ELECTION 2023

എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി; കോൺഗ്രസ് 146 സീറ്റ് കടക്കുമെന്ന് ഡി കെ ശിവകുമാർ

ദ ഫോർത്ത് - ബെംഗളൂരു

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവന്ന എക്സിറ്റ് പോളുകൾ തള്ളി ബിജെപി നേതാക്കൾ. എക്സിറ്റ് പോൾ ഫലങ്ങൾ നൂറ് ശതമാനം ശരിയാവണമെന്നില്ലെന്ന് ഭൂരിപക്ഷത്തോടെ പാർട്ടിക്ക് തുടർഭരണം കിട്ടുമെന്ന് ഫലപ്രവചനങ്ങളോട് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും ഫല പ്രവചനങ്ങളെ ഭാഗികമായി തള്ളി.

''തൂക്ക് സഭയാകുമെന്ന ഭൂരിപക്ഷ പ്രവചനങ്ങളും വിശ്വസനീയമല്ല. ജെഡിഎസിനെ കിങ് മേക്കർ ആക്കേണ്ട കാര്യമില്ല. യഥാർത്ഥ ഫലം വരുന്ന 13-ാം തീയതി വരെ കാത്തിരിക്കുന്നതാണ് ഉചിതം''-ബൊമ്മെ പറഞ്ഞു.

അതേസമയം ജനവിധി തൂക്കുസഭയാകുന്ന പ്രശ്നമുദിക്കുന്നില്ലെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. ''ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തനിച്ച് തന്നെ നേടാനാകുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. കൂട്ട് കക്ഷി സർക്കാരിന്റെ സാധ്യത സംസ്ഥാനത്തില്ല. ജെഡിഎസുമായി കൂട്ടുകൂടുമോ എന്ന ചോദ്യവും ഇപ്പോൾ അസ്ഥാനത്താണ്.115 മുതൽ 117 വരെ സീറ്റുകൾ നേടുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷം കിട്ടിയ വിവരം. കാത്തിരുന്ന് കാണാം''-യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ചില ഏജൻസികൾ കോൺഗ്രസിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണം പോരെന്നാണ് ഡി കെ ശിവകുമാറിന്റെ അഭിപ്രായം. 224ൽ 146 സീറ്റുകൾ  നേടി കോൺഗ്രസ് സർക്കാർ കർണാടക ഭരിക്കും. ജെഡിഎസുമായുള്ള കൂട്ടുകെട്ടിന്റെ ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. "ഞാൻ ഈ നമ്പറുകളികൾ ഒന്നും വിശ്വസിക്കുന്നില്ല. ഞാൻ പ്രവചിക്കുന്നത് 146 സീറ്റുകളാണ്. കർണാടകയിലെ ജനങ്ങൾ പ്രബുദ്ധരാണ്. ബിജെപി ദേശീയ നേതൃത്വം മേനി പറയുന്ന ഡബിൾ എഞ്ചിൻ സർക്കാർ കർണാടകയിൽ അമ്പേ പരാജയപ്പെട്ടു"- കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തൂക്കുസഭ എന്ന പ്രവചനത്തെ തള്ളി രംഗത്ത് വന്നു. സർക്കാർ രൂപീകരിക്കാൻ ആവശ്യമായതിലും അധികം സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പുറകെ പുറത്തുവന്ന മിക്ക എക്സിറ്റ് പോളുകളും കേവല ഭൂരിപക്ഷം നേടില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചിച്ചത്. 122 മുതൽ 140 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപി 62മുതൽ 80വരെയും ജെഡിഎസ് 20 മുതൽ 25 വരെയുമാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം. കോൺഗ്രസിന് 94 മുതൽ 108 സീറ്റ് വരെയും ബിജെപിക്ക് 85 മുതൽ 100 സീറ്റ് വരെയും ജെഡിഎസിന് 24 മുതൽ 32 സീറ്റ് വരെയും ലഭിക്കുമെന്നാണ് റിപ്പബ്ലിക്ക് ടി വി മാർക്യൂ പ്രവചനം. ശനിയാഴ്ച്ചയാണ് കർണാടകയിൽ വോട്ടെണ്ണൽ.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?