ELECTION 2023

കഥ അവസാനിച്ചിട്ടില്ല; തെലുഗ്‌ മണ്ണില്‍ 'ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി'യുടെ തിരിച്ചുവരവ്

കര്‍ണാടക പിടിച്ചതിന് പിന്നാലെ, തെലങ്കാനയിലെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കോണ്‍ഗ്രസിന് 2024ലേക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല

വിഷ്‌ണു എസ് വിജയൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍റണ്‍ എന്നോണം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന നാലില്‍ മൂന്നിടത്തും തോറ്റമ്പിയ കോണ്‍ഗ്രസിന് സമാധാനത്തിന്റെ തുരുത്തായിരിക്കുകയാണ് തെലങ്കാന. 2014-ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്‌ ശേഷം, ആദ്യമായി തെലങ്കാനയില്‍ കോണ്‍ഗ്രസ് പതാക പാറി, ഒപ്പം ദക്ഷിണേന്ത്യന്‍ മണ്ണില്‍ നിന്ന് മറ്റൊരു ശക്തനായ കോണ്‍ഗ്രസ് നേതാവിന്റെ ഉദയം കൂടി- അനുമൂല രേവന്ത് റെഡ്ഡി.

ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് രേവന്ത് റെഡ്ഡിയും കൂട്ടരും വളര്‍ത്തിയെടുത്തതാണ് തെലങ്കാനയിലെ കോണ്‍ഗ്രസിനെ. സംസ്ഥാനം രൂപീകരിച്ചതിന് ശേഷം 2014ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. സംസ്ഥാന രൂപീകരണത്തില്‍ യുപിഎ സര്‍ക്കാര്‍ വഹിച്ച നിര്‍ണായക പങ്ക് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് പക്ഷേ, ബിആര്‍എസിന്റെ(അന്ന് ടിആര്‍എസ്) മുന്നേറ്റം വലിയ ഷോക്കായിരുന്നു. സിപിഐയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 21 സീറ്റാണ്. 25.2 ശതമാനം വോട്ടാണ് പാര്‍ട്ടിക്ക് കിട്ടിയത്.

34.3 ശതമാനം വോട്ടും 63 സീറ്റും നേടി ബിആര്‍എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. തിരഞ്ഞെടുപ്പിന് പിന്നാലെ, പല പ്രമുഖ നേതാക്കളും ബിആര്‍എസ് പാളയത്തിലെത്തി. ബിജെപിയിലേക്കും നേതാക്കളുടെ ഒഴുക്കുണ്ടായി. 2018-ല്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാനായെങ്കിലും 19 സീറ്റില്‍ ഒതുങ്ങാനായിരുന്നു കോണ്‍ഗ്രസിന്റെ വിധി. ഇതില്‍ 12 എംഎല്‍എമാര്‍ പിന്നീട്‌ ബിആര്‍എസ് പാളയത്തിലേക്ക് പോയി. ആ തിരഞ്ഞെടുപ്പില്‍ ആകെ 88 സീറ്റും 47.4 ശതമാനം വോട്ടുമാണ് ബിആര്‍എസ് നേടിയത്.

ആന്ധ്രയില്‍ തുടച്ചുനീക്കപ്പെട്ട കോണ്‍ഗ്രസ്

അവിഭക്ത ആന്ധ്രാപ്രദേശില്‍ ശക്തമായ വേരോട്ടമുണ്ടായിരുന്ന കോണ്‍ഗ്രസ്, ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ സ്വയം നശിക്കുകയായിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയെ ഒതുക്കാനുള്ള ശ്രമത്തോടെയയാണ് പതനം ആരംഭിച്ചത്. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന 42 സീറ്റില്‍ 33 ഇടത്തും വിജയിച്ച കോണ്‍ഗ്രസ് 2019-ല്‍ ആന്ധ്രയില്‍ സംപൂജ്യരായി. ഒന്നാം യുപിഎ സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചതുതന്നെ ആന്ധ്രയിലെ കോണ്‍ഗ്രസ് ആയിരുന്നു. 'മാഡം, ഇതാ ഞാന്‍ പറഞ്ഞ വാക്കു പാലിച്ചിരിക്കുന്നു' എന്ന് പറഞ്ഞ് എംപിമാരുടെ ലിസ്റ്റുമായി സോണിയ ഗാന്ധിയെ കാണാന്‍ പോകുമ്പോള്‍ വൈഎസ്ആറിനൊപ്പം 33 കോണ്‍ഗ്രസ് എംപിമാരുണ്ടായിരുന്നു. അവിടെനിന്നാണ് ഒന്നുമില്ലായ്മയുടെ പടുകുഴിയിലേക്ക് കോണ്‍ഗ്രസ് വീണുപോയത്.

വൈഎസ്ആറിന്റെ അപ്രതീക്ഷിത മരണത്തിന് ശേഷം 2019ല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ തേരോട്ടം നടത്തി. വൈഎസ്ആറിന് എതിരായി പടയൊരുക്കാന്‍ തോന്നിയ നിമിഷത്തെയോര്‍ത്ത് ആന്ധ്രയിലേയും ഡല്‍ഹിയിലേയും കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് സ്വയം ശപിച്ചിട്ടുണ്ടാകണം.

രേവന്ത് റെഡ്ഡിയുടെ വരവ്

എന്നാല്‍, തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്നേയും പ്രതീക്ഷയുണ്ടായിരുന്നു. 2018 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം, തെലങ്കാന കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി നടന്നു. ഉത്തംകുമാര്‍ റെഡ്ഡിക്ക് പകരം എബിവിപിയില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് ടിഡിപി വഴി കോണ്‍ഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയെ പിസിസി അധ്യക്ഷനാക്കി.

2017ലാണ് രേവന്ത് റെഡ്ഡി കോണ്‍ഗ്രസിലെത്തുന്നത്. കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാനിറങ്ങിയപ്പോള്‍ തോറ്റായിരുന്നു രേവന്തിന്റെ തുടക്കം. 2018ല്‍ കോടങ്കലില്‍ നിന്ന് മത്സരിച്ച റെഡ്ഡി, പരാജയപ്പെട്ടു. മുന്‍ എയര്‍ഫോഴ്‌സ് പൈലറ്റായിരുന്ന ഉത്തംകുമാര്‍ റെഡ്ഡിയെ മാറ്റി രേവന്ത് റെഡ്ഡിയെ 2021ല്‍ പിസിസി അധ്യക്ഷനാക്കി. തെലങ്കാനയുടെ മണ്ണില്‍ ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിന്റെ വേരുകളെ വെള്ളം നനച്ച് ഉണര്‍ത്തിയെടുക്കുകായിരുന്നു രേവന്തും സംഘവും.

എല്ലാ ഗ്രാമങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രാദേശികമായി ജനപിന്തുണയുള്ള നേതാക്കളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവന്നു. തൊഴിലില്ലായ്മയും തെലങ്കാന പ്രക്ഷോഭകാരികളെ മറന്നുള്ള കെസിആറിന്റെ പ്രവര്‍ത്തനങ്ങളും ആയുധമാക്കി യുവാക്കള്‍ക്കിടയില്‍ 'ഓളമുണ്ടാക്കി'. പതിയെ കോണ്‍ഗ്രസ് ട്രാക്കിലായി തുടങ്ങി. കര്‍ണാടകയും കേരളവും കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍യൂത്ത് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സംഘബലമുള്ള സംസ്ഥാനമായി തെലങ്കാന മാറി. കോണ്‍ഗ്രസ് പൊതുയോഗങ്ങളിലേക്ക് ആളൊഴുകി. ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലില്ലായ്മയില്‍ അസ്വസ്ഥരായ യുവാക്കളെ റെഡ്ഡിയും കോണ്‍ഗ്രസും കൂടെനിര്‍ത്തി.

ഒബിസി, പിന്നോക്ക വിഭാഗം വോട്ടര്‍മാരെ കൂടെനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, ഈ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരികയും നിയമസഭ സീറ്റ് നല്‍കുകയും ചെയ്തു. ഗ്രാമങ്ങളില്‍ കെസിആറിനുള്ള മേല്‍ക്കൈ തകര്‍ക്കാനായി ഹൈദരാബാദ് കേന്ദ്രീകരിച്ച് മാത്രമാണ് വികസനം നടക്കുന്നതെന്നും ബിആര്‍എസ് ഗ്രാമങ്ങളെ മറന്നെന്നും വ്യാപക പ്രചാരണം അഴിച്ചുവിട്ടു.

ഊര്‍ജം പകര്‍ന്ന ഭാരത് ജോഡോ യാത്ര

2018ന് ശേഷം, കെസിആറിന് ബദല്‍ ആര് എന്ന ചോദ്യത്തിന് തെലങ്കാനയില്‍ പലപ്പോഴും ഉയര്‍ന്നുകേട്ട മറുപടി ബിജെപി എന്നായിരുന്നു. 2018ന് ശേഷം നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് പരാജയമായിരുന്നു. ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. ഇവിടെനിന്നാണ്, 'ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി'യുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഏറ്റവും കൂടുതല്‍ പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമായി തെലങ്കാന പതിയെ മാറുകയായിരുന്നു. ഭാരത് ജോഡോ യാത്രയുമായി 12 ദിവസം തെലങ്കാന മണ്ണിലൂടെ നടന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ ജനപ്രവാഹമുണ്ടായതിലേക്ക് കാര്യങ്ങള്‍ മാറി. പാര്‍ട്ടി വിട്ടുപോയ പല പ്രമുഖ നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരികെവന്നു.

കോണ്‍ഗ്രസിന്റെ ദളിത് മുഖങ്ങളില്‍ പ്രധാനിയായ മല്ലു ഭാട്ടി വിക്രമാര്‍ക്ക സംസ്ഥാനത്തുടനീളം നടത്തിയ പദയാത്രയുടെ സമാപനത്തില്‍, ഖമ്മത്ത് നടത്തിയ ജന ഗര്‍ജന സഭയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വന്‍ ആള്‍ക്കൂട്ടമാണ് പരിപാടിയിലുണ്ടായത്. ഇതോടെ അപകടം മണത്ത കെസിആര്‍, ബിആര്‍എസ് ക്യാമ്പുകള്‍ സജീവമാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി.

സ്ത്രീകളേയും യുവാക്കളേയും ലക്ഷ്യമിട്ട പ്രകടനപത്രിക

കഴിഞ്ഞ രണ്ടു തിഞ്ഞെടുപ്പുകളിലും വന്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു ബിആര്‍എസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിആര്‍എസിന്റെ ജനക്ഷേമ വാഗ്ദാനങ്ങളെ വെല്ലുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ഇത്തവണ പുറത്തിറക്കിയത്. സ്ത്രീകളേയും വിദ്യാര്‍ത്ഥികളേയും തെലങ്കാന പ്രക്ഷോഭകാരികളേയും ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രധാന പ്രഖ്യാപനങ്ങളെല്ലാം.

ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപ ധനസഹായം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള പെണ്‍കുട്ടികള്‍ക്ക് 1.6 ലക്ഷം രൂപയുടെ ധനസഹായം, കര്‍ഷകര്‍ക്ക് തടസമില്ലാതെ വൈദ്യുതി, തെലങ്കാന സമരത്തിലെ രക്തസാക്ഷികളുടെ കുടുംബത്തിന് പ്രതിമാസം 25,000 രൂപ പെന്‍ഷനും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി തുടങ്ങിയവയായിരുന്നു പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. മിന്നും വിജയം നേടിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ മൊത്തം ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ പ്രചാരണത്തിനായി കൊണ്ടുവന്നു.

ന്യൂനപക്ഷങ്ങള്‍ തുണയായി

ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താനും കോണ്‍ഗ്രസിനായി. തെലങ്കാനയിലെ ജനസംഖ്യയുടെ 50 ലക്ഷത്തിലധികം മുസ്ലിങ്ങളാണ്. ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും മുസ്ലിം വോട്ടര്‍മാരുടെ എണ്ണം 40 ലക്ഷത്തോളം വരും. യൂണിഫോം സിവില്‍ കോഡും ഹിജാബ് നിരോധനവും പോലെയുള്ള വിഷയങ്ങള്‍ ബിജെപിയെക്കുറിച്ച് അവര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചു. ഇത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചു. മുതിര്‍ന്ന നേതാവ് മുഹമ്മദ് അലി ഷബീറിന്റെ സഹായത്തോടെ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കുകയെന്ന കോണ്‍ഗ്രസ്‌ തന്ത്രം ഏറെക്കുറെ ഫലിക്കുകയും ചെയ്തു. തെഹ്രീകെ മുസ്ലിം ഷബ്ബാനിന്റെയും തെലങ്കാന മുസ്ലീം സംഘടനകളുടെ ജോയിന്റ് ആക്ഷന്‍ (ജെ എ സി) കമ്മിറ്റിയുടെയും പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രിന് നേട്ടമായി.

തിരിച്ചുവരവ് ആഘോഷിക്കുകയാണ് കോണ്‍ഗ്രസ്. തകര്‍ന്നടിഞ്ഞു പോയിടത്തു നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വന്നിരിക്കുന്നു ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി. തെലങ്കാനയിലെ മുന്നേറ്റം കോണ്‍ഗ്രസിന് ഒരു 'പവര്‍ ഫുള്‍' പേര് കൂടി നല്‍കിയിരിക്കുന്നു; രേവന്ത് റെഡ്ഡി.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍