എന്താണ് ജനാധിപത്യം?
സ്വയം മുകളില്‍ അവരോധിക്കുന്ന ഭരണാധികാരിയെ തള്ളിക്കളഞ്ഞ് സ്വന്തം ഭാഗധേയം സ്വയം നിര്‍ണയിക്കാനുള്ള അവകാശം ജനങ്ങള്‍ നേടിയെടുക്കുകയെന്നത് മാനവചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീര്‍ച്ച. പക്ഷേ, ഈ നടപടിക്രമത്തില്‍ അവസാനിക്കുന്നുവോ ജനാധിപത്യം? ഇല്ല, വാസ്തവത്തില്‍ അതില്‍ തുടങ്ങുന്നതുപോലുമില്ല അത്. എന്ന് വെച്ചാല്‍ തുടങ്ങിയത് ഏറെ മുമ്പിലാണെന്നര്‍ത്ഥം.
ജനാധിപത്യം എന്ന ആശയം പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയില്‍നിന്ന് പൊട്ടിവീണതല്ലെന്നതാണ് വാസ്തവം. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പല കാലങ്ങളിലും സന്ദര്‍ഭങ്ങളിലുമായി രൂപപ്പെടുത്തിക്കൊണ്ടുവന്ന മൂല്യങ്ങളുടെ ഉത്പന്നമാണ് അത്. നീതിക്കുവേണ്ടിയുള്ള മോഹം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗ്രഹം, സമത്വം, ധാര്‍മികത, ഇങ്ങനെയിങ്ങനെ ഒരുപാട് ചാലകശക്തികളാണ് ആ മൂല്യങ്ങളെ രൂപപ്പെടുത്തിപ്പോന്നത്. ചുരുക്കത്തില്‍ മാനവസംസ്‌കാരം. സാമൂഹ്യതലത്തില്‍ സംഘത്തിലൊരംഗം മാത്രമായിരുന്ന ആദിമാനവനെ വ്യക്തിത്വവും അന്തസ്സുമുള്ള ആധുനിക മനുഷ്യനാക്കിയ പ്രതിഭാസം.
ആശയങ്ങളുടെ തലത്തില്‍ മാത്രം നിലനിന്നിരുന്ന ആ മൂല്യങ്ങള്‍ക്ക് ആധികാരികതയും പ്രവര്‍ത്തനശേഷിയും പ്രദാനം ചെയ്യുക അഥവാ അവയെ പ്രമാണവല്‍ക്കരിക്കുക, അതുകൊണ്ട് ജനാധിപത്യത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാകുന്നു. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതു മൂല്യങ്ങളുടെ സൃഷ്ടിയാണോ അത് അവയെ സംരക്ഷിക്കുക മാത്രമല്ല, കൂടുതല്‍ വികസിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുക. നമ്മുടെ ജനാധിപത്യം ഇതൊക്കെ നിര്‍വഹിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം.
ഇല്ലെന്നില്ല. അതിന്റെ പിന്നിലെ മൂല്യങ്ങളെ ആദര്‍ശവല്‍ക്കരിച്ച് അവയ്ക്ക് നിയമസാധുത നല്‍കുന്ന ഭരണഘടന നാം ഉടനെതന്നെ നിര്‍മിച്ചു. ജാതി-മത-വംശ-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും അത് ഒരുതലത്തില്‍ കൊണ്ടുവന്നു. അയിത്താചാരണം കുറ്റകരമാക്കി. മനുഷ്യാവകാശങ്ങള്‍, സ്ത്രീ അവകാശങ്ങള്‍, ബാലാവകാശങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍ മുതലായവ സംരക്ഷിക്കാന്‍ സംഘടനകളുണ്ടാക്കി സിവില്‍ സമൂഹത്തെ ശക്തിപ്പെടുത്തി. പക്ഷേ, ഒരു കാര്യത്തില്‍ അതിന് ഊര്‍ജം പകരുവാന്‍ സാധിച്ചില്ല. സമൂഹത്തിലെയും മതങ്ങള്‍ക്കകത്തെയും പരിഷ്‌കരണങ്ങള്‍ക്കു കൊളോണിയല്‍ ഭരണകാലത്ത് കിട്ടിയ ആക്കം മങ്ങിപ്പോയി.
കൊളോണിയല്‍ ഭരണകാലത്ത് ഈ പരിഷ്‌കരണങ്ങള്‍ പ്രധാനമായും ഹിന്ദുസമൂഹത്തില്‍ ഒതുങ്ങിനിന്നു. ഭരണഘടന അനുശാസിച്ചിട്ടും ഇന്നും നമുക്ക് ഒരു യൂണിഫോം സിവില്‍കോഡ് ഉണ്ടാക്കാനായില്ല. ഇസ്ലാമില്‍ ഇപ്പോഴും മധ്യകാല നിയമങ്ങള്‍ നിലനില്‍ക്കുന്നു. വിവേചനവും മാനുഷികവുമായ അന്തസ്സും നഷ്ടപ്പെടുത്തുന്ന ആചാരങ്ങള്‍ തുടരുന്നു. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ഇപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരെ നടക്കുന്ന പ്രകടനങ്ങള്‍. ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന്റെ ജോലി പാര്‍ലമെന്റിനാണ്. പാര്‍ലമെന്റ് അത് ചെയ്യാതിരിക്കുമ്പോള്‍ കോടതികള്‍ ഇടപെടുന്നു. കോടതികള്‍ ഇടപെടുമ്പോള്‍ അത് മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം ചെയ്യുന്നു. രണ്ട് ഉദാഹരണങ്ങള്‍ ഷാബാനു കേസും ജെല്ലിക്കെട്ട് നിരോധനവും. മൂന്നാമത്തേത് ശബരിമല അണിയറയില്‍.
മൂല്യസംരക്ഷണത്തെയും വികസനത്തെയും പിന്നോട്ടുകൊണ്ടുപോകുന്ന ഈ പ്രക്രിയയില്‍ അത്ഭുതം തോന്നും. എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിക്കുന്നു. കാരണമാകട്ടെ വെറും അധികാരമോഹം മാത്രം. അധികാരം നേടിയെടുക്കാനും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കാനുമുള്ള ഈ അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവണത ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അപായക്കെണിയായി തുടരുന്നു. അതാകട്ടെ നാം പ്രമാണവല്‍ക്കരിച്ച മൂല്യങ്ങളെയെല്ലാം തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകുന്നു.
ഇതിനോടുചേര്‍ന്ന് കാണേണ്ടതാണ് ജനാധിപത്യം സൃഷ്ടിച്ച അതിവിശാലമായ ഒരു പാരസൈറ്റിക്ക് തൊഴില്‍മേഖലയെ-രാഷ്ട്രീയത്തൊഴിലാളികളുടെ. Productive Work ഒന്നും ചെയ്യാതെ സുഖജീവിതം വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയാണത്. അത് ഒരു വലിയ ഇന്‍ഡസട്രി തന്നെയായിത്തീര്‍ന്നിരിക്കുന്നു. ഡയറക്ടര്‍ ബോര്‍ഡും സി ഇ ഒ യും മാനേജര്‍മാരും തൊഴിലാളികളുമെല്ലാമുള്ളത്. കുറ്റകൃത്യങ്ങള്‍, കൊല, കൊള്ള, ബലാല്‍സംഗം, പൊതുമുതല്‍ നശിപ്പിക്കല്‍, പാര്‍ലമെന്റ് ചര്‍ച്ച, തിരഞ്ഞെടുപ്പ് വാഗ്ദാനം തുടങ്ങിയ നാടകങ്ങള്‍. വിഷയങ്ങള്‍ ദൈവങ്ങളുടെ ബ്രഹ്‌മചര്യവും സ്ത്രീകളുടെ ആര്‍ത്തവവും വരെ.
എഴുപത് വയസ്സ് കഴിഞ്ഞ നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഇങ്ങനെ.
ബോദ്ധാരോ മത്സരഗ്രസ്താഃ പ്രഭവഃ സ്മയ ദൂഷിതഃ എന്ന് ഭര്‍ത്തൃഹരിയുടെ സുഭാഷിതം. അറിവുള്ളവര്‍ മത്സരബുദ്ധികളായിരിക്കുകയും അധികാരമുള്ളവര്‍ അഹങ്കാരികളായിരിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കുള്ളത് പടുകുഴി.
നമുക്ക് നോക്കാം: From pig to man and from man to pig and again from pig to man...
പ്രസാധകരായ ഡിസി ബുക്സിൻ്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വാങ്ങാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: