സർക്കാർ ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പട്ടികജാതി-പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമായുള്ള സംവരണം 65 ശതമാനമായി ഉയർത്താന്‍ നിർദേശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായി കേന്ദ്ര സർക്കാർ നല്‍കുന്ന 10 ശതമാനം സംവരണത്തിന് പുറമെയാണിത്. ഇതോടെ സംവരണം 75 ശതമാനമായി ഉയരും. കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ നിർദേശ പ്രകാരം എസ് സി വിഭാഗത്തിലുള്ളവർക്ക് 20 ശതമാനമാണ് സംവരണം. ഒബിസി, ഇബിസി വിഭാഗങ്ങളുടെ സംവരണം 30 ശതമാനത്തില്‍ നിന്ന് 43ലേക്കും ഉയർത്തിയിട്ടുണ്ട്. എസ് ടി വിഭാഗങ്ങള്‍ക്ക് രണ്ട് ശതമാനമാണ് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ ഇബിസി വിഭാഗങ്ങള്‍ക്ക് 18 ശതമാനമാണ് സംവരണം, ഒബിസിക്ക് പന്ത്രണ്ടും. എസ് സി വിഭാഗങ്ങള്‍ക്ക് 16 ശതമാനവും എസ് ടിക്ക് ഒരു ശതമാനവുമാണ് സംവരണം.
ജാതി സെന്‍സസിന്റെ പൂർണ റിപ്പോർട്ട് നിയമസഭയില്‍ സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിർദേശങ്ങള്‍ വന്നിരിക്കുന്നത്.
ബീഹാറിലെ ജാതി സെന്‍സസിലെ വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്തെ 13.1 കോടി ജനസംഖ്യയില്‍ 36 ശതമാനവും ഇബിസി വിഭാഗത്തില്‍പ്പെട്ടവരാണ്. പിന്നാക്ക വിഭാഗത്തില്‍ 27.1 ശതമാനവും എസ് സി വിഭാഗത്തില്‍ 19.7 ശതമാനവുമാണ് വരുന്നത്.
ജനസംഖ്യയുടെ 1.7 ശതമാനമാണ് എസ് ടി വിഭാഗത്തിലുള്‍പ്പെടുന്നത്. ജനറല്‍ വിഭാഗത്തില്‍ 15.5 ശതമാനം പേരും വരുന്നു. യാദവ വിഭാഗമാണ് ബിഹാറിലെ ഏറ്റവും വലിയ ഒബിസി ഉപവിഭാഗം. സംസ്ഥാനത്ത് 14.27 ശതമാനം പേരാണ് യാദവ വിഭാഗത്തിലുള്ളത്.
സംസ്ഥാനത്തെ 60 ശതമാനത്തിലധികം വരുന്ന ജനങ്ങളും പിന്നാക്ക അല്ലെങ്കില്‍ അതിപിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നേരത്തെ ജാതി സെന്‍സസിലെ മറ്റ് ചില സുപ്രധാന വിവരങ്ങളും പുറത്ത് വന്നിരുന്നു. സംസ്ഥാനത്തെ 34 ശതമാനത്തോളം കുടുംബങ്ങളുടേയും പ്രതിമാസ വരുമാനം 6,000 രൂപയില്‍ താഴെയാണ്. 42 ശതമാനം എസ് സി, എസ് ടി കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എസ് സി വിഭാഗത്തില്‍ നിന്ന് ആറ് ശതമാനത്തില്‍ താഴെ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുള്ളത്.