ELECTION 2023

മുഖ്യമന്ത്രിയാര്? കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്; സിദ്ധരാമയ്യയ്ക്ക് സാധ്യത

വെബ് ഡെസ്ക്

കര്‍ണാടകയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് തുരത്തിയ കോണ്‍ഗ്രസിന് സുസ്ഥിരമായൊരു സര്‍ക്കാര്‍ രൂപീകരണമാണ് ഇനി കടമ്പ. 224ല്‍ 135 സീറ്റ് നല്‍കിയ ജനവിധി മാനിച്ച്, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തര്‍ക്കങ്ങള്‍ ഇല്ലാതെ പരിഹരിക്കാനാണ് കോണ്‍ഗ്രസിന്‌റെ നീക്കം. ഇന്ന് ചേരുന്ന നിര്‍ണായക നിയമസഭാകക്ഷിയോഗത്തില്‍ സര്‍ക്കാരിനെ ആര് നയിക്കുമെന്നതില്‍ തീരുമാനമുണ്ടാകും. പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നിവരുടെ പേരുകളാണ് സജീവം.

എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്‌റെയും പിന്തുണ സിദ്ധരാമയ്യയ്‌ക്കെന്നാണ് സൂചന. മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞകാലപ്രവര്‍ത്തനം അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‌റെ ഏറ്റവും ജനകീയനായ നേതാവ് ആണ് കുറുബ വിഭാഗത്തിൽ നിന്നുള്ള സിദ്ധരാമയ്യ . അതേസമയം, ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന ഡി കെ ശിവകുമാര്‍ സംസ്ഥാന കോണ്‍ഗ്രസിലെ നിര്‍ണായക ശക്തിയാണ്. കര്‍ണാടകയില്‍ മാത്രമല്ല, രാജസ്ഥാന്‍, മഹാരാഷ്ട്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകന്‌റെ വേഷത്തിലെത്തിയ ഡി കെ ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടവനാണ്.

സിദ്ധരാമയ്യ പ്രചാരണ തിരക്കിൽ

ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് നേതാക്കള്‍ പറയുമ്പോഴും, സ്വന്തം നിലയ്ക്ക് ഇരുവരും കരുനീക്കം സജീവമാക്കുന്നുണ്ട്. ആദ്യ പരസ്യപ്രതികരണം വന്നത് സിദ്ധരാമയ്യ ക്യാമ്പില്‍ നിന്ന് തന്നെ. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന നിലപാട് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. ഇത്തവണ വരുണയില്‍ മത്സരിച്ച സിദ്ധരാമയ്യ, അരലക്ഷത്തോളം വോട്ടിനാണ് വി സോമണ്ണയെ തോല്‍പ്പിച്ചത്. ഇത് തന്‌റെ അവസാന തിരഞ്ഞെടുപ്പ് എന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തര്‍ക്കത്തിലേക്ക് പോകാന്‍ സാധ്യതയില്ലെന്നും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയേക്കുമെന്നുമാണ് സൂചന. കനക്പുരയിൽ ഒരുലക്ഷത്തി ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവകുമാർ ജയിച്ചത്.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രി പദം പങ്കിടുക, സമവായമെന്ന നിലയില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിശ്ചയിക്കുക തുടങ്ങിയ ചര്‍ച്ചകളും കോണ്‍ഗ്രസിനകത്ത് സജീവമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിംഗായാത്ത് പ്രതിനിധിയായ എം ബി പാട്ടീല്‍, ദളിത് നേതാവ് എന്ന നിലയില്‍ ജി പരമേശ്വര എന്നിവരുടെ പേരുകളും നേതൃത്വത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ ബെംഗളൂരുവിലാണ് നിയമസഭാ കക്ഷി യോഗം ചേരുന്നത്. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുന്നതോടൊപ്പം മന്ത്രിമാരുടെ കാര്യത്തിലും യോഗത്തിൽ ഏകദേശ തീരുമാനമുണ്ടാകും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?