ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായ ഫ്രാൻസ് കാഫ്‌ക സാഹിത്യ പ്രേമികൾക്കാർക്കും അപരിചിതനല്ല. തിരക്കഥാകൃത്തും നോവലിസ്റ്റുമായിരുന്ന അദ്ദേഹം അക്കാലത്ത് ജീവിച്ചിരുന്ന ചുരുക്കം ജർമൻ എഴുത്തുകാരിൽ ഒരാളായിരുന്നു. കാഫ്കയുടെ ഹ്രസ്വ ജീവിതകാലത്ത് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ വലിയ തോതിൽ തിരിച്ചറിയപ്പെട്ടിരുന്നില്ല. 43 വർഷത്തെ ജീവിതത്തിനിടെ അദ്ദേഹം പ്രസിദ്ധീകരിച്ച കൃതികളും ചുരുക്കമാണ്. 1924 ജൂൺ 3-ന് അദ്ദേഹം മരിച്ചതിന് പിന്നാലെയാണ് ഫ്രാൻസ് കഫ്കയുടെ പല കൃതികളും ലോകമറിയുന്നത്.
എന്നാൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ സമ്മതമുണ്ടായിരുന്നില്ലെന്ന് വേണം പറയാൻ. അദ്ദേഹം മരണത്തിന് മുൻപായി തന്റെ സുഹൃത്ത് മാക്സ് ബ്രോഡിനെഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു. "പ്രിയപ്പെട്ട മാക്സ്, എൻ്റെ അവസാന അഭ്യർത്ഥന: ഡയറിക്കുറിപ്പുകൾ, കയ്യെഴുത്തുപ്രതികൾ, കത്തുകൾ (എൻ്റെയും മറ്റുള്ളവരുടെയും), സ്കെച്ചുകൾ, അങ്ങനെ പലതും ഞാൻ ഉപേക്ഷിക്കുന്നു. വായിക്കാതെ കത്തിച്ച് കളയുക." എന്നാൽ കഫ്കയുടെ ആഗ്രഹങ്ങളെ സുഹൃത്ത് പരിഗണിച്ചില്ല. ആ കൃതികൾക്ക് മനുഷ്യർക്കിടയിൽ വലിയ മൂല്യമുണ്ടെന്ന് ബ്രോഡിന് ബോധ്യമുണ്ടായിരുന്നു. അങ്ങനെ ദി കാസിൽ, ദി ട്രയൽ തുടങ്ങിയ കഫ്കയുടെ പല കൃതികളും ബ്രോഡ് പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതിൽ ചില ഭാഗങ്ങൾ ബ്രോഡ് വെട്ടിക്കളഞ്ഞിരുന്നു. കാഫ്കയെക്കുറിച്ചുള്ള ചില വിവരങ്ങളായിരുന്നു അവ. ബ്രോഡിന്റെ ഈ നീക്കത്തിന് പിന്നിൽ പല കാരണങ്ങളുണ്ടായിരുന്നു.
ഇപ്പോൾ കാഫ്കയുടെ നൂറാം ചരമവാർഷികത്തിൽ നേരത്തെ ബ്രോഡ് മറച്ചുവെച്ചിരുന്ന പുതിയ വിവരങ്ങൾ അടങ്ങിയ ഡയറിയുടെ പുതിയ വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുകയാണ്. റോസ് ബെഞ്ചമിൻ വിവർത്തനം ചെയ്ത ദി ഡയറീസ് ഓഫ് ഫ്രാൻസ് കാഫ്ക പ്രസിദ്ധീകരിച്ചത് പെൻഗ്വിൻ ക്ലാസിക്കാണ്. പ്രശസ്തനായ സാഹിത്യകാരൻ ഫ്രാൻസ് കാഫ്കയെ സംബന്ധിച്ചുള്ള ലോകമറിയാത്ത ചില വിവരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അവ ഇങ്ങനെയാണ്-
സ്വന്തം ശരീരത്തെക്കുറിച്ചുള്ള കഫ്കയുടെ എഴുത്തുകളായിരുന്നു അതിലൊന്ന്. ചികിത്സക്കായി സാനിറ്റോറിയത്തിലുണ്ടായിരുന്നപ്പോൾ മറ്റ് പുരുഷന്മാർ നഗ്നരായി നടക്കുമ്പോഴും അദ്ദേഹം സദാ നീന്തൽ വസ്ത്രങ്ങൾ ധരിച്ചിരുന്നുവെന്ന് അദ്ദേഹം എഴുത്തുകളിൽ പറയുന്നു. തന്റെ ശരീരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അസുഖകരമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. തന്റെ അസാധാരണമായ നീളത്തെക്കുറിച്ചായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. തന്റെ വണ്ണത്തെക്കുറിച്ചോ ലിംഗവലിപ്പത്തെ കുറിച്ചോ അദ്ദേഹം എഴുതിയിരുന്നില്ല.
തന്റെ പ്രതിശ്രുതവധുവായിരുന്ന ഫെലിസ് ബോവറെക്കുറിച്ചുള്ള കഫ്കയുടെ വിവരണങ്ങളാണ് മറ്റൊന്ന്.
സ്വവർഗരതിയെക്കുറിച്ചുള്ള കാഫ്കയുടെ എഴുത്തുകളാണ് മറ്റൊന്ന്. സാനിറ്റോറിയത്തിൽ വെച്ചും യാത്രാവേളകളിലും പുരുഷന്മാരുടെ കാലുകളെയും മറ്റും അദ്ദേഹം വർണിച്ചിരുന്ന ഭാഗങ്ങൾ. എന്നാൽ അദ്ദേഹം സ്വവർഗാനുരാഗി ആയിരുന്നില്ലെ ന്നാണ് ബെഞ്ചമിൻ ചൂണ്ടിക്കാട്ടുന്നത്. കാഫ്കയ്ക്ക് പുരുഷ ശരീരഭാഗങ്ങൾ ആസ്വദിക്കാനും ഭാവനാത്മകമായി പുരുഷ ശരീരങ്ങളെ പകര്‍ത്താനും കഴിവുണ്ടായിരുന്നുവെന്നതാണ് ഇത്തരം ഭാഗങ്ങൾ പറയുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ വേശ്യാലയ സന്ദർശനങ്ങളെക്കുറിച്ച് കാഫ്ക എഴുതിയ ഭാഗങ്ങൾ ബ്രോഡ് വെട്ടിമാറ്റിയിരുന്നു. അദ്ദേഹം വേശ്യാലയത്തിൽ കണ്ടുമുട്ടിയിരുന്ന പെൺകുട്ടികളെക്കുറിച്ചും അവിടുത്തെ അനുഭവങ്ങളെക്കുറിച്ചും ഡയറിയിൽ കുറിച്ചിരുന്നു.
തന്റെ പ്രതിശ്രുതവധുവായിരുന്ന ഫെലിസ് ബോവറെക്കുറിച്ചുള്ള കാഫ്കയുടെ വിവരണങ്ങളാണ് മറ്റൊന്ന്. ബോവറെ അവഞ്ജയോടെയാണ് കാഫ്ക നോക്കിയിരുന്നതെന്ന് ഈ ഡയറിക്കുറിപ്പുകളിൽനിന്ന് മനസ്സിലാക്കാനാകും. " എനിക്കുള്ള അത്രയും വെറുപ്പ് എഫിന് എന്നോട് ഉണ്ടെങ്കിൽ, ഈ വിവാഹം അസാധ്യമാണ്," അദ്ദേഹം കുറിച്ചു. എഫ് എന്നാൽ ഫെലിസ് ബോവറാണ്.
ബോവറെക്കുറിച്ചുള്ള കഫ്കയുടെ ധാരാളം ഡയറിക്കുറിപ്പുകൾ ബ്രോഡ് സൂക്ഷിച്ചിട്ടുണ്ട്. ബ്രോവറുടെ രൂപത്തെയും മറ്റും വിവരിക്കുന്നതായിരുന്നു അതിൽ പലതും. ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞിരുന്നതാണെങ്കിലും, തനിക്ക് ക്ഷയം ബാധിച്ച സാഹചര്യത്തിൽ കഫ്ക ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. 'എല്ലുകളുന്തിയ, ശൂന്യമായ മുഖം. നഗ്നമായ തൊണ്ട. (അവളെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് ഞാൻ അവളിൽ നിന്ന് അൽപ്പം അകന്നുനിന്നു) ഏതാണ്ട് പൊട്ടിയ മൂക്ക്. നീണ്ട, ആകർഷകമല്ലാത്ത തലമുടി' എന്നിങ്ങനെ പോകുന്നു കഫ്കയുടെ വിവരങ്ങൾ.
കാഫ്കയുടെ പല സാഹിത്യ വ്യവഹാരങ്ങൾ ഡയറിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കാഫ്കയുടെ പല കൃതികളുടെയും ആദ്യ രൂപം ജനിച്ച് വീഴുന്നത് ഈ ഡയറികളിലേക്കാണ്. അദ്ദേഹത്തിന്റെ തലയിലൂടെ കടന്ന്പോയി കൊണ്ടിരുന്ന മറ്റൊരു ലോകത്തെ അദ്ദേഹം സാഹിത്യമാക്കി മാറ്റിയ സ്ഥലമായിരുന്നു ഡയറികൾ.
ജോലിസ്ഥലത്തെ അസംതൃപ്തികളെക്കുറിച്ചാണ് പിന്നീടുള്ള കാഫ്കയുടെ എഴുത്തുകൾ. ആക്‌സിഡൻ്റ് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു ബ്യൂറോക്രാറ്റിക് റിപ്പോർട്ടിനായി ഒരു വാക്ക് കണ്ടെത്താൻ അദ്ദേഹം കഷ്ടപ്പെടുന്ന അനുഭവം ഡയറിയിൽ കുറിച്ചിട്ടുണ്ട്. ആ വാക്ക് കണ്ടുപിടിക്കാൻ ഉണ്ടായ കഷ്ടപ്പാടുകളെക്കുറിച്ചും ശേഷമുണ്ടായ മാനസിക വ്യവഹാരങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. ജോലി സ്ഥലത്തെ അസംതൃപ്തിയെയും ബുദ്ധിമുട്ടുകളെയും വളരെ നാടകീയമായാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
കാഫ്കയുടെ ആദ്യത്തെ ചെറുകഥയായ ദി ജഡ്ജ്മെൻ്റ് ബ്രോഡ് ഡയറികളിൽനിന്ന് നീക്കം ചെയ്തിരുന്നു. സമാനമായി കാഫ്കയുടെ പല സാഹിത്യ വ്യവഹാരങ്ങൾ ഡയറിയിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. കാഫ്കയുടെ പല കൃതികളുടെയും ആദ്യ രൂപം ജനിച്ച് വീഴുന്നത് ഈ ഡയറികളിലേക്കാണ്. അദ്ദേഹത്തിന്റെ തലയിലൂടെ കടന്ന്പോയി കൊണ്ടിരുന്ന മറ്റൊരു ലോകത്തെ അദ്ദേഹം സാഹിത്യമാക്കി മാറ്റിയ സ്ഥലമായിരുന്നു ഡയറികൾ. അതിനാൽ തന്നെ ഇവയെല്ലാം ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഫ്കയുടെ ആന്തരികമായ യഹൂദ വിരുദ്ധത വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകളും ഇതിൽ കാണാം. കിഴക്കുനിന്നുള്ള ദരിദ്രരായ യദിഷ് സംസാരിക്കുന്ന ജൂതന്മാരോട് അദ്ദേഹത്തിൻ്റെ പിതാവിനെപ്പോലെ ജർമ്മൻ സംസാരിക്കുന്ന ജൂത ബൂർഷ്വാസികൾക്ക് മുൻവിധികളുണ്ടായിരുന്നു. യദിഷ് സംസാരിക്കുന്ന ജൂതന്മാർ വൃത്തിയില്ലാത്തവരാണെന്ന തരത്തിലും മറ്റും ജർമ്മൻ സംസാരിക്കുന്ന ജൂതന്മാർ ചിന്തിച്ചിരുന്നു. എന്നാൽ ഇതിൽനിന്ന് കാഫ്ക വിട്ടുനിന്നിരുന്നു. 1911 നും 1912 നും ഇടയിൽ, അഭിനേതാവായ ജിഷ്‌ചക് ലോവിയുമായി സൗഹൃദം സ്ഥാപിച്ച് ഒരു സഞ്ചാര യദിഷ് നാടക ട്രൂപ്പിൻ്റെ 20-ലധികം പ്രകടനങ്ങളിൽ കാഫ്ക പങ്കെടുത്തു.
എന്നാൽ ചിലപ്പോൾ തൻ്റെ പിതാവിൻ്റെ മുൻവിധികൾ കാഫ്കക്കുള്ളിലുണ്ടെന്ന് തരത്തിൽ സ്വയം പ്രതിപാദിക്കുന്ന കുറിപ്പുകളും ഡയറിയിൽ കാണാം.
ബ്രാഡിനെക്കുറിച്ച് കാഫ്ക എഴുതിയ ചില കാര്യങ്ങളും ബ്രാഡ് വെട്ടിക്കളഞ്ഞിട്ടുണ്ടെന്ന് ബെഞ്ചമിന്റെ പുതിയ പതിപ്പിൽ പറയുന്നു. ഒരു ബെർലിൻ നിരൂപകൻ നോവലിസ്റ്റ് ഫ്രാൻസ് വെർഫെലിനെ ബ്രോഡിനേക്കാൾ വളരെ പ്രാധാന്യമുള്ള മനുഷ്യനെന്ന് കാഫ്ക വിശേഷിപ്പിച്ചുവെന്നും അത് പ്രസിദ്ധീകരണത്തിന് മുൻപ് ബ്രാഡ് വെട്ടിക്കളഞ്ഞുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ബ്രഡിന്റെ പതിപ്പിൽ കാണാനില്ലായിരുന്നു.