കര്‍ണാടകയിലെ റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി 
ELECTION 2023

'കോൺഗ്രസിന്റെ വാഗ്ദാനവും വികസനവും കടലാസിൽ മാത്രം'; ഭരണത്തുടർച്ചയ്ക്ക് ഓരോ വോട്ടും ഉറപ്പാക്കണമെന്ന് പ്രവർത്തകരോട് മോദി

ബെംഗളൂരുവിൽ രണ്ടാം ദിന റോഡ് ഷോയിൽ മോദി സഞ്ചരിച്ചത് പത്തു കിലോമീറ്റർ

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ ബിജെപി സർക്കാരിന്റെ ഭരണ തുടർച്ചയ്ക്ക് ഓരോ വോട്ടും ഉറപ്പാക്കാൻ പ്രവർത്തകർക്ക്  നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവമോഗയിൽ അവസാന വട്ട പ്രചാരണ പരിപാടിയിൽ  സംബന്ധിച്ച്  സംസാരിക്കുകയായിരുന്നു  മോദി. 'ഓരോ ബൂത്തും വിജയിപ്പിച്ചെടുക്കാൻ പ്രവർത്തകർ ഉത്സാഹിക്കണം. മോദി വന്നു, യെദ്യൂരപ്പ വന്നു, ഈശ്വരപ്പ വന്നു. ഇനി പാർട്ടി സ്ഥാനാർഥി താനേ ജയിച്ചോളും എന്ന് കരുതി പ്രവർത്തകർ ആരും പോളിങ് ദിവസം വീട്ടിൽ കിടന്നുറങ്ങരുത്. ഓരോ വോട്ടും പെട്ടിയിലാക്കിയിട്ടേ വിശ്രമിക്കാവൂ' പ്രധാനമന്ത്രി അഭ്യർഥിച്ചു .

ലിംഗായത്ത് സ്വാധീന മേഖലയായ ശിവമോഗയിൽ കോൺഗ്രസിനെതിരെ മോദി രൂക്ഷ വിമർശം അഴിച്ചു വിട്ടു . കോൺഗ്രസിന്റെ ഒരു വാഗ്ദാനവും സമ്മതിദായകർ വിശ്വസിക്കരുത്. അവരിവിടെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാനും തൊഴിലില്ലായ്മ പരിഹരിക്കാനും  വികസനം കൊണ്ട് വരാനും  പോകുന്നില്ല . അവരുടെ വാഗ്ദാനങ്ങളും വികസനവും കടലാസിൽ മാത്രം ഒതുങ്ങുന്നവയാണെന്നും പ്രധാന മന്ത്രി ഓർമിപ്പിച്ചു. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ജനകീയ വാഗ്ദാനങ്ങൾ  സമ്മതിദായകരെ സ്വാധീനിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ വന്നതോടെയാണ് പ്രധാനമന്ത്രി അടക്കമുള്ള ബിജെപിയുടെ താര പ്രചാരകർ പ്രകടന പത്രികയെ വിമർശിച്ചു രംഗത്തെത്തി തുടങ്ങിയത്.

"ശിവമോഗയിലെ ഓരോ വീട്ടിലും പോയി മോദി വന്നെന്നും നിങ്ങളോടു അന്വേഷണം പറഞ്ഞെന്നും പറയണം. എല്ലാ കുടുംബങ്ങളിൽ നിന്നും എനിക്ക് അനുഗ്രഹം വേണം. എങ്കിൽ മാത്രമേ മുന്നോട്ടു നിങ്ങളെ നയിക്കാനുള്ള കരുത്തും ധൈര്യവും എനിക്ക് ലഭിക്കൂ." വ്യക്തിപരമായ അഭ്യർഥനയായി ഇക്കാര്യം  ബിജെപി പ്രവർത്തകരെ ഏൽപ്പിച്ചുകൊണ്ടായിരുന്നു  മോദിയുടെ മടക്കം.  

നേരത്തെ ബെംഗളൂരുവിൽ രണ്ടാം ദിന റോഡ് ഷോയിൽ നരേന്ദ്ര മോദി പത്തു കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജങ്ഷൻ വരെ ആയിരുന്നു റോഡ് ഷോ. ശനിയാഴ്ചത്തേതിന് സമാനമായി നഗരം സ്തംഭിപ്പിച്ചായിരുന്നു മോദിയുടെ റാലി. നിരവധി പേരാണ് റോഡ് ഷോ കാണുന്നതിന് തെരുവുകളിൽ തമ്പടിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ