ELECTION 2023

തകർന്ന് തരിപ്പണമായി 'ഷോലെ'യിലെ വീരുവും ജയ്യും; കമൽനാഥ് പൂർണപരാജയമോ?

ഷോലെ സിനിമയിലെ അമിതാഭ് ബച്ചൻ- ധർമേന്ദ്ര കോമ്പിനേഷൻ പോലെ വീരുവും ജയ്യുമായി വെന്നിക്കൊടി പാറിക്കും കമൽനാഥും ദിഗ്‌വിജയ് സിങ്ങും എന്ന് പറഞ്ഞിടത്തുനിന്ന് തകർന്ന് തരിപ്പണമാകുന്ന കോൺഗ്രസിനെയാണ് കാണുന്നത്

വെബ് ഡെസ്ക്

മധ്യപ്രദേശ് പൂർണമായും കോൺഗ്രസിന്റെ പക്കൽനിന്ന് പോയി എന്ന് ഉറപ്പിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമ്പോൾ കമൽനാഥിന്റെ അടവുകൾ പിഴച്ചുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. 2018ൽ കാലുമാറ്റത്തിലൂടെ കോൺഗ്രസ് നഷ്ടപ്പെടുത്തിക്കളഞ്ഞ ഭരണം ജനങ്ങൾ ഇത്തവണ സംശയമൊന്നുമില്ലാതെ ബിജെപിക്കു നൽകിയെന്ന് തന്നെ പറയേണ്ടിവരും. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിച്ച കമൽനാഥ് ചിന്ദ് വാഡയിൽ ഇപ്പോൾ പിന്നിലാണ് എന്നിടത്ത് തന്നെ ജനവിധി വ്യക്തമാണ്. ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ബുദ്ധിനിയിൽ ലീഡ് ചെയ്യുകയും ചെയ്യുന്നു.

പതിനഞ്ച് വർഷത്തിലധികമായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുക്കുന്നുവെന്നു വേണം മനസിലാക്കാൻ. ശിവരാജ് സിങ് ചൗഹാന് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടെന്നും ബിജെപിക്ക് അത് തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലുകൾ അസ്ഥാനത്തായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. ശിവരാജ് സിങ് ചൗഹാനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല എന്നിടത്ത് തന്നെ ബിജെപി നിലവിലുള്ള പ്രശ്നങ്ങളെ എങ്ങനെ മറികടക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമായിരുന്നു. മോദി നടത്തിയ നിർണായക പ്രഖ്യാപനങ്ങളും കോൺഗ്രസിന് തിരിച്ചടിയായെന്നുവേണം മനസിലാക്കാൻ. ദരിദ്രരായവർക്ക് സൗജന്യ റേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അടുത്ത അഞ്ചു വർഷത്തേക്ക് കൂടി നീട്ടാനുള്ള ബിജെപിയുടെ തീരുമാനം വലിയതോതിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഒടുവിൽ കമൽനാഥ് രാമക്ഷേത്രം മുന്നിൽ വച്ച് അവസാനവട്ട ശ്രമം നടത്തിനോക്കിയെങ്കിലും ഹിന്ദുത്വ കാർഡും അവരെ പിന്തുണച്ചില്ലെന്നു വേണം മനസിലാക്കാൻ. 1986ൽ ബാബറി മസ്‌ജിദ് വളപ്പിലെ താൽക്കാലിക രാമക്ഷേത്രം ആരാധനയ്ക്കായി തുറന്നുകൊുടത്തത് രാജീവ് ഗാന്ധിയുടെ കാലത്താണെന്നായിരുന്നു കമൽനാഥിന്റെ അവകാശവാദം. എന്നാൽ ആ പ്രചാരണം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല.

ബിജെപി വളരെ കരുതലോടെയാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയത്. വിവാദ മുഖമായ പ്രഗ്യ സിങ് ഠാക്കൂറിനെ ഉൾപ്പെടെ മാറ്റിനിർത്തിയായിരുന്നു പ്രചാരണം. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ജനക്ഷേമ പദ്ധതികളുടെ സന്ദേശം കോൺഗ്രസിന് മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നു. രാജസ്ഥാൻ ആ സന്ദേശം പൂർണമായും തള്ളിയെന്ന വിവരങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ ഒരു സന്ദേശം പോലും മുന്നോട്ടുവെക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഈ തിരിച്ചടിയിൽ അത്ഭുതം തോന്നേണ്ടതില്ലെന്ന് വിലയിരുത്താവുന്നതാണ്.

ഈ തിരഞ്ഞെടുപ്പിൽ കമൽനാഥും ദിഗ്‌വിജയ് സിങും മധ്യപ്രദേശിൽ ഒരു ഹിറ്റ് കോമ്പിനേഷനാകുമെന്നാണ് അവർ തന്നെ അവകാശപ്പെട്ടിരുന്നത്. ഷോലെ സിനിമയിലെ അമിതാബ് ബച്ചൻ ധർമേന്ദ്ര കോമ്പിനേഷൻ പോലെ വീരുവും ജയ്യുമായി വെന്നിക്കൊടി പാറിക്കും കമൽനാഥും ദിഗ്‌വിജയ് സിങും എന്ന് പറഞ്ഞിടത്തുനിന്ന് തകർന്ന് തരിപ്പണമാകുന്ന കോൺഗ്രസിനെയാണ് മധ്യപ്രദേശിൽ ഇപ്പോൾ കാണുന്നത്.

കോൺഗ്രസ് ഈ സംസ്ഥാനങ്ങളിൽ പ്രധാന പ്രചരണവിഷയമാക്കിയ ജാതി സെൻസസ് കാര്യമായി ഫലിച്ചില്ലെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. തീവ്രഹിന്ദുത്വത്തിനു ബദലായി ഒബിസി രാഷ്ട്രീയം ഉയർത്താമെന്ന് കരുതിയിരുന്നെങ്കിലും അതിനെ മറികടക്കാൻ ബിജെപിക്ക് കഴിഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ' ഇന്ത്യ' മുന്നണി പ്രധാന വിഷയമായി ജാതി സെൻസസ് ഉയർത്തിക്കാണിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഏകദേശം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹിന്ദി ഹൃദയഭൂമി ഈ ആശയത്തെ തള്ളുന്നത്.

എന്നാൽ ജാതി സെൻസസിനെക്കുറിച്ച് സംസാരിക്കാനൊന്നും കമൽനാഥ് തയ്യാറായിരുന്നില്ല. അതെല്ലാം മാറ്റിവച്ച് രാമക്ഷേത്രവും ഹിന്ദുത്വവും തന്നെ ഉയർത്തിക്കാണിക്കാനാണ് കമൽനാഥ് ശ്രമിച്ചത്. ഈ രണ്ട് ശ്രമങ്ങളും നിലം തൊട്ടില്ലെ ന്നുവേണം ഇപ്പോൾ മനസിലാക്കാൻ.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍