കര്‍ണാടകയില്‍ വിധിയെഴുത്ത് പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വൈകിട്ട് അഞ്ച് വരെ 65 .69 ശതമാനം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. തുടര്‍ഭരണത്തിനായി ബിജെപിയും അഴിമതിമുക്ത സര്‍ക്കാരിനായി കോണ്‍ഗ്രസും അവസരം ചോദിച്ച് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ ആവേശത്തോടെ കന്നഡ ജനത ഏറ്റവും വലിയ പൗരാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നു മണിക്കൂറില്‍ നഗരമേഖലകളില്‍ ഉള്‍പ്പടെ പോളിങ് മന്ദഗതിയിലായിരുന്നു. എന്നാല്‍ പതിനൊന്നോടെെ പോളിങ് ബൂത്തുകള്‍ക്കു മുന്നില്‍ സാമാന്യം നീണ്ട നിര രൂപപ്പെട്ട് തുടങ്ങി.
ഒരു മണിയോടെ വീണ്ടും പോളിങ് കുറഞ്ഞെങ്കിലും മൂന്നോടെ പോളിങ് ശതമാനം വര്‍ധിച്ചു. സംസ്ഥാനത്തെ 5.21 കോടി വോട്ടര്‍മാരില്‍ പകുതിയിലധികം പേര്‍ ഈ സമയത്തിനുള്ളില്‍ വോട്ട് രേഖപ്പെടുത്തി. ഇതോടെ പോളിങ് 52 .18 ശതമാനമായി ഉയര്‍ന്നു. മൂന്നു മണിക്ക് ശേഷമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയത്, ബെംഗളുരു നഗരത്തില്‍ മിക്ക ഇടങ്ങളിലും ഈ സമയം നീണ്ട വരി രൂപപ്പെട്ടു. അഞ്ചു മണിയോടെ 65 ശതമാനത്തിന് മുകളിലേക്ക് പോളിങ് നില ഉയരുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയായിരുന്നു ആദ്യ മണിക്കൂറില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചവരില്‍ മുന്നില്‍. ഇളയ മകനും ശിക്കാരിപുരയിലെ സ്ഥാനാര്‍ത്ഥിയുമായ ബി വൈ വിജയേന്ദ്രയോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയായിരുന്നു യെദ്യൂരപ്പ വോട്ടു ചെയ്യാന്‍ എത്തിയത്. 85 ശതമാനം വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്നും 135 നു മേല്‍ സീറ്റുകള്‍ നേടി തുടര്‍ഭരണമുറപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച് ഡി ദേവെ ഗൗഡ ജന്മനാടായ ഹാസ്സനിലെ ഹരദനഹള്ളിയില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഭാര്യ രാധാ ഭായ് ഖാര്‍ഗെക്കൊപ്പം എത്തി കല്‍ബുര്‍ഗിയില്‍ വോട്ടവകാശം വിനിയോഗിച്ചു. ജനങ്ങള്‍ ആവേശത്തിലാണെന്നും പാര്‍ട്ടിക്ക് അധികാര ചിഹ്നങ്ങള്‍ നല്‍കുമെന്നും ഖാര്‍ഗെ അവകാശപ്പെട്ടു. ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ , ലക്ഷ്മണ്‍ സവദി എന്നിവര്‍ അവരവരുടെ മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തി.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കുടുംബത്തോടൊപ്പമെത്തി ഷിഗാവില്‍ വോട്ട് ചെയ്തു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപി തുടര്‍ഭരണം പിടിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പാനന്തര സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടുത്ത അഞ്ചു വര്‍ഷം കോണ്‍ഗ്രസ് കര്‍ണാടക ഭരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവകുമാര്‍ പറഞ്ഞു. ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ 2018 ലേതുപോലെ ജെഡിഎസിനെ കൂടെ കൂട്ടുമോയെന്ന ചോദ്യത്തിനായിരുന്നു ശിവകുമാറിന്റെ മറുപടി. അദ്ദേഹം സ്വന്തം മണ്ഡലമായ കനക്പുരയില്‍ വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലെ സിദ്ധനഹുണ്ടിയില്‍ വോട്ടവകാശം വിനിയോഗിച്ചു.
ജെ ഡി എസ് ഇത്തവണയും കിങ്ങാകുമെന്നായിരുന്നു അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി പ്രതികരണം. ഭാര്യ അനിത കുമാരസ്വാമിക്കും മകന്‍ നിഖിലിനുമൊപ്പം അദ്ദേഹം രാമാനഗരയിലെ ബിഡദിയില്‍ വോട്ട് രേഖപ്പെടുത്തി. നിഖില്‍ മത്സരിക്കുന്ന മണ്ഡലം കൂടിയാണ് രാമനഗരം.
കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പ്രല്‍ഹാദ് ജോഷി, ശോഭ കരന്തലജെ തുടങ്ങിയവരും കര്‍ണാടകയില്‍ വോട്ട് ചെയ്തു. സ്ഥാനാര്‍ഥികളില്‍ മലയാളി മുഖങ്ങളായ കെ ജെ ജോര്‍ജ് മഹാദേവപുരയിലും എന്‍ എ ഹാരിസ്, കെ മത്തായി എന്നിവര്‍ ശാന്തിനഗറിലും പോളിങ് ബൂത്തിലെത്തി. രാഷ്ട്രീയനേതാക്കള്‍ക്ക് പുറമെ ചലച്ചിത്ര - സാംസ്‌കാരിക - സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും വോട്ടവകാശം വിനിയോഗിച്ചു. നടന്‍ പ്രകാശ് രാജ് , ധ്രുവ് സര്‍ജ, ശിവരാജ്കുമാര്‍ തുടങ്ങിയവര്‍ കന്നഡിഗരോട് വോട്ടവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
പ്രായമായവരും കന്നി വോട്ടര്‍മാരുമാണ് കൂടുതല്‍ ആവേശത്തോടെ ഇത്തവണ പോളിംഗ് ബൂത്തുകളില്‍ എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. വിജയപുരയിലെ മസാബിനാലില്‍ പോളിങ് ഉദ്യോഗസ്ഥരെ ആക്രമിച്ച 23 പേരെ അറസ്റ്റ് ചെയ്തു. വോട്ടിങ് യന്ത്രം മാറ്റുന്നുവെന്ന കിംവദന്തി പരന്നതോടെ ഒരു സംഘം പോളിങ് ബൂത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
പാര്‍ട്ടി അധ്യക്ഷന്റെ ആഹ്വാന പ്രകാരം ബൂത്തുകള്‍ക്ക് 100 മീറ്റര്‍ അകലെ പാചക വാതക സിലണ്ടര്‍ വെച്ച് വണങ്ങിയായിരുന്നു ചില ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ എത്തിയത്.