെ കാറ്റലോഗിലെ നിര്‍ദ്ദേശങ്ങള്‍ ഇംഗ്ലീഷില്‍നിന്ന് തമ്പുരാന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ദീര്‍ഘമായ ഒരു പദം വന്നു: ജലാകര്‍ഷണാനേകദ്വാര സഹിത ജലധിജന്യം. സംഗതി നമ്മുടെ സ്പോഞ്ച് (Spong) ആയിരുന്നു! സ്പോഞ്ചിന് ഇത്ര കഠിന പദം ശരിയല്ലെന്ന് തോന്നിയ തമ്പുരാന്‍ പിന്നീട് അതുമാറ്റി വേറെ പദം കണ്ടുപിടിച്ചു.

1980കളിലാണ് എയ്ഡ്‌സ് വലിയൊരു ആരോഗ്യപ്രശ്നമായി ലോകശ്രദ്ധയില്‍ വരുന്നത്. അക്കാലത്ത് എന്‍വി കൃഷ്ണവാര്യര്‍ കുങ്കുമം വാരികയില്‍ എഴുതിയ പംക്തിയില്‍ പുതിയ രോഗത്തിന് മലയാള പരിഭാഷ നല്‍കി. 'ആര്‍ജിത ശക്തിക്ഷയ സാകല്യം' (acquired immune deficiency syndrome).

പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചപ്പോള്‍ ഹൃദയസ്പര്‍ശിയായ ചരമക്കുറിപ്പില്‍ കവിയുടെ ജീവിതത്തെയും മരണത്തെയും ബന്ധിപ്പിച്ച് എന്‍വി എഴുതി: 'പി കുഞ്ഞിരാമന്‍ നായരുടെ ആരുമറിയാതെയുള്ള മരണം സ്വന്തം വ്യക്തിത്വത്തിന് ചേര്‍ന്നതായിരുന്നു. മറിച്ച് ആശുപത്രിയിലോ ബന്ധുക്കളുടെ സാന്നിധ്യത്തിലോ ആണ് കവി മരിച്ചെതെങ്കില്‍ ഇതു വരെ അദ്ദേഹം ജീവിച്ചതിന്റെ പൊരുത്തക്കേടായേനെ! അതൊരു തികഞ്ഞ 'പതല്‍ പ്രകര്‍ഷം' ( Anti Climacs ) ആയേനെ! ആന്റി ക്ലൈമാക്സിന് എന്‍വി കണ്ടെത്തിയ മലയാള പദമാണ് 'പതല്‍ പ്രകര്‍ഷം'; ലേഖനത്തിന്റെ ആന്റി ക്ലൈമാക്സ്!

ജവഹര്‍ ലാല്‍ നെഹ്റു അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനടുത്തുണ്ടായിരുന്ന നോട്ട് പുസ്തകത്തിലുണ്ടായിരുന റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിതാ ശകലം മാതൃഭൂമിയുടെ ഡല്‍ഹി ലേഖകന്‍ വികെ മാധവന്‍ കുട്ടി ടെലിപ്രിന്റില്‍ എന്‍വിക്ക് അയച്ചുകൊടുത്തു. നിമിഷങ്ങള്‍ക്കകം അത് മനോഹര കവിതയായ് മാധവന്‍ കുട്ടിയുടെ മുന്നില്‍ തിരിച്ചെത്തി. 'മനോഹരം ഘനശ്യാമം വനപാളികളെങ്കിലും നാഴികകള്‍ കഴിയും മുമ്പ് കാതമേറെക്കടക്കണം. പാലിക്കാനുണ്ട് വാഗ്ദാനം,' എന്നായിരുന്നു എന്‍വിയുടെ തര്‍ജമ.

ആനി തയ്യില്‍ വിവർത്തനം ചെയ്ത അലക്സാണ്ടർ ഡൂമാസിൻറെ മോണ്ടിക്രിസ്റ്റോ

എഴുപത് വര്‍ഷം മുമ്പാണ്, 1954 ല്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ക്ലാസിക്ക് നോവലുകളില്‍ ഒന്നായ അലക്സാണ്ടര്‍ ഡ്യൂമാസിന്റെ 'കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' ആനി തയ്യില്‍ വിവര്‍ത്തനം ചെയ്തത്. 1100 പേജ് ആറു മാസം കൊണ്ടാണ് അവര്‍ പരിഭാഷപ്പെടുത്തിയത്. തുടര്‍ന്ന് വിശ്വസാഹിത്യത്തിലെ ബൃഹദ് ഗ്രന്ഥങ്ങള്‍ ഓരോന്നായി വിവര്‍ത്തനം ചെയ്തു. ടോള്‍സ്റ്റോയിയുടെ അന്നാ കരിനീന, യുദ്ധവും സമാധാനവും, ഡ്യൂമാസിന്റെ ത്രീ മസ്‌കറ്റിഴേയ്സ്, തോമസ് ഹാര്‍ഡിയുടെ ടെസ്സ്, ഹോള്‍കെയിന്റെ നിത്യനഗരം, ഡിക്കന്‍സിന്റെ രണ്ട് നഗരങ്ങളുടെ കഥ ഒക്കെ ആനിയുടെ പരിഭാഷയിലാണ് മലയാളം വായിച്ചത്. ഒരു പരിഭാഷകയെന്ന നിലയില്‍ ഇന്ത്യയില്‍ തന്നെ അക്കാലത്ത് ഇത്രയും ബൃഹദ് ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത ഒരു വനിത വേറെയുണ്ടായിരുന്നിരിക്കില്ല. പക്ഷേ, ഒരു അംഗീകാരവും അവരെ തേടി വന്നില്ല. 1993-ല്‍ അന്തരിച്ച ആനി തയ്യില്‍ പ്രതിഭാശാലിയായ സാഹിത്യ പ്രതിഭയായിട്ടും പഴയ തലമുറയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായാണ് ഇപ്പോഴും അറിയപ്പെടുന്നത്.

1958ല്‍ ഇടപ്പള്ളി കരുണാകര മേനോന്‍ മനോഹരമായി വിവര്‍ത്തനം ചെയ്ത ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന ബൃഹദ് നോവലാണ് പ്രീ പബ്ലിക്കേഷന്‍ പദ്ധതിയില്‍ വിറ്റ മലയാളത്തിലെ ആദ്യത്തെ പുസ്തകം. സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ പുസ്തകം. മലയാളത്തിലെ പ്രശസ്തരായ രണ്ട് നോവലിസ്റ്റുകളാണ് ചില ആധുനിക വിശ്വസാഹിത്യ ക്ലാസിക്കുകള്‍ തര്‍ജമ ചെയ്തത്. പാസ്റ്റര്‍നാക്കിന്റെ പ്രശസ്ത നോവല്‍ 'ഡോക്ടര്‍ ഷിവാഗോ' മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് മുട്ടത്ത് വര്‍ക്കിയാണ് (1958). ജപ്പാനീസ് നോവലിസ്റ്റ് കാവബാത്തയുടെ പ്രശസ്ത നോവല്‍ 'സഹശയനം', ജുവാന്‍ റൂള്‍ ഫോയുടെ നോവല്‍ 'പെഡ്രോ പരാമോ' എന്നിവ മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് വിലാസിനിയാണ്. രണ്ട് പേരും പത്രപ്രവര്‍ത്തകരുമായിരുന്നു.

അച്ചടിത്തെറ്റിനെ പത്രമോഫീസില്‍ വിളിക്കുന്ന പേരാണ് അച്ചടിപ്പിശാച് (Printer's Devil). ഒരു അളവുവരെ അത് പിറ്റേനാള്‍ തിരുത്ത് കൊടുക്കാം. അതിലും ഭീകരനാണ് പത്രമോഫീസിലെ തര്‍ജമയില്‍ വരുന്ന തെറ്റ്. എഡിറ്റര്‍മാരുടെ പേടി സ്വപ്നവും ഉറക്കം കെടുത്തുന്നവനുമാണവന്‍

176 കൊല്ലം മുമ്പാണ് മലയാളത്തില്‍ ആദ്യം വിവര്‍ത്തനം ചെയ്ത നോവല്‍ പുറത്തുവരുന്നത്; ജോണ്‍ ബുന്യന്റെ 'ദി പില്‍ഗ്രിം പ്രോഗ്രസ്' എന്ന കൃതി. 'പരദേശി മോക്ഷയാത്ര' എന്ന പേരില്‍ ആര്‍ച്ച് ഡീക്കന്‍ കോശി 1847ല്‍ അത് മലയാളത്തിലാക്കി. ലോകത്തിലെ എക്കാലത്തേയും ക്ലാസിക്കായ ബ്രാം സ്റ്റോക്കറുടെ 'ഡ്രാക്കുള' മലയാളത്തില്‍ ആദ്യമായി പരിഭാഷപ്പെടുത്തുന്നത് 1950 കളിലാണ്. രക്തരക്ഷസ് എന്ന പേരില്‍ കെവി രാമകൃഷ്ണന്‍ പരിഭാഷപ്പെടുത്തി മാതൃഭൂമി വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് പില്‍ക്കാലത്ത് പത്തിലധികം പരിഭാഷകളും പുനരാഖ്യാനങ്ങളും വന്നു.

ഡ്രാക്കുള

1962ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായ കാലം. മധ്യകേരളത്തില്‍ അശ്ലീല മാസികകള്‍ കുടില്‍ വ്യവസായമായി പുരോഗമിക്കുകയായിരുന്നു. ആലപ്പുഴ, മട്ടാഞ്ചേരി, ആലുവ തുടങ്ങി സ്ഥലങ്ങളില്‍നിന്ന് ഇവ വന്‍ രീതിയില്‍ പ്രചാരം നേടി. മേള, സ്റ്റണ്ട്, തേന്‍ കൂട് തുടങ്ങി കേരളധ്വനി, ഭാരതധ്വനി തുടങ്ങി ദേശീയചായ്‌വ് പ്രകടമാക്കുന്ന പേരുകളുമുള്ള നിരവധി അശ്ലീല മാസികകള്‍. പോലീസ് ഐജി ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇത് പെടുത്തി.

പട്ടം താണു പിള്ള സാറാണ് ഭരിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക മൂല്യച്യുതി അഥവാ സുകൃതക്ഷയം അനുവദിക്കാന്‍ പാടില്ല. ചീഫ് സെക്രട്ടറി ഒറീസക്കാരന്‍ എന്‍എം പട്നായ്ക്ക് ഇടപെട്ടു. പ്രൊസിക്യൂഷന്‍ നടപടി വേണം; ഇവയെല്ലാം റെയ്ഡ് ചെയ്ത് പൂട്ടിക്കണം. അതിന്റെ ആദ്യ പടിയായി ഇതില്‍ വരുന്ന ലേഖനങ്ങള്‍ ചീഫ് സെക്രട്ടറിക്ക് വിവര്‍ത്തനം ചെയ്തു നല്കാന്‍ പിആര്‍ഡിക്ക് ഉത്തരവ് കിട്ടി. ഈ സാഹിത്യം ഇംഗ്ലീഷിലാക്കി ചീഫ് സെക്രട്ടറിക്ക് മുന്നിലെത്തിക്കണം. അശ്ലീല സാഹിത്യം തര്‍ജമ ചെയ്യാന്‍ പിആര്‍ഡി വാര്‍ റൂം തുറന്നു. കവിയും പണ്ഡിതനുമായ സിപി ഗോപിനാഥന്‍ നായരായിരുന്നു മുഖ്യ വിവര്‍ത്തകന്‍. ഈ മാസികകളില്‍ നിറഞ്ഞുനിന്നിരുന്നത് സഭ്യതയുടെ സീമകള്‍ക്കപ്പുറത്തുള്ള ശൈലിയും പദങ്ങളുമാണ്. മലയാളത്തില്‍ സാധനം എന്ന വാക്കിന് ഒന്നില്‍ കൂടുതല്‍ അര്‍ത്ഥമുണ്ട്. പല വാക്കുകളും ഇങ്ങനെ തന്നെ. മാസികയിലെ 'ഗുലാന്‍', 'ശ്രീകോവില്‍' എന്നിവ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യാന്‍ വിവര്‍ത്തകര്‍ പാടുപെട്ടു.'

അച്ചടിത്തെറ്റിനെ പത്രമോഫീസില്‍ വിളിക്കുന്ന പേരാണ് അച്ചടിപ്പിശാച് (Printer's Devil). ഒരു അളവുവരെ അത് പിറ്റേനാള്‍ തിരുത്ത് കൊടുക്കാം. അതിലും ഭീകരനാണ് പത്രമോഫീസിലെ തര്‍ജമയില്‍ വരുന്ന തെറ്റ്. എഡിറ്റര്‍മാരുടെ പേടി സ്വപ്നവും ഉറക്കം കെടുത്തുന്നവനുമാണവന്‍. ഒരു നവാഗതനായ പത്രപ്രവര്‍ത്തകന്‍ പത്രമോഫീസില്‍ ആദ്യം ചെയ്യുന്ന ജോലി വാര്‍ത്താ എജന്‍സി വാര്‍ത്തകള്‍ തര്‍ജമ ചെയ്യലാണ്.

പൊറുക്കാനാവാത്ത ഒരു കൈത്തെറ്റില്‍ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതം തന്നെ മാറ്റിമറിച്ച തര്‍ജമയുടെ കഥയുണ്ട്, എല്ലാ പത്രപ്രവര്‍ത്തന ക്ലാസുകളിലും ആവര്‍ത്തിച്ച് പറയുന്ന ദുരന്തകഥ. സംഭവം നടന്നത് തിരുവനന്തപുരത്തെ പ്രശസ്ത പത്രത്തിലും. 'Hundreds of Sleepers Washed away' എന്ന എജന്‍സി വാര്‍ത്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിവര്‍ത്തനം ചെയ്തത് അച്ചടിച്ച് വന്നപ്പോള്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരു ഭീമാബദ്ധം പിറന്നു. 'റെയില്‍പ്പാളത്തിലെ സ്ലീപ്പറുകള്‍ വെള്ളത്തില്‍ ഒഴുകിപ്പോയത്', 'റെയില്‍ പാളത്തില്‍ ഉറങ്ങിക്കിടന്ന നൂറുകണക്കിന് പേര്‍ വെള്ളത്തിലെഴുകിപ്പോയി' എന്നായി. പത്രത്തില്‍ അച്ചടിച്ച് വന്ന ഈ വാര്‍ത്ത പത്രത്തിന് എക്കാലത്തെയും ചീത്തപ്പേര് സമ്മാനിച്ചു.

ഒരു മാത്രയില്‍ തെറ്റായി മനസിലെത്തിയത് കടലാസിലെഴുതിയപ്പോള്‍ ചരിത്രപരമായ വന്‍ അബദ്ധമായി. എംഎസ് മണിസ്വാമിയെന്ന അതെഴുതിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാന്‍ പ്രഗല്‍ഭനായിരുന്നു. എന്നിട്ടും തര്‍ജമ ചതിച്ചു. ഭാഗ്യം ഇടങ്കോലിട്ടതുകൊണ്ടു മാത്രം ഒഴിവായ പത്രമോഫീസിലെ ഒരു തര്‍ജമയുടെ കഥ കൂടിയുണ്ട്. കൊല്ലത്തെ 'പ്രഭാതം' ദിനപത്രത്തില്‍ ചേര്‍ന്ന പുതിയ സബ് എഡിറ്റര്‍ തനിക്ക് കിട്ടിയ പിടിഐ കോപ്പി രണ്ടുതവണ വായിച്ചു, എന്നിട്ട് അതിലെ 'The heir of Prophet Mohammad was disappeared from Hazratbal shrine' എന്ന വാചകം ഇങ്ങനെ തര്‍ജമ ചെയ്തു: 'ഹസ്രത്ത് ബാല്‍ മന്ദിരത്തില്‍നിന്ന് മുഹമ്മദ് പ്രവാചകന്റെ അനന്തരാവകാശിയെ കാണാതായിരിക്കുന്നു. കുറച്ചുകഴിഞ്ഞ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പുതിയ ആള്‍ എഴുതിയത് വായിച്ചു ചാടിയെഴുന്നേറ്റു.

ആരോഗ്യ നികേതനം

പ്രസ് നിര്‍ത്താന്‍ പറഞ്ഞു. എന്നിട്ട് ഒറിജിനല്‍ സുക്ഷിച്ചുവായിക്കാന്‍ സബ് എഡിറ്ററോട് ആവശ്യപ്പെട്ടു. വായിച്ച സബ് ഞെട്ടി. Heir അല്ല ; Hair. നബി തിരുമേനിയുടെ മുടി. 'നബിത്തിരുമേനിയുടെ വിശുദ്ധ കേശം കാണാനില്ല' എന്ന വാര്‍ത്തയാണ് ഒരു വാക്ക് തെറ്റായി തര്‍ജമയില്‍ സമൂലം മാറിയത്. ആ പത്രപ്രവര്‍ത്തകന്റെ പേര് സിആര്‍ ഓമനക്കുട്ടന്‍ എന്നായിരുന്നു. അതെ, രണ്ട് ആഴ്ച മുന്‍പ് വിടവാങ്ങിയ ഓമനക്കുട്ടന്‍ സാര്‍ തന്നെ.

1940 കളില്‍ കൊച്ചി രാജ്യത്ത് പ്രചാരമുണ്ടായിരുന്ന ദിനപത്രമാണ് ഗോമതി (ഗോശ്രീ - മലബാര്‍ - തിരുവിതാംകൂര്‍ എന്നതിന്റെ ചുരുക്കം പേര് ആണ് ഗോമതി. ഗോശ്രീ യെന്നാല്‍ കൊച്ചി). പ്രസിദ്ധനായ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ ആര്‍എം മനയ്ക്കലാത്ത് (രാമമേനോന്‍ മനയ്ക്കലാത്ത്) തന്റെ പത്രപ്രവര്‍ത്തനമാരംഭിച്ചത് 'ഗോമതി'യിലാണ്. രാജവാഴ്ചയെ അനുകൂലിക്കുന്ന പത്രമായിരുന്നു ഗോമതി.

കൊച്ചി രാജ്യത്തെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മരുമകളുടെ കല്യാണം കേമമായി നടന്നു. ഗോമതിയില്‍ വിവാഹവാര്‍ത്ത കൊടുത്തത് മനയ്ക്കലാത്തും. കൊച്ചി രാജാവിന്റെ സാന്നിധ്യത്തില്‍ വിവാഹം മംഗളകരമായി നടന്നുവെന്നായിരുന്നു വാര്‍ത്ത. വാസ്തവത്തില്‍ മഹാരാജാവ് വിവാഹത്തിന് പോയിരുന്നില്ല. സമ്മാനങ്ങള്‍ കൊടുത്തയച്ചു എന്ന് മാത്രം. ഇത് കമ്പിയായി പത്രമോഫീസില്‍ കിട്ടിയപ്പോള്‍ മനയ്ക്കലാണ് തര്‍ജമ ചെയ്ത് വാര്‍ത്തയാക്കിയത്. 'His highness blessed with presents ' എന്ന സന്ദേശം തര്‍ജമ ചെയ്തപ്പോള്‍ Presents എന്നത് Presence ആയി.

ഒരു ഉദ്യോഗസ്ഥന്റെ മകളുടെ കല്യാണത്തിന് മഹാരാജാവ് പങ്കെടുത്തെന്ന ഇല്ലാത്ത വാര്‍ത്ത വായിച്ച് കൊട്ടാരത്തില്‍നിന്ന് പത്രയുടമയോട് വിശദീകരണം ആവശ്യപ്പെട്ടു. രാജവാഴ്ചക്കാലമാണ്. മഹാരാജാവ് ഒരു നായരുടെ വീട്ടില്‍ കല്യാണവീട്ടില്‍ പോയി എന്ന് പറയുന്നതുപോലും അക്കാലത്ത് രാജ്യദ്രോഹമാണ്. പത്രമുടമ ഭയന്നുവിറച്ചു. വാര്‍ത്ത കൊടുത്ത മനയ്ക്കലാത്ത് തന്നെ നേരിട്ട് സമാധാനം പറയണമെന്നാവശ്യപ്പെട്ടു. മനയ്ക്കലാത്ത് അപ്പോള്‍ തന്നെ രാജിയെഴുതിക്കൊടുത്ത് സ്ഥലം വിട്ടു.

ദേശാഭിമാനിയില്‍ വന്ന വാർത്ത

'അമേരിക്കക്കാരന്‍ 10 മിനിറ്റില്‍ 68 പട്ടിയെ തിന്ന് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു' എന്നത് മുന്‍പേജ് വാര്‍ത്തയായി വന്നതാണ്. ഈ നൂറ്റാണ്ടിലെ ചരിത്രപരമായ ഭീമാബദ്ധ വാര്‍ത്ത വന്നത് 2009 ജൂലൈ ഒമ്പതിലെ ദേശാഭിമാനിയിലും. 'ഹോട്ട് ഡോഗ് ' എന്ന ഭക്ഷ്യവിഭവമാണ് സബ് എഡിറ്റര്‍ക്ക് ഡെസ്‌കില്‍ തര്‍ജമയില്‍ പട്ടിയായി മാറിയത്. ഈ അബദ്ധജടിലമായ വാര്‍ത്ത അതിസങ്കീര്‍ണമായ വാര്‍ത്തയായി അങ്ങ് ഡല്‍ഹിയിലെത്തി. ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതി, 'അമേരിക്കക്കാരെ അധഃപതിച്ചവരെന്നും വൃത്തികെട്ടവരെന്നും ചിത്രീകരിക്കാനുള്ള അവസരമൊന്നും നഷ്ടപ്പെടുത്താത്ത കേരള സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിലെ ഒരു തലക്കെട്ട് അമേരിക്കക്കാരന്‍ 10 മിനിറ്റിനുള്ളില്‍ 68 നായ്ക്കളെ കടിച്ചുകീറി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്നായിരുന്നു. പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫിന് വ്യക്തമായും അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് പരിചിതമല്ലാത്തതും യുഎസിനോടുള്ള വെറുപ്പും കാരണം അവര്‍ ആ വാര്‍ത്ത നല്‍കി.'

എഴുപത് കൊല്ലം മുമ്പാണ്. ഒറ്റപ്പാലത്ത് ഹൈസ്‌ക്കൂള്‍ മുറ്റത്ത് സമസ്തകേരള സാഹിത്യപരിഷത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണന്‍ പ്രസംഗിക്കുകയാണ്. തര്‍ജമ ചെയ്യുന്നത് എന്‍വി കൃഷ്ണ വാര്യര്‍. ഫിലോസഫര്‍ കിങ്ങ് എന്നിയപ്പെടുന്ന ഡോ രാധാകൃഷ്ണന്‍ വേദത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നും ഉദ്ധരണികള്‍ എടുത്തുപയോഗിച്ച് പ്രസംഗം ആരംഭിച്ചപ്പോള്‍ എന്‍വി അതേ താളത്തില്‍, അതേ വെളിച്ചത്തില്‍ മലയാളത്തിലേക്ക് ആവാഹിച്ച് പരിഭാഷപ്പെടുത്തി. ആദ്യ വാചകം പരിഭാഷ കഴിഞ്ഞപ്പോള്‍ ഡോ രാധാകൃഷ്ണന്‍ ആശ്ചര്യത്തോടെ എന്‍വിയെ നോക്കി.

മലയാള ഭാഷാ പിതാവായ എഴുത്തച്ഛനാണ് നമ്മുടെ ഏറ്റവും മഹാനായ വിവര്‍ത്തകന്‍. പതിനാലാം നൂറ്റാണ്ടില്‍ രാമാനന്ദന്‍ എന്ന കവി സംസ്‌കൃതത്തിലെഴുതിയ 'അധ്യാത്മ രാമായണം' എന്ന മഹത്തായ കാവ്യമാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടിലാക്കിയത്

'സ്വന്തമായി ഇംഗ്ലീഷ് പഠിച്ച ഒരുവന്‍ അഗസ്ത്യനെപ്പോലെ ഉള്ളം കയ്യില്‍ സമുദ്രമെടുത്ത് ആചരിക്കുന്നു. വാര്യര്‍ ആ സദസ്സില്‍ ജ്വലിച്ചു. കരഘോഷം മുഴങ്ങി. ഇതാണ് തര്‍ജമ. ഇംഗ്ലീഷിലെ ചില പദങ്ങള്‍ക്ക് മലയാളത്തില്‍ വാക്കുകളില്ലെന്ന സ്വന്തം അജ്ഞത പുറത്തുവിടുന്ന വെറും ഡിഗ്രിക്കാര്‍ക്ക് ആ തര്‍ജമ ചാട്ടയടിയായി' കവിയായ പി കുഞ്ഞിരാമന്‍ നായര്‍ ആ രംഗത്തെക്കുറിച്ച് എഴുതിയതാണിത്. കോഴിക്കോട്ട് ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഇംഗ്ലീഷ് പ്രസംഗത്തില്‍ 'Water water everywhere, not a drop to drink' പരിഭാഷകനായ കെഎം സീതി സാഹിബിന്റെ തര്‍ജമ ഉടന്‍ വന്നു. 'വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലല്ലോ'. ഇത് പിന്നീട് ഭാഷയിലെ ഒരു ചൊല്ലുതന്നെയായി.

ഒ വി വിജയൻ

മൂന്ന് പതിറ്റാണ്ട് മുമ്പ് 1993 ല്‍ കൃത്യം 11 ദിനരാത്രങ്ങള്‍ കൊണ്ടാണ് ആയിരത്തൊന്ന് രാവുകള്‍ എംപി സദാശിവന്‍ പരിഭാഷപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പരിഭാഷകള്‍ ഇതുവരെ അച്ചടിച്ചത് 45,000 പേജുകള്‍ വരും. 107 കൃതികള്‍ പരിഭാഷപ്പെടുത്തി ഏറ്റവുമധികം കൃതികള്‍ വിവര്‍ത്തനം ചെയ്ത പരിഭാഷകനായി ലിംക റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചു. ഇപ്പോഴും വിവര്‍ത്തനം തുടരുന്ന ഈ എണ്‍പത്തിയാറുകാരന്‍ ഇനി ഗിന്നസ് ബുക്കിലും ഇടം പിടിച്ചേക്കും. 1981 ല്‍ ഷെര്‍ലക്ക് ഹോംസിന്റെ ചെമ്പന്‍ മുടിക്കാരില്‍ തുടങ്ങിയതാണ് വിവര്‍ത്തനം. വിക്ടര്‍ ഹ്യൂഗോവിന്റെ 'നോത്രദാമിലെ കൂനന്‍' എന്ന ക്ലാസിക്കിലെത്തിയപ്പോള്‍ ആകെ 109 പരിഭാഷകള്‍.

രണ്ടുപേര്‍ ചേര്‍ന്ന് ഒരു കൃതി ഒരു വിവര്‍ത്തനം ചെയ്യുക അസാധാരണമാണ്. ഭാഷയും ശൈലിയും ഒരേ രീതിയില്‍ വേണം. അത് പൂര്‍ണമായും നിറവേറ്റപ്പെട്ട കൃതിയാണ് 1976 ല്‍ പുറത്തിറക്കിയ ലാരി കോളിന്‍സ്-ഡൊമനിക്ക് ലാപിയര്‍ ചേര്‍ന്നെഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'. ടികെജി നായരും എംഎസ് ചന്ദ്രശേഖര വാര്യരും ചേര്‍ന്നാണ് എക്കാലത്തെയും ബെസ്റ്റ് സെല്ലറായ ഈ കൃതി പരിഭാഷപ്പെടുത്തിയത്. 15 പതിപ്പ് കഴിഞ്ഞപ്പോള്‍ അരലക്ഷം കോപ്പി വിറ്റു. ഇപ്പോള്‍ വിപണിയിലുള്ളത് 42ാം പതിപ്പ്. വിഎ കേശവന്‍ നായരും എംപി ശങ്കുണ്ണി നായരും ചേര്‍ന്ന് പരിഭാഷപ്പെടുത്തിയ 'പേള്‍ എസ് ബക്കിന്റെ 'നല്ല ഭൂമി' (Good Earth) ആണ് മലയാളത്തിലെ ആദ്യത്തെ സംയുക്ത തര്‍ജമകളിലൊന്ന്.

വിശ്വസാഹിത്യ ചൊല്‍ ക്കഥകൾ

മലയാള ഭാഷാ പിതാവായ എഴുത്തച്ഛനാണ് നമ്മുടെ ഏറ്റവും മഹാനായ വിവര്‍ത്തകന്‍. പതിനാലാം നൂറ്റാണ്ടില്‍ രാമാനന്ദന്‍ എന്ന കവി സംസ്‌കൃതത്തിലെഴുതിയ 'അധ്യാത്മ രാമായണം' എന്ന മഹത്തായ കാവ്യമാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടിലാക്കിയത്. 2015ല്‍ ഡിസി ബുക്സ് പുറത്തിറക്കിയ 'വിശ്വസാഹിത്യച്ചൊല്‍' കഥകളാണ് മലയാളത്തിലിറങ്ങിയ ഏറ്റവും ബൃഹത്തായ വിവര്‍ത്തന ഗ്രന്ഥം. എഴുപത് പേര്‍ പ്രവര്‍ത്തിച്ച, പന്ത്രണ്ടായിരത്തിലധികം പേജുകളിലായി മൊത്തം 12 വോള്യം. ലോകത്തിലെ മികച്ച ചൊല്‍ക്കഥകളുടെ സമാഹാരമാണിത്.

മലബാര്‍ മാന്വല്‍

വിഖ്യാതമായ വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ അല്‍പ്പം താമസിച്ചാണ് മലയാളത്തില്‍ വന്നത്. 1887 ല്‍ പ്രസിദ്ധീകരിച്ച വിഖ്യാതകൃതി 1985 ല്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് ടിവി കൃഷ്ണനായിരുന്നു. കേരളത്തിലെ അച്ചടിയുടെ 400ാം വാര്‍ഷികത്തിലാണ് 1981ല്‍ കൈരളി മുദ്രാലയം ആദ്യമായി ഷെര്‍ലക് ഹോംസ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. അപ്പോഴേക്കും ഷെര്‍ലക് ഹോംസ് വന്നിട്ട് നൂറ് കൊല്ലം കഴിഞ്ഞിരുന്നു. മലയാളത്തില്‍ ആദ്യമായി ഷെര്‍ലക് ഹോംസ് പരിഭാഷപ്പെടുത്തിയത് മലയാറ്റൂര്‍ രാമകൃഷ്ണനാണ്. 1950 കളില്‍ മദ്രാസില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രസിദ്ധമായ 'ജയകേരളം' മാസികയിലാണ് അത് വന്നത്. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണ കൃതികളുടെ വിവര്‍ത്തനം ഇറങ്ങുന്നത് 1995ല്‍ മാത്രമാണ്. മുട്ടത്തുവര്‍ക്കിയും പിഎ വാര്യരും എംപി സദാശിവനുമടക്കം 12 വിവര്‍ത്തകരാണ് ഷെര്‍ലക് ഹോംസ് സാഹിത്യം മനോഹരമായി പരിഭാഷപ്പെടുത്തിയത്.

ഷെർലക് ഹോംസ്

1962 ലാണ് തകഴിയുടെ 'ചെമ്മീന്‍' ആദ്യമായി ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തത്. ഓള്‍ ഇന്ത്യാ റേഡിയോ ഡയറക്ടര്‍ ജനറലായിരുന്ന വികെ നാരായണ മേനോനാണ് പരിഭാഷപ്പെടുത്തിയത്. പിന്നീട് ഹിന്ദി ഉള്‍പ്പടെ മറ്റ് ഭാരതീയ ഭാഷകളില്‍ പരിഭാഷ വന്നു. ലോകത്തിലെ 15 ഭാഷകളില്‍ വിവര്‍ത്തനമുണ്ടായ നോവലാണ് ചെമ്മീന്‍. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പരിഭാഷ വന്ന ഇന്ത്യന്‍ കൃതിയും ചെമ്മീനാണ്.

ചെമ്മീന്‍

''ശരിക്കും ലോകത്തെ സൃഷ്ടിക്കുന്നത് ഭാഷയാണ്. വിവര്‍ത്തനം സംസ്‌കാരങ്ങളെ ഒന്നിപ്പിക്കലാണ്. അതിനാല്‍ ഞാന്‍ വിവര്‍ത്തനത്തെ കാണുന്നത് സാംസ്‌കാരിക പ്രവൃത്തി എന്നതിന് ഉപരിയായ രാഷ്ട്രീയപ്രവൃത്തിയായാണ്,' മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ വിവര്‍ത്തകരുടെ എഡിറ്ററും പ്രസാധകയുമായ ചെന്നെയില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ എഡിറ്ററായ മലയാളി മിനി കൃഷ്ണന്‍ പറയുന്നു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം