ELECTION 2023

കര്‍ണാടകയില്‍ കെ ജെ ജോര്‍ജിന് വീണ്ടും അവസരം, ഖാര്‍ഗെയുടെ മകനും മന്ത്രിയാകും; ആദ്യ പട്ടികയില്‍ എട്ടു പേര്‍

വെള്ളിയാഴ്ച ഹൈക്കമാന്റുമായി നടന്ന ചർച്ചയിലാണ് എട്ട് പേരുകളിൽ ധാരണയായത്

ദ ഫോർത്ത് - ബെംഗളൂരു

സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും ഒപ്പം കര്‍ണാടകയില്‍ ഇന്ന് എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വെള്ളിയാഴ്ച ഹൈക്കമാന്‍ഡുമായി നടന്ന ചർച്ചയിലാണ് എട്ട് പേരുടെ കാര്യത്തിൽ ധാരണയിൽ എത്തിയത്. കര്‍ണാടകയിലെ പ്രമുഖ നേതാവും മലയാളിയുമായ കെ ജെ ജോർജ് ഇത്തവണയും ആദ്യ പട്ടികയില്‍ ഇടം പിടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക്‌ ഖാർഗെയും പട്ടികയിലുണ്ട്.

88 പേരുടെ പട്ടികയായിരുന്നു സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഹൈക്കമാൻഡിനു മുന്നിലെത്തിച്ചത്

ജി പരമേശ്വര, രാമലിംഗ റെഡ്ഢി, കെ എച് മുനിയപ്പ, സതീഷ് ജാർക്കിഹോളി, സമീർ അഹമ്മദ് ഖാൻ, എം ബി പാട്ടീൽ എന്നിവരാണ് ഇന്ന് ചുമതലയേല്‍ക്കുന്ന മറ്റ് നേതാക്കള്‍. 34 പേരെയാണ് കര്‍ണാടകയില്‍ പരമാവധി മന്ത്രിമാരാക്കാന്‍ സാധിക്കുക. 88 പേരുടെ പട്ടികയായിരുന്നു സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഹൈക്കമാൻഡിനു മുന്നിലെത്തിച്ചത്. ഇതില്‍ നിന്നാണ് ആദ്യ എട്ട് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ന് ബെംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടകയുടെ 24 മത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും ചുമതലയേൽക്കും. പ്രധാനമായും ആറ് വകുപ്പുകള്‍ ഡി കെയ്ക്ക് നല്‍കുമെന്നാണ് സൂചന. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

യുപിഎ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി വിരുദ്ധ ചേരിയിലെ പാർട്ടി നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരെ ബിജെപിയിതര പ്രതിപക്ഷ പാർട്ടി നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. മമതാ ബാനർജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല.പകരം പ്രതിനിധിയെ അയക്കുമെന്നാണ് വിവരം.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ ഡി രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ