Art & LITERATURE

'മുതലാണുലകം'; മറ്റെല്ലാം മിഥ്യയെന്നതിലൂന്നിയാണ്

വാഗ്ഭടാനന്ദന്‍, കുമാരനാശാന്‍, വെല്ലസ്ലി പ്രഭു, ബ്രിട്ടീഷ് രാജ്ഞി, ഗാന്ധിജി, നെഹ്‌റു തുടങ്ങിയവര്‍ പരോക്ഷകഥാപാത്രങ്ങളായി വിനോയ് തോമസിന്റെ മുതല്‍ എന്ന നോവലിൽ കടന്നുവരുന്നുണ്ട്

കെ ബാലകൃഷ്ണൻ

തോട്ടയ്ക്കാട്ടെ കവനമണി കവയ്ക്കട്ടെ, കാണട്ടെ വൃത്തം എന്ന വെല്ലുവിളിയ്ക്ക് തോട്ടയ്ക്കാട്ട് ഇക്കാവമ്മ എന്ന കവയിത്രി നൽകിയ മറുപടി തോട്ടയ്ക്കാട്ടെ കവനമണി കവച്ചു, വൃത്തം കണ്ടതു മതിയോ നിനക്ക് എന്നാണ്. മണിപ്രവാളകാലത്തിന് ശേഷവും സാഹിത്യവേദികളിൽ ഇത്തരം വെല്ലുവിളികള്‍ എമ്പാടും മുഴങ്ങിയിരുന്നുവെന്നത് ചരിത്രം. ഈ കവിതാമത്സരത്തിലെ വാച്യാര്‍ഥവും ഗോപ്യാര്‍ഥവും വെവ്വേറെ രസാനുഭൂതിയാണ് സൃഷ്ടിക്കുന്നത്. ഉരുളക്കുപ്പേരി പോലെ മറുപടി നൽകുന്നുവെന്നു മാത്രമല്ല നിലംപരിശാക്കുകതന്നെ ചെയ്യുന്നുണ്ട് ഇക്കാവമ്മ.

കവിതയ്ക്ക് വൃത്തം എത്രത്തോളം അനിവാര്യമാണെന്ന സൂചനയുമതിലുണ്ട്. അങ്ങനെയുള്ള വൃത്തങ്ങളുടെ സമാഹാരമായ വൃത്തമഞ്ജരി മലയാളത്തിലെ പാഠ്യപദ്ധതിയിൽ നിന്നുവരെ ഏറെക്കുറെ പുറത്തായെങ്കിലും അതിനെച്ചുറ്റിപ്പറ്റി ഒരു ആഖ്യായിക വന്നിരിക്കുകയാണ് മലയാളത്തിൽ. മലയാളം വിദ്വാനായ വിജയന്‍മാഷുടെ മകള്‍ക്ക് ശൈലശിഖയെന്ന പേരുവന്നത് വൃത്തമഞ്ജരിയിൽ നിന്നാണ്. കര്‍ക്കടകം 16-ന് ജനിച്ച അവള്‍ക്ക് 16 അക്ഷരമുളള ചന്ദസ്സുമായി ബന്ധപ്പെട്ട പേരേ ചേരൂ എന്ന് വിജയന്‍ മാഷ് നിശ്ചയിക്കുന്നു. അങ്ങനെ ശൈലശിഖ എന്ന വൃത്തനാമം മകളുടെ പേരായി നിശ്ചയിക്കുന്നു. അച്ഛനെപ്പോലെതന്നെ മകളും വൃത്തശാസ്ത്രത്തിൽ അതിതല്പര.

മകളുടെ കാമുകനായിരുന്ന നാഗന്‍പയസ് എന്ന ചിട്ടിക്കാരന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും കാരണഭൂതമായ ലബ്ബാ കോയിന്‍ സൂക്ഷിച്ചതെവിടെയെന്നുളളതിന്റെ താക്കോൽ ഒരു ചിത്രപദ്യത്തിലന്തര്‍ഭവിച്ചിട്ടുണ്ടെന്നാണ് വിജയന്‍ മാഷുടെ വിചാരം. സുധീഷ് നിലാവെന്ന മരപ്പണിക്കാരന്‍ യുവാവിനെ ഉപയോഗിച്ച് ആ ചിത്രപ്പൂട്ട് തുറപ്പിക്കാനാണ് മാഷുടെ ശ്രമം. സ്‌കൂള്‍ അധ്യാപകനായിരിക്കെത്തന്നെ ചിട്ടി നടത്തിപ്പുകാരനായിരുന്നിട്ടും വലിയ മേൽ ഗതിയില്ലാതെപോയ ആളാണ് വിജയന്‍ മാഷ്. അതേസമയം ചിട്ടി നടത്തി ബഹുകോടീശ്വരനായി മാറിയ ആളത്രേ നാഗന്‍ പയസ്. ഈ നാഗന്‍ പയസ് മാഷുടെ പുത്രിയായ ശൈലശിഖയുടെ കാമുകനായിരുന്നു. ചൊറിച്ചുമല്ല, അഥവാ മറിച്ചുചൊല്ല രീത്യാ ശൈലശിഖ എഴുതിയ കവിത കൃത്യമായി മനസ്സിലാക്കാനാവാതെ അതിന്റെ ചുരുളഴിക്കാന്‍ വിജയന്‍മാഷെത്തന്നെ സമീപിക്കുകയാണ് പയസ്. ചുരുളഴിഞ്ഞാ ലഭ്യമാകുന്ന ചുംബനമാണ് അതിന്റെ ആകര്‍ഷണം. എന്നാൽ തന്റെ പിതാവിൽ നിന്നാണ് കവിതാരഹസ്യം കാമുകന്‍ മനസ്സിലാക്കിയതെന്നറിഞ്ഞ് ശൈലശിഖ പ്രണയബന്ധമൊഴിയുകയാണ്. പിന്നെ ഗുജറാത്തിലേക്ക് കല്യാണംകഴിച്ചുപോയി ഒന്ന് പ്രസവിച്ച് ( കൃഷ്ണപ്രിയ) നാട്ടിലേക്കുതന്നെ തിരിച്ചെത്തിയ ശൈലശിഖ പാമ്പുകടിയേറ്റ് മരിക്കുകയാണ്. അവളുടെ ഫോട്ടോ ഫ്രെയിംചെയ്ത് അതിന് താഴെ അവളുടെ കവിത മരത്തിൽ കൊത്തിവെപ്പിക്കാനാണ് വിജയന്‍ മാഷ് നിലാവ് വുഡ് ആര്‍ട്‌സിലേക്ക് വരുന്നത്. ആശാരിമാരുടെ കുലകൂടസ്ഥ കുടുംബപാരമ്പര്യമുള്ള ശ്രീപൂമരത്തി ഗോപാലനാശാന്‍ സ്ഥാപിച്ച നിലാവ് വുഡ് ആര്‍ട്‌സ് ശിഷ്യനായ സുധീഷിന് കൈമാറി സുധീഷിന്റെ പേരിൽ നിലാവും കൂട്ടിച്ചേര്‍ത്ത ശേഷം യോഗിയായി നാടുവിട്ടതാണ് ശ്രീപൂമരത്തിലാശാന്‍. നിലാവ് വുഡ് ആര്‍ട്‌സിൽ വിജയന്‍ മാഷ് സുധീഷിനോട് കഥയെന്നാലെന്തെന്ന് ചോദിച്ച് സംവാദംനടത്തുന്നതോടെയാണ് വിനോയ് തോമസ്സിന്റെ മുതൽ എന്ന നോവലിന്റെ തിരശ്ശീല ഉയരുന്നത്.

മുതലാണ് കാര്യം മറ്റെല്ലാം മിഥ്യയെന്നതിലൂന്നിയാണ്, വക്രോക്തിയിലൂടെ വ്യാഖ്യാനിച്ചാണ് കഥ കെട്ടിക്കെട്ടിപ്പൊക്കുന്നത്. മലയാളസാഹിത്യവും ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രവും സിനിമാനിര്‍മാണത്തിന്റെ സാമ്പത്തികതമാശകളും പണം കുമിഞ്ഞുകൂടുന്നതിനുള്ള ആഭിചാരക്രിയകളുമെല്ലാം മുതലിൽ അടങ്ങിയിരിക്കുന്നു. സാഹിത്യം എന്നാ മുതലുണ്ടാക്കലല്ലാതെ മറ്റൊരു കോപ്പുമല്ലെന്ന് സഹപാഠിയായ രാജേഷ് ആനയറ സുധീഷ് നിലാവിനെ ബോധ്യപ്പെടുത്തുന്നുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോള്‍ ഞൊട്ടുവിദ്യകളിലൂടെ മുതലുണ്ടാക്കുന്നതിൽ വിദഗ്ധനായ രാജേഷ് ആനയറയിൽ സുധീഷിന് നല്ല വിശ്വാസമാണ്. വര്‍ത്തമാനകാല പ്രത്യക്ഷ കഥാപാത്രങ്ങള്‍ക്ക് പുറമെ വാഗ്ഭടാനന്ദന്‍, കുമാരനാശാന്‍, വെല്ലസ്ലി പ്രഭു, ബ്രിട്ടീഷ് രാജ്ഞി, ഗാന്ധിജി, നെഹ്‌റു തുടങ്ങിയവര്‍ പരോക്ഷകഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്- എല്ലാം, മുതലാണ് അടിസ്ഥാനമെന്ന് സ്ഥാപിക്കുന്നതിന്. ഒ.എന്‍.വി.യുടെ ഒമ്പതുപേരവര്‍ കൽപ്പണിക്കാര്‍ എന്നു തുടങ്ങുന്ന കവിതയും നോവലിന്റെ അവിഭാജ്യഭാഗമാണ്.

മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ കേട്ടെഴുതുന്നതിന് ആഖ്യാതാവിന് ഉത്തരവാദിത്തമില്ലെന്ന് സുധീഷ്‌ നിലാവിലൂടെ നോവലിസ്റ്റ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്

സുധീഷ് നിലാവിന് ആശാരിപ്പണിക്ക് പുറമെ രണ്ട് ഉഗ്രന്‍ ചുമതലകള്‍കൂടിവന്നുഭവിക്കുന്നതാണ് അയാളെ ആഖ്യാതാവാക്കുന്നത്. നാഗന്‍പയസ് എന്ന ചിട്ടിക്കാരന്റെ ആത്മകഥ ഗോസ്റ്റ്‌റൈറ്റിങ്ങായി ചെയ്യണം. അതിന് നാലുലക്ഷം കിട്ടും. നാഗന്‍പയസ്സിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കി അറിയിച്ചാൽ ശൈലശഖയുടെ പിതാവായ വിജയന്‍ മാഷ് മൂന്നുലക്ഷം കൊടുക്കും. പിന്നെ രാജേഷ് ആനയറയും മധു മാണിക്യമംഗലം അഥവാ അഭിമാന്‍സാറും നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയെഴുതണം. അതിനുള്ള മുതൽ ഉണ്ടാക്കണം. ഇതെല്ലാം നാഗന്‍പയസ്സിന്റെ ഐശ്വര്യഹേതുവായി കരുതുന്ന ലബ്ബാ കോയിന്‍ കിട്ടിയാ നടക്കും. ലബ്ബാ കോയിന്‍ ഉള്ള സ്ഥലം മനസ്സിലാക്കാന്‍ വൃത്തമഞ്ജരിയും ഭാഷാഭൂഷണവും സഹായിക്കും. ആശാരിപ്പണിയിൽ ഗുരുവായ ശ്രീപൂമരത്തിലാശാനെ കണ്ടുംകേട്ടും പഠിച്ച വിദ്യകളാണ് സുധീഷ് നിലാവിന്റെ കൈമുതൽ. കൂടുതൽ മുതലിനായുള്ള നിലാവിന്റെ പരിശ്രമമാണ് അയാളെ വലിയൊരാഖ്യാതാവാക്കുന്നത്. മറ്റുള്ളവരുടെ വ്യാഖ്യാനങ്ങള്‍ കേട്ടെഴുതുന്നതിന് ആഖ്യാതാവിന് ഉത്തരവാദിത്തമില്ലെന്ന് സുധീഷ്‌ നിലാവിലൂടെ നോവലിസ്റ്റ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്.

കേരളം വാഗ്ഭടാനന്ദനെ ഓര്‍ക്കേണ്ടത് ആത്മീയപരിഷ്‌കാരത്തിന്റെ പേരിലല്ല, പിന്നെയോ ഭൗതികമായി മുതലുണ്ടാക്കാന്‍ പഠിപ്പിച്ചുവെന്നതിനാണെന്ന് നിലാവിനെ ബോധ്യപ്പെടുത്തുകയാണ്. കടപ്പുറത്ത് ബീഡി ഈച്ചക്കുവെക്കുന്നത് കാണുന്നതിലൂടെ വാഗ്ഭടന്റെ പത്‌നിയാണ് മുതലുണ്ടാക്കുന്ന വിദ്യ ആദ്യം മനസ്സിലാക്കുന്നത്. ആത്മീയ നവോത്ഥാനകാര്യങ്ങളിൽ മനസ്സുറപ്പിച്ച വാഗ്ഭടനോടൊപ്പം കടലുകാണാന്‍ പോയതാണ് പത്‌നി. വാഗ്ഭടന്‍ അപാരതയിലേക്കുനോക്കി ആത്മീയതയിൽ വിലയിച്ചുനിൽക്കേ പത്‌നി കാണുന്നത് മീന്‍പിടിത്തക്കാര്‍ ഒഴിവുനേരത്ത് ബീഡി ഈച്ചയ്ക്കുവെക്കുന്നതാണ്. ജയിക്കുന്നയാള്‍ക്ക് മറ്റുള്ളവരുടെ ബീഡി... മുതലുണ്ടാക്കുന്ന രീതി നോക്കണം. പിന്നെ അവര്‍ കണ്ടത് ഹുണ്ടികക്കാര്‍ നടത്തുന്ന പിടിച്ചുപറിയും അക്രമവുമാണ്.. ഈ കാഴ്ചയിൽ നിന്നുള്ള പാഠം ഭര്‍ത്താവായ വാഗ്ഭടനെ പറഞ്ഞുമനസ്സിലാക്കിക്കൊടുത്തതോടെയാണ് പണിയെടുക്കുന്നവരുടെ പരസ്പരസഹായസഹകരണസംഘം- ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഉണ്ടാക്കുന്നത്. ഇപ്പോഴും നിലനിൽക്കുന്ന മഹാ സ്ഥാപനം.

ഇനി കുമാരനാശാനോ. സന്ന്യാസിയായി ഒതുങ്ങിക്കൂടുകയായിരുന്ന ശ്രീനാരായണഗുരുവിന് പിന്നിലെ പ്രധാനശക്തിയായത് കുമാരനാശാന്‍. കവിയെന്ന നിലയിലല്ല, മുതലുണ്ടാക്കുന്ന വ്യവസായിയെന്ന നിലയിലാണ് ആശാന്റെ പ്രസക്തിയെന്നാണ് നിലാവിന് കിട്ടുന്ന ബോധോദയം. ആലുവയിൽ ഓട്ടുകമ്പനി തുടങ്ങി വിജയിച്ചതാണ് സൂചിതം. മുതൽ സമ്പാദിക്കുന്നതിൽ ആശാന്റെ മറ്റൊരു മിടുക്കത്രെ യോഗം രജിസ്‌ട്രേഷന്‍. ജാതിരഹിതമായാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിൽ പിൽക്കാലത്ത് ഏതെങ്കിലും പണക്കാരന്‍ നായരോ നസ്രാണിയോ മുസ്ലിമോ തട്ടിയെടുക്കുമായിരുന്നത് ക്രാന്തദര്‍ശിത്വത്തോടെ തടയുന്നതരത്തിൽ രജിട്രേഷന്‍.. അതിനാ ഗുരുവിന്റെയും ആശാനത്രേ, വെറും കുമാരുവല്ല ആശാന്‍! ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെട്ട ഗുരുവായൂര്‍ക്കാരന്‍ രാമകൃഷ്ണന്‍ തുള്ളിനീലത്തിലൂടെ സുജാലാരാമകൃഷ്ണനായി മുതലുണ്ടാക്കിയത്, പ്രഭാഷണത്തിലൂടെ പ്രസിദ്ധനായി മുതലുണ്ടാക്കി പിന്നപ്പിന്നെ പൂനയിലും അമേരിക്കയിലും കൊടിപാറിച്ച ആചാര്യ ജഗദീഷ് അങ്ങനെയങ്ങനെ...മൂന്നുപേരെ വെച്ച് ചിട്ടിനടത്തി രാമോജ് സിറ്റിയെന്ന സിനിമാനിര്‍മാണകേന്ദ്രം വരെ കെട്ടിപ്പൊക്കിയ രാമോജി, ഒന്നാലോചിച്ചാൽ മഹാത്മാഗാന്ധി സത്യാഗ്രഹം എന്ന സമരായുധം കണ്ടുപിടിച്ചതിലും ചിട്ടി അഥവാ കടംവായ്പാ തിരിച്ചുപിടിക്ക സംഗതയില്ലേ. അതായത് ഗുജറാത്തിലെ ബനിയാ കച്ചവടക്കാര്‍ കിട്ടാക്കടം പിരിക്കാന്‍ കടക്കാരന്റെ വീട്ടുപടിക്കൽ കുത്തിയിരിക്കുന്ന പതിവിനിന്നല്ലേ ഗാന്ധിജി സത്യാഗ്രഹം കണ്ടുപിടിച്ചത്? ഇങ്ങനെ നോക്കുമ്പോള്‍ എല്ലാം മുതൽ മയം.

നാഗാലാന്‍ഡ് വിദൂരസ്ഥമേഖലയാണെങ്കിലും കേരളത്തിൽ പ്രലോഭനത്തിന്റെ വലിയ വലവീശിയ നാടാണ്, ലോട്ടറിയിലൂടെ

പണം കുന്നുകൂട്ടാന്‍, മുതൽ കുന്നുകൂട്ടാന്‍ അന്ധവിശ്വാസം, ആഭിചാരം, ഭാഗ്യക്കുറികളടക്കമുള്ള ഞൊട്ടുവിദ്യകള്‍ ...മണിചെയിന്‍ ഇങ്ങനെയെല്ലാം നടത്തുന്നു. നാഗാലാന്‍ഡ് വിദൂരസ്ഥമേഖലയാണെങ്കിലും കേരളത്തിൽ പ്രലോഭനത്തിന്റെ വലിയ വലവീശിയ നാടാണ്, ലോട്ടറിയിലൂടെ. നാഗന്‍ പയസ് നാഗാ ചിറ്റ് ഫണ്ട് തുടങ്ങുന്നത് സന്ന്യാസത്തിന്റെ രണ്ടാം ഘട്ടമായാണ്. കാവിയുടുത്താൽ ആര്‍ക്കും രക്ഷപ്പെടാവുന്ന രാജ്യമാണ് ഭാരതം എന്ന ബോധ്യമുള്ള പയസ് സന്ന്യാസത്തിലേക്കുതിരിയുന്നത് അഛന്‍ ഡപ്പോസിറ്റ് വാസു പിശുക്ക് അഥവാ ഇറുക്കീസ് മൂത്ത് ഭ്രാന്തായി തൂങ്ങിച്ചത്തതിന് ശേഷമാണ്. പൂത്ത പണം നിക്ഷേപിച്ചുനിക്ഷേപിച്ചുകുന്നുകൂട്ടിയ വാസു പുര തകര്‍ന്നപ്പോള്‍ മനമില്ലാമനമോടെ വീടെടുക്കുകയാണ്, വീടെടുക്കാന്‍ കുറേ ചെലവായി നിക്ഷേപത്തിൽ കുറവുവന്നതിന്റെ മനോവിഷമത്തിലാണ് അയാള്‍ ആത്മഹത്യചെയ്യുന്നത്. അതിനുശേഷമാണ് നാഗന്‍ പയസ് കാവിയുടുത്ത് നാടുവിടുന്നത്. പിന്നെ പല ബിസിനസും കഞ്ചാവ് വാറ്റലും ആഭിചാരവുമൊക്കെയായി പണം... നാഗാലാന്‍ഡിലെ ചിറ്റ് ഫണ്ടെന്നപേരിൽ നാട്ടി കുറി... പണംകുന്നുകൂട്ടിവെച്ചവന്മാരുടെ ആ പണമെല്ലാം തന്റെടുത്തേക്ക് വരുത്തുകയെന്നതാണ് അഛന്‍ വാസുവിന്റെ അനുഭവത്തിൽ നിന്ന് നാഗന്‍ പഠിച്ചപാഠം. നാഗാലാന്‍ഡിലെ ആഭിചാരകഥകള്‍ വേണ്ടുവോളം നോവലിൽ വിവരിക്കുന്നുണ്ട്. നാഗം പണത്തിന്റെയും നിധിയുടെയും കാവൽക്കാര്‍ എന്ന നിലയിൽ. നിധി വളര്‍ത്തലും സംരക്ഷിക്കലുമെങ്ങനെയെന്ന് ആറ്റിങ്ങൽ റാണിയിലൂടെ, മാര്‍ത്താണ്ഡവര്‍മയിലൂടെ, എട്ടുവീട്ടിൽ പിള്ളമാരെ നിഗ്രഹിക്കുന്നതിലൂടെ വിവരിക്കുന്നു. ശ്രീപത്മനാഭക്ഷേത്രത്തിലെ നിലവറകളുടെ കാവൽ , അധികാരനിധിയും വെട്ടിപ്പിടിച്ച നിധിയും കവരാതിരിക്കാന്‍ തൃപ്പടിത്താനമെന്ന സൂത്രം എന്നിങ്ങനെ ചരിത്രത്തിലൂടെ എത്തിനോട്ടം.

ചിട്ടിയിലൂടെ പണക്കാരനായ നാഗന്‍പയസ്സിന്റെ ആത്മകഥയെഴുതുക, ശൈലശിഖയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് അവളെഴുതിയ ശ്ലോകം അതിനടിയിൽ കൊത്തിവെക്കുക, നാഗന്‍പയസ്സിന്റെ ഗുജറാത്തിമോഡൽ വീട്ടിലെ ഭിത്തിയിൽ രചിച്ചുവെച്ച ചിത്രകവിതയുടെ പൂട്ടുതകര്‍ത്ത് ആശയം മനസ്സിലാക്കാനുള്ള താക്കോൽ കണ്ടെത്തുക, അങ്ങനെ ലബ്ബ കോയിന്‍ കണ്ടെത്തുക, അതാണ് സുധീഷ് നിലാവിന്റെ ചുമതല. ലബ്ബ കായിന് ഒരു പ്രശ്‌നമുള്ളത് അത് ഐശ്വര്യം സൃഷ്ടിക്കുന്നതിനായി വര്‍ക്കാകണമെങ്കിൽ രാശിപ്പൊരുത്തമുള്ള ഒരു പെണ്ണുവേണം ഒപ്പം. മൗണ്ട് ബാറ്റന്‍ പ്രഭുവിന് എഡ്വിനയെപ്പോലെ.. എഡ്വിനയുമായി ജവാഹര്‍ലാൽ നെഹ്‌റുവിന് സ്‌നേഹബന്ധമുണ്ടായതാണ് ഇന്ത്യക്ക് വേഗത്തിൽ സ്വതന്ത്ര്യം കിട്ടാനിടയാക്കിയതെന്ന്, അതായത് ലബ്ബ കോയിന്‍ വര്‍ക്കായതിന് ഇന്ത്യക്കാര്‍ക്ക് നെഹ്‌റുവിനോടും എഡ്വിനയോടും മൗണ്ട് ബാറ്റനോടും നന്ദിവേണമെന്ന് വിജയന്‍ മാഷ് സുധീഷിനോട് വ്യക്തമാക്കുന്നുണ്ട്. നാഗന്‍പയസ്സിന്റെ ലബ്ബ കോയിന്‍ തട്ടിയെടുക്കാനാണ് പയസ്സിനെയടക്കം ചിട്ടിയുടെ ബാലപാഠം പഠിപ്പിച്ച്, എന്നാൽ അതിൽ വേണ്ടത്ര ശോഭിക്കാതെപോയ മാഷ് നിലാവിനെ പ്രേരിപ്പിക്കുന്നത്. കോയിന്‍ കണ്ടുകിട്ടായാൽ അത് മാഷക്ക് കൊടുക്കാതെ സ്വന്തമാക്കിയാൽ സിനിമ നിര്‍മിക്കാനാവശ്യമായ പണം റെഡി. പക്ഷേ അതിന് രാശിപ്പൊരുത്തമുള്ള പെണ്ണുവേണം. ശൈലശിഖയുടെ മകള്‍ കൃഷ്ണപ്രിയ ക്രിപ്‌റ്റോകറന്‍സിയുടെ കച്ചവടം നടത്തുന്ന, നിര്‍മിതബുദ്ധിയുടെ വ്യാപാരിയാണ്. അവളെ വശീകരിച്ചാൽ എല്ലാം തന്റെ കയ്യിൽ.... പക്ഷേ ലബ്ബ കോയിന്‍ വെറും പുളുവാണെന്ന് നാഗന്‍പയസ്സ് പറയുന്നതോടെ ആത്മകഥക്ക് തിരശ്ശീല താണുകൊണ്ടിരിക്കുകയാണ്...

തന്റെ മുന്‍ നോവലുകളായ കരിക്കോട്ടക്കരിയിലെയും പുറ്റിലെയും പോലെതന്നെ തന്റെ ദേശഭാഷയാണ് തന്റെ സാഹിത്യത്തിന്റെയും ഭാഷ, അതിന് കുറച്ചിലല്ല, കൂടുതലാണുള്ളതെന്ന് പ്രഖ്യാപിക്കുന്നവെന്നതുകൂടിയാണ് മുതലിൽ ശ്രദ്ധേയം. അശ്ലീലമെന്ന ഒന്നില്ല എന്നതാണ് പുറ്റിലെന്നപോലെ മുതലിലും നോവലിസ്റ്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അസഭ്യത്തെ സഭ്യമാക്കുന്നുവെന്ന് പറയാം. പന്ന, താളിച്ച, കോപ്പന്മാര്‍, മൊണ്ണ, പാഴുപണി, ഒരയ്ക്ക , കോണോത്തിലെ, മറ്റോന്‍, കഴപ്പ്, ഊളത്തരം, താനൊണ്ടാക്ക്, കൊണയ്ക്ക , മൈഗുണാണ്ടികള്‍, ഊമ്പിത്തിരിയൽ , അവരാതിക്കുക തുടങ്ങി നിരവധി പദങ്ങള്‍, ആ പദങ്ങളുപയോഗിച്ചുളള വ്യത്യസ്ത പ്രയോഗങ്ങള്‍ നോവലിലുടനീളമുണ്ട്. ശ്രീപൂമരത്തിലാശാന്‍ കാവിയുടുത്ത് യോഗിയായ ശേഷം ബസ്സിൽ കയറി അമ്മമാരേ പെങ്ങന്മാരേ ഒരു രൂപ തരണം എന്ന് ഇരക്കുന്നത് തികച്ചും അസഭ്യചോദ്യമുന്നയിച്ചാണ്. അതിന്റെ പേരിൽ അടികിട്ടുന്നുമുണ്ട്. ചായക്കടയിലും തെരുവിലും കളളുഷാപ്പിലും മാത്രമല്ല സ്വകാര്യസദസ്സുകളിലും പറയുന്ന വാക്കുകള്‍ എങ്ങനെ അശ്ലീലമാകുമെന്ന ചോദ്യമാണ് ആഖ്യാതാവ് പരോക്ഷമായി ചോദിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയും വെല്ലസ്ലിയും തമ്മി നടത്തുന്ന ഔദ്യോഗികചര്‍ച്ചപോലും നോവലിസ്റ്റിന്റെ നാട്ടുഭാഷയിലെ ശൈലിയിലാണ്.

ചായക്കടയിലും തെരുവിലും കളളുഷാപ്പിലും മാത്രമല്ല സ്വകാര്യസദസ്സുകളിലും പറയുന്ന വാക്കുകള്‍ എങ്ങനെ അശ്ലീലമാകുമെന്ന ചോദ്യമാണ് ആഖ്യാതാവ് പരോക്ഷമായി ചോദിക്കുന്നത്

ആത്മീയവ്യാപാരത്തെ കുത്തിനോവിക്കുന്ന നിരവധി വെളിപാടുകള്‍ ശ്രീപൂമരത്തിലാശാന്റെയും മറ്റും വാക്കുകളിലൂടെ അവതരിപ്പിക്കുന്നുവെന്നതും പ്രധാനമാണ്. എടാ മനുഷ്യന്റെ മനസ്സിനെ മന്ദിപ്പ് ബാധിച്ചുകഴിയുമ്പോ ഉണ്ടാകുന്ന തോന്നലാണ് ദൈവം എന്ന് ഒരിക്കൽ ആശാന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ദൈവം ആത്മാവ് എന്നൊക്കെ പറഞ്ഞ്, മനുഷ്യനെ പറ്റിച്ചോണ്ടിരിക്കുന്നവവന്മാരുടെ കൂട്ടത്തിൽ ....., ആത്മീയത എന്നുപറയുന്ന സാധനത്തിന്റെ അടിസ്ഥാനം മുതലുണ്ടാക്കുന്നതിലാണിരിക്കുന്നത്. പലതരം കഴപ്പാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്ന് ലഹരിമൂത്തപ്പോഴാണ് ആശാന്‍ പറയുന്നത്. അത്തരം ലഹരികളിൽ ആശാന്മാര്‍ പറയുന്നത് ശിഷ്യര്‍ എഴുതിവെച്ചതാണ് ഇത്രയധികം മതങ്ങളുണ്ടായി അവരാതിക്കാന്‍ കാരണമെന്ന് പൂമരത്തിലാശാന്‍ പറയുന്നു.

നാട്ടുഭാഷയുടെ ഉപയോഗത്തിലൂടെ, നഷ്ടമായിക്കൊണ്ടിരിക്കുന്ന ദേശ്യഭേദങ്ങളുടെ സംരക്ഷണം നോവലിലൂടെ സാധിക്കുന്നു

കഥയുടെ സ്വാഭാവികത സംബന്ധിച്ച് പുരികമുയരാം എന്നതാണ് മുതലിനെതിരെ ഉയരാവുന്ന വിമര്‍ശം. ഒരു കഥയോ കുറേ കഥകളോ പറയുകയെന്നതല്ല, മുതലാണ് സര്‍വസ്വമെന്ന ആശയം തുറന്നുകാട്ടാന്‍ കഥകള്‍ കല്പിച്ചുകൂട്ടിക്കെട്ടിയുയര്‍ത്തുകയാണ്. നാഗാലാന്‍ഡിലെ പു ത്തൈലംവാറ്റ , അവിടുത്തെ ഐതിഹ്യങ്ങള്‍, കഥകളിലുടനീളം പാമ്പിന്റെ സാന്നിധ്യം- ഇത്തരം സങ്കീര്‍ണതകള്‍ നോവൽ ശരീരത്തിന് ഭാരമാകുന്നില്ലേയെന്ന ചോദ്യം. നാട്ടുഭാഷയുടെ ഉപയോഗത്തിലൂടെ, നഷ്ടമായിക്കൊണ്ടിരിക്കുന്ന ദേശ്യഭേദങ്ങളുടെ സംരക്ഷണം നോവലിലൂടെ സാധിക്കുന്നു. ധനാകര്‍ഷണയന്ത്രമടക്കം പ്രചുരപ്രചാരമുള്ള നാട്ടിൽ ലബ്ബ കോയിനെക്കുറിച്ചും മറ്റുമുള്ള കഥകള്‍ തികഞ്ഞ നര്‍മത്തോടെ അവതരിപ്പിക്കുന്നതിൽ കൃത്യമായ സന്ദേശമുണ്ടെന്നതിൽ സംശയമില്ല. കഥയിലെ സ്വാഭാവികതയല്ല, കഥ വെറും കഥയാണെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ, അതിലെ വസ്തുത അുഭവിപ്പിച്ച് വായനക്കാരനെ ഒപ്പംകൂട്ടാനാവുന്നവെന്നതാണ് എടുത്തുപറയേണ്ടത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി