കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബസവരാജ് ബൊമ്മെ ഒഴിഞ്ഞു. രാജ്ഭവനിലെത്തി ഗവർണർ താവർ ചന്ദ് ഗഹലോട്ടിനു അദ്ദേഹം രാജിക്കത്തു കൈമാറി. രാത്രി വൈകിയായിരുന്നു ബൊമ്മെ രാജ് ഭവനിൽ എത്തിയത്. ബിജെപിയുടെ പ്രമുഖ നേതാക്കൾ ആരും തന്നെ ബൊമ്മെയെ അനുഗമിക്കാൻ ഉണ്ടായിരുന്നില്ല. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചിന്തിപ്പിക്കുന്നതാണെന്നും, അതേക്കുറിച്ചു വിശദമായി പഠിക്കുമെന്നും ബൊമ്മെ മാധ്യമങ്ങളോട് ആവർത്തിച്ചു.
2021 ജൂലൈ മാസത്തിലായിരുന്നു ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി ബസവരാജ് ബൊമ്മെയെ ബിജെപി നേതൃത്വം പദവിയിലിരുത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു നേതൃമാറ്റം. നേതൃമാറ്റത്തിന് യെദ്യൂരപ്പ വിസമ്മതിച്ചിരുന്നെങ്കിലും ലിംഗായത്തു സമുദായക്കാരനായ യെദ്യൂരപ്പയുടെ അടുപ്പക്കാരനെ തന്നെ പദവി ഏൽപ്പിച്ചായിരുന്നു ബിജെപിയുടെ അനുനയം. ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാർ നിലം പൊത്തിയതിനു ശേഷം ഓപ്പറേഷൻ കമലയിലൂടെ അധികാരം പിടിച്ച ബിജെപി രണ്ടു വർഷം വീതമാണ് യെദ്യൂരപ്പക്കും ബൊമ്മെക്കും മുഖ്യമന്ത്രി പദവി നൽകിയത്. മുഖ്യമന്ത്രി പദത്തിലെത്തും മുൻപ് കർണാടക ആഭ്യന്തര മന്ത്രി ആയിരുന്നു ബൊമ്മെ.
ഇത്തവണ ഹവേരിയിലെ ഷിഗാവിൽ നാലാം അങ്കവും വിജയിച്ച ബൊമ്മെ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. ഷിഗാവിലെ വീട്ടിലിരുന്ന് തിരഞ്ഞെടുപ്പ് ഫലം കണ്ട ശേഷമായിരുന്നു അദ്ദേഹം ബെംഗളൂരുവിൽ രാജ്ഭവനിൽ രാജിക്കത്തുമായി എത്തിയത്. സോഷ്യലിസ്റ്റ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ് ആർ ബൊമ്മെയുടെ മകനാണ് കർണാടകയുടെ ഇരുപത്തി രണ്ടാമത്തെ മുഖ്യമന്ത്രി ആയ ബസവരാജ് ബൊമ്മെ.