1978ലെ ചിക്കമംഗളൂരു ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ദിര ഗാന്ധി 
ELECTION 2023

ഇന്ദിരയ്ക്ക് പുതുജീവൻ നൽകിയ ചിക്കമഗളൂരുവിൽ ‘ഗർജിക്കുന്ന സിംഹ’മായി കോൺഗ്രസ്

ബി ശ്രീജൻ

കോൺഗ്രസ് ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള പ്രദേശമാണ് മധ്യ കർണാടകയിലെ ചിക്കമഗളൂരു. പരാജയത്തിന്റെ പടുകുഴിയിൽനിന്ന് ഇന്ദിര ഗാന്ധിക്ക് പുതുജീവൻ നൽകിയ മണ്ഡലമായ ചിക്കമഗളൂരുവിൽ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ബിജെപിക്കാണ് മുൻ‌തൂക്കം. 1978-ലാണ് കോൺഗ്രസ് (ഐ) എന്ന പുതിയ പാർട്ടി രൂപീകരിച്ച് ഇന്ദിര ഗാന്ധി ചിക്കമഗളൂരുവിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. അന്ന് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ദിരക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 

“ഇന്ദിര ഗാന്ധിയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയപ്പോൾ ചിക്കമഗളൂരുവാണ് ഇന്ദിരയെ വീണ്ടും തിരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയച്ചത്. ഇപ്പോൾ അവർ രാഹുൽ ഗാന്ധിയെയും അന്യായമായി ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു”
പ്രിയങ്ക ഗാന്ധി

ചിക്കമഗളൂരു മേഖലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും വിജയിച്ച കോൺഗ്രസ് ഇന്ദിര ഗാന്ധിയുടെ സ്മരണ വീണ്ടും ഉണർത്തിയിരിക്കുകയാണ് കർണാടകയിൽ. ശൃംഗേരി, മുദിഗരെ, ചിക്കമഗളൂരു, തരിക്കരെ, കാഡൂർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയത്. പ്രചാരണത്തിനായി ചിക്കമഗളൂരുവിൽ എത്തിയ പ്രിയങ്ക ഗാന്ധി ഇന്ദിര ഗാന്ധിയുടെ മത്സരത്തെ പറ്റി പറഞ്ഞാണ് വോട്ട് തേടിയത്. “ഇന്ദിര ഗാന്ധിയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയപ്പോൾ ചിക്കമഗളൂരുവാണ് ഇന്ദിരയെ വീണ്ടും തിരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയച്ചത്. ഇപ്പോൾ അവർ രാഹുൽ ഗാന്ധിയെയും അന്യായമായി ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു” -ഏപ്രിൽ 27നു ബലെഹന്നുരിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കവേ പ്രിയങ്ക ഗാന്ധി പറഞ്ഞു. ചിക്കമഗളൂരുവിലെ പ്രധാന ആത്മീയ കേന്ദ്രമായ ശ്രിംഗേരി മഠവും പ്രചാരണത്തിനിടെ അവർ സന്ദർശിച്ചിരുന്നു. 

അപ്രതീക്ഷിതമായാണ് 44 വർഷം മുൻപ് 1978 നവംബറിലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി ചിക്കമഗളൂരുവിൽ മത്സരിക്കുന്നത്. എം പിയായിരുന്ന കോൺഗ്രസ് നേതാവ് ഡി ബി ചന്ദ്ര ഗൗഡ ഇന്ദിരയ്ക്ക് മത്സരിക്കാനായി രാജിവയ്ക്കുകയായിരുന്നു. ആ വർഷം ആദ്യം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) മികച്ച വിജയം നേടിയിരുന്നു. ആ ആത്മവിശ്വാസമാണ് ഉത്തരേന്ത്യ വിട്ട് വിന്ധ്യന് കീഴിലെ സുരക്ഷിത മണ്ഡലം തേടാൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. 

“ഒരു പെൺ സിംഹം, നൂറ് കുരങ്ങന്മാർ; ചിക്കമഗളൂർ, ചിക്കമഗളൂർ’ (ഏക് ഷെർണി, സൗ ലൻഗാർ; ചിക്കമഗളൂർ, ചിക്കമഗളൂർ) എന്ന മുദ്രാവാക്യമായിരുന്നു പാർട്ടി അണികൾ അന്ന് അവിടെ മുഴക്കിയത്
ചിക്കമംഗളൂരു ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ദിര ഗാന്ധി

“ഒരു പെൺ സിംഹം, നൂറ് കുരങ്ങന്മാർ; ചിക്കമഗളൂർ, ചിക്കമഗളൂർ’ (ഏക് ഷെർണി, സൗ ലൻഗാർ; ചിക്കമഗളൂർ, ചിക്കമഗളൂർ) എന്ന മുദ്രാവാക്യമായിരുന്നു പാർട്ടി അണികൾ അന്ന് അവിടെ മുഴക്കിയത്. വിവിധ സോഷ്യലിസ്റ്റ് വിഭാഗങ്ങളും, ബ്രഹ്മാനന്ദ റെഡ്‌ഡി നയിക്കുന്ന ഔദ്യോഗിക കോൺഗ്രസ് പാർട്ടിയെയുമാണ് വാനരന്മാരായി ഇന്ദിരയും അണികളും ചിത്രീകരിച്ചത്. 

അടിയന്തരാവസ്ഥക്ക് ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസും കനത്ത പരാജയം ഏറ്റുവാങ്ങി. ജനത പാർട്ടി നയിക്കുന്ന സർക്കാർ അധികാരത്തിൽ വന്നതിനൊപ്പം കോൺഗ്രസിനുള്ളിൽ ബ്രഹ്മാനന്ദ റെഡ്‌ഡിയുടെയും വൈ ബി ചവാന്റെയും നേതൃത്വത്തിൽ ഇന്ദിരയുടെ നേതൃത്വത്തിനെതിരെ കലാപം തുടങ്ങി. 1978-ൽ കോൺഗ്രസ് (ഐ) എന്ന പുതിയ പാർട്ടി രൂപീകരിച്ച് ദിവസങ്ങൾക്കുള്ളിൽ ഫെബ്രുവരിയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) 44 ശതമാനത്തിലധികം വോട്ടും 179 സീറ്റും നേടി അധികാരം പിടിച്ചെടുത്തു. യഥാർത്ഥ കോൺഗ്രസ്സ് രണ്ടു സീറ്റിൽ ഒതുങ്ങി. ഈ തിരഞ്ഞെടുപ്പിൽ വിജയിച്ച പെൺ കടുവ മുദ്രാവാക്യമാണ് രണ്ടു വർഷത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരുത്തുറ്റ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇന്ദിര ഗാന്ധിയെ മുൻനിർത്തി പ്രചാരണം നയിക്കാനും ജയിക്കാനും കോൺഗ്രസിനു ആത്മവിശ്വാസം നൽകിയത്. 

ഈ മണ്ഡലവുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഗതി ഇന്ദിരക്കായി സീറ്റ് വിട്ടുകൊടുത്ത ചന്ദ്ര ഗൗഡ പിന്നീട് ബിജെപിയിൽ ചേരുകയും ബിജെപി സ്ഥാനാർത്ഥിയായി ഇവിടെ മത്സരിച്ചു ജയിക്കുകയും ചെയ്തുവന്നതാണ്. 

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും