ELECTION 2023

ഹൃദയഭൂമിയും തെലങ്കാനയും എങ്ങോട്ടേക്ക്? ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ എട്ട് മണിമുതല്‍

തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചന 11 മണിയോടെ

വെബ് ഡെസ്ക്

2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം ഇന്നറിയാം. അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ എട്ട് മണിക്ക് ആരംഭിക്കും. ആദ്യ ഫലസൂചന 11 മണിയോടെ ലഭിക്കുന്നതാണ്.

മിസോറാമില്‍ ഇന്ന് നടക്കാനിരുന്ന വോട്ടെണ്ണല്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വിവിധ കോണുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരമാണ് കമ്മീഷന്‍ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയത്. നേരത്തെ തന്നെ വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് മിസോറാം. അതിനാല്‍ ക്രൈസ്തവരുടെ പ്രാര്‍ഥനാദിവസമായ ഞായറാഴ്ച വോട്ടെണ്ണുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് ഇന്നത്തെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയിരിക്കുന്നത്.

ഛത്തീസ്ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പും മിസോറാമിലെ വോട്ടെടുപ്പും നവംബര്‍ ഏഴിനാണ് നടന്നത്. ഛത്തീസ്ഗഡിലെ രണ്ടാം ഘട്ടവും, മധ്യപ്രദേശിലും 17നാണ് വോട്ടെടുപ്പ് നടന്നത്. രാജസ്ഥാനില്‍ 23നും തെലങ്കാനയില്‍ നവംബര്‍ മുപ്പതിനും ജനങ്ങള്‍ വിധിയെഴുതി.

മിസോറാമില്‍ നിലവിലെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് ഫ്രണ്ടും തമ്മിലാണ് ഇത്തവണ കടുത്ത മത്സരം. ഡിസംബര്‍ 30ന് നടന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. 2017ല്‍ രൂപീകരിക്കപ്പെട്ട സെഡ് പിഎമ്മിനാണ് ഇത്തവണ മുന്‍തൂക്കം കാണിക്കുന്നത്.

കര്‍ണാടകയ്ക്ക് ശേഷം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് തെലങ്കാനയിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചന. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും ബിജെപി പിടിച്ച് നില്‍ക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഛത്തീസ്ഗഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് കൃത്യമായ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിലയിരുത്തപ്പെടുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.

രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലുള്ള ജനവിധിയാണ് ഇന്നറിയാന്‍ പോകുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഗുര്‍മീത് സിങ് കോണോറിന്റെ മരണം മൂലം ഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ 200 അംഗ നിയമസഭയില്‍ രാജസ്ഥാന് ഒരു സീറ്റിലെ വിധിയറിയാന്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമുണ്ട്. 90 അംഗങ്ങളുള്ള നിയമസഭയാണ് ചത്തീസ്ഗഡിന്റേത്. മിസോറാമില്‍ 40 മണ്ഡലങ്ങളും മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളും തെലങ്കാനയില്‍ 119 മണ്ഡലങ്ങളുമുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെയും ബിജെപിയെ പൂര്‍ണമായി തുടച്ചുനീക്കാനിരിക്കുന്ന ദക്ഷിണേന്ത്യയുടെയും ഗോത്ര സമുദായങ്ങളുടെ വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെയും ജനഹിതത്തിന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രാധാന്യമുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷം ജനവിധിയെന്താകുമെന്ന കാത്തിരിപ്പിനവസാനമാകും.

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി