ELECTION 2023

ബൊമ്മെക്കായി കിച്ച സുദീപ്, സിദ്ധരാമയ്യക്കൊപ്പം കൊച്ചുമകൻ: റോഡ്‌ഷോയും റാലിയുമായി നേതാക്കളുടെ പത്രിക സമർപ്പണം

ദ ഫോർത്ത് - ബെംഗളൂരു

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടൻ കിച്ച സുദീപ്. ബിജെപിയുടെ താര പ്രചാരകനാകുമെന്ന് പ്രഖ്യാപിച്ച ശേഷം സുദീപ് പങ്കെടുക്കുന്ന ആദ്യ പ്രചാരണ പരിപാടിയാണിത്. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ഷിഗൗണിൽ നടന്ന റാലിയിലും റോഡ് ഷോയിലുമാണ് കിച്ച സുദീപ് പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും വരുണയിൽ പത്രിക നൽകി.

വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പിക്കുമ്പോഴും ബൊമ്മെക്കൊപ്പം സുദീപ് ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളാണെന്നും എല്ലാവരും ബസവരാജ്‌ ബൊമ്മെക്ക് വോട്ട് ചെയ്യണമെന്നും കിച്ച സുദീപ് അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് ആളുകളായിരുന്നു റോഡ് ഷോ കാണാൻ എത്തിയത്. പത്രിക സമർപ്പണത്തിന് ശേഷം വൈകിട്ടോളം മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ബൊമ്മെക്കായി സുധീപ് വോട്ട് അഭ്യർത്ഥിച്ചു.

ഷിഗോൺ മണ്ഡലത്തിൽ ബസവരാജ്‌ ബൊമ്മെയുടെ നാലാമത്തെ അങ്കമാണിത്. മണ്ഡലത്തിൽ വിമത ഭീഷണി നിലനിൽക്കുന്നതിനാൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും എത്തിയിരുന്നു. റോഡ്ഷോയിലും തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പങ്കെടുത്തു.

അതേസമയം കൊച്ചുമകൻ ദാവന് ഒപ്പമെത്തിയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പത്രിക സമർപ്പിച്ചത്. മകൻ ഡോ. യതീന്ദ്രയുടെ മകനാണ് ദാവൻ. ആയിരകണക്കിന് പ്രവർത്തകരും വോട്ടർമാരുമടങ്ങുന്ന സംഘമാണ് വരുണയിൽ പത്രികാ സമർപ്പണത്തിന് സിദ്ധരാമയ്യയെ അനുഗമിച്ചത്. മകൻ യതീന്ദ്രയുടെ സിറ്റിങ് സീറ്റാണ് വരുണ.

കാലങ്ങളായി കോൺഗ്രസ് ആഭിമുഖ്യം പ്രകടിപ്പിച്ച മണ്ഡലമാണ് വൊക്കലിഗ ബെൽറ്റിൽ വരുന്ന മൈസൂരു ജില്ലയിലെ വരുണ. സിദ്ധരാമയ്യ നേരത്തെ രണ്ട് തവണ ഈ മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയിട്ടുണ്ട്. കോലാറിൽ മത്സരിക്കാൻ സിദ്ധരാമയ്യ ആഗ്രഹിച്ചിരുന്നെങ്കിലും പരാജയ സാധ്യത മുന്നിൽ കണ്ട് ഹൈക്കമാൻഡ് സ്ഥാനാർഥിത്വം റദ്ദാക്കുകയായിരുന്നു. മന്ത്രി സോമണ്ണയാണ് സിദ്ധരാമയ്യയെ നേരിടുന്ന ബിജെപി സ്ഥാനാർഥി. വിജയം ഉറപ്പില്ലാത്തതിനാൽ സോമണ്ണ ചാമരാജ്നഗർ മണ്ഡലത്തിൽ നിന്ന് കൂടി ജനവിധി തേടുന്നുണ്ട്. 

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?