എന്നും രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൊറബയിലെ വീടുകളിൽ നിന്നിറങ്ങുമ്പോൾ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ കൈകൂപ്പി അനുഗ്രഹം വാങ്ങുന്നത് ഒരേ വ്യക്തിയുടെ ഛായാചിത്രത്തിന് മുന്നിൽ നിന്നാണ്. മറ്റാരുമല്ല കർണാടകയുടെ മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ ഛായാചിത്രമാണത്. കൈകൂപ്പി മനസിൽ അച്ഛനെ സ്മരിച്ച് അനുഗ്രഹം തേടുന്നത് മക്കളായ കുമാർ ബംഗാരപ്പയും മധു ബംഗാരപ്പയും. കുമാർ ബംഗാരപ്പ സൊറബ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമാണ്. മധു ബംഗാരപ്പ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്.
പാർട്ടി ഏതായാലും മണ്ഡലം സൊറബ എന്നതായിരുന്നു ബംഗാരപ്പയുടെ ലൈൻ. മണ്ഡലത്തിലെ സമ്മതിദായകർക്കാവട്ടെ പാർട്ടി ഏതായാലും കുഴപ്പമില്ല സ്ഥാനാർഥിയായും എംഎൽഎ ആയും ബംഗാരപ്പ മതിയായിരുന്നു
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി മുതൽ കർണാടകയിൽ ഉണ്ടായിരുന്ന എല്ലാ പ്രാദേശിക-ദേശീയ പാർട്ടിയിലും കൂടുവിട്ട് കൂടുമാറി നടന്ന മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ തട്ടകമാണ് ശിവമോഗയിലെ പിന്നാക്ക മണ്ഡലമായ സൊറബ. 1967 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായായിരുന്നു സൊറബയിൽ ബംഗാരപ്പയുടെ കന്നിയങ്കം. പിന്നീട് കോൺഗ്രസിനായും ജനത പാർട്ടിക്കായും കർണാടക റെവല്യൂഷനറി ഫ്രണ്ടിന് വേണ്ടിയും സ്വന്തമായി രൂപീകരിച്ച കർണാടക കോൺഗ്രസ് പാർട്ടിക്കായും (KCP) ബിജെപിക്കായും സമാജ്‌വാദി പാർട്ടിക്കായും ജനതാദൾ എസിനായും ബംഗാരപ്പ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി. പാർട്ടി ഏതായാലും മണ്ഡലം സൊറബ എന്നതായിരുന്നു ബംഗാരപ്പയുടെ ലൈൻ. മണ്ഡലത്തിലെ സമ്മതിദായകർക്കാവട്ടെ പാർട്ടി ഏതായാലും കുഴപ്പമില്ല സ്ഥാനാർഥിയായും എംഎൽഎ ആയും ബംഗാരപ്പ മതിയായിരുന്നു. പിന്നാക്കക്കാരുടെ പടത്തലവനെന്നായിരുന്നു സൊറബക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 1967 മുതൽ 1996 വരെ ബംഗാരപ്പ 7 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1996 മുതൽ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബംഗാരപ്പ മൂത്ത മകൻ കുമാർ ബംഗാരപ്പയെ സൊറബ ഏൽപ്പിച്ചു. അച്ഛൻ രൂപീകരിച്ച കർണാടക കോൺഗ്രസ് പാർട്ടിയിലൂടെയായിരുന്നു കുമാർ ബംഗാരപ്പയുടെ സൊറബയിലെ അരങ്ങേറ്റം. അച്ഛനെ പോലെ തന്നെ പാർട്ടി മാറ്റം പിന്തുടർന്ന കുമാർ ബംഗാരപ്പ കോൺഗ്രസിലെത്തി. 1999 ലും 2004 ലും സൊറബയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. 2008ൽ മണ്ഡലം ബിജെപി പിടിച്ചു.
എസ് ബംഗാരപ്പയുടെ മക്കൾ തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടുന്നത് ഇതാദ്യമായല്ല. 2013 മുതൽ പരസ്പരം മത്സരിക്കുകയാണ് ഇരുവരും. 2013 ൽ ബിജെപിയുടെ കയ്യിൽ നിന്നും മണ്ഡലം തിരിച്ചെടുക്കാൻ കോൺഗ്രസ് വീണ്ടും കുമാർ ബംഗാരപ്പയെ ഇറക്കി. പക്ഷേ ജെഡിഎസ് സ്ഥാനാർഥിയായി സൊറബയിൽ ജ്യേഷ്ഠനെതിരെ ഇറങ്ങി അനിയൻ മധു ബംഗാരപ്പ ഏവരെയും ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവരും വീണ്ടും ഞെട്ടി. കുമാർ ബംഗാരപ്പയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മധു ബംഗാരപ്പ മണ്ഡലം പിടിച്ചു.
2018 ൽ കോൺഗ്രസ് വിട്ട് കുമാർ ബംഗാരപ്പ ബിജെപിയിലേക്ക് പോയി. സൊറബയിൽ പാർട്ടി ടിക്കറ്റും നേടി. മധു ബംഗാരപ്പ ജെഡിഎസ് ടിക്കറ്റിൽ തന്നെ ജനവിധി തേടി. ഇരുവരും ഏറ്റുമുട്ടിയപ്പോൾ മണ്ഡലത്തിൽ തീപാറി. സൊറബക്കാർ വീണ്ടും ആശയക്കുഴപ്പത്തിലായി. ബംഗാരപ്പയുടെ ഏത് മകനെ തിരഞ്ഞെടുക്കും?. ഫലം വന്നപ്പോൾ മണ്ഡലം കുമാർ ബംഗാരപ്പയോടൊപ്പം നിന്നു. ജെഡിഎസ് വിട്ട് അധികം വൈകാതെ മധു ബംഗാരപ്പ കോൺഗ്രസിൽ ചേർന്നു. ഇരുവരുടെയും രാഷ്ട്രീയ കൂടുമാറ്റങ്ങൾ സൊറബക്കാരിൽ അവരുടെ പഴയ പടത്തലവൻ എസ് ബംഗാരപ്പയുടെ ഓർമയുണർത്തി.
കുടുംബ വഴക്കിന്റെ പേരിൽ പൂർണമായും ശത്രുക്കളെ പോലെയാണ് സഹോദരങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13, 286 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുമാർ ബംഗാരപ്പയുടെ വിജയം. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്നത് മധു ബംഗാരപ്പക്ക് വ്യക്തിപരമായി അഭിമാനപ്രശ്നമാണ്
2013 ലും 2018 ലുമെന്ന പോലെ 2023 ലും ബംഗാരപ്പയുടെ 'മക്കൾ പോരിന്' സാക്ഷിയാകുകയാണ് സൊറബ എന്ന മണ്ഡലം. ബിജെപിക്കായി കുമാറും കോൺഗ്രസിനായി മധുവും സൊറബയിൽ വോട്ട് തേടുകയാണ്. എസ് ബംഗാരപ്പയുടെ പിൻഗാമി താനാണെന്നവകാശപ്പെട്ടാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ബംഗാരപ്പയുടെ ചിത്രം പതിച്ച പ്രചാരണ വാഹനത്തിലാണ് ഇരുവരുടെയും യാത്ര. കുടുംബ വഴക്കിന്റെ പേരിൽ പൂർണമായും ശത്രുക്കളെ പോലെയാണ് സഹോദരങ്ങൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13, 286 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കുമാർ ബംഗാരപ്പയുടെ വിജയം. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്നത് മധു ബംഗാരപ്പക്ക് വ്യക്തിപരമായി അഭിമാനപ്രശ്നമാണ്.