ELECTION 2023

ജോഡോ യാത്ര പാതയിൽ കോൺഗ്രസിന്റെ ജൈത്രയാത്ര; ബിജെപിക്ക് കനത്ത നഷ്ടം

കർണാടകത്തിൽ ഭാരത് ജോഡോ യാത്ര കടന്നുപോയ 20 സീറ്റുകളിൽ 15 ഇടത്തും കോൺഗ്രസ് ജയിച്ചു. 9 സീറ്റിൽ നിന്ന് രണ്ടിലേക്ക് ബിജെപി ഒതുങ്ങി

വെബ് ഡെസ്ക്

രാഹുല്‍ ഗാന്ധിയുടെ 135 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര സമാപിക്കുമ്പോള്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ ചോദ്യം യാത്രയുടെ രാഷ്ട്രീയ പ്രതിഫലനം എന്തായിരിക്കുമെന്നതാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നല്‍കുന്നത്. യാത്ര അവസാനിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രവാക്യം ഉയര്‍ത്തിയ ബിജെപിയെ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ കെട്ടുക്കെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്. 

കര്‍ണാടക സംസ്ഥാനത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ 20 മണ്ഡലങ്ങളില്‍ കൃഷ്ണരാജ, റായ്ചൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയം നേടാനായത്. 15 സീറ്റുകളിൽ കോണ്‍ഗ്രസ് വിജയിച്ചപ്പോൾ മൂന്ന് സീറ്റുകളിൽ ജെഡിഎസ് ജയിച്ചു. 2018 ലെ തിരഞ്ഞെടുപ്പില്‍ ഈ 20 മണ്ഡലങ്ങളില്‍ 9 എണ്ണത്തിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളായിരുന്നു. കോണ്‍ഗ്രസിന് അഞ്ചും ജെഡിഎസിന് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്. ഈ മണ്ഡലങ്ങളോട് ചേർന്നുകിടക്കുന്ന മണ്ഡലങ്ങളിലും മതേതര പാർട്ടികൾക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായി. 

2022 സെപ്റ്റംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുലും കൂട്ടരും ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. 4080 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് ശ്രീനഗറില്‍ യാത്ര അവസാനിപ്പിച്ചു.  ഈ കണക്ക് കോൺഗ്രസിനെ സന്തോഷിപ്പിക്കുന്നതിന് മറ്റൊരു കാരണമുണ്ട്. യാത്ര കടന്നുപോയ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ഈ വര്‍ഷം രാജസ്ഥാനിലും തെലങ്കാനയിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തന്നെ  2024-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ഫലം ഉണ്ടാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. 

നേതാക്കള്‍ തമ്മിലുള്ള ഉള്‍പ്പോര് കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കേരളവും രാജസ്ഥാനുമെല്ലാം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇതേ പ്രശ്നം കർണാടകയിലും പാർട്ടിയെ അലട്ടിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് മുൻപ് ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനായി. ദേശീയ അധ്യക്ഷന്റെ നാട്ടില്‍ വെല്ലുവിളിയായേക്കാവുന്ന തര്‍ക്കം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലായിരുന്നു. അത് ഹൈക്കമാന്‍ഡ് ഇടപെട്ട് പരിഹരിച്ചു.

ജോഡോ യാത്ര റൂട്ടിൽ കോണ്‍ഗ്രസ് നേടിയ മണ്ഡലങ്ങള്‍ 

ബെല്ലാരി

ബെല്ലാരി സിറ്റി

ഗുണ്ടല്‍പ്പേട്ട്

ചല്ലക്കേര്‍

ഹിരിയൂര്‍

മൊളാകല്‍മൂരു

മേലുക്കോട്ടെ

നാഗമംഗലം

ശ്രീരംഗപട്ടണം

നഞ്ചങ്കോട്

നരസിംഹരാജ

വരുണ

റായ്ചൂര്‍ റൂറല്‍

ഗബ്ബി

സിറ

ജെ ഡി എസ് നേടിയ മണ്ഡലങ്ങൾ 

ചാമുണ്ഠേശ്വരി

ചിക്കന്യായ്കന്‍ഹള്ളി

തുരുവേക്കേറ്

ബി ജെ പി നേടിയ മണ്ഡലങ്ങൾ 

കൃഷ്ണരാജ

റായ്ചൂര്‍

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ