ആധുനിക ലോകത്ത് ജനാധിപത്യം നേരിടുന്നത് വലിയ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തിലെ ജനാധിപത്യത്തിന്റെ സാഹചര്യം പരിശോധിച്ചാല്‍ പകുതിയോളം രാജ്യങ്ങളിലും നിലനില്‍പ്പ് തന്നെ ഭീഷണിയാണെന്നാണ് ഇന്റർനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ് (ഐഡിഇഎ) പഠനം വ്യക്തമാക്കുന്നത്. ഐഡിഇഎയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിലെ പോരായ്മകള്‍, സുതാര്യതയില്ലായ്മ, ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
നൂറിലധികം സൂചികകളെ അടിസ്ഥാനമാക്കിയാണ് ഐഡിഇഎ റിപ്പോർട്ട് തയാറാക്കുന്നത്
"ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്, പലയിടത്തും സ്തംഭനാവസ്തയിലാണ്. ചിലയിടങ്ങളില്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു," ഐഡിഇഎ സെക്രട്ടറി ജനറല്‍ കെവിന്‍ കാസാസ് സമോറ റിപ്പോർട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പുകള്‍, പാർലമെന്റുകള്‍, സ്വതന്ത്ര കോടതികള്‍ എന്നിവയുടെ അപചയം നിയമവാഴ്ച സംരക്ഷിക്കുന്നതിലെ പ്രശ്നങ്ങളിലേക്ക് നയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പാർലമെന്റ് പോലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുമ്പോള്‍ മാധ്യമപ്രവർത്തകരും തിരഞ്ഞെടുപ്പ് സംഘാടകരും മുതല്‍ അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ എന്നിവ ശക്തമാവുകയും, കൃത്യമായ പ്രവർത്തനങ്ങളിലൂടെ വീഴ്ചകള്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പുകള്‍, പാർലമെന്റുകള്‍, സ്വതന്ത്ര കോടതികള്‍ എന്നിവയുടെ അപചയം നിയമവാഴ്ച സംരക്ഷിക്കുന്നതിലെ പ്രശ്നങ്ങളിലേക്ക് നയിച്ചു
നൂറിലധികം സൂചികകളെ അടിസ്ഥാനമാക്കിയാണ് ഐഡിഇഎ റിപ്പോർട്ട് തയാറാക്കുന്നത്. പ്രതിനിധ്യം, അവകാശം, നിയമവാഴ്ച, പങ്കാളിത്തം എന്നീ നാല് പ്രധാന വിഭാഗളും പരിഗണിച്ചിരുന്നു. ഇതിനൊപ്പം വിവിധ രാജ്യങ്ങള്‍ നേരിടുന്ന മറ്റ് വെല്ലുവിളികളും ജനാധിപത്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി, ജീവിതച്ചെലവ് പ്രതിസന്ധി, കാലാവസ്ഥവ്യതിയാനം, റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം എന്നിവ ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട വസ്തുതകളാണെന്നും ഐഡിഇഎ പറയുന്നു.
യൂറോപ്പാണ് ഏറ്റവും മികച്ച രീതിയില്‍ ജനാധിപത്യം സംവിധാനം നിലനില്‍ക്കുന്ന മേഖലയായി ഐഡിഇഎ കണക്കാക്കുന്നത്. എന്നാല്‍ സ്ഥാപിത ജനാധിപത്യ രാജ്യങ്ങളായി അറിയപ്പെടുന്ന ഓസ്ട്രിയ, ഹംഗറി, ലക്സംബർഗ്, നെതർലന്‍ഡ്സ്, പോളണ്ട്, പോർച്ചുകള്‍, യുക എന്നിവിടങ്ങളില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തലുണ്ട്. അസർബൈജാന്‍, ബെലാറസ്, തുർക്കി തുടങ്ങിയ രാജ്യങ്ങള്‍ പലജനാധിപത്യ സൂചികകളിലും ശരാശരിയിലും താഴെയാണ്. ആഫ്രിക്കന്‍ മേഖലകളില്‍ അതിശയകരമായ മാറ്റവും ഐഡിഇഎ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ഉയർന്ന രാഷ്ട്രീയ പങ്കാളിത്തവും അഴിമതിയിലുണ്ടായ കുറവുമാണ് ആഫ്രിക്കയെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.