ELECTION 2023

കസേരകളി തുടരുന്നു; കര്‍ണാടക മുഖ്യമന്ത്രിക്കായി ഇന്നും ചര്‍ച്ച

രാഹുലും സോണിയയും ശിവകുമാറും സിദ്ധരാമയ്യയുമായി വെവ്വേറെ ചര്‍ച്ച

എ പി നദീറ

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു നാല് ദിവസം പിന്നിട്ടിട്ടും കര്‍ണാടക മുഖ്യമന്ത്രി കസേരയില്‍ ആളെ ഇരുത്താനാവാതെ കോണ്‍ഗ്രസ് . മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ ഡികെ ശിവകുമാറും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയും കൊമ്പു കോര്‍ത്തതോടെ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ് ഡല്‍ഹിയിലെ ' കര്‍നാടകം'.

ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇരു നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തുകൊണ്ട് രണ്ടുപേരും സ്ഥാനം മോഹിക്കുന്നു, പരസ്പരം എതിര്‍ക്കുന്നു എന്നതിന്റെ കാരണങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാഞ്ഞത്. തന്റെ ഭരണ നൈപുണ്യം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിക്ക് അര്‍ഹനാണെന്ന് സമര്‍ത്ഥിച്ചത്. ഇതിനായി ധനകാര്യ വകുപ്പിന്റെ പ്രവര്‍ത്തനവും മികച്ച ബജറ്റിലൂടെ സംസ്ഥനത്തിന്റെ ജിഡിപി ഉയര്‍ത്തിയതും വിശദീകരിച്ചു. ഡികെ ശിവകുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കേസുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതിനാലാണ് മുഖ്യമന്ത്രി പദവി നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്നും സിദ്ധരാമയ്യ അറിയിച്ചു.

അതേസമയം തന്റെ സംഘടനാ പാടവം അവതരിപ്പിച്ചായിരുന്നു ഡികെ ശിവകുമാറിന്റെ കസേരയ്ക്കുള്ള അവകാശവാദം. 2018 ലെ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് ഒത്താശ ചെയ്തത് സിദ്ധരാമയ്യയാണെന്ന ആരോപണം ഡികെ ശിവകുമാര്‍ ആവര്‍ത്തിച്ചു. ഡല്‍ഹിയില്‍ തുടരുന്ന ഇരുവരുമായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് വെവ്വേറെ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദവിക്കായി രാഹുല്‍ തന്നെ പിന്തുണക്കുമെന്നാണ് സിദ്ധരാമയ്യ കരുതുന്നത്. അതേസമയം സോണിയ ഗാന്ധിയുമായുള്ള വര്‍ഷങ്ങളായുള്ള അടുപ്പം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഡികെ ശിവകുമാര്‍.

ഇരുവരും മുഖ്യമന്ത്രി കസേരയില്‍ വിട്ടു വീഴ്ചയ്ക്കില്ലെന്നായതോടെ സമയമെടുത്ത് പുതിയ സമവായ ഫോര്‍മുല അവതരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി കസേര പങ്കിടുക എന്നതായിരുന്നു തുടക്കത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ആദ്യം ആര്‍ക്ക് അവസരം എന്ന തര്‍ക്കത്തില്‍ ഈ ഫോര്‍മുല പൊളിഞ്ഞതോടെ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദവിയും ഡികെ ശിവകുമാറിന് ധനകാര്യം ഉള്‍പ്പടെ പ്രമുഖ വകുപ്പുകളും വാഗ്ദാനം ചെയ്തു നോക്കി. എന്നാല്‍ ധകാര്യ വകുപ്പ് വിട്ടു കൊടുക്കാന്‍ സിദ്ധരാമയ്യ ഒരുക്കമല്ലെന്ന് അറിയിച്ചതോടെ ഒത്തുതീര്‍പ്പ് പാളി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ആരെ തള്ളിയാലും അത് പാര്‍ട്ടിയുടെ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും. ഒത്തുതീര്‍പ്പെന്നോണം മൂന്നാമതൊരു മുഖത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് വിദഗ്‌ധോപദേശം തേടുന്നുണ്ട് . മുഖ്യമന്ത്രി ആകാന്‍ തയ്യാറാണെന്നും അര്‍ഹതയുണ്ടെന്നും അവകാശപ്പെട്ടു മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡോ. ജി പരമേശ്വര രംഗത്ത് വന്നിരുന്നു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി