പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.
1925 ഓഗസ്റ്റ് ഏഴിന് ജനിച്ച സ്വാമിനാഥന്‍ ആഗ്രോണമിസ്റ്റ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍, സസ്യ ജനിതകശാസ്ത്രജ്ഞന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു. ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ അവതരിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വവും പങ്കുമാണ് ഹരിതവിപ്ലവത്തിന്റെ പിതാവെന്ന മേല്‍വിലാസത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
അമേരിക്കന്‍ ആഗ്രോണമിസ്റ്റായ നോർമൻ ബോർലോഗുമായി സഹകരിച്ച് സ്വാമിനാഥന്‍ നടത്തിയ പരീക്ഷണങ്ങള്‍ പല രാജ്യങ്ങളെയും വലിയ ക്ഷാമങ്ങളില്‍നിന്ന് പോലും രക്ഷിച്ചിരുന്നു. കിഴങ്ങ്, ഗോതമ്പ്, അരി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. 1999-ൽ, ടൈം മാഗസിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യക്കാരുടെ പട്ടികയിലും സ്വാമിനാഥന്‍ ഇടം നേടി.
മങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍ എന്നാണ് മുഴുവന്‍ പേര്. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനനമെങ്കിലും കേരളത്തില്‍ ആലപ്പുഴ കുട്ടനാട് താലൂക്കിലെ മങ്കൊമ്പിലാണ് അദ്ദേഹത്തിന്റെ തറവാട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് സുവോളജിയില്‍ ബിരുദവും കോയമ്പത്തൂര്‍ കാര്‍ഷിക കോളജില്‍ (ഇപ്പോള്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല) നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
1974-ല്‍ ഇന്ത്യന്‍ കാര്‍ഷികഗവേണ സ്ഥാപനത്തില്‍ ചേര്‍ന്ന അദ്ദേഹം തുടർന്ന് യുനെസ്‌കോ ഫെല്ലോഷിപ്പോടു കൂടി നെതര്‍ലന്‍ഡ്‌സില്‍ ഗവേഷണത്തിന് പോയി. എട്ടു മാസം നെതര്‍ലന്‍ഡ്‌സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗന്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ അംഗമായിരുന്നു. 1950-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ പ്ലാന്റ് ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പിഎച്ച്ഡി നേടി.
1954-ലാണ് സ്വാമിനാഥൻ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. പിന്നീട് കട്ടക്കിലെ സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ചുമതലയില്‍ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി ചേര്‍ന്ന അദ്ദേഹം അതേ വര്‍ഷം തന്നെ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേര്‍ന്നു. പിന്നീടാണ് അമേരിക്കന്‍ അഗ്രോണമിസ്റ്റായ നോര്‍മന്‍ ബോര്‍ലോഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചത്.
അന്‍പതിലധികം അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1961ല്‍ ലഭിച്ച ശാന്തി സ്വരൂപ് ഭാട്നാഗര്‍ പുരസ്കാരമാണ് ആദ്യത്തെ ദേശീയ അംഗീകാരം. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1965-ൽ ചെക്കോസ്ലോവാക് അക്കാദമി ഓഫ് സയൻസസിൽനിന്ന് മെൻഡൽ മെമ്മോറിയൽ മെഡൽ ലഭിച്ചു. രമൺ മഗ്‌സസെ അവാർഡ് (1971), ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് സയൻസ് അവാർഡ് (1986), ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് (1987), ടെയ്ലര്‍ പ്രൈസ് (1991), ഫോര്‍ ഫ്രീഡംസ് അവാര്‍ഡ് (2000) തുടങ്ങിയവയാണ് ലഭിച്ച മറ്റ് അന്താരാഷ്ട്ര അംഗീകാരങ്ങള്‍.