മനുഷ്യസ്വത്വം ഒരു ഏകശിലാഖണ്ഡമല്ല. ശരീരം വിവിധവും വ്യത്യസ്തവുമായ മൂലകങ്ങളുടെ മിശ്രിതമോ സംയുക്തമോ ആണെന്നതു പോലെ മനുഷ്യസ്വത്വവും പലമകളുടെ സംയുക്തമാണ്. തന്നിലെ തന്നെ തേടി ഉള്ളിലേക്ക് ഊളിയിട്ട് നോക്കിയിട്ടുള്ളവര്‍ സ്വയം ആരാണെന്നും എന്താണെന്നുമുള്ള വിഭ്രമങ്ങളില്‍ പെട്ടുപോയിട്ടുണ്ടാകുമെന്ന് തീര്‍ച്ചയാണ്! തന്നിലെ ബഹുലതകളേയും വിഭിന്നതകളേയും കണ്ട് ആരും അമ്പരക്കും. നാം ഓരോരുത്തരും പലമകളുടെ ഒരു സമാഹാരമാണ്. ചിലപ്പോള്‍, പലതായി പൊട്ടിച്ചിതറാന്‍ പ്രേരിതമാകുന്നത്. ഇത് മൂര്‍ത്തരൂപത്തില്‍ ജീവിതത്തില്‍ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സ്വത്വപ്രതിസന്ധിയുടെ വിവിധ തലങ്ങളിലൂടെ പല മനുഷ്യര്‍ക്കും കടന്നുപോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളുണ്ട്. അത് സ്വേച്ഛയുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ മൂലമാകാം, ബാഹ്യയാഥാര്‍ത്ഥ്യങ്ങളുടെയും ജീവിതപരിതോവസ്ഥകളുടെയും സമ്മര്‍ദങ്ങളും നിര്‍ബന്ധങ്ങളും കൊണ്ടാകാം. സ്വത്വപ്രതിസന്ധിയുടെ വൈയക്തികതലങ്ങളെ സംവാദസന്നദ്ധമാക്കുന്ന ഒരു കഥ ഇ സന്തോഷ്‌കുമാര്‍ എഴുതിയിട്ടുണ്ട്, 'പച്ച കുത്തുന്നവള്‍'. ഈ കഥ നിശ്ചിത ഇടവേളകളില്‍ സാറയായും സമീറയായും സ്വത്വപരിണാമത്തിനു വിധേയയാകുന്ന ഒരു സ്ത്രീയെയാണ് എഴുതുന്നത്. മറിച്ച്, നന്മയുടെ പിന്‍വാങ്ങലിനെയാണ് കഥ ആവിഷ്‌കരിക്കുന്നതെന്നും പറയാം. പല പാഠങ്ങള്‍! പല അര്‍ത്ഥങ്ങള്‍!
ഇ സന്തോഷ്‌കുമാറിന്റെ ആഖ്യാനങ്ങളിലെ ലാളിത്യം ഈ കഥയേയും ആകര്‍ഷകമാക്കുന്നു. വൈഷമ്യങ്ങളേതുമില്ലാതെ വായനയിലേക്കുകടക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലിയാണത്. പലരും ഉത്തരാധുനികതയില്‍ കണ്ടെത്തുന്ന ദാര്‍ശനികതയുടെ നിരാസം ഇവിടെയും ദൃശ്യമാകുന്നില്ല; ഈ കഥാകാരന്റെ മറ്റു കഥകളിലെന്ന പോലെ
ഇ സന്തോഷ്‌കുമാറിന്റെ ആഖ്യാനങ്ങളിലെ ലാളിത്യം ഈ കഥയേയും ആകര്‍ഷകമാക്കുന്നു. വൈഷമ്യങ്ങളേതുമില്ലാതെ വായനയിലേക്കുകടക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലിയാണത്. പലരും ഉത്തരാധുനികതയില്‍ കണ്ടെത്തുന്ന ദാര്‍ശനികതയുടെ നിരാസം ഇവിടെയും ദൃശ്യമാകുന്നില്ല; ഈ കഥാകാരന്റെ മറ്റു കഥകളിലെന്ന പോലെ. മറിച്ച്, ദാര്‍ശനികസമൃദ്ധി കഥയ്ക്ക് സവിശേഷമായ ഭംഗിയും ഉയര്‍ന്ന വ്യാഖ്യാനക്ഷമതയും നല്‍കുന്നു. രൂപകങ്ങള്‍ നിറഞ്ഞ കാവ്യഭാഷയുടെ മിന്നലാട്ടങ്ങള്‍, സൂക്ഷ്മതയില്‍ കൊത്തിയെടുക്കുന്ന വാക്‌ശില്‍പ്പങ്ങള്‍...സഹൃദയരായ വായനക്കാര്‍ പെട്ടെന്നു പിടിച്ചെടുക്കും. മരിച്ചുപോയവരുടെ ജാതകം വായിക്കുന്നതുപോലൊരു കൗതുകം, വെളിച്ചത്തിനു മുന്നില്‍പെട്ട് സ്തംഭിച്ചുപോയ മൃഗം, നരകം പോലെ തിളയ്ക്കുന്ന അസൂയ...എന്നിങ്ങനെ കഥയ്ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന വാക്‌ശകലങ്ങള്‍ അനുവാചകരെ ഊര്‍ജസ്വലരാക്കുന്നു. ആഖ്യാനരൂപത്തിന്റെ സമൃദ്ധിയും ചാരുതയും കഥയുടെ ഉള്ളിലേക്കുള്ള പ്രവേശികയാണ്. ഏതൊരു വ്യവഹാരത്തിന്റെയും രൂപം ലോകത്തിന് സവിശേഷമായ ഒരു ക്രമം നല്‍കുകയും അതിന്റേതായ ഭവശാസ്ത്ര (Ontology)ത്തെ നിര്‍മിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. സന്തോഷ്‌കുമാറിന്റെ ആഖ്യാനത്തിന്റെ ഉള്ളടക്കം; കഥയുടെ കാതല്‍, അതിന്റെ രൂപത്തില്‍ സുവ്യക്തീകരിക്കപ്പെട്ടിരിക്കുന്നു.
''അന്നത്തെ വിസ്മയങ്ങള്‍ തീരുകയില്ലെന്നു തോന്നി. വാതില്‍ തുറന്നുതന്ന സ്ത്രീ ഒരു ദേവതയെ പോലെയായിരുന്നു. മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖത്തുനിന്നുളള പ്രകാശം കൊണ്ട് എന്റെ കണ്ണുകള്‍ കൂമ്പിപ്പോവുകയാണെന്ന് തോന്നിച്ചു. അത്രയും ഭംഗിയുളള ആരെയും ഞാന്‍ അന്നേവരേക്കും കണ്ടിട്ടില്ലായിരുന്നു. വാക്കുകളിലൊന്നും പകര്‍ത്താന്‍ സാധ്യമല്ലാത്ത സൗന്ദര്യമായിരുന്നു അത്.'' സന്തോഷ്‌കുമാര്‍ രചിച്ച 'മൂന്നുവിരലുകള്‍' എന്ന കഥയിലെ ഒരു സൗന്ദര്യക്കാഴ്ചയുടെ സന്ദര്‍ഭമാണിത്. സമമിതി (Symmetry) കൊണ്ട് സൗന്ദര്യപൂരിതമായ ഗണിതശാസ്ത്രസമീകരണങ്ങളില്‍ പ്രപഞ്ചയാഥാര്‍ഥ്യം ഉള്ളടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പിച്ച പോള്‍ ഡിറാക്ക് എന്ന ഭൗതികശാസ്ത്രജ്ഞനെപ്പോലെ നമ്മുടെ കഥാകാരന്‍ ലാവണ്യത്തിന്റെ നിറക്കാഴ്ചയില്‍ നിന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ സത്യദര്‍ശനങ്ങളെ അനാവരണം ചെയ്യുന്നത് ഈ കഥയില്‍ സഹൃദയരായ വായനക്കാര്‍ക്കു കണ്ടെത്താന്‍ കഴിയും.
'പച്ച കുത്തുന്നവള്‍' എന്ന കഥയിലും സമാനമായ ഒരു സന്ദര്‍ഭത്തെ സന്തോഷ്‌കുമാര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതരരൂപങ്ങളില്‍ എഴുത്തുകാരന്‍ തന്നെയായേക്കാവുന്ന ആഖ്യാതാവ് തന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാകാത്ത ഒരു സൗന്ദര്യപൂരം കണ്ട് അമ്പരന്നുനില്‍ക്കുന്നു. ''ഒന്നു കൂടി സൂക്ഷിച്ചുനോക്കി. അത് ശരിക്കും ഒരു പെണ്‍കുട്ടി തന്നെയാണോ? അത്രയും സുന്ദരിയായ ഒരുവളെ അതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലായിരുന്നു. പുരാതനമായ ഒരു ഗ്രീക്ക് മ്യൂസിയത്തിലെ വെണ്ണക്കല്‍ പ്രതിമയെ പോലെയായിരുന്നു അവളുടെ രൂപം.'' ഐറിഷ് പബ്ബില്‍നിന്ന് വീഞ്ഞും ബിയറും മാറിമാറിക്കഴിച്ചതിന്റെ കുഴപ്പമാണോയെന്ന് ആഖ്യാതാവ് സന്ദേഹിക്കുന്നുണ്ടെങ്കിലും ആ ഹെയര്‍ ഡ്രസിങ് സ്ഥാപനത്തിന്റെ ചില്ലുവാതിലുകള്‍ തുറന്ന് അയാള്‍ അകത്തുപ്രവേശിക്കുന്നു. ആഖ്യാതാവ് സാറയെ കാണുകയാണ്. ഏതോ ആകര്‍ഷണവലയത്തില്‍ പെട്ടവനെപ്പോലെ എസ് ആന്റ്എസ് ഹെയര്‍ ഡിസൈനിങ് സ്റ്റുഡിയോയിലേക്ക് അയാള്‍ വീണ്ടും വീണ്ടും പോകുകയും അതിന്റെ നിഗൂഢതകളില്‍ ഭ്രമിക്കുകയും ചെയ്യുന്നു. അയാള്‍ കീഴ്‌പ്പെട്ടുപോകുന്നത് ആ സ്റ്റുഡിയോയിലെ പരിചാരികയുടെ സ്വത്വപ്രതിസന്ധിയിലാണെന്ന് പിന്നീട് നമുക്ക് തോന്നിയേക്കാം.
എസ് ആന്റ്എസ് ഹെയര്‍ ഡിസൈനിങ് സ്റ്റുഡിയോയിലെ പരിചാരിക ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ സാറയും സമീറയുമായി മാറി മാറി പ്രത്യക്ഷപ്പെടുന്നു. തന്നെ പരിചാരികയെന്ന് സ്വയം വിശേഷിപ്പിക്കുന്നത് സാറയാണ്. തന്റെ പരിചരണത്തെക്കുറിച്ചാണ് അവള്‍ പറയുന്നത്. നമ്മുടെ ആഖ്യാതാവ് ആദ്യദിനം കാണുന്നത് അവളെയാണ്. സാറയുടെ സൗന്ദര്യത്തിലാണ് അയാള്‍ ആകൃഷ്ടനായത്. സാറയുടെ യൗവ്വനകാലമായിരിക്കണം അത്. ഏറ്റവും സജീവമായ മനസ്സുള്ള കാലം. ലോകത്തെ മുഴുവന്‍ നന്നാക്കിയെടുക്കാന്‍ വെമ്പുന്ന കാലം. എല്ലാ വിഷമങ്ങളെയും എല്ലാവരുടെയും വിഷമങ്ങളെയും ഇല്ലാതാക്കാന്‍ ഉത്സുകമാകുന്ന കാലം. സാറയാണ് അയാളെ സ്നേഹസൗഹൃദങ്ങളോടെ പരിചരിക്കുന്നത്, നല്ല വാക്കുകള്‍ പറയുന്നത്. അയാളുടെ മനസ്സിനെ മൂടിയിരിക്കുന്ന വിഷമങ്ങളെ അറിയുന്നതും അതിനു മരുന്നു നിര്‍ദ്ദേശിക്കുന്നതും അവളാണ്. അവള്‍ക്ക് അയാളെ മനസ്സിലാകുന്നുണ്ട്. എന്തൊക്കെയോ കൊടുങ്കാറ്റുകള്‍ നിങ്ങളില്‍ വീശുന്നെണ്ടെന്ന് പറയുന്ന സാറയെ നാം വായിക്കുന്നു. അയാളുടെ പിന്‍ഭാഗത്തെ തോളില്‍ അവള്‍ തേളിന്റെ ചിത്രം പച്ചകുത്തുന്നു. കാലുകള്‍കൊണ്ട് കൂട്ടിപ്പിടിക്കുന്ന തേള്‍. അവളുടെ പരിചരണത്തില്‍ കാറ്റില്‍പ്പെട്ട വൃക്ഷത്തലപ്പുപോലെ അയാള്‍ ഇളകുന്നുണ്ട്. അവള്‍ തലോടുകയല്ല, വിശേഷപ്പെട്ട സംഗീതോപകരണം മീട്ടുകയാണെന്ന് അയാള്‍ക്ക് തോന്നുന്നുണ്ട്.
ജീവിതത്തിന് വലിയ ലക്ഷ്യങ്ങളൊന്നുമില്ലല്ലോയെന്ന് തോന്നിത്തുടങ്ങിയ മിഡ്‌ലൈഫ് ക്രൈസിസിന്റെ കാലത്ത്, പരാജയബോധത്തിനു കീഴ്‌പ്പെട്ട് തുടങ്ങിയ കാലത്ത് അയാളെ ബാധിച്ച വിഷമങ്ങളെയെല്ലാം സാറയുടെ പരിചരണം സുഖപ്പെടുത്തുന്നുണ്ട്. പിന്നീട് പച്ചകുത്തിയ തേളിന്റെ പിടുത്തം അയയുമ്പോള്‍ അതിന് കൂടുതല്‍ കാലുകള്‍ നല്‍കി മുറുക്കി കൊടുക്കുന്നുണ്ട്, അവള്‍. ലോകത്തെ ചേര്‍ത്തുനിര്‍ത്തുന്ന തേള്‍ ഒരു രൂപകമാണ്. സാറ ലോകത്തെ ചേര്‍ത്തുനിര്‍ത്താനും നവീകരിക്കാനും ലോകത്തിന്റെ വിഷമങ്ങളകറ്റാനും മാറ്റിത്തീര്‍ക്കാനും പ്രവര്‍ത്തിക്കുന്നവളാണ്. സജീവമായ യുവത്വത്തിന്റെയും അധ്വാനത്തിന്റെയും ശുഭകാമനകളുടെയും പ്രതീകമാണ്, അവള്‍.
സാറയുടെയും സമീറയുടെയും ചിത്രണത്തില്‍ മനുഷ്യപ്രകൃതിയിലെ വൈരുദ്ധ്യങ്ങളെന്നപോലെ പെട്ടെന്ന് മാറുന്ന മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങളും കൂടിയുണ്ട്. എളുപ്പം പിണങ്ങുന്ന കാലാവസ്ഥയെ പോലെയാണ് മനുഷ്യരുടെ രീതികള്‍ എന്നൊരു വാക്യം കഥയില്‍ എഴുതപ്പെടുന്നതു കൂടി ഓര്‍ക്കുക. മാറാത്ത മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ധാരണകളാണ് ഏറെ എഴുതപ്പെട്ടിട്ടുള്ളതെന്ന വാസ്തവസ്ഥിതിയില്‍നിന്ന് ഈ കഥാഖ്യാനം മാറിനടക്കുന്നു
യൗവ്വനം വിമോചനാകാംക്ഷകളുടെയും സജീവമായ മുന്നൊരുക്കങ്ങളുടെയും കാലം മാത്രമല്ല, അത് ഉള്‍വലിയലിന്റെയും അപരിചിതത്വത്തിന്റെയും നിരാശയുടേയും കാലം കൂടിയാണ്. നമ്മുടെ കഥയിലെ പരിചാരികയില്‍ സാറയ്ക്കൊപ്പം സമീറ കൂടിച്ചേരുന്നത് അങ്ങനെയാണ്. സമീറ സാറയ്ക്ക് വിരുദ്ധമായ ധ്രുവത്തിലാണ് നില്‍ക്കുന്നത്. അവള്‍ താല്‍പ്പര്യങ്ങളേതുമില്ലാതെ എങ്ങനെയെങ്കിലും തന്റെ പണിചെയ്ത് തീര്‍ക്കുന്നവളാണ്. ആഖ്യാതാവിന്റെ പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടതുണ്ടെന്ന് അവള്‍ക്ക് തോന്നുന്നില്ല. സാറയുടെ പ്രവര്‍ത്തനങ്ങളെ ഏറെ ഈര്‍ഷ്യയോടും അനിഷ്ടത്തോടുമാണ് അവള്‍ കാണുന്നത്. സാറ വരയ്ക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ അറയ്ക്കുന്നതാണെന്ന് സമീറ പറയുന്നു. സാറയുടെ പ്രവൃത്തികള്‍ നിഷ്പ്രയോജനകരമാണ്. പച്ചകുത്തിയാല്‍ വിഷമങ്ങള്‍ നീങ്ങുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. തേളിന് നൂറ് കാലുകളുണ്ടോയെന്ന പരിഹാസം അവള്‍ ഉതിര്‍ക്കുന്നു. മാഞ്ഞുപോകാത്ത രൂപങ്ങള്‍ പച്ചകുത്തി മറ്റുള്ളവരുടെ ജീവിതത്തെ ശുശ്രൂഷിക്കുന്നുവെന്ന നാട്യത്തിലായിരുന്നു സാറ എന്ന സമീറയുടെ ആരോപണവും ചെവിയോര്‍ക്കേണ്ടതു തന്നെ! അവള്‍ ബന്ധങ്ങളെ ശാശ്വതവല്‍ക്കരിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ!
സാറയുടെയും സമീറയുടെയും ചിത്രണത്തില്‍ മനുഷ്യപ്രകൃതിയിലെ വൈരുദ്ധ്യങ്ങളെന്നപോലെ പെട്ടെന്ന് മാറുന്ന മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങളും കൂടിയുണ്ട്. എളുപ്പം പിണങ്ങുന്ന കാലാവസ്ഥയെ പോലെയാണ് മനുഷ്യരുടെ രീതികള്‍ എന്നൊരു വാക്യം കഥയില്‍ എഴുതപ്പെടുന്നതു കൂടി ഓര്‍ക്കുക. മാറാത്ത മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ധാരണകളാണ് ഏറെ എഴുതപ്പെട്ടിട്ടുള്ളതെന്ന വാസ്തവസ്ഥിതിയില്‍നിന്ന് ഈ കഥാഖ്യാനം മാറിനടക്കുന്നു. ഒരു പക്ഷേ, മനുഷ്യപ്രകൃതിയെ നിര്‍ണയിക്കുന്നതില്‍ പാരിസ്ഥിതികഘടകങ്ങള്‍; ജീവിതത്തിന്റെ പരിതോവസ്ഥകള്‍, വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോകത്തെ ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്നവര്‍ തന്റെ മനസ്സിലുള്ളിലെ മുറിവുകളോട് പ്രതികരിക്കുന്നവരാണെന്ന സമീറയുടെ വാക്കുകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങളുണ്ട്. ബുദ്ധനില്‍ അതു കാണാന്‍ കഴിയും. അധികമായി ആരും ഉപയോഗിക്കാത്ത ചേരുവകള്‍ കൊണ്ട് ലോകത്തെ പരിചരിക്കാനാണല്ലോ ബുദ്ധന്‍ ശ്രമിച്ചത്? അധികമാരും സ്വീകരിക്കാത്ത ഒരു മാര്‍ഗ്ഗമാണ് സാറയും അവളുടെ എളിയ ജീവിതത്തില്‍ സ്വീകരിക്കുന്നത്. ആസിഡുകളും ചായങ്ങളും ചേര്‍ത്ത് മുറിപ്പാടുകളില്‍ പച്ചകുത്തുന്ന അവള്‍ മുറിവേറ്റവരെ ലോകത്തോടു ചേര്‍ത്തുനിര്‍ത്തുന്നു. സാറയും സമീറയും വിരുദ്ധചേരിയില്‍ നില്‍ക്കുന്നവരെന്ന നിലയില്‍നിന്ന് മാറി പ്രശ്നീകരണത്തിന്റെ മാധ്യമങ്ങളെന്ന നിലയിലേക്ക് മാറിത്തീരുന്ന സന്ദര്‍ഭം കൂടുതല്‍ സമൂര്‍ത്തമായി പിന്നാലെ വരുന്നുണ്ട്.
സാറ തന്റെ ജീവിതകഥയെ ആഖ്യാതാവിനോട് പങ്കുവയ്ക്കുന്ന സന്ദര്‍ഭം ഈ ആഖ്യാനത്തിന്റെ പ്രധാന ഭാഗമാണ്. സാറയും സമീറയും രണ്ടു പേരാണെന്ന് സാറ പറയുന്നത് ഇവിടെയാണ്. സാറയ്ക്ക് തന്റെ അസ്തിത്വം ഉറപ്പിക്കാന്‍ ഈ വാക്കുകള്‍ ആവശ്യമായിരുന്നുവെന്ന് പിന്നീട് നമുക്കു മനസ്സിലാകും. ഇരുവര്‍ക്കുമിടയിലെ വൈരുധ്യങ്ങളെക്കുറിച്ചും തന്റെ ജീവിതത്തിലെ മുറിവുകളെക്കുറിച്ചും സാറ അയാളോടു പറയുന്നുണ്ട്. അവളുടെ വസ്ത്രമുയര്‍ത്തി ശരീരത്തിലെ പച്ച കുത്തിയ ചിത്രം അയാളെ കാണിക്കുന്നു, അവള്‍. ഏതോ വലിയ വിഷമങ്ങളില്‍ പെട്ടതിന് നിര്‍ദേശിക്കപ്പെട്ട ചികിത്സപോലെ അത് നമ്മുടെ മനസ്സില്‍ പതിയുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഹെയര്‍ ഡിസൈനിങ് സ്റ്റുഡിയോയിലെത്തുന്ന ആഖ്യാനക്കാരന്‍ കേള്‍ക്കുന്നത് ''അങ്ങനെ രണ്ടു പേരില്ല'' എന്ന വാക്കുകളാണ്. സാറയെപ്പോലെ സ്നേഹസൗഹൃദങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടല്ല, സമീറയെപ്പോലെ അയാളോട് അകന്ന ബന്ധം കാണിച്ചുകൊണ്ടാണ് സ്റ്റുഡിയോയിലെ പരിചാരിക ഈ വാക്കുകള്‍ പറയുന്നത്. സ്റ്റുഡിയോയുടെ പേര് എസ് ആൻഡ് എസ് ഹെയര്‍ ഡിസൈനിങ് സ്റ്റുഡിയോ എന്നല്ലെന്ന്, എസ് ഹെയര്‍ ഡിസൈനിങ് സ്റ്റുഡിയോ എന്നാണെന്ന് അവള്‍ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം സാറയുടെ ചിത്രത്തിലേക്കും അവള്‍ ചൂണ്ടുന്നു. സാറ സ്വയം നഷ്ടപ്പെടുത്തിയെന്ന് ബോധ്യപ്പെടുത്തുന്ന വാക്കുകളും അവള്‍ പറയുന്നുണ്ട്. സമീറ മുഖം പൊത്തിപ്പിടിച്ച് കരയുന്നു. ആഖ്യാതാവ് അവിടേക്ക് എത്താതിരുന്ന ദീര്‍ഘകാലത്തെ ഇടവേളയില്‍ സ്റ്റുഡിയോ സാറയില്ലാത്ത നിലയിലേക്ക് പരിണമിച്ചിരിക്കുന്നു.
മിഡ്‌ലൈറ് ക്രൈസിസിന് പരിഹാരമായി തേളിന്റെ രൂപം പച്ച കുത്തുന്ന സുന്ദരിയായ പരിചാരികയെ സങ്കല്‍പ്പിക്കുന്ന സന്തോഷ്‌കുമാറിന്റെ കഥ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയാണെന്നു ധരിക്കുന്നവരുണ്ടാകുമോ? കഥാഖ്യാനത്തിനായി എഴുത്തുകാരന്‍ ഒരുക്കുന്ന സാമഗ്രികളെ യഥാർഥമെന്നു കാണുന്നവര്‍ക്ക് ഇത് നിഗൂഢതയുടെയും അന്ധവിശ്വാസത്തിന്റെയും പ്രചാരണമെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും
സമീറ ആഖ്യാതാവിന്റെ മുന്നില്‍ കരയുന്നത് എന്തുകൊണ്ടാകാം? ലോകോപകാരത്തിനായി നിലകൊണ്ട തന്റെ വിഭജിതസ്വത്വം ഉപേക്ഷിച്ചവളുടെ (നഷ്ടപ്പെട്ടവളുടെ) നിലവിളിയാണോ അത്? നിരന്തരം താന്‍ കുറ്റപ്പെടുത്തിയിരുന്ന സഹോദരിയുടെ ആത്മാഹുതിയുടെയും വേര്‍പാടിന്റെയും വേദനയാണോ അത്? മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍, സാറയും സമീറയും ഒരാള്‍ തന്നെയോ അതോ, രണ്ട് പേരാണോ എന്ന ചോദ്യം ഇപ്പോള്‍ ആഖ്യാനത്തിന്റെ സജീവപ്രശ്നമല്ലാതായി തീരുന്നുണ്ടെന്ന് ഈ വായനയ്ക്ക് ഉറപ്പിക്കാം. സാറ പരാജയപ്പെട്ടിരിക്കുന്നു. ലോകത്തെ ചേര്‍ത്തുപിടിക്കാനും നന്നാക്കിയെടുക്കാനും ശ്രമിച്ചവള്‍ പരാജയപ്പെട്ടിരിക്കുന്നു. നന്മയുടെ മരണമാണത്. സമീറ ബാക്കിയാകുന്നു. ഹെയര്‍ ഡിസൈനിങ് സ്റ്റുഡിയോയിലെ പരിചാരികയ്ക്ക് സാറ എന്ന സ്വത്വം നഷ്ടപ്പെട്ടതാണോ?, അതോ, ആ സ്റ്റുഡിയോയിലെ രണ്ടു പരിചാരികമാരില്‍ ഒരാളായ സാറ ആത്മഹത്യ ചെയ്തതാണോ? - ഈ ചോദ്യങ്ങള്‍ക്കുപരിയായി ലോകത്തിലെ നന്മയുടെ വശം ക്ഷീണിതമായിരിക്കുന്നുവോയെന്ന സന്ദേഹത്തെ കഥ ഉയര്‍ത്തി കൊണ്ടുവരുന്നു. ''മനുഷ്യര്‍ പരസ്പരം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന കാലം അവസാനിക്കുകയായിരുന്നു'' എന്ന വാക്യം ആഖ്യാതാവിന്റേതായി കഥയ്ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നതും കാണണം.
മിഡ്‌ലൈഫ് ക്രൈസിസിന് പരിഹാരമായി തേളിന്റെ രൂപം പച്ച കുത്തുന്ന സുന്ദരിയായ പരിചാരികയെ സങ്കല്‍പ്പിക്കുന്ന സന്തോഷ്‌കുമാറിന്റെ കഥ അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുകയാണെന്ന് ധരിക്കുന്നവരുണ്ടാകുമോ? കഥാഖ്യാനത്തിനായി എഴുത്തുകാരന്‍ ഒരുക്കുന്ന സാമഗ്രികളെ യഥാർഥമെന്നു കാണുന്നവര്‍ക്ക് ഇത് നിഗൂഢതയുടെയും അന്ധവിശ്വാസത്തിന്റെയും പ്രചാരണമെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. ഏതു വിശ്വാസവും മനുഷ്യമനസ്സിനെ കീഴടക്കി കഴിഞ്ഞാല്‍ അത് ഒരു ഭൗതികശക്തിയായി പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും ചിലപ്പോള്‍ (ചില ചരിത്രസന്ദര്‍ഭങ്ങളില്‍, ചില സവിശേഷസമൂഹങ്ങളില്‍) ജീവിതത്തിലെ അനുഭവയാഥാര്‍ത്ഥ്യത്തേക്കാളും കടുത്ത ഭൗതികശക്തിയായി അതു മാറിത്തീരുമെന്നുമുള്ളതു കൊണ്ട് വിമര്‍ശബുദ്ധി കൊണ്ടും സാഹിതീയഭാവുകത്വം കൊണ്ടും സ്വീകരിക്കേണ്ട കഥയാണിത്. മിത്തിനെ; ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളെയും മിത്തായി കാണേണ്ടതുപോലെ കഥയെ കഥയായി സ്വീകരിക്കണം. കഥ ഒരു വിശ്വാസസംഹിതയല്ല. ഭൗതികശാസ്ത്രത്തെയെന്നത് പോലെയുമല്ല അത്. കഥ വസ്തുനിഷ്ഠത കൊണ്ടല്ല വ്യവഹാരം സാധ്യമാക്കുന്നത്. കഥയിലെമ്പാടും നിലനില്‍ക്കുന്ന സന്ദിഗ്ദ്ധതകളുടെയും അനിശ്ചിതത്വങ്ങളുടെയും പ്രകരണങ്ങളിലാണ് തേളിന്റെ രൂപം പച്ചകുത്തുന്ന സുന്ദരി വ്യവഹാരസമര്‍ത്ഥമാകുന്നത്.
എന്നാല്‍, സന്തോഷ്‌കുമാര്‍ എഴുതിയ പച്ച കുത്തുന്നവളുടെ കഥ മധ്യവയസ്‌കനായ ഒരു മധ്യവർഗക്കാരന്റെ കഥ കൂടിയാണെന്ന് കാണാതിരിക്കരുത്. മധ്യവർഗത്തിന്റെയും മധ്യ വയസ്‌കന്റെയും താല്‍പ്പര്യങ്ങള്‍ കഥയില്‍ വിലയിച്ചുകിടക്കുന്നുണ്ട്. അത്, ഏത് അന്ധവിശ്വാസത്തെയും സ്വീകരിക്കാന്‍ സന്നദ്ധമാകുന്നിടത്തോളം സ്വയംസംരക്ഷണതാല്‍പ്പര്യങ്ങള്‍ നിറഞ്ഞതാണ്. പ്രാചീനതയോടുള്ള ആഖ്യാതാവിന്റെ ഇഷ്ടം ഈ ആഖ്യാനത്തിലുടനീളം പ്രത്യക്ഷപ്പെടുന്നതു കാണുക. വീഞ്ഞ് സൂക്ഷിച്ചിരിക്കുന്ന വീപ്പകളും നാവികരുടേതുപോലെ തൊപ്പിയും കുപ്പായവും ധരിച്ച പരിചാരകരും റാന്തലുകളില്‍ നിന്നുള്ള അരണ്ട വെളിച്ചവും മിനുസമില്ലാത്ത മരമേശകളും അയാളെ ആകര്‍ഷിക്കുന്നു. മരത്തവികള്‍ കൊണ്ട് കോരിയെടുത്ത മദ്യം കോപ്പകളിലേക്ക് പകരുന്നത് അയാള്‍ക്ക് ഒരു വിശേഷക്കാഴ്ചയായി തോന്നുന്നു. ഐറിഷ് പബ്ബിലെ മദ്യപാനം അയാളെ സന്തോഷഭരിതനാക്കുന്നത് അവിടുത്തെ പുരാതനമായ ഈ അന്തരീക്ഷം കൊണ്ടാണ്. സാറയുടെ സാന്നിധ്യത്തില്‍ അവളുടെ സ്ഥാപനത്തിലെ അന്തരീക്ഷവും ഐറിഷ് പബ്ബിന്റേതു പോലെയാണെന്ന് അയാള്‍ക്കു തോന്നുന്നുണ്ട്. അതിഭൗതികതയിലും മാന്ത്രികതയിലും നിമഗ്‌നമാകുന്ന ഒരു മനസ്സ് അയാള്‍ക്കുണ്ട്. പൗരാണികതയോടുള്ള ഭ്രമത്തില്‍ ഭൂതകാലത്തെ ആദര്‍ശവല്‍ക്കരിക്കാനുള്ള ത്വരയും അതില്‍നിന്ന് വിട്ടുപോന്നതിന്റെ പാപബോധവും നിലീനമായിരിക്കുന്നു. തേളിന്റെ ചിത്രം പച്ച കുത്തുന്നതിനു ന്യായീകരണമായി ആഖ്യാതാവും സാറയും വൃശ്ചികം രാശിയില്‍ പിറന്നവരാണെന്ന കാര്യം കൂടി അവരുടെ വ്യവഹാരത്തില്‍ കടന്നുവരുന്നതും ശ്രദ്ധിക്കണം. പ്രത്യേക രാശിയിലും നാളുകളിലും പിറന്നവര്‍ സവിശേഷമായ ലോഹങ്ങള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ അണിയണമെന്നും മുത്തുകളും രത്നങ്ങളും മറ്റും ധരിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന ജ്യോതിഷവിധികള്‍ പോലെ തന്നെയാണിതും.
ജുനിച്ചിറോ തനിസാക്കിയുടെ 'പച്ച കുത്തുന്നവന്‍' (The Tattooer) എന്ന കഥയിലെ ഒരു വാക്യത്തെ തന്റെ ആഖ്യാനത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആ രചനയോടുള്ള അതിവിദൂരമായ ബന്ധത്തെ സന്തോഷ്‌കുമാര്‍ സൂചിപ്പിക്കുന്നുണ്ട്. "It was an age when men honored the noble virtue of frivolity, when life was not such a harsh struggle as it is today", തനിസാക്കിയുടെ കഥ ഈ വാക്യങ്ങള്‍ എഴുതിക്കൊണ്ടാണ് ആരംഭിക്കുന്നത്. സന്തോഷിന്റെ കഥയില്‍, "അപ്പോഴെല്ലാം ആ പഴയ നാളുകള്‍ ഞാനോര്‍മിക്കും. എല്ലാ വ്യസനങ്ങള്‍ക്കുമപ്പുറത്ത് നിസ്സാരത എന്ന പുണ്യത്തെ ആദരിച്ചു പോന്ന കാലമായിരുന്നു അത്. അന്നൊന്നും ജീവിതം ഇത്രമേല്‍ കഠിനമായ ഒരു പോരാട്ടമായിരുന്നില്ല", എന്ന വാക്യങ്ങള്‍ നാം വായിക്കുന്നു
ജീവിതത്തിന്റെ കഠിനയാഥാര്‍ത്ഥ്യങ്ങളെ മറികടക്കാന്‍ ഭൗതികാതീതമായ കഴിവുകളിലേക്കു മനസ് തിരിക്കുന്നത് സ്വയം സുരക്ഷിതത്വത്തില്‍ ശ്രദ്ധവയ്ക്കുന്ന മധ്യവര്‍ഗത്തിന്റെ സ്വഭാവമാണ്. മധ്യവര്‍ഗത്തിന് പ്രാബല്യമുള്ള നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പ്രവണതയുമാണത്. പച്ച കുത്തിയാല്‍ സമാധാനം കിട്ടുമെന്ന് അയാള്‍ ആത്മാര്‍ത്ഥമായി കരുതുന്നുണ്ടാകണം. സാറയുടെ ആശ്വാസദായകമായ സ്നേഹസൗഹൃദങ്ങള്‍ക്കും പരിചരണത്തിനും അപ്പുറം സമീറയുടെ നിരാസവും കാലുഷ്യവും മുഖം പൊത്തിയുള്ള പൊട്ടിക്കരച്ചിലും അവര്‍ ഇരുവരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളേയും സാഹചര്യങ്ങളേയും നേരിട്ട് അഭിമുഖീകരിക്കുന്നതാണ്. ശുഭകാമനകള്‍ക്കപ്പുറം പെസിമിസത്തിന്റെ വിമര്‍ശബുദ്ധിക്ക് ലോകത്തിന്റെ സഞ്ചാരത്തില്‍ വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് തോന്നുന്നില്ലേ?
ജുനിച്ചിറോ തനിസാക്കിയുടെ 'പച്ച കുത്തുന്നവന്‍' (The Tattooer) എന്ന കഥയിലെ ഒരു വാക്യത്തെ തന്റെ ആഖ്യാനത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആ രചനയോടുള്ള അതിവിദൂരമായ ബന്ധത്തെ സന്തോഷ്‌കുമാര്‍ സൂചിപ്പിക്കുന്നുണ്ട്. "It was an age when men honored the noble virtue of frivolity, when life was not such a harsh struggle as it is today", തനിസാക്കിയുടെ കഥ ഈ വാക്യങ്ങള്‍ എഴുതിക്കൊണ്ടാണ് ആരംഭിക്കുന്നത്. സന്തോഷിന്റെ കഥയില്‍, "അപ്പോഴെല്ലാം ആ പഴയ നാളുകള്‍ ഞാനോര്‍മിക്കും. എല്ലാ വ്യസനങ്ങള്‍ക്കുമപ്പുറത്ത് നിസ്സാരത എന്ന പുണ്യത്തെ ആദരിച്ചുപോന്ന കാലമായിരുന്നു അത്. അന്നൊന്നും ജീവിതം ഇത്രമേല്‍ കഠിനമായ ഒരു പോരാട്ടമായിരുന്നില്ല", എന്ന വാക്യങ്ങള്‍ നാം വായിക്കുന്നു. തന്റെ കഥയിലെ സംഭവം നടക്കുന്ന കാലത്തെ എഴുതാനാണ് തനിസാക്കി ആ വരികള്‍ എഴുതുന്നതെങ്കില്‍, സന്തോഷ്‌കുമാറിന്റെ കഥയില്‍ ആഖ്യാതാവിന്റെ ജീവിതത്തിലെ വാര്‍ധക്യത്തിലേക്ക് നടക്കുന്ന ഘട്ടത്തിനും മധ്യജീവിതപ്രതിസന്ധിക്കും ഇടയിലുള്ള കാലത്തെ കുറിക്കാനാണ് ഈ വാക്യങ്ങള്‍ എഴുതുന്നത്. അയാളുടെ മിഡ്‌ലൈഫ് ക്രൈസിസിന്റെ ഘട്ടത്തിന് 'നിസ്സാരത എന്ന പുണ്യത്തെ ആദരിച്ചുപോന്ന കാലം' എന്ന വിശേഷണം അത്രമാത്രം ഉചിതമായിരിക്കില്ല. എന്നാല്‍, ഒരാള്‍ക്ക് തന്റെ ജീവിതകാലത്തെ സ്വയം വിലയിരുത്തുമ്പോള്‍ ഇങ്ങനെ പറയാന്‍ കഴിയുമായിരിക്കും! പച്ച കുത്തുന്നവള്‍, സാറ വളരെ പഴയ ഒരു അനുഭവമല്ലെങ്കിലും പ്രാചീനതയെ പേറിക്കൊണ്ട് അപ്പോഴും തുടരുന്ന അനുഭവമായിട്ടാണ് അയാള്‍ക്കു തോന്നുന്നത്. ''അപ്പോഴും പിന്‍കഴുത്തില്‍ രണ്ടു ചുണ്ടുകളുടെ നനവ് തങ്ങിനില്‍ക്കുന്നു. ചിലപ്പോള്‍ അതു പുകയുന്നു. വെന്തമാംസത്തിന്റേതു പോലെ പ്രാചീനമായ ഒരു ഗന്ധം ചുറ്റുപാടും പരക്കുന്നു.''
സന്തോഷ്‌കുമാറിന്റെ 'പച്ച കുത്തുന്നവള്‍' എന്ന കഥ ഒരു സ്വത്വപ്രതിസന്ധിയുടെ കഥയാണെങ്കില്‍, ഹെയര്‍ ഡ്രസിങ് സ്റ്റുഡിയോയിലെ പരിചാരികയുടെ സ്‌കിസോഫ്രീനിയ അവളെ പല നുറുങ്ങുകളാക്കി മുറിക്കാതെ ഉഭയവ്യക്തിത്വങ്ങളായി മാറ്റിത്തീര്‍ത്തത് ഒരു ന്യൂനതയായി സന്ദേഹിക്കപ്പെടാം
സന്തോഷ്‌കുമാറിന്റെ 'പച്ച കുത്തുന്നവള്‍' എന്ന കഥ ഒരു സ്വത്വപ്രതിസന്ധിയുടെ കഥയാണെങ്കില്‍, ഹെയര്‍ ഡ്രസിങ് സ്റ്റുഡിയോയിലെ പരിചാരികയുടെ സ്‌കിസോഫ്രീനിയ അവളെ പല നുറുങ്ങുകളാക്കി മുറിക്കാതെ ഉഭയവ്യക്തിത്വങ്ങളായി മാറ്റിത്തീര്‍ത്തത് ഒരു ന്യൂനതയായി സന്ദേഹിക്കപ്പെടാം. സാറയും സമീറയും രണ്ട് ഏകപക്ഷീയതകളിലാണ് സ്ഥാനമുറപ്പിക്കുന്നതെന്നും ഇത് സാകല്യസങ്കല്‍പ്പനങ്ങള്‍ക്ക് അകലെയാണെന്നും വാദിക്കാവുന്നതാണ്. എന്നാല്‍, തത്ത്വചിന്തകനെയും ശാസ്ത്രജ്ഞനെയും പോലെ സാഹിത്യകാരനും അമൂര്‍ത്തവല്‍ക്കരണത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നന്നായി സാക്ഷ്യപ്പെടുത്തുന്ന പ്രകരണമാണിത്. പാശ്ചാത്യ മാര്‍ക്സിസ്റ്റുകള്‍ക്കിടയിലെ സംവാദങ്ങള്‍ക്കിടയില്‍ ലൂക്കാച്ചിന്റെ സാകല്യസങ്കല്‍പ്പനങ്ങള്‍ക്കെതിരെ അഡോര്‍ണോ സ്വീകരിച്ച സമീപനത്തെ ഓര്‍ക്കാവുന്ന സന്ദര്‍ഭവുമാണിത്. മുന്നേയുള്ളതിനും പിന്നീടുള്ളതിനും ഇടയില്‍ തുടര്‍ച്ചകളില്ല, ഒന്നുമില്ല.