ELECTION 2023

ബിജെപി ബന്ധത്തിന് ഷട്ടറിട്ട് ജഗദീഷ് ഷെട്ടാർ; കർണാടകയിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കാവി ക്യാമ്പ്

ശനിയാഴ്ച വൈകിയും ബിജെപി നേതൃത്വം നടത്തിയ അനുനയ നീക്കം വിഫലമായതിനെ തുടർന്നാണ് ഷെട്ടാറിന്റെ കടുത്ത തീരുമാനം

ദ ഫോർത്ത് - ബെംഗളൂരു

ടിക്കറ്റ് നിഷേധത്തെ തുടർന്ന് കർണാടക ബിജെപിയിലുണ്ടായ പൊട്ടിത്തെറി ഒടുവിൽ ജഗദീഷ് ഷെട്ടാറിന്റെ രാജിയിൽ കലാശിച്ചു. കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടു. പാർട്ടി നേതൃത്വത്തിന്റെ കടുത്ത അവഗണനയിൽ നിരാശനാണെന്നും ഹുബ്ബള്ളി  ധാർവാഡ് സെൻട്രൽ മണ്ഡലത്തിലെ എംഎൽഎ സ്ഥാനം ഞായറാഴ്ച  രാജിവയ്ക്കുമെന്നും ശനിയാഴ്ച രാത്രി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

"എനിക്ക് എന്തുകൊണ്ട് ടിക്കറ്റില്ലെന്നു അവർ പറയുന്നില്ല, ഞാൻ നന്നായി ബിജെപിയെ സേവിച്ചുവെന്ന് അവർ പറയുന്നുണ്ട്. അതുകൊണ്ടാണോ ടിക്കറ്റില്ലാത്തത്?  അതോ എന്റെ പേരിൽ ലൈംഗിക അതിക്രമ കേസും അഴിമതി ആരോപണവും ഇല്ലാത്തതാണോ പ്രശ്നം? ക്രിമിനൽ പശ്ചാത്തലമുള്ള എത്ര പേർക്കാണിവർ ടിക്കറ്റ് നൽകിയിരിക്കുന്നത്. എന്റെ കുറവുകൾ എന്താണെന്നു ബിജെപി നേതൃത്വം പറയട്ടെ. എനിക്ക് ടിക്കറ്റില്ലെന്ന കാര്യം ശരിക്കും എന്നെ ഞെട്ടിച്ചു. ടിക്കറ്റ് തരാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആർക്കും മിണ്ടാട്ടമില്ല. ബിജെപി ഹൈക്കമാൻഡ് ഒരക്ഷരം ഉരിയാടുന്നില്ല," മാധ്യമങ്ങൾക്കു മുന്നിൽ അമർഷം പരസ്യമാക്കി ജഗദീഷ് ഷെട്ടാര്‍.

ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിൽ ഇടഞ്ഞ ഷെട്ടാറിനെ അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം കർണാടകയുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, പ്രൾഹാദ്‌ ജോഷി, മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു . ശനിയാഴ്ച ഹുബ്ബള്ളിയിൽ എത്തിയ മൂവരും ജഗദീഷ് ഷെട്ടാറിനെ പ്രൾഹാദ്‌ ജോഷിയുടെ വീട്ടിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം നിരാകരിച്ചു.

ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഭയന്നായിരുന്നു നേതാക്കൾ ഷെട്ടാറിന്റെ വീട്ടിൽ ചർച്ചക്ക് പോകാതിരുന്നത് . പ്രൾഹാദ്‌ ജോഷിയുടെ വീടിൽ നിന്ന് മാറി മറ്റൊരിടത്തു വെച്ചായിരുന്നു പിന്നീട് കൂടിക്കാഴ്ച നിശ്ചയിച്ചത്. നേരത്തെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഡൽഹിയിൽ  കൂടിക്കാഴ്ച നടത്തിയ ഷെട്ടാറിന്‌ ടിക്കറ്റ് വിഷയം പുനഃപരിശോധിക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നു. എന്നാൽ പുനഃപരിശോധന നടന്നില്ലെന്ന് ഷെട്ടാറിനെ അറിയിക്കാൻ ആയിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. അനുനയ നീക്കം പാളിയതോടെ നേതാക്കൾ രാത്രിയോടെ സ്ഥലം വിട്ടു. തുടർന്നായിരുന്നു രാജിയും പാർട്ടി വിടലും പ്രഖ്യാപിച്ച് ഷെട്ടാർ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

ജനസംഘത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഷെട്ടാർ വടക്കൻ കർണാടകയെ കാവിക്കോട്ടയാക്കുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ്. കർണാടക നിയമസഭാ സ്പീക്കറായും മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2012 ൽ ആയിരുന്നു ഒരു വർഷത്തേക്ക് അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്. ഏഴ് തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . കർണാടകയിൽ ബിജെപിയുടെ വോട്ട് ബാങ്കും പ്രബല സാമുദായവുമായ  ലിംഗായത്ത് സമുദായാംഗമാണ് ജഗദീഷ് ഷെട്ടാർ.

തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കവേ മുതിർന്ന നേതാവ് പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോകുന്നത് വലിയ തിരിച്ചടിയാണ് ബിജെപിക്ക്‌. ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഇതുവരെ പത്തോളം എംഎൽഎ മാരും ആയിരക്കണക്കിന് ബിജെപി ഭാരവാഹികളും പാർട്ടി അംഗത്വം രാജിവച്ച് കഴിഞ്ഞു. നിരവധി പാർട്ടി അനുയായികളും ബിജെപി ബന്ധം വിടുന്നതായി പ്രഖ്യാപിച്ച് തെരുവുവിലിറങ്ങി. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി പാർട്ടിവിട്ട് കോൺഗ്രസിൽ പോയതിന്റെ ക്ഷീണം മാറും മുൻപാണ് ബിജെപി ബന്ധത്തിന് ജഗദീഷ് ഷെട്ടാറും ഷട്ടറിട്ടിരിക്കുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം