ഒരുമാസം നീണ്ട കാടിളക്കിയുള്ള പരസ്യപ്രചാരണം പുതുപ്പള്ളിയിൽ അവസാനിച്ചു. അത്യാവേശപൂർണമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്. മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്പാടിയിലാണ് മൂന്ന് പ്രമുഖ മുന്നണികളും കൊട്ടി കലാശ കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഉച്ചയോടെ തന്നെ പാമ്പാടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിവിധ പാർട്ടികളുടെ പ്രവർത്തകർ അണിനിരന്നു. വാദ്യമേളങ്ങളും പ്രചാരണവാഹനങ്ങളും എത്തിയോടെ ആവേശം വാനോളമുയർന്നു. ഇടത് മുന്നണിയുടേയും യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. വാദ്യമേളങ്ങളും, ആർപ്പുവിളികളുമായി പ്രകമ്പനം കൊള്ളിക്കുന്ന കൊട്ടിക്കലാശത്തിനാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.
ചാണ്ടി ഉമ്മൻ കൊട്ടിക്കലാശം ഒഴിവാക്കി
കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിൽ എത്തി അണികളെ കണ്ടുവെങ്കിലും ചാണ്ടി ഉമ്മൻ കൊട്ടിക്കലാശത്തിന് നിന്നില്ല. പിതാവ് മരിച്ച സാഹചര്യത്തിൽ ഇത് ഒഴിവാക്കുന്നുവെന്നായിരുന്നു വിശദീകരണം. കൊട്ടിക്കലാശത്തിന്റെ അവാസനമണിക്കൂറുകളിൽ മണർകാട് നിന്നും അയർക്കുന്നത്തേക്ക് കാല്നടയായി റോഡിലൂടെ നടന്ന് വോട്ട് ചോദിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ ഉച്ചയ്ക്ക് മുന്‍പ് ശശി തരൂരിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ ചാണ്ടി ഉമ്മൻ പങ്കെടുത്തു. വോട്ട് ചോദിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചാണ്ടിക്കൊപ്പം ഇന്നുണ്ടായിരുന്നു.
ആവശത്തിൽ ജെയ്ക്കും കൂട്ടരും
ആവേശകരമായ കൊട്ടിക്കലാശമാണ് എൽഡിഎഫ് പ്രവർത്തകരും നടത്തിയത്. വാകത്താനത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലിയിൽ ആയിരക്കണക്കിന് ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരും സിപിഎം പ്രവർത്തകരും അണിനിരന്നു. കൂടാതെ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഉച്ചയോടെ തന്നെ പാമ്പാടിയിലേക്ക് എത്തി. അഞ്ച് മണിയോടെയാണ് ഈ റാലി പാമ്പാടിയിലേക്ക് എത്തിയത്. ജയ്ക്ക് പാമ്പാടിലേക്ക് എത്തിയതോടെ ഇടത് പ്രവർത്തകരും ആവേശത്തിലായി. പുതുപ്പള്ളി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് പാമ്പാടിയിൽ നടന്നത്.
ബിജെപി സ്ഥാനാർഥി ആദ്യമെത്തി, ഒപ്പം സുരേന്ദ്രനും
കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയിലേക്ക് ആദ്യമെത്തിയത് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ആണ്. ഒപ്പം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുണ്ടായിരുന്നു. നേരത്തെ തന്നെ അണിനിരന്ന പ്രവർത്തകർക്ക് ഇടയിലേക്ക് സ്ഥാനാർഥി എത്തിയതോടെ ബിജെപി പ്രവർത്തകരും ആവേശത്തിലായി.
ആം ആദ്മിയുടേത് അടക്കമുള്ള മറ്റ് സ്ഥാനാർഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിന് പാമ്പാടിയിലേക്ക് എത്തിയിരുന്നു. പുതുപ്പള്ളി ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് മുന്നണികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.