ELECTION 2023

25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്, 500 രൂപയ്ക്ക് ഗാര്‍ഹിക സിലിണ്ടര്‍, ഐപിഎല്‍ ടീം! മധ്യപ്രദേശിലെ കോൺഗ്രസ് പ്രകടന പത്രിക

സംസ്ഥാന അധ്യക്ഷൻ കമൽ നാഥാണ് പത്രിക പുറത്തുവിട്ടത്. 106 പേജുള്ള പ്രകടന പത്രികയിൽ 59 വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്

വെബ് ഡെസ്ക്

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത മാസം നടക്കാനിരിക്കെ മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. സംസ്ഥാനത്ത് എല്ലാവർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, ഒബിസി വിഭാഗങ്ങള്‍ക്ക്‌ 27 ശതമാനം സംവരണം ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനെല്ലാം പുറമെ സംസ്ഥാനത്തിന് സ്വന്തമായൊരു ഐപിഎൽ ടീമുണ്ടാകുമെന്നും കോൺഗ്രസ് ഉറപ്പുനൽകുന്നു. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കമൽ നാഥാണ് ചൊവ്വാഴ്ച പത്രിക പുറത്തുവിട്ടത്.

106 പേജുള്ള പ്രകടനപത്രികയിൽ 59 വാഗ്ദാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഷകർ, സ്ത്രീകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടാണ് പത്രിക തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, പത്ത് ലക്ഷത്തിന്റെ അപകടപരിരക്ഷ എന്നിവ ലഭ്യമാക്കുമെന്ന് കമൽനാഥ് പറഞ്ഞു.

രണ്ടുലക്ഷം രൂപ വരെയുള്ള കർഷക വായ്പകൾ എഴുതിത്തള്ളുമെന്നു പറയുന്ന പ്രകടനപത്രികയില്‍ സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലണ്ടറുകൾ 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും പ്രകടനപത്രിക പറയുന്നു. സൗജന്യ സ്കൂൾ വിദ്യാഭ്യാസം, പഴയ പെൻഷൻ സ്‌കീം, തൊഴിൽരഹിതരായ യുവജനങ്ങൾക്ക് രണ്ടുവർഷം 1500 മുതൽ 3000 രൂപവരെ അലവൻസ് എന്നിവയും പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.

നവംബർ 17നാണ് മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനം ഏതുവിധേനയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. ഞായറാഴ്ച പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ 19 സ്ത്രീകൾക്ക് സീറ്റ് നൽകിയിരുന്നു. 144 അംഗ പട്ടികയിൽ 65 പേർ 50 വയസിൽ താഴെയുള്ളവരുമായിരുന്നു. കഴിഞ്ഞ തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നെങ്കിലും പാര്‍ട്ടി പിളര്‍ത്തി ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷൻ കമൽ നാഥ് അന്ന് സർക്കാർ രൂപീകരിച്ചിരുന്നുവെങ്കിലും ഒരുവർഷവും 97 ദിവസവും മാത്രമായിരുന്നു ആയുസ്. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽനിന്ന് ബിജെപിയിൽ ചേർന്നതോടെയായിരുന്നു ബിജെപി ഭരണം പിടിച്ചത്.

രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളിലാണ് അടുത്ത മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ഒന്നുമുതൽ 30 വരെ പല ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി