ELECTION 2023

'ഖാര്‍ഗെയെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ശ്രമം'; ബിജെപി സ്ഥാനാര്‍ഥിയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് കോണ്‍ഗ്രസ്

വെബ് ഡെസ്ക്

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കടുക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വധിക്കാന്‍ ബിജെപി പദ്ധതിയിട്ടു എന്നതാണ് ഏറ്റവും പുതിയ ആക്ഷേപം.

ഖാര്‍ഗെയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് പറയുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഓഡിയോ ക്ലിപ്പാണ് വിവാദത്തിന് അടിസ്ഥാനം. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശബ്ദ സന്ദേശം പുറത്തുവിട്ടു. എന്നാല്‍ ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയെ കുറിച്ച് സ്ഥിരീകരണമില്ല.

ചിറ്റാപ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മണികാന്ത് റാത്തോഡിന്റേത് എന്ന് അവകാശപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശത്തിലാണ് ഖാര്‍ഗെയെ വധിക്കുമെന്ന പരാമര്‍ശമുള്ളത്. ഓഡിയോ ക്ലിപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷനേയും കുടുംബത്തേയും ഇല്ലാതാക്കുന്നതിനായി ഗൂഢാലോചന നടക്കുന്നു എന്നത് വ്യക്തമായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വിമര്‍ശനവുമായി രംഗത്തെത്തി. '' ഖാര്‍ഗെയ്ക്ക് എതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത് ഒരു സാധാരണ വ്യക്തിയല്ല. ചിറ്റാപ്പൂര്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പശ്ചാത്തലം എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിന് പിന്നിലെന്താണെന്ന് വ്യക്തമാണ്. കര്‍ണാടക പോലീസും തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതികരിക്കാതിരുന്നേക്കാം. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്'' - സുര്‍ജേവാല പറഞ്ഞു. എന്നാല്‍ ഇതുവരെ വിവാദങ്ങളോട് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയാണ് ചിറ്റാപൂര്‍ മണ്ഡലത്തില്‍ മണികാന്ത് റാത്തോഡിന്റെ എതിരാളി. മുപ്പതോളം ക്രിമിനല്‍ കേസുകള്‍ നേരിടുന്ന വ്യക്തിയാണ് മണികാന്ത് റാത്തോഡ്. ഇതിന്റെ പശ്ചാത്തലത്തില്‍ കലബുര്‍ഗിയില്‍ നിന്നും റാത്തോഡിനെ നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ മണികാന്ത് റാത്തോഡ് അറസ്റ്റിലായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും