കോണ്‍ഗ്രസിന് ഉജ്വല വിജയം സമ്മാനിച്ച് കന്നഡിഗര്‍ കാവിക്കോട്ടയുടെ തെക്കേ നട അടച്ചുപൂട്ടി. ദക്ഷിണേന്ത്യയിലും പിടിപാടുള്ള പാര്‍ട്ടി എന്ന ലേബല്‍ വലിച്ചുകീറി. താമരക്ക് വളരാന്‍ ആവശ്യത്തിലേറെ ചെളിക്കുണ്ടുകള്‍ രൂപപ്പെടുത്തിയിട്ടും ബിജെപിക്ക് എവിടെയാണ് പിഴച്ചത്?
തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നത് തൊട്ട് എല്ലാം പിഴച്ചുപോയി കര്‍ണാടകയില്‍ ബിജെപിക്ക്. ഗുജറാത്ത്, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച തലമുറ മാറ്റം ദക്ഷിണേന്ത്യയില്‍ വിലപ്പോയില്ല. തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുന്‍പായിരുന്നു ബിജെപിയുടെ കളമൊരുക്കല്‍. ആദ്യം പിടി വീണത് അതികായന്‍ യെദ്യൂരപ്പയ്ക്ക്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതോടെ കണ്ണീരും കലാശവുമായി യെദ്യൂരപ്പ പടിയിറങ്ങി. ഇനി താന്‍ ഒരിക്കലും മുഖ്യമന്ത്രി ആകില്ലെന്ന യാഥാര്‍ഥ്യം യെദ്യൂരപ്പയ്ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ദഹിക്കുന്നതായിരുന്നില്ല. തിരഞ്ഞെടുപ്പാകുമ്പോഴേക്കും ജനം എല്ലാം മറന്നോളുമെന്ന ബിജെപിയുടെ ധാരണ തെറ്റായിരുന്നു. നേതൃമാറ്റം പ്രബല സമുദായമായ ലിംഗായത്തുകളെ അകറ്റി, പകരം മറ്റൊരു ലിംഗായത് മുഖത്തെ പ്രതിഷ്ഠിച്ചെങ്കിലും ബസവരാജ് ബൊമ്മെക്ക് വലിയ സ്വീകാര്യത കിട്ടിയില്ല. യെദ്യൂരപ്പ ബിജെപി നേതൃത്വവുമായി ശീത യുദ്ധത്തിലായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സ്ഥാനാര്‍ഥി പട്ടികയില്‍ പരീക്ഷിച്ച തലമുറ മാറ്റവും ബിജെപിക്ക് കീറാമുട്ടിയായി. ഭരണ വിരുദ്ധ വികാരം വെളുപ്പിച്ചെടുക്കാന്‍ പുതുമുഖങ്ങളെ ഇറക്കുക എന്ന തന്ത്രമായിരുന്നു ബിജെപിയുടേത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് കണ്ട് ആദ്യം കെ എസ് ഈശ്വരപ്പയും പിന്നീട് ജഗദീഷ് ഷെട്ടാറും തൊട്ടുപുറകെ ലക്ഷ്മണ്‍ സവദിയും കലാപക്കൊടി ഉയര്‍ത്തി. ഈശ്വരപ്പയെ പറഞ്ഞ് തണുപ്പിച്ച്, മറ്റ് രണ്ടുപേരും പാര്‍ട്ടി വിട്ടു. ഷെട്ടാറിന് ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ വിജയിക്കാനായില്ലെങ്കിലും മേഖലയൊന്നാകെ കോണ്‍ഗ്രസ് തൂത്തുവാരാന്‍ ഷെട്ടാറിന്റെ ഇറങ്ങിപ്പോക്ക് കാരണമായി.
ഷെട്ടാറിന്റെയും സവദിയുടെയും ഇറങ്ങിപ്പോക്ക് ബിജെപി ക്യാമ്പിന് അക്ഷരാര്‍ത്ഥത്തില്‍ ഷോക്കായിരുന്നു. ലിംഗായത് നേതാക്കളെ അപമാനിച്ചിറക്കിയെന്ന കോണ്‍ഗ്രസ് നരേറ്റീവ് ബിജെപിയെ തളര്‍ത്തി, ലിംഗായത് മഠങ്ങള്‍ മുഖം തിരിച്ചു. മധ്യ കര്‍ണാടക, മുംബൈ കര്‍ണാടക മേഖലകളിലെ കാവിക്കോട്ടകളില്‍ വിള്ളല്‍ വീണു. വോട്ടെണ്ണല്‍ ദിവസം കോട്ടകള്‍ നിലംപരിശായി. ബി എസ് യെദ്യൂരപ്പയെന്ന നേതാവിന്റെ ബലത്തില്‍ ബിജെപി തുടര്‍ന്ന് പോന്ന മുപ്പത് വര്‍ഷക്കാലത്തെ ബന്ധമാണ് ലിംഗായത്തുകള്‍ അവസാനിപ്പിച്ചത്.
നൂറ്റിയമ്പതോളം മണ്ഡലങ്ങളില്‍ സ്വാധീനമുള്ള ലിംഗായത്തുകള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് മാറ്റിക്കുത്തി കോണ്‍ഗ്രസ് കൂറ് പ്രഖ്യാപിച്ചു. സംവരണ കൗശലം കാട്ടി ലിംഗായത്തുകളെ വശത്താക്കാന്‍ നോക്കിയ തന്ത്രവും പിഴച്ചു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റേയും വോട്ടുബാങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനുള്ള ശ്രമവും വിലപ്പോയില്ല. വൊക്കലിഗ ബെല്‍റ്റായ ഓള്‍ഡ് മൈസൂരു മേഖലയില്‍ വികസനം പറഞ്ഞു നുഴഞ്ഞ് കയറിയെങ്കിലും ബെംഗളൂരു - മൈസൂരു അതിവേഗ പാത വന്നതോടെ ഒറ്റപ്പെട്ടുപോയ പ്രദേശത്തെ വോട്ടര്‍മാരൊക്കെ മുഖം തിരിച്ചു. മൈസൂരുവില്‍ കാടിളക്കി പ്രചാരണം നടത്തിയെങ്കിലും കാര്യമായൊന്നും തടഞ്ഞില്ല .
അഴിമതി സര്‍ക്കാരെന്ന് മുദ്രകുത്തപ്പെട്ട ബൊമ്മെ സര്‍ക്കാരിനെ ട്രബിള്‍ എഞ്ചിന്‍ സര്‍ക്കാരായി പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടി. പേ സിഎം ഹാഷ്ടാഗ് പ്രചാരണവും നാല്പത് ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന കോണ്‍ഗ്രസിന്റെ ചാപ്പകുത്തലും ദയനീയ പരാജയത്തിന് ഹേതുവായി. ഹനുമാന്റെ വാലില്‍ തൂങ്ങിയിട്ടും രക്ഷയുണ്ടായില്ല
ദളിത് സംരക്ഷക വേഷം കെട്ടി ഇറങ്ങിയ ബിജെപി പട്ടിക ജാതി സംവരണത്തിനുള്ളില്‍ സംവരണം കൊണ്ട് വന്നായിരുന്നു വോട്ട് പിടിക്കാന്‍ ശ്രമിച്ചത്. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന വിഭാഗങ്ങളുടെ സംവരണം കൂട്ടാന്‍, അല്ലാത്തവരുടെ സംവരണത്തില്‍ കത്രിക വച്ചു. ഇതോടെ പ്രബല വിഭാഗങ്ങളായ ലംബാനി, ബെഞ്ചാര സമുദായങ്ങള്‍ ബിജെപിക്കെതിരായി. വാല്‍മീകി നായക് സമുദായത്തിന് സംവരണം കൂട്ടി കൊടുത്തെങ്കിലും ആ വിഭാഗത്തിന്റെ പ്രതിനിധിയായ ബി ശ്രീരാമലുവിന് പോലും രക്ഷയുണ്ടായില്ല. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഹൈദരാബാദ്-കര്‍ണാടക മേഖലയൊന്നാകെ കോണ്‍ഗ്രസിനോട് ഒട്ടിയത് ഈ സംവരണ കുതന്ത്രം പാളിയതിനാലാണ്.
ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ മേനിപറച്ചില്‍ കന്നഡ നാട്ടില്‍ വിലപ്പോയില്ല. നാട്ടില്‍ വികസനം വരേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും അതാരുടെയും ഔദാര്യമല്ലെന്നും കോണ്‍ഗ്രസ് നിരന്തരം ഓര്‍മിപ്പിച്ചതോടെ പ്രചാരണത്തില്‍ ബിജെപി അപകടം മണത്തു. അഴിമതി സര്‍ക്കാരെന്ന് മുദ്രകുത്തപ്പെട്ട ബൊമ്മെ സര്‍ക്കാരിനെ ട്രബിള്‍ എഞ്ചിന്‍ സര്‍ക്കാരായി പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടി. പേ സിഎം ഹാഷ്ടാഗ് പ്രചാരണവും നാല്പത് ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന കോണ്‍ഗ്രസിന്റെ ചാപ്പകുത്തലും ദയനീയ പരാജയത്തിന് ഹേതുവായി. ഹനുമാന്റെ വാലില്‍ തൂങ്ങിയിട്ടും രക്ഷയുണ്ടായില്ല.
ഹനുമാന്റെ വാലിന് കോണ്‍ഗ്രസ് തീയിട്ടെന്നും ആ അഗ്നിയില്‍ കര്‍ണാടകയിലാകെ കോണ്‍ഗ്രസ് കത്തി ചാമ്പലാകുമെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് ആര്‍ അശോക് വിവാദം പൊട്ടിപ്പുറപ്പെട്ട ദിവസം പ്രതികരിച്ചത്. എന്നാല്‍ വിഷയം കത്തിച്ച് നേട്ടമുണ്ടാക്കാന്‍ നോക്കിയ ബിജെപി തന്നെ കത്തി ചാമ്പലായി കന്നഡ നാട്ടില്‍. ഹിന്ദുവും ഹിന്ദുത്വയും തമ്മിലുള്ള അജഗജാന്തരം കന്നഡിഗരെ ബോധ്യപ്പെടുത്താന്‍ ബജ്രംഗ് ദള്‍ വിവാദം കൊണ്ട് കോണ്‍ഗ്രസിന് കഴിഞ്ഞു.
ഹിജാബ്, ഹലാല്‍, ലവ് ജിഹാദ്, മത പരിവര്‍ത്തനം, ഗോ വധം തുടങ്ങിയ വിഷയങ്ങള്‍ ബിജെപി തന്നെ ഉപേക്ഷിച്ചതും കന്നഡിഗര്‍ ശ്രദ്ധിച്ചു. ജയ് ബജ്റംഗ്ദള്‍ ബലി മുദ്രാവാക്യം വിളിച്ച് മോദി തൊണ്ട കീറിയത് വെറുതെയായി. വര്‍ഗീയ ചേരി തിരിവിന് ബിജെപി നേതാക്കള്‍ ഹനുമാന്‍ ചാലീസയും ക്ഷേത്രങ്ങളും ദുരുപയോഗം ചെയ്തത് ഹൈന്ദവ മത വിശ്വാസികളില്‍ അവമതിപ്പുണ്ടാക്കി. ബജ്റംഗ്ദള്‍ എന്ന സംഘപരിവാര്‍ സംഘടനയെ സനാതന സംസ്‌കാര സംരക്ഷകരായി വെളുപ്പിച്ചെടുക്കാനുള്ള തന്ത്രവും ഏറ്റില്ല.
ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ശ്വാസം മുട്ടുകയായിരുന്നു കന്നഡിഗരെന്ന് വേണം മനസിലാക്കാന്‍. വര്‍ഗീയ ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ബിജെപി നടത്തിയ ഒരു നീക്കവും കന്നഡിഗര്‍ അംഗീകരിക്കുന്നില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്
തുടര്‍ഭരണം പിടിക്കാന്‍ പ്രധാനമന്ത്രി മോദിയുള്‍പ്പടെ നാല്പത് പേരടങ്ങുന്ന സംഘമായിരുന്നു കര്‍ണാടകയില്‍ എത്തിയത്. ദേശീയ നേതാക്കളുടെ ബാഹുല്യം കാരണം പലപ്പോഴും കര്‍ണാടകയുടെ സ്വന്തം നേതാക്കള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. പ്രചാരണ റാലികളും റോഡ്ഷോയും വെറും 'മോദി' ഷോ ആയതോടെ കന്നഡിഗര്‍ക്ക് സ്വന്തം മണ്ണിന്റെ നേതാക്കള്‍ പിന്തള്ളപ്പെടുന്നതായി തോന്നിച്ചു. ബസവരാജ് ബൊമ്മെയുടെയും യെദ്യൂരപ്പയുടെയും പേര് പരാമര്‍ശിക്കാതെ നരേന്ദ്ര മോദി നിരവധി വേദികളില്‍ വന്ന് വോട്ട് ചോദിച്ചു. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നേതാക്കളുടെ പേര് പരാമര്‍ശിക്കാന്‍ പ്രചാരണത്തിന്റെ അവസാന നാളില്‍ മോദി തയ്യാറായത്.
ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ സമരം നടന്ന നാട്ടില്‍ ദേശീയ നേതാക്കള്‍ വന്ന് പരിഭാഷകനെ പോലും വയ്ക്കാതെ ഹിന്ദിയില്‍ സംസാരിച്ചതും വിനയായി. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ശ്വാസം മുട്ടുകയായിരുന്നു കന്നഡിഗരെന്ന് വേണം മനസിലാക്കാന്‍. വര്‍ഗീയ ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ബിജെപി നടത്തിയ ഒരു നീക്കവും കന്നഡിഗര്‍ അംഗീകരിക്കുന്നില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്.