ELECTION 2023

ലോക്‌സഭയ്ക്കുള്ള സെമി ഫൈനലാകുമോ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ? കണക്കുകൾ പറയുന്നതിങ്ങനെ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ആകെയുള്ള 25 സീറ്റിൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ലഭിച്ചതാകട്ടെ ഓരോ സീറ്റ് വീതവും

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ ആര് ഭരണം നടത്തുമെന്നത് പ്രധാനമായിരിക്കുമ്പോഴും അത് മൂന്ന് മാസത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമാകുമോ എന്നതാണ് കൂടുതൽ പ്രധാന്യം അർഹിക്കുന്ന വിഷയം.

നിലവിലെ മത്സരങ്ങൾ ലോക്‌സഭയുടെ സെമി ഫൈനലാണെന്ന് വിശേഷിപ്പിക്കും മുൻപ്, ഏറ്റവും ഒടുവിൽ നടന്ന 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ മാത്രമൊന്ന് പരിശോധിക്കാം.

2018ൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും കോൺഗ്രസ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തിരുന്നു. അന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്. ദേശീയതലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങി എന്നുവരെ വിധിയെഴുതപ്പെട്ടു. എന്നാൽ 2019ൽ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്‌സഭാ ഫലം വന്നപ്പോൾ ബിജെപിയുടെ തേർവാഴ്ചയായിരുന്നു കണ്ടത്.

രാജസ്ഥാനിൽ ആകെയുള്ളത് 25 ലോക്‌സഭാ സീറ്റുകളാണ്. മധ്യപ്രദേശിൽ 29ഉം. ഛത്തീസ്‌ഗഡ്, തെലങ്കാന മിസോറാം എന്നിവയെല്ലാം കൂടി മൊത്തം 83 സീറ്റ്. അതിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിങ്ങനെ 2018ൽ കോൺഗ്രസ് ജയിച്ച സംസ്ഥാനങ്ങളിൽ മാത്രമുണ്ടായിരുന്നത് 65 സീറ്റ്. സ്വാഭാവികമായും കോൺഗ്രസിന്റെ വിജയം പ്രതീക്ഷിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്.

എന്നാല്‍ സംഭവിച്ചത് എന്ത്?

രാജസ്ഥാനിൽ ആകെയുള്ള 25 സീറ്റിൽ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിനായില്ല, മധ്യപ്രദേശില്‍ ഒന്നും ഛത്തീസ്‌ഗില്‍ രണ്ട് സീറ്റിലും മാത്രമാണ് ജയിച്ചത്. തെലങ്കാനയിൽ വീണ്ടും അധികാരത്തിലെത്തിയ ടി ആർ എസിന് ലോക്‌സഭയിൽ 10 സീറ്റ് ലഭിച്ചപ്പോൾ, നിയമസഭയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസിന് മൂന്ന് സീറ്റാണ് നേടാനായത്. ബിജെപിയായിരുന്നു നാല് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്.

തെലങ്കാന

ദേശീയ രാഷ്ട്രീയത്തിന്റെ മൂഡാണ് തൊട്ടുമുന്‍പ് നടക്കുന്ന സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന വാദത്തിന് വലിയ അർത്ഥമൊന്നുമില്ല എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാൽ മോദിയുടെ അത്ര ശക്തനായ നേതാവ് കോൺഗ്രസിന് അന്ന് ഉണ്ടായിരുന്നില്ലെന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ അഞ്ച് വര്‍ഷത്തെ തിരിച്ചടിക്ക് കാരണമായി വാദിക്കാം.

ഇന്ന് രാഹുൽ ഗാന്ധി കൂടുതൽ ശക്തനാണ്. ഭാരത് ജോഡോ യാത്ര അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനാക്കിയെന്ന് വിവിധ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ 2018 ലും 2019 ലും നടന്നത് അതേപോലെ അഞ്ച് വർഷത്തിനിപ്പുറവും ആവർത്തിക്കണമെന്നില്ല. എന്തുതന്നെയായാലും കാര്യങ്ങൾ എങ്ങനെ മാറിമറിയുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി