ELECTION 2023

ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്; ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ സ്ഥാനാർഥിയായേക്കും

ദ ഫോർത്ത് - ബെംഗളൂരു

സീറ്റ് നിഷേധത്തെ തുടർന്ന് ബിജെപി വിട്ട കര്‍ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ  കോൺഗ്രസിൽ ചേർന്നേക്കും. എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുമായി ഷെട്ടാർ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു . കോൺഗ്രസിലെ ശക്തരായ ലിംഗായത്ത് നേതാക്കളായ ഷാമന്നൂർ ശിവശങ്കരപ്പ , എം ബി പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഷെട്ടാർ - കോൺഗ്രസ് നേതാക്കളുടെ  കൂടിക്കാഴ്ച . ഷാമന്നൂർ ശിവശങ്കരപ്പയുടെ റിച്ച്മണ്ട് ടൗണിലെ  ഫ്ലാറ്റിലായിരുന്നു ഞായറാഴ്ച വൈകിട്ട് ആരംഭിച്ച മണിക്കൂറുകൾ നീണ്ട ചർച്ച നടന്നത് .

രാവിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ജഗദീഷ് ഷെട്ടാർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന . 8.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ബിജെപി, ടിക്കറ്റ് നിഷേധിച്ച ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ അദ്ദേഹത്തിന് പാർട്ടി സ്ഥാനാർഥിത്വം നൽകാൻ ധാരണയായതായാണ് വിവരം. മറ്റ് ഉപാധികളില്ലാതെയായിരിക്കും ഷെട്ടാറിന്റെ കൂടുമാറ്റം. മണ്ഡലത്തിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല . 2018ൽ കോൺഗ്രസ് സ്ഥാനാർഥി 26,000 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ ഷെട്ടാറിനോട് പരാജയപ്പെട്ടത് .

ജഗദീഷ് ഷെട്ടാറിന്റെ വ്യക്തിപ്രഭാവം മണ്ഡലം പിടിക്കാൻ സഹായകമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ

കർണാടകയിലെ ' നാഗ്പൂർ ' എന്നറിയപ്പെടുന്ന ഹുബ്ബള്ളി ആർഎസ്‌എസിന്റെ സ്വാധീനമേഖലയാണ് . കഴിഞ്ഞ ഏഴു തവണയും മണ്ഡലം ജഗദീഷ് ഷെട്ടാറിനെ തുണച്ചത് ഈ സംഘ് ബലം കൊണ്ടാണ്. ഷെട്ടാറിന്റെ ഇറങ്ങിപോക്കോടെ മാറിയ രാഷ്ട്രീയ സമവാക്യം മണ്ഡലത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പറയാനാവില്ല . ജഗദീഷ് ഷെട്ടാറിന്റെ വ്യക്തിപ്രഭാവം മണ്ഡലം പിടിക്കാൻ സഹായകമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മേഖലയിൽ മറ്റ് മണ്ഡലങ്ങളിലെ പാർട്ടി സ്ഥാനാർഥികളുടെ വിജയത്തെ ഷെട്ടാറിന്റെ വരവ് സ്വാധീനിക്കും . ജനസംഘത്തിന്റെ കാലം മുതൽ വടക്കൻ കർണാടകയിൽ പാർട്ടി വളർത്താൻ പ്രവർത്തിച്ച നേതാവാണ് ജഗദീഷ് ഷെട്ടാർ .

രാജ്യസഭാംഗത്വം ,കേന്ദ്ര മന്ത്രി  പദം, ഗവർണർ സ്ഥാനം ഉൾപ്പടെ വാഗ്ദാനം ചെയ്തിട്ടും ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ ടിക്കറ്റിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാതെയാണ് ഷെട്ടാർ ബിജെപി വിട്ടത് . ജയിച്ചു കയറിയാൽ   മുഖ്യമന്ത്രി പദവി വേണമെന്ന ഷെട്ടാറിന്റെ പിടിവാശിക്കു മുന്നിൽ തലമുറ മാറ്റത്തിന് ശ്രമിക്കുന്ന  ബിജെപി നേതൃത്വവും മുട്ട് മടക്കിയില്ല .

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും